Representative Image | Photo: Gettyimages.in
ഗർഭനിരോധനഗുളികകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചുള്ള സംശയത്തിന് മറുപടി നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വിമൻ ഹെൽത്ത് വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ഷെർലി മാത്തൻ.
എനിക്ക് 36 വയസ്സുണ്ട്. രണ്ടു പെൺകുട്ടികളുടെ അമ്മയാണ്. ഒരു ആൺകുട്ടി കൂടി വേണമെന്നാണ് ഭർത്താവിന്റെ ആഗ്രഹം. പക്ഷേ ഹീമോഗ്ലോബിൻ നില പത്തിൽ താഴെയാണ്. മെലിഞ്ഞ ശരീരപ്രകൃതമാണ്. പ്രസവം നിർത്തിയിട്ടില്ലാത്തതിനാൽ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. പതിവായി ഗർഭനിരോധനഗുളിക ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ?
എം.എസ്. പാലക്കാട്
36 വയസ്സുള്ള നിങ്ങൾ വീണ്ടും ഗർഭധാരണത്തിന് താത്പര്യപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. പ്രായം കൂടുന്തോറും ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയും കുട്ടികളിൽ ഡൗൺസിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് സാധ്യത കൂടുകയും ചെയ്യും.
പ്രസവം നിർത്തിയിട്ടില്ലാത്തതിനാൽ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. ഗർഭനിരോധനമാർഗങ്ങൾ പലതരത്തിലുണ്ട്. അതിനാൽ കമ്പയിൻ കോൺട്രാസെപ്റ്റീവ് പിൽസ് ആയിരിക്കും നിങ്ങൾക്ക് ഉചിതം.
കോപ്പർ അടങ്ങിയ ഐ.യു.സി.ഡി (intra uterine contraceptive device) കൂടുതൽ ബ്ലീഡിങ് ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് രക്തക്കുറവുള്ളവർ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. അയേൺ ഗുളികകൾ കൂടി ഇതോടൊപ്പം കഴിക്കേണ്ടിവരും. എന്നാൽ ഹോർമോൺ ഉള്ള ഐ.യു.സി.ഡി.കൾ ലഭ്യമാണ്. അത് രക്തസ്രാവം വളരെയധികം കുറയ്ക്കും.
അമിതരക്തസ്രാവമുള്ളവർക്ക് ഇത്തരം ഐ.യു.സി.ഡി. ഗർഭനിരോധനത്തിനും രക്തസ്രാവം കുറയ്ക്കുന്നതിനും ഉചിതമാണ്. ഗർഭനിരോധനത്തിന് ഹോർമോണൽ ഇംപ്ലാന്റുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. തോളിന് താഴെ കൈയുടെ ഉൾഭാഗത്തായാണ് ഈ ഇംപ്ലാന്റ് വെക്കുന്നത്. മൂന്നുവർഷം വരെയാണ് ഇതിന്റെ കാലാവധി. അതിനുശേഷം അത് മാറ്റി പുതിയത് വെയ്ക്കണം.
ഗർഭനിരോധനഗുളികകൾ രണ്ടുതരമുണ്ട്: എമർജൻസി പിൽസും സ്ഥിരമായി കഴിക്കാവുന്നതും. എമർജൻസി പിൽസ് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. ഇത് സ്ഥിരമായ ഗർഭനിരോധന മാർഗമല്ല. കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാം.
കരൾ സംബന്ധമായ അസുഖങ്ങൾ, സ്തനാർബുദം, ഡീപ് വെയ്ൻ ത്രോംബോസിസ്, അമിതരക്തസമ്മർദം തുടങ്ങിയവയുള്ളവരും ഗർഭനിരോധന ഗുളികകൾ കഴിക്കാതിരിക്കുന്നതാണ് ഉചിതം.
സ്ഥിരമായി കഴിക്കേണ്ട ഒ.സി.പിൽസ് ദിവസവും ഒരേസമയത്തുതന്നെ കഴിക്കേണ്ടതാണ്. ഗർഭനിരോധന ഗുളികകൾ കൊണ്ട് ഗർഭധാരണം തടസ്സപ്പെടുത്തുക മാത്രമല്ല മറ്റുചില കാര്യങ്ങൾ കൂടി ലഭിക്കുന്നുണ്ട്.
- അത് ആർത്തവചക്രം ക്രമപ്പെടുത്തുന്നു. മറ്റ് സ്ത്രീകളേക്കാൾ ഗർഭാശയ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
- കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടാക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ കുറയ്ക്കാൻ സഹായിക്കുന്നു.
- അണ്ഡാശയത്തിലെ സിസ്റ്റുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
- വിളർച്ച ഒഴിവാക്കാനും സഹായിക്കുന്നു. അമിതരക്തസ്രാവം തടയുന്നു.
- മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ഹോർമോൺ അസന്തുലിതാവസ്ഥയാണ്. അതിനാൽ ഹോർമോൺ പ്രശ്നങ്ങൾ കാരണമുള്ള മുഖക്കുരു തടയാനും ഇതുവഴി സാധിക്കുന്നു.
- പെരിമെനസ്ട്രൽ സിൻഡ്രോം(പി.എം.എസ്) പോലെയുള്ള വേദന തടയാനും ഇത് സഹായിക്കും.
- ഡോക്ടറുടെ ഉപദേശപ്രകാരം പരിശോധനകൾ നടത്തിയതിനുശേഷം അനുയോജ്യമായ ഗർഭനിരോധനമാർഗം തിരഞ്ഞെടുക്കുക.
Content Highlights: birth control pills types effectiveness side effects birth control pills


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..