കടുത്തുരുത്തി: അപൂര്‍വ രക്തഗ്രൂപ്പില്‍പ്പെട്ട ഭവാനിയമ്മയ്ക്ക് അതേ രക്തം നല്‍കാന്‍ ആളെത്തി. ഇതോടെ ഇവര്‍ക്ക് ഇടുപ്പെല്ലിന്റെ പരിക്കിന് ശസ്ത്രക്രിയ നടത്താനായി. മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയിലാണ് സംഭവം.

വീട്ടില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് കുറുമുള്ളൂര്‍ പൂവനില്‍ക്കുന്നതില്‍ ഭവാനിയമ്മ(88) യെ ജൂലായ് 28-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായിരുന്നു. ഇതിനായി രക്തം പരിശോധിച്ചപ്പോള്‍, ഒ പോസിറ്റീവ് വിഭാഗത്തില്‍പ്പെട്ട ബോംബെ ഗ്രൂപ്പാണ് ഭവാനിയമ്മയ്‌ക്കെന്ന് കണ്ടെത്തി.

ഭവാനിയമ്മയ്ക്ക് ചികിത്സ തേടേണ്ട യാതൊരു അസുഖങ്ങളും മുമ്പ് ഉണ്ടാകാത്തതിനാല്‍ രക്തം പരിശോധിച്ചിരുന്നില്ലെന്ന് മകള്‍ ജയശ്രീ പറഞ്ഞു. ഇതേ വിഭാഗത്തില്‍പ്പെട്ട രക്തദാതാക്കളെ കണ്ടെത്തുന്നതിന് ഏറെ തിരയേണ്ടിവന്നു.

തൊടുപുഴ ഐ.എം.എ.യുടെ സഹായത്തോടെയാണ് കോതമംഗലം സ്വദേശിയായ കോട്ടപടി പാറയ്ക്കല്‍ പി.കെ.സന്തോഷിനെ(42) കണ്ടെത്തിയത്. സന്തോഷ് കോട്ടപടിയിലെ ഓട്ടോ ഡ്രൈവറാണ്. ഇതിനുമുമ്പ് സന്തോഷ് ബോംബെ ഗ്രൂപ്പില്‍പ്പെട്ട ആറുപേര്‍ക്ക് പല സമയങ്ങളിലായി രക്തം കൊടുത്തിട്ടുണ്ട്.

കുറുമുള്ളൂര്‍ പൂവനില്‍ക്കുന്നതില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യയാണ് ഭവാനിയമ്മ. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖംപ്രാപിച്ച ഭവാനിയമ്മ ശനിയാഴ്ച ആശുപത്രി വിട്ടു.

ഈ രക്തം 40 ലക്ഷം പേരില്‍ ഒരാള്‍ക്ക്

ലോകത്തില്‍ 40 ലക്ഷം പേരില്‍ ഒരാള്‍ക്ക് കാണുന്നതാണ് ഈ ഗ്രൂപ്പില്‍പ്പെട്ട രക്തം. മുംബൈയിലെ ഒരു റെയില്‍വേ തൊഴിലാളിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന് ഭവാനിയമ്മയെ ചികിത്സിച്ച ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജോര്‍ജി ജെ. കുരുവിള പറഞ്ഞു. ഇവരുടെ രക്തം ആര്‍ക്ക് വേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ ഇവര്‍ക്ക് ഇതേ ഗ്രൂപ്പിലുള്ളത് മാത്രമേ സ്വീകരിക്കാനാവൂ.