കോട്ടയം: ''ആ ഓര്‍മകള്‍. അത് ഞാനെഴുതും. തനിക്കുവേണ്ടി...'' രാജേഷ് കെ. പുതുമന ഇത് കിടക്കയ്ക്കരികിലെത്തി പറഞ്ഞപ്പോള്‍ പ്രകാശ് മറുപടി പറഞ്ഞു: ''അത് വായിക്കാന്‍ ഞാന്‍ ജീവിച്ചിരിക്കും.'' രണ്ടുപേരും വാക്കുപാലിച്ചു.

തിരിച്ചറിയാന്‍ വൈകിയ ബ്ലാക്ക് ഫംഗസ് ശരീരത്തിലുണ്ടാക്കിയ തിരിച്ചടികളില്‍ എന്നും കിടക്കയിലായിപ്പോകുമെന്നു കരുതിയ പ്രകാശ് ചക്രക്കസേരയില്‍ ഇരുന്നതുതന്നെ പ്രചോദനകരമായ പുസ്തകങ്ങള്‍ വായിച്ചാണ്. ഉറ്റ ചങ്ങാതി താനുള്‍പ്പെടെയുള്ള 'നാട്ടുകമ്പനിയുടെ' കഥ എഴുതിയപ്പോള്‍ ചക്രക്കസേരയും വിട്ട് പ്രകാശ് എഴുന്നേറ്റു. നടന്നുവന്ന് വേദിയിലിരുന്നു. ഇരുളാഴങ്ങളില്‍നിന്ന് പ്രിയപ്പെട്ടവന്റെ മടങ്ങിവരവ് കണ്ട് ദേശം കൈയടിച്ചു.

ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി എന്ന പേരിലുള്ള രാജേഷിന്റെ രചന പ്രകാശ് ഏറ്റുവാങ്ങവേ ആ കണ്ണുകള്‍ നിറഞ്ഞു. എഴുത്തിലെ കഥാപാത്രങ്ങളില്‍ മിക്കവരും അതിനു സാക്ഷിയായി. എല്ലാം ചിരിപ്പിക്കുന്ന ഓര്‍മകള്‍. കഥാപാത്രങ്ങളില്‍ മിക്കവരും ചടങ്ങിനെത്തി. രോഗകാലത്ത് പ്രകാശ് സുഹൃത്തുക്കളോടു പറഞ്ഞത് അവര്‍ അക്ഷരംപ്രതി പാലിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് കെ. പുതുമന റാന്നി ചേത്തക്കല്‍ ദേശക്കാരനാണ്. മക്കപ്പുഴ എന്‍.എസ്.എസ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ സുഹൃത്തുക്കളാണ് രാജേഷും പ്രകാശും റജിയും പ്രദീപുമൊക്കെ.

പിന്നീട് എം.ജി. സര്‍വകലാശാലാ കലാപ്രതിഭയായി മാറിയ രാജേഷിന്റെ ആദ്യകാല നാടകങ്ങളിലെ വേഷക്കാരായിരുന്നു നാട്ടിലെ അക്കാലത്തെ ചെറുപ്പക്കാര്‍. നാട്ടിലെ പൊതുപ്രവര്‍ത്തകനായി വിജയിച്ചുനില്‍ക്കെയാണ് പ്രകാശിന് 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം ചെവിയില്‍ കയറിയ വണ്ട് ദുരിതം വിതച്ചത്.

ഫംഗസ് ബാധ തലയിലേക്കു വ്യാപിച്ചതോടെ ഒരു കണ്ണ് നീക്കംചെയ്തു. കഴുത്തിലെ അസ്ഥികള്‍ക്കു സാരമായ നാശം നേരിട്ടു. പലവട്ടം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകളിലൂടെ ജീവന്‍ തിരിച്ചുപിടിച്ചെങ്കിലും ലോഹ ചട്ടക്കൂടിലായി ശരീരം. അബോധത്തില്‍ മാസങ്ങളും വര്‍ഷങ്ങളും. പിന്നെ മെല്ലെ ചലിച്ചുതുടങ്ങവേ ദൃഢനിശ്ചയത്തോടെ ഒറ്റക്കണ്ണുകൊണ്ട് പ്രകാശ് ലോകത്തെ അഭിമുഖീകരിച്ചു.

കിടക്കയില്‍കിടന്ന് ശരീരം മെല്ലെ ചലിപ്പിച്ചു തുടങ്ങവേ സൗഹൃദങ്ങളും പുസ്തകങ്ങളുമാണു തുണയായത്. ആ കിടക്കയിലിരുന്നാണ് രാജേഷ് ഒരുദിവസം പ്രകാശിനോട് പഴയ നാട്ടുകഥകള്‍ താന്‍ എഴുതാന്‍ പോകുന്നത് അറിയിച്ചത്. പ്രകാശനത്തിന് എത്തണമെന്നും അഭ്യര്‍ഥിച്ചു. അത് സഫലമാക്കിയ ദിനമായിരുന്നു ഓഗസ്റ്റ്-26.

Content Highlights: Black Fungus victim Prakash recovered, Health