Representative Image| Photo: Gettyimages
കോവിഡ് മുക്തി നേടിയവരില്‍ നടത്തിയ മെഡിക്കല്‍ പരിശോധനകളില്‍ പല വ്യതിയാനങ്ങളും കാണുന്നുണ്ട്. ഇത്തരത്തില്‍ കോവിഡ് മുക്തനായ ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കണ്ട ബിലുറുബിന്‍ വ്യതിയാനത്തെക്കുറിച്ചുള്ള ഒരാളുടെ സംശയവും മറുപടിയും വായിക്കാം.
27 വയസ്സുള്ള യുവാവാണ്. കോവിഡ് ബാധിച്ച ശേഷം ബിലുറുബിന്‍ കൂടിനില്‍ക്കുന്നു. ബിലുറുബിന്‍ ഡയറക്ട് 0.9, ഇന്‍ഡയറക്ട് 1.3 ആയിരുന്നു. രണ്ട് മാസം എത്തിയപ്പോള്‍ പരിശോധിച്ചു. അപ്പോള്‍ ടോട്ടല്‍ ബിലുറുബിന്‍ 1.6 ആണ്. ഡയറക്ട് 0.5, ഇന്‍ഡയറക്ട് 1.1. രണ്ട് തവണയും എസ്.ജി.പി.ടി., എസ്.ജി.ഒ.ടി. എന്നിവ നോര്‍മലാണ്. അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തതിലും കുഴപ്പമില്ല. ഹെപ്പറ്റൈറ്റിസ് പരിശോധന നെഗറ്റീവ് ആണ്. ഇനി എന്താണ് ചെയ്യേണ്ടത്?
കരള്‍ രോഗങ്ങളുടെ മുഖ്യ ലക്ഷണമാണല്ലോ മഞ്ഞപ്പിത്തം. രക്തത്തിലെ വര്‍ണ വസ്തുവായ ബിലുറുബിന്റെ അളവ് കൂടുന്നതാണ് കണ്ണിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം നല്‍കുന്നത് എന്നാല്‍ കരള്‍ രോഗമില്ലാതെയും അപൂര്‍വമായി ബിലുറുബിന്റെ അളവ് കൂടിയെന്ന് വരാം. ബിലുറുബിന്റെ മെറ്റബോളിസത്തിലുള്ള ചില തകരാറുകള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. താങ്കളുടെ പ്രശ്‌നം ജന്‍മനാതന്നെ ഇങ്ങനെ സംഭവിക്കുന്ന ഗില്‍ബര്‍ട്ട്‌സ് സിന്‍ഡ്രോം ആകാനാണ് സാധ്യത. ഇതിന് താങ്കളെ ബാധിച്ചിരിക്കുന്ന കോവിഡുമായി ബന്ധമില്ല.
പ്രായമേറിയതും ജീര്‍ണാവസ്ഥയിലുള്ളതുമായ ചുവന്ന രക്താണുക്കള്‍ വിഘടിച്ചുണ്ടാകുന്നതാണ് ബിലുറുബിന്‍ എന്ന വര്‍ണഘടകം. പ്രതിദിനം ഇങ്ങനെ 250 മുതല്‍ 300 മില്ലിഗ്രാം വരെ ബിലുറുബിനാണ് ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ബിലുറുബിന്റെ ഉത്പാദനവും വിസര്‍ജനവും സമതുലിതാവസ്ഥയിലാണ് നടക്കാറുള്ളത്. ഈ പ്രക്രിയയുടെ ബാലന്‍സ് തെറ്റുമ്പോഴാണ് രക്തത്തിലെ ബിലുറുബിന്റെ അളവ് കൂടുന്നത്.
രക്തത്തിലെ ബിലുറുബിന്റെ നോര്‍മല്‍ അളവ് 0.2 മുതല്‍ 0.9 മില്ലിഗ്രാം വരെയാണ്. ബിലുറുബിന്‍ മൂന്ന് മില്ലിഗ്രാമില്‍ കൂടുമ്പോഴാണ് കണ്ണിനും ചര്‍മത്തിനുമൊക്കെ മഞ്ഞനിറം പ്രകടമാകുന്നത്. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയിലൂടെയാണ് കരളില്‍ വെച്ച് ബിലുറുബിന്റെ മെറ്റബോളിസം നടക്കുന്നത്. കരളിലെത്തിച്ചേരുന്ന ബിലുറുബിന്‍ ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ഒന്നാം ഘട്ടം. രണ്ടാമത്തെ ഘട്ടത്തില്‍ ബിലുറുബിന്‍ ഗ്ലൂക്രോണിക് ആസിഡ് എന്ന ഘടകവുമായി സംയോജിക്കുന്നു. മൂന്നാംഘട്ടത്തില്‍ ബിലുറുബിന്‍-ഗ്ലൂക്രോണിക് ആസിഡ് സംയുക്തം കരളില്‍ നിന്ന് പിത്ത നീരിലൂടെ പുറന്തള്ളപ്പെടുകയും മലത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
ഗില്‍ബര്‍ട്ട് സിന്‍ഡ്രോമില്‍ ബിലുറുബിന്റെ കരളിലേക്കുള്ള ആഗിരണം എന്ന മെറ്റബോളിക് പ്രക്രിയയിലെ ഒന്നാംഘട്ടം തന്നെയാണ് തടസ്സപ്പെടുന്നത്. താങ്കളുടെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇന്‍ഡയറക്ട് ബിലിറുബിന്റെ അളവില്‍ തന്നെയായിരിക്കും നേരിയ വര്‍ധന ഉണ്ടാകുന്നത്. സാധാരണ മഞ്ഞപ്പിത്തമുള്ളവരില്‍ കാണുന്നതുപോലെ മൂത്രത്തിന് മഞ്ഞനിറം ഉണ്ടാവുകയില്ല. കരളിന്റെ പ്രവര്‍ത്തനം നോര്‍മലായിരിക്കും. ജന്‍മനാലുള്ള ചിലതരം തകരാറുകള്‍ മൂലം കരളിലേക്ക് ബിലുറുബിന്‍ വേണ്ട രീതിയില്‍ എത്തപ്പെടുന്നില്ല എന്നതാണ് കാരണം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ബിലുറുബിന്റെ അളവില്‍ മാത്രമായിരിക്കും നേരിയ വര്‍ധനയുള്ളത്. എന്നാല്‍ അത് സാധാരണ ഗതിയില്‍ മൂന്ന് മില്ലിഗ്രാമില്‍ കൂടാറുമില്ല. എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ ലിവര്‍ എന്‍സൈമുകള്‍ നോര്‍മലായിരിക്കും.
ഗില്‍ബര്‍ട്ട്‌സ് സിന്‍ഡ്രോം അത്ര അപൂര്‍വമായ അവസ്ഥയൊന്നുമല്ല. സമൂഹത്തില്‍ എട്ട് ശതമാനത്തോളം ആളുകളില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇവരില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ബിലുറുബിന്റെ അളവ് കൂടുതല്‍ ഉയരാനിടയുണ്ട്. മറ്റെന്തെങ്കിലും അസുഖം ബാധിക്കുക, മാനസിക സമ്മര്‍ദം, ക്ഷീണം, മദ്യത്തിന്റെ ഉപയോഗം, നിരാഹാരമനുഷ്ഠിക്കുക അല്ലെങ്കില്‍ ഏതെങ്കിലും നേരത്തുള്ള ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ അവസരങ്ങളില്‍ ബിലുറുബിന്റെ അളവ് ഗണ്യമായി കൂടിയേക്കാം.
ഗില്‍ബര്‍ട്ട്‌സ് സിന്‍ഡ്രോം ഒരു നിരുപദ്രവകരമായ അവസ്ഥയാണ്. പ്രത്യേകിച്ച് ചികിത്സയൊന്നും ആവശ്യമില്ല. മദ്യപാനം ഉള്‍പ്പടെ കരളിന് ഹാനികരമായ കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് പ്രധാനം. ഒപ്പം ബിലുറുബിന്‍ കൂടാനിടയുള്ള സാഹചര്യങ്ങളെ ഒഴിവാക്കണം. ഭക്ഷണത്തില്‍ കൃത്യനിഷ്ഠ പാലിക്കണം.
(ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Bilirubin levels increased after covid- Gilbert's syndrome
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..