അപകടങ്ങള്‍, ജനിതക തകരാറുകള്‍, ലഹരി വസ്തുക്കളോടുള്ള ആസക്തി, അമിത മതപഠനം-ഇതൊക്കെ വഴി തലച്ചോറിനുണ്ടാകുന്ന ചില തകരാറുകള്‍ വ്യക്തികളെ മതമൗലികവാദികളാക്കി മാറ്റിയേക്കാം

Religious Fundamentalism

സ്തിഷ്‌ക്ക മാപ്പിങ് മുതല്‍ ജീന്‍ എഡിറ്റിങ് വരെ സാധ്യമായ കാലമാണിത്. ജനിതകരോഗങ്ങള്‍ തന്മാത്രാതലത്തില്‍ മനസിലാക്കാനും, തലച്ചോറിലെ വിചാരവീഥികളെ നിരീക്ഷിച്ചറിയാനും കഴിയുന്ന കാലം. ജനിതകരോഗങ്ങളെയും മാനസികപ്രശ്‌നങ്ങളെയും അതിന്റെ സൂക്ഷ്മതയില്‍ മനസിലാക്കുന്നത്, രോഗചികിത്സാരംഗത്ത് മാത്രമല്ല, 'നിര്‍മിതബുദ്ധി' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പോലുള്ള മേഖലകള്‍ക്കും മുതല്‍ക്കൂട്ടാകുന്നു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നത് മസ്തിഷ്‌ക്ക പഠനങ്ങളും ജനിതകരംഗത്തെ മുന്നേറ്റങ്ങളുമായിരിക്കും. മസ്തിഷ്‌ക്കവുമായി ബന്ധപ്പെട്ട് ആകാംക്ഷയുണര്‍ത്തുന്ന ഗവേഷണം നടക്കുന്ന ഒരു മേഖല മതവിശ്വാസത്തിന്റേതാണ്. വ്യക്തിപരമായ സംഗതി എന്ന സങ്കല്‍പ്പം മറികടന്ന് മതവിശ്വാസം പലരിലും മതമൗലികവാദമായും മതഭ്രാന്തായും പരിണമിക്കുന്നത് എന്തുകൊണ്ട്? ഇക്കാര്യത്തില്‍ തലച്ചോറിന്റെ പങ്കെന്ത്? മതവെറിയും വെറുപ്പിന്റെ പ്രത്യേയശാസ്ത്രങ്ങളും ലോകമെങ്ങും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പഠനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്.  

ഈ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ഒരു പഠനം പരിചയപ്പെടുത്തുകയാണ് ഇത്തവണ ഈ കോളത്തിന്റെ ലക്ഷ്യം. മസ്തിഷ്‌ക്കത്തിലെ ചില പ്രത്യേകഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നവരില്‍ മതമൗലികവാദം ശക്തിപ്പെടുമെന്ന ശ്രദ്ധേയമായ കണ്ടെത്തലാണ് ഈ പഠനത്തിലേത്. യു.എസില്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജോര്‍ദാന്‍ ഗ്രാഫ്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തിന്റേതാണ് പഠനം. 'ന്യൂറോസൈക്കോളജിയ' ജേര്‍ണലില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനത്തില്‍, ഗവേഷകരുടെ ശ്രദ്ധാകേന്ദ്രം നമ്മുടെ തലച്ചോറിന്റെ മുന്‍ഭാഗത്തെ 'പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സ്' (prefrontal cortex) ആയിരുന്നു. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍, പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സിലെ രണ്ടിടങ്ങള്‍-'വെന്‍ട്രോമിഡിയല്‍ പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സ്' (ventromedial prefrontal cortex - vmPFC), 'ഡോര്‍സോലാറ്ററല്‍ പ്രിഫ്രൊന്റല്‍ കോര്‍ട്ടെക്‌സ്' (dorsolateral prefrontal cortex - dlPFC) എന്നിവ.

ഈ മസ്തിഷ്‌ക്കഭാഗങ്ങളെ ശ്രദ്ധേയമാക്കുന്നത് പ്രധാനമായും രണ്ടു സംഗതികളാണ്: 1. നമ്മുടെ 'വിശ്വാസ സംവിധാന'ത്തില്‍ ഈ മസ്തിഷ്‌ക്കഭാഗങ്ങള്‍ക്ക് പ്രധാന പങ്കുള്ളതായി മുന്‍ഗവേഷണങ്ങളില്‍ പറഞ്ഞിട്ടുണ്ട്, 2. മനുഷ്യന്റെ തലച്ചോറില്‍ ഏറ്റവും ഒടുവിലായി പരിണമിച്ചുണ്ടായ മേഖലകളില്‍ പെടുന്നു ഇവ! 

'വിയറ്റ്‌നാം ഹെഡ് ഇഞ്ചുറി സ്റ്റഡി' (VHIS) എന്നൊരു ഡേറ്റാ ശേഖരമുണ്ട്. വിയറ്റ്‌നാം, കൊറിയന്‍ യുദ്ധങ്ങളില്‍ തലയ്ക്ക് പരിക്കേറ്റ രണ്ടായിരത്തോളം യു.എസ്.സൈനികരുടെ വിവരങ്ങള്‍ 1960 കളുടെ അവസാനം ശേഖരിച്ച് ന്യൂറോളജിസ്റ്റ് വില്യം കേവ്‌നെസ്സ് സൃഷ്ടിച്ച ഡേറ്റാ ശേഖരം. ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ ആ സൈനികരുടെ ആരോഗ്യപരവും മനശാസ്ത്രപരവുമായ വിവരങ്ങള്‍ ഗവേഷകര്‍ പിന്തുടര്‍ന്നു. അവ ഡേറ്റാ ശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നത് തുടര്‍ന്നു. ആ ഡേറ്റാ ശേഖരമാണ് പുതിയ പഠനത്തിന് ഗ്രാഫ്മാനും സംഘവും ഉപയോഗിച്ചത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ വിവരശേഖരം എത്ര അമൂല്യമാണെന്ന് ഇത്തരം ഗവേഷണങ്ങള്‍ തെളിയിക്കുന്നു. 

Prefrontal Cortex, Human Brain
തലച്ചോറിന്റെ ഭാഗങ്ങള്‍  

 

വിയറ്റ്‌നാം ഹെഡ് ഇഞ്ചുറി സ്റ്റഡിയില്‍ നിന്ന് 119 വിയറ്റ്‌നാം യുദ്ധവീരന്മാരുടെ റിക്കോര്‍ഡുകള്‍ പുതിയ പഠനത്തിന് ഉപയോഗിച്ചു. അതിലെ സി.ടി.സ്‌കാന്‍ റിക്കോര്‍ഡുകള്‍ പരിശോധിച്ച് തലച്ചോറില്‍ പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സി'ലെ മേല്‍സൂചിപ്പിച്ച രണ്ട് മേഖലകള്‍ക്ക് (vmPFC, dlPFC എന്നിവയ്ക്ക്) ക്ഷതമോ പരിക്കോ ഏറ്റവരാണ് ഈ 119 പേരുമെന്ന് ഉറപ്പുവരുത്തി. ഇങ്ങനെ പരിക്കേറ്റ ആ 119 പേരുടെ റിക്കോര്‍ഡുകള്‍, വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത പരിക്കേല്‍ക്കാത്ത 30 യു എസ് സൈനികരുടെ റിക്കോര്‍ഡുകളുമായി താരതമ്യം ചെയ്തായിരുന്നു പഠനം (ആ 119 പേരില്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളായിരുന്നു). 

വ്യത്യസ്ത ആശയങ്ങളെയും വിശ്വാസങ്ങളെയും പറ്റി ചിന്തിക്കാനും, ഒരു ആശയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചിന്തയുടെ ഗതി തിരിച്ചുവിടാനും സഹായിക്കുന്ന മാനസികഗുണത്തിന് 
സാങ്കേതികമായി പറയുന്ന പേരാണ് 'കൊഗ്നിറ്റീവ് ഫ്‌ളെക്‌സിബിളിറ്റി' (cognitive flexibiltiy). പുതിയ തെളിവുകളുടെ വെളിച്ചത്തില്‍ വിശ്വാസങ്ങളെ പരിഷ്‌ക്കരിക്കാന്‍ ഇത് നമ്മളെ അനുവദിക്കുന്നു. ഇതുവഴി ജീവികളുടെ അതിജീവനശേഷി വര്‍ധിക്കുന്നു. പുതിയ പരിസ്ഥിതിയിലെത്തുമ്പോള്‍ അതിനനുസരിച്ച് മാനോനില പരിഷ്‌ക്കരിക്കാനും പരിസ്ഥിതിയോട് ഇണങ്ങിച്ചേരാനും ഇത് സഹായിക്കുന്നു. 

കൊഗ്നിറ്റീവ് ഫ്‌ളെക്‌സിബിളിറ്റി, തുറന്ന മനോഭാവം-എന്നീ മാനസികഗുണങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്കഭാഗം പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സിലെ മേല്‍സൂചിപ്പിച്ച രണ്ടിടങ്ങളാണെന്ന് സൂചന ലഭിച്ചിരുന്നു. മാത്രമല്ല, തീവ്രമായ വാദങ്ങളുമായി vmPFC മേഖലയ്ക്ക് ബന്ധമുള്ളതിന്റെ സൂചനയും മുന്‍പഠനങ്ങളില്‍ കണ്ടിരുന്നു. തലച്ചോറിന്റെ ഈ ഭാഗത്ത് ക്ഷതമോ തകരാറോ ഉള്ളവര്‍, മറ്റുള്ളവരെ അപേക്ഷിച്ച് രാഷ്ട്രീയം, മതം തുടങ്ങിയ സംഗതികളില്‍ കൂടുതല്‍ ഉത്പതിഷ്ണുക്കളായി മാറുന്ന കാര്യവും മുമ്പ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ മുന്‍കാല പഠനങ്ങളുടെ പശ്ചാത്തലത്തിലാണ്, തലച്ചോറിലെ vmPFC, dlPFC മേഖലകള്‍ക്ക് പരിക്കോ ക്ഷതമോ ഏറ്റവരില്‍ മതമൗലികവാദം വര്‍ധിക്കുന്നുണ്ടോ എന്ന് ഗ്രാഫ്മാനും കൂട്ടരും പരിശോധിച്ചത്. മാറ്റമില്ലാത്ത കര്‍ക്കശമായ വിശ്വാസങ്ങള്‍ക്ക് മേലാണ് മതമൗലികവാദം പടുത്തുയര്‍ത്തിയിരിക്കുന്നത്. പരമ്പരാഗത മതപ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഊന്നല്‍ നല്‍കുകയും, മതവും സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പുരോഗമന ചിന്തകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ചിന്താഗതിയാണ് മതമൗലികവാദത്തിന്റെ കാതല്‍. തങ്ങളുടെ ജീവിതരീതികളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്ന സര്‍വ്വതിനെയും മതമൗലികവാദികള്‍ എതിര്‍ക്കുന്നു. തങ്ങള്‍ പിന്തുടരുന്ന വിശ്വാസങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകാത്തവരെ അവര്‍ ശത്രുക്കളെ എന്നപോലെ നേരിട്ടെന്നിരിക്കും. 

ഇത്തരം ചിന്താഗതിയുള്ളവരെ സംബന്ധിച്ച് കൊഗ്നറ്റീവ് ഫ്‌ളെക്‌സിബിളിറ്റി, തുറന്ന മനോഭാവം തുടങ്ങിയ സംഗതികള്‍ വെല്ലുവിളിയായാണ് അനുഭവപ്പെടുക. എന്നുവെച്ചാല്‍, മതമൗലികവാദം ശക്തിപ്പെടുമ്പോള്‍, കൊഗ്നറ്റീവ് ഫ്‌ളെക്‌സിബിളിറ്റിയും തുറന്ന മനസ്ഥിതിയും അതിനനുസരിച്ച് കുറയും. തലച്ചോറിന്റെ മേല്‍സൂചിപ്പിച്ച ഭാഗങ്ങളില്‍ തകരാറുള്ളവര്‍, തുറന്ന മനോഭാവം, കൊഗ്നറ്റീവ് ഫ്‌ളെക്‌സിബിളിറ്റി തുടങ്ങിയവ സംബന്ധിച്ച് കുറഞ്ഞ സ്‌കോര്‍ ആണ് നേടിയതെന്ന് ഗവേഷകര്‍ കണ്ടു. ഇതിനര്‍ഥം, ഇത്തരക്കാര്‍ മതമൗലികവാദത്തിന്റെ കാര്യത്തില്‍ മുന്നിലെന്നാണ്. മേല്‍സൂചിപ്പിച്ച രണ്ടു മസ്തിഷ്‌ക്കഭാഗങ്ങളില്‍ സംഭവിക്കുന്ന തകരാറുകളും മതമൗലികവാദവും തമ്മില്‍ ബന്ധമുണ്ടെന്ന അനുമാനത്തില്‍ ഗ്രാഫ്മാനും കൂട്ടരും എത്തിയത് അങ്ങനെയാണ്. 

യുദ്ധത്തില്‍ തലച്ചോറിന് പരിക്കേറ്റവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയതെങ്കിലും, ഈ പഠനത്തിന് ഒട്ടേറെ വ്യത്യസ്ത മാനങ്ങളുണ്ട്. മാനസികാഘാതം (trauma), മാനസികപ്രശ്‌നങ്ങള്‍, മദ്യം മയക്കുമരുന്ന് തുടങ്ങിയവയോടുള്ള ആസക്തി, ജനിതക തകരാര്‍-ഇവയിലേതെങ്കിലും കാരണംകൊണ്ട് മസ്തിഷ്‌ക്കത്തിലെ പ്രിഫ്രോന്റല്‍ കോര്‍ട്ടെക്‌സിലെ മേല്‍സൂചിപ്പിച്ച മേഖലകള്‍ക്ക് തകരാര്‍ സംഭവിക്കാം. അത്തരം വ്യക്തികള്‍ മതമൗലികവാദികളായി മാറാന്‍ സാധ്യത കൂടുതലാണെന്നാണ് ഈ പഠനം നല്‍കുന്ന പ്രധാന പാഠം! ഒരുപക്ഷേ, അമിത മതപഠനം വഴി കൊഗ്നറ്റീവ് ഫ്‌ളെക്‌സിബിളിറ്റിക്കും തുറന്ന മനസ്ഥതിക്കും കോട്ടംതട്ടുന്നതും തലച്ചോറിലെ പ്രിഫ്രോന്റല്‍ മേഖലയുടെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സമാകാം! 

ഒരുകാര്യം പ്രത്യേകം ഓര്‍ക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മതപരമായ കടുംപിടുത്തങ്ങളുടെ തീവ്രത വര്‍ധിക്കുന്നത് കൊഗ്നിറ്റീവ് ഫ്‌ളെക്‌സിബിളിറ്റിയും തുറന്ന മനസ്ഥിതിയും കുറയുന്നത് കൊണ്ടു മാത്രമല്ല. മതമൗലികവാദവുമായി ബന്ധപ്പെട്ട സ്‌കോറുകള്‍ക്ക് വ്യത്യാസമുണ്ടാക്കുന്ന വ്യത്യസ്ത കാരണങ്ങളില്‍ ഒന്നു മാത്രമാണിത്. ജനിതകമായ വ്യത്യാസങ്ങള്‍ മുതല്‍ സാമൂഹികമായ സ്വാധീനങ്ങള്‍ വരെയുള്ള പല ഘടകങ്ങളും വ്യക്തികളില്‍ മതമൗലികവാദം ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്. ഭാവിയില്‍ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോള്‍, മാനസികപ്രശ്‌നം അല്ലെങ്കില്‍ മസ്തിഷ്‌ക്ക തകരാര്‍ എന്ന നിലയ്ക്ക് മതമൗലികവാദം ചികിത്സിച്ച് ഭേദമാക്കാന്‍ വഴിതുറന്നേക്കും! 

അധികവായനയ്ക്ക്-

1. 'Biological and cognitive underpinnings of religious fundamentalism'. Neuropsychologia, Volume 100, June 2017.
2. 'Scientists have established a link between brain damage and religious fundamentalism'. By Bobby Azarian. Raw Story, 12 March 2018.
3. 'Studying Injured Minds' – The Vietnam Head Injury Study and 40 Years of Brain Injury Research'. Frontiers in Neurology,  2011 Mar 28. doi: 10.3389/fneur.2011.00015.
4. 'Neurologists Have Identified Brain Lesions That Could Be Linked to Religious Fundamentalism'. By MIKE MCRAE. Science Alert, 5 MAY 2017. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Religious Fundamentalism, Brain damage, Prefrontal Cortex, Cognitive Flexibility