സ്തനത്തിലെ എല്ലാ മുഴകളും അപകടകാരികളാണോ? പരിശോധന നടത്തേണ്ടത് എപ്പോൾ?


ഡോ. അരുൺ മോഹൻ എം | കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്‌

Representative Image | Photo: Canva.com

സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന 1985 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം അല്ലെങ്കിൽ പിങ്ക് മാസമായി ആചരിക്കുന്നു. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്.

എന്തുകൊണ്ട് സ്തനാർബുദം?ജീവിതശൈലീരോഗങ്ങളുടെ പട്ടികയിൽ ആണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതക വ്യതിയാനങ്ങൾ ആണ് അർബുദ രോഗബാധയ്ക്കുള്ള പരമപ്രധാനമായ കാരണം എന്ന് നമുക്കറിയാം. എന്നിരുന്നാലും, സ്ത്രീശരീരത്തിലെ ഈസ്ട്രജൻ, പ്രോജസ്ടറോൺ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മൂലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, കൂടുതലായുള്ള ഹോർമോൺ ഉപയോഗം, നേരത്തെയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം, തുടങ്ങിയ ഘടകങ്ങളും സ്തനാർബുദ ബാധയ്ക്കുള്ള കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ ശതമാനം സ്ത്രീകളിൽ പാരമ്പര്യമായും സ്തനാർബുദം ബാധിച്ചേക്കാം.

സ്ത്രീകളിൽ മാത്രമല്ല, അപൂർവ്വമായി പുരുഷൻമാർക്കും സ്തനാർബുദം ബാധിക്കാറുണ്ട്. പലപ്പോഴും ഇത്തരം മുഴകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ടോ അവഗണിക്കുന്നത് മൂലമോ അർബുദം വളരെ മൂർച്ഛിച്ച അവസ്ഥയിലാണ് കണ്ടുപിടിക്കപ്പെടാറുള്ളത്.

Also Read

സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ...

നിത്യവും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ...

കരിനാക്ക് , കൈവിഷം,  മന്ത്രവാദം; അന്ധവിശ്വാസങ്ങളും ...

സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു, തക്കസമയത്തുള്ള ...

വ്യക്തിവൈരാ​ഗ്യം തീർക്കാനും ബോറടി മാറ്റാനും ...

രോഗലക്ഷണങ്ങൾ

സ്വന്തം സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും വേണ്ടത്ര കരുതലോടെ നിരീക്ഷിച്ചാൽ വളരെ നേരത്തെ തന്നെ സ്തനാർബുദം കണ്ടെത്താൻ കഴിയും. എല്ലാ മാസവും കഴിവതും ആർത്തവദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തനപരിശോധന നടത്തുന്നത് വഴി ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സ്ത്രീകൾക്ക് സാധിക്കും.

വേദനയുള്ളതോ, ഇല്ലാത്തതോ ആയ മുഴകൾ, സ്തനങ്ങളിലെ കല്ലിപ്പ്, ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്നും രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ എന്നിവ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

എല്ലാ മുഴകളും അപകടകാരികളാണോ?

20-40 പ്രായക്കാരിൽ കാണപ്പെടുന്ന തെന്നിമാറുന്ന ചെറിയ മുഴകൾ (Fibroadenoma, Cyst) ആർത്തവത്തോടനുബന്ധിച്ച് വരുന്ന വേദനയോടുകൂടിയ കല്ലിപ്പ് (Fibroadenosis) വർഷങ്ങളായി വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകൾ, മുലയൂട്ടുന്ന സമയത്ത് മുലപ്പാൽ കെട്ടിനിന്ന് ഉണ്ടാകുന്ന മുഴകൾ (Abscess, Galactocele) എന്നിവ സ്തനാർബുദം ആയിരിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നിരുന്നാലും ഒരു ഡോക്ടറെ സമീപിച്ച് വേണ്ടത്ര പരിശോധനകൾ നടത്തി ഇക്കാര്യം ഉറപ്പ് വരുത്തുന്നതാണ് അഭികാമ്യം.

എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത്?

ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വളരെ ലളിതമായ ചില പരിശോധനകളിലൂടെ ഇന്ന് സ്തനാർബുദ നിർണയം സാധ്യമാണ്. Triple Test എന്ന് അറിയപ്പെടുന്ന

  • വിദഗ്ദ്ധ ഡോക്ടറുടെ പരിശോധന.
  • മാമോഗ്രാഫി പരിശോധന.
  • പാത്തോളജി പരിശോധന എന്നിവയുടെ സഹായത്തോടെ 99 ശതമാനം മുഴകളിലും രോഗനിർണയം കൃത്യമായി നടത്തുവാൻ സാധിക്കും.
മാമോഗ്രാഫി

40 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ വേദനാരഹിതവും ചെലവ് കുറഞ്ഞതുമായ എക്സ്റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യമായ പരിശോധനാ ഉപാധി. ഇതിൽ ഉപയോഗിക്കുന്ന താരതമ്യേന ചെറിയ തോതിലുള്ള എക്സ്റേ റേഡിയേഷൻ ശരീരത്തിന് ദോഷകരമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 40 വയസ്സിനപ്പുറം പ്രായമുള്ള സ്ത്രീകൾ ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ മാമോഗ്രാഫി പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർദ്ദേശിക്കപ്പെടുന്നു.

അൾട്രാസൗണ്ട് മാമോഗ്രാം (സോണോമാമോഗ്രാഫി)

40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളുടെ സ്തനങ്ങളുടെ ഘടനയുടെ പ്രത്യേകതകൾ കാരണം, ഇക്കൂട്ടരിൽ അൾട്രാസൗണ്ട് പരിശോധനയാണ് രോഗനിർണയത്തിന് പ്രയോജനപ്പെടുക. ഇത് വളരെ ലളിതവും വേദനാരഹിതവും ചെലവ് കുറഞ്ഞതും റേഡിയേഷൻ ഇല്ലാത്തതുമായ ഒരു പരിശോധനാ രീതി ആയതിനാൽ, ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ഉണ്ടാകുന്ന മുഴകളുടെ പരിശോധനയ്ക്കായും ഉപയോഗിക്കാവുന്നതാണ്.

എം.ആർ. മാമോഗ്രാഫി

എക്സ്റേ മാമോഗ്രാഫി, സോണോമാമോഗ്രാഫി എന്നിവയുടെ സഹായത്തോടെ രോഗനിർണയം സാധ്യമാകാതെ വരുന്ന സന്ദർഭങ്ങളിൽ ഇവയ്ക്ക് പൂരകമായി കുറച്ചുകൂടി സൂക്ഷ്മതയുള്ളതും റേഡിയേഷൻ ഇല്ലാത്തതും എന്നാൽ താരതമ്യേന ചെലവേറിയതുമായ എം.ആർ. മാമോഗ്രാഫി (Magnetic Resonance Mammography) പരിശോധന ഉപയോഗപ്പെടുത്താം. സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ, കൃത്രിമ സ്തനങ്ങൾ (Implants) ഉപയോഗിക്കുന്നവർ, സ്തനങ്ങളിൽ മുഴകൾ കാണപ്പെടാതെ കക്ഷത്ത് മാത്രം വലിയ കഴലകൾ ഉള്ള രോഗികൾ, മാമോഗ്രാഫിയിൽ സാധാരണ കാരണപ്പെടാത്തതരം അർബുദം ബാധിച്ചു എന്ന് സംശയിക്കുന്നവർ, ശസ്ത്രക്രിയയ്ക്ക് മുമ്പായി കീമോചികിത്സയ്ക്ക് വിധേയരായ രോഗികൾ എന്നിവരിൽ എം.ആർ. മാമോഗ്രാഫി കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പാത്തോളജി പരിശോധന

മാമോഗ്രാഫി പരിശോധനയ്ക്ക് മുമ്പോ അതിന് ശേഷമോ ആയി പാത്തോളജി പരിശോധനയും രോഗനിർണയത്തിന് അത്യാവശ്യമാണ്. ഇതിനായി മുഴകളിൽ നിന്നും ചെറിയ ഒരു സൂചി ഉപയോഗിച്ച് ദ്രവം കുത്തിയെടുത്തുള്ള പരിശോധനയോ (FNAC), ഒരു ബയോപ്സി ഉപയോഗിച്ചുള്ള പരിശോധനയോ (Core Needle Biopsy) മുലഞെട്ടിൽ നിന്നും വരുന്ന സ്രവത്തിന്റെ പരിശോധനയോ ചെയ്യാവുന്നതാണ്.

അർബുദം സ്ഥിരീകരിച്ചവരിൽ രോഗത്തിന്റെ ഘട്ടം (Staging) നിർണയിക്കുന്നതിനായി CT Scan, PET-CT Scan, Bone Scan തുടങ്ങിയ പരിശോധനകൾ കൂടി ആവശ്യമായി വന്നേക്കാം.

ചികിത്സ

ഏതൊരു അർബുദവും പോലെ സ്തനാർബുദത്തിനും മേൽപ്പറഞ്ഞപോലെ പല ഘട്ടങ്ങൾ (Stages) ഉണ്ട്. ഏത് ഘട്ടത്തിലാണോ രോഗനിർണയം സാധ്യമാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് രോഗിയുടെ രോഗനിദാനവും ചികിത്സാ മാർഗങ്ങളും നിർണയിക്കപ്പെടുക.

പ്രാരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സ കൊണ്ട് സ്തനാർബുദം ഭേദമാക്കാം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കണ്ടുപിടിക്കാൻ കാലതാമസം ഉണ്ടാകുന്തോറും രോഗം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണ്ണവും ആയിത്തീരുകയും ചെയ്യും.

സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ.ൽ താഴെ വലിപ്പമുള്ള മുഴകൾ (Stage 1), 25 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (Stage 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ് ഏറ്റവും ഫലപ്രദം.

സ്തനങ്ങളിലുള്ള മുഴകളോടൊപ്പം കക്ഷത്തെ കഴലകളിലേക്കോ നെഞ്ചിന്റെ ഭിത്തിയിലേക്കോ അർബുദം വ്യാപിച്ചാൽ (Stage 3) ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവുമാവുന്നു. ഈ രോഗികൾക്ക് പലപ്പോഴും ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ കീമോചികിത്സയും പിന്നീട് റേഡിയേഷൻ ചികിത്സയും ആവശ്യമായി വരുന്നു.

ശരീരത്തിലെ കരൾ, എല്ലുകൾ, ശ്വാസകോശം, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളിലേക്ക് അർബുദം വ്യാപിച്ചുകഴിഞ്ഞാൽ (Stage IV) രോഗിക്ക് പൂർണമായ രോഗമോചന ചികിത്സ എന്നതിലുപരി സാന്ത്വന ചികിത്സ (Palliative Care) യാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്.

സ്തനാർബുദ ശസ്ത്രക്രിയാരംഗത്ത് ഇന്ന് അത്ഭുതാവഹമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുമ്പ് കാലത്ത് അർബുദം ബാധിച്ച സ്തനം പൂർണമായും നീക്കം ചെയ്തുവന്നിരുന്നു. ഇത് സ്ത്രീകളിൽ ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതം വളരെ വലുതാണ്. എന്നാൽ ഇപ്പോൾ സ്തനങ്ങളുടെ ആകൃതിയും വലിപ്പവും നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാരീതികൾ ആണ് കൂടുതലും ചെയ്തുവരുന്നത്. (Breast Conservation Surgery and Breast Reconstruction Surgery) ഒരേ സമയം സ്തനങ്ങളുടെ പലഭാഗങ്ങളിൽ അർബുദം ബാധിക്കുന്ന അപൂർവം അവസരങ്ങളിൽ മാത്രമേ സ്തനം പൂർണമായും നീക്കം ചെയ്യേണ്ടിവരികയുള്ളൂ.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അർബുദ ജൈവഘടന പരിശോധനയിൽ (Cancer Biology), അർബുദ കോശങ്ങളുടെ ഹോർമോൺ സെൻസിറ്റിവിറ്റി (ER, PR, HER-2) നിർണയിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചില രോഗികൾക്ക് പൂർണരോഗശമനം ഉറപ്പുവരുത്തുന്നതിനും അർബുദം തിരിച്ചുവരാതിരിക്കാനും ആയി ഹോർമോൺ തുടർചികിത്സയും ആവശ്യമായി വന്നേക്കാം.

റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, ഓങ്കോ സർജൻ, റേഡിയോളജിസ്റ്റ്, പാലിയേറ്റീവ് സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ ഉൾപ്പെട്ട ഒരു Multi Disciplinary Team ന്റെ നേതൃത്വത്തിൽ രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ രോഗമോചനത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് ഇന്ന് സ്വീകരിച്ചുവരുന്നത്.

ചികിത്സ പൂർത്തിയാക്കി രോഗവിമുക്തി നേടിക്കഴിഞ്ഞാലും ഡോക്ടറുടെ നിർദ്ദേശാനുസരണം കൃത്യമായ ഇടവേളകളിൽ ഉള്ള തുടർപരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു പ്രവണതയാണ്. രോഗം ഭേദമായ ശേഷമുള്ള ആദ്യത്തെ വർഷമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കാരണം രോഗം വീണ്ടും പിടിപെടാനുള്ള സാധ്യത താരതമ്യേന ഈ കാലയളവിൽ കൂടുതലാണ്. രണ്ടാം വർഷം മുതൽ ഈ സാധ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.

സ്ത്രീകൾ മാസത്തിൽ ഒരിക്കലെങ്കിലും സ്വയം സ്തനപരിശോധന ഒരു ശീലമാക്കുകയും കൃത്യമായ വ്യായാമശീലങ്ങൾ പിന്തുടരുകയും അമിതവണ്ണം ഒഴിവാക്കുകയും ജീവിതശൈലിയിലും ആഹാരക്രമത്തിലും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഒരു പരിധിവരെ സ്തനാർബുദത്തെ തടയാൻ നമുക്ക് സാധിക്കും.

പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുക എന്ന ലക്ഷ്യത്തിനാണ് ഈ സ്തനാർബുദ അവബോധ മാസത്തിൽ നാം ഊന്നൽ നൽകേണ്ടത്. ചുരുക്കത്തിൽ, സ്തനങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും മാറ്റങ്ങളോ മുഴകളോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഒട്ടും ഭയപ്പെടാതെ തക്കസമയത്ത് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി അവ ഉപദ്രവകാരികളല്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ സ്ത്രീകളും ശ്രദ്ധിക്കേണ്ടതാണ്.

Content Highlights: breast cancer awareness month breast cancer symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented