ഴിഞ്ഞവര്‍ഷം ജൂണിലാണ് തൃശ്ശൂര്‍ സ്വദേശിയായ ഒന്നരവയസ്സുകാരന്‍ മുഹമ്മദ് അസ്നാന്‍ യോജിച്ച രക്തമൂലകോശം ലഭിക്കാതെ രക്താര്‍ബുദം മൂര്‍ച്ഛിച്ച് മരിച്ചത്. നാലുലക്ഷംപേര്‍ രക്തമൂലകോശദാനത്തിന് തയ്യാറായെങ്കിലും അവരുടേതൊന്നും അസ്നാനുമായി യോജിച്ചില്ല. അതോടെ അവനെ രക്ഷിക്കാനുള്ള അവസാന മാര്‍ഗമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനായില്ല.

സംസ്ഥാനത്ത് മൂലകോശം കാത്ത് അമ്പതോളം രോഗികളുണ്ട്. കോവിഡും ലോക്ഡൗണും വന്നതോടെ ദാനംചെയ്യാനുള്ളവര്‍ പിന്‍വാങ്ങുകയാണ്. കഴിഞ്ഞവര്‍ഷംവരെ 15-ഓളം പേരാണ് മാസം മൂലകോശദാനത്തിന് സന്നദ്ധത അറിയിച്ചത്. എന്നാല്‍ നിലവില്‍ അഞ്ചുപേരില്‍ താഴെയാണിത്. ജൂണില്‍ രണ്ടുപേര്‍ മാത്രമാണ് മൂലകോശദാനം നടത്തിയത്.

പതിനായിരത്തില്‍ ഒന്നുമുതല്‍ 20 ലക്ഷത്തില്‍ ഒന്നുവരെയാണ് യോജിച്ച മൂലകോശം ലഭിക്കാനുള്ള സാധ്യത. 'കോവിഡ് ഭീതി മാറിയിട്ട് ദാനംചെയ്യാമെന്നാണ് മാച്ചായ ഡോണര്‍മാര്‍ പറയുന്നത്. എന്നാല്‍, അതുവരെ രോഗി ജീവനോടെയുണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല.'- രക്തമൂലകോശദാതാക്കളുടെ സന്നദ്ധസംഘടനയായ ദാത്രിയുടെ കേരളത്തിലെ ഓപ്പറേഷന്‍സ് ഹെഡ് എബി സാംജോണ്‍ പറഞ്ഞു.

നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ മാത്രമാണ് മൂലകോശദാനത്തിന് അനുമതിയുള്ളത്. സംസ്ഥാനത്ത് എവിടെയുള്ളവര്‍ ആയാലും കൊച്ചിയിലെത്തണം. ദാതാക്കള്‍ക്ക് രണ്ടുവട്ടം കോവിഡ് പരിശോധന നടത്തിയശേഷമാണ് ദാനംനടത്തുന്നത്.

മാതൃകയായി ഈ യുവാക്കള്‍

ഇതുവരെ കണ്ടിട്ടില്ലാത്ത പരിചയമേതുമില്ലാത്ത ഒരാളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് വടകര സ്വദേശിയായ ആകാശ് സുരേഷും കൊച്ചി മരട് സ്വദേശിയായ ബി. വിഷ്ണുവും. കൊറോണഭീതി വകവയ്ക്കാതെ ആശുപത്രിയിലെത്തി ഇരുവരും രക്തമൂലകോശദാനം ചെയ്തു.

വടകര എം.എച്ച്.ഇ.എസ്. കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 2018-ല്‍ ദാത്രി നടത്തിയ ഡോണര്‍ രജിസ്ട്രേഷന്‍ ക്യാമ്പിലാണ് ആകാശ് ദാതാവായി രജിസ്റ്റര്‍ ചെയ്തത്. 'മാര്‍ച്ചില്‍ ഒരു രോഗിക്കായി എന്റെ സാംപിള്‍ മാച്ചായി എന്ന് ദാത്രിയുടെ ഫോണ്‍ വന്നു. ഒരു ജീവിതം രക്ഷപ്പെടും എന്ന ചിന്തയാണ് ദാനംചെയ്യാന്‍ പ്രേരിപ്പിച്ചത്. ആരക്കുന്നം ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് കൊച്ചി മരട് സ്വദേശിയായ വിഷ്ണു രജിസ്റ്റര്‍ചെയ്യുന്നത്. ജൂണില്‍ രക്തമൂലകോശദാനം നടത്തി.

രജിസ്റ്റര്‍ ചെയ്യാം

രക്തമൂലകോശദാനം ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. www.datri.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Content Highlights: Blood stem cell donors in Kerala, Health