Representative Image| Photo: AFP
എല്ലാവർഷവും ജനുവരി നാലാം തീയതി ലൂയി ബ്രെയിൽ ദിനമായി യുണൈറ്റഡ് നേഷൻസ് ആഘോഷിക്കാറുണ്ട്. അന്ധത അനുഭവിക്കുന്നവർക്കുള്ള ബ്രെയിൽ പാഠ്യ പദ്ധതി പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണ് 2018 മുതൽ ഈ ദിനം ആഘോഷിച്ചു വരുന്നത്. അന്ധർക്കു വേണ്ടി ലൂയി ബ്രയിലി എന്ന ഫ്രഞ്ച് പൗരൻ വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണ് ഇത്. പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെയുള്ള 6 കുത്തുകളിൽ, ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.
ലൂയി ബ്രെയിലിയെക്കുറിച്ച്...
ഫ്രാൻസിൽ ഉള്ള കൂപ്വിരെ എന്ന ഗ്രാമത്തിൽ 1809 ൽ ലൂയി ബ്രെയിലി ജനിച്ചു. എന്നാൽ കുട്ടിക്കാലത്ത് തന്റെ വലതു കണ്ണിൽ പറ്റിയ ഒരു അപകടം മൂലം പഴുപ്പ് ബാധിച്ച് രണ്ട് കണ്ണിലെയും കാഴ്ച ശക്തി മൂന്നു വയസ്സിൽ തന്നെ അദ്ദേഹത്തിന് നഷ്ടമായി. കോർണിയയ്ക്ക് പറ്റിയ മുറിവുകാരണം വന്ന കോർണിയൽ ബ്ലൈൻഡ്നെസ്സ് മൂലമായിരുന്നു കാഴ്ചശക്തി നഷ്ടപ്പെട്ടത്. പാരീസിൽ ഉള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്ലൈൻഡ് യൂത്ത് എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിക്കുകയും എന്നാൽ അവിടത്തെ അന്ധർക്കുള്ള ആശയവിനിമ രീതികളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വരികയും ചെയ്തു. 1824ൽ തനിക്ക് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അന്ധർക്കുവേണ്ടി ഒരു പുതിയ ആശയവിനിമയ രീതി അദ്ദേഹം കണ്ടുപിടിച്ചു. അക്കാലത്ത് ചാൾസ് ബാർബിയർ എന്നയാൾ ലൂയി പഠിച്ചിരുന്ന സ്കൂൾ സന്ദർശിക്കുകയും രാത്രികാലങ്ങളിൽ പട്ടാളക്കാർക്ക് വേണ്ടി ഒരു പുതിയ ആശയവിനിമയ രീതിയെ കുറിച്ച് പറയുകയുണ്ടായി. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലൂയി തന്റേതായ ബ്രെയിൽ ലിപിക്ക് രൂപം കൊടുത്തത്. ഇന്ന് ലോകമൊട്ടാകെ കാഴ്ച പരിമിതി ഉള്ളവർക്ക് വേണ്ടിയുള്ള ആശയവിനിമയ രീതികളുടെ തുടക്കം അവിടെ നിന്നായിരുന്നു. ലൂയി മരിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ഫ്രഞ്ച് ഭരണകൂടം ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല കാഴ്ചശേഷി ഇല്ലാത്തവരുടെ ഔദ്യോഗിക അക്ഷര മാലയായി അംഗീകരിച്ചത്. ഇന്ന് ലോകത്തിലെ ഭൂരിപക്ഷ രാജ്യങ്ങളും ബ്രെയിൽ ലിപി അംഗീകരിച്ചിട്ടുണ്ട്, മാത്രമല്ല ജനുവരി 4 ലൂയി ബ്രെയിൽ ദിനമായി ആചരിക്കുകയും ചെയ്തു വരുന്നു.
എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് നോക്കാം..
- ലൂയി ബ്രെയിലി എന്ന മഹാനായ മനുഷ്യനെ ഈയൊരു ദിനത്തിൽ ഓർക്കുകയും അദ്ദേഹം അന്ധർക്കുവേണ്ടി നൽകിയ സംഭാവനകളെ ആദരപൂർവ്വം സ്മരിക്കുകയും ചെയ്യാം.
- ബ്രെയിലി സിസ്റ്റത്തെ കുറിച്ച് ലോകത്തിന് പരിചയപ്പെടുത്താനുള്ള ഒരു അവസരമായി ഈ ദിനത്തെ കണക്കാക്കാം.
- അന്ധതയുടെ ലോകത്ത് വെളിച്ചത്തിന്റെ ഒരു ചെറിയ തിരി തെളിയിക്കാൻ ഉള്ള ഒരു അവസരമായി ഈ ദിനത്തെ കണക്കാക്കാം. നേത്രദാനം മഹാദാനമായി പ്രോത്സാഹിപ്പിക്കാം.
- അന്ധരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓർമ്മക്കായി ഈ ദിവസത്തെ കണക്കാക്കാം.
- കാഴ്ചയില്ലാത്തവർക്കും കാഴ്ച പരിമിതി ഉള്ളവർക്കും വായിക്കാനും ആശയവിനിമയത്തിനും ഉള്ള നവ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുന്ന ദിനമായി ഇതിനെ കണക്കാക്കാം.
ഭിന്നശേഷി ഉള്ളവർക്ക് വേണ്ടി നിരവധി ക്ഷേമപ്രവർത്തനങ്ങൾ സക്ഷമ സംഘടിപ്പിക്കാറുണ്ട്. കൂടാതെ എല്ലാവർഷവും ജനുവരി നാലാം തീയതി ലൂയി ബ്രെയിലി ദിനം സക്ഷമ ആഘോഷിക്കാറുണ്ട്.
കോർണിയയ്ക്ക് ക്ഷതം ബാധിച്ചവരെ വെളിച്ചത്തിന്റെ വഴിയിലേക്ക് നയിക്കാൻ സർക്കാർതലത്തിലും മറ്റും അനവധി പദ്ധതികൾ ഉണ്ട്. കോർണിയ തകരാറുമൂലം കാഴ്ചശക്തി നഷ്ടമായവർക്ക് വെളിച്ചം പകരാൻ സക്ഷമ ആവിഷ്കരിച്ച പദ്ധതിയാണ് CAMBA - കോർണിയ അന്ധത മുക്ത ഭാരത് അഭിയാൻ. അംഗ പരിമിതിയുടെ പേരിൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാർ എന്ന് സാക്ഷമ നമ്മെ ഓർമിപ്പിക്കുന്നു. ഇതിനുവേണ്ടി സക്ഷമയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള സെന്റർ ആണ് സ്വാസ്ഥ്യ എന്ന ഏർലി ഇന്റർവേഷൻ സെന്റർ. ഇത്തരത്തിലുള്ള സെന്ററുകൾ എല്ലാ ജില്ലാ അടിസ്ഥാനത്തിലും തുടങ്ങേണ്ടതായി ഉണ്ട്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 2.21% ജനങ്ങൾ ഇന്ത്യയിൽ ഭിന്നശേഷിക്കാരായി ഉണ്ട്. ഇത് ഏതാണ്ട് 2.68 കോടി ജനങ്ങൾ വരും. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ മാത്രം വിചാരിച്ചാൽ സാധിക്കുകയില്ല. നിസ്വാർത്ഥമായി സേവനം ചെയ്യുന്ന സക്ഷമ പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഓരോ ഭിന്നശേഷി പൗരനും സമൂഹത്തിന്റെ പൊതുസ്വത്താണ് എന്ന അവബോധം പൊതുജനങ്ങളിൽ സൃഷ്ടിച്ചെടുക്കലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭിന്നശേഷി എന്നു പറയുന്നത് ഒരു പരിമിതി അല്ല മറിച്ച്, വിഭിന്ന ശേഷിയാണ് എന്ന് പൊതുസമൂഹം ഉൾക്കൊള്ളണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ നമ്മൾ ഒരു പരിഷ്കൃത സമൂഹമായി മാറുകയുള്ളൂ. സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി രാജ്യത്തെ ഭിന്നശേഷി സൗഹൃദ രാജ്യമാക്കി വാർത്ത് എടുക്കുക എന്ന വലിയൊരു ലക്ഷ്യം മുൻനിർത്തി നമുക്കേവർക്കും കൈകോർത്ത് പ്രവർത്തിക്കാം
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകൻ.
Content Highlights: braille writing system, louis braille day, history of louis braille
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..