പ്രകൃതിദത്തമെന്ന വാക്ക് കേട്ടാല്‍ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കും എന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും. അങ്ങനെ പല സാധനങ്ങളും പ്രകൃതിദത്തമെന്ന ലേബലില്‍ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കറങ്ങിനടക്കുന്നുണ്ടുതാനും. അത്തരത്തില്‍ കിട്ടിയ സന്ദേശത്തിലൊന്നാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്ത പരിഹാരം- ഇലുമ്പന്‍ പുളി..! അതെ വടക്കും തെക്കും ഇലുമ്പന്‍ പുളി, ബിലുമ്പി, ചിലുമ്പി, നക്ഷത്രപ്പുളി എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ആ പുളി തന്നെ. ഇതിലെന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ?
പരിചയത്തിലുള്ള ഒരാള്‍ സ്വന്തം രക്തം ടെസ്റ്റ് ചെയ്തപ്പോഴാണ് കൊളസ്ട്രോളും ചില കൊഴുപ്പംശങ്ങളും കൂടുതലാണ് എന്നറിയുന്നത്. കുറച്ചുനാള്‍ പഥ്യം നോക്കിയിട്ട് ശരിയാകുന്നില്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടി വരും എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് ആരോ പറഞ്ഞത്, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഇലുമ്പന്‍ പുളി നല്ലതാണെന്ന്.
ദിവസവും ഒരു ഗ്ലാസ് ഇലുമ്പന്‍ പുളി ജ്യൂസ് അദ്ദേഹം അകത്താക്കാന്‍ തുടങ്ങി. നാലു ദിവസം കഴിഞ്ഞതേയുള്ളു. ഛര്‍ദ്ദി, വിശപ്പില്ലായ്മ, ക്ഷീണം... ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ക്രിയാറ്റിനിന്‍ വളരെ ഉയര്‍ന്നിരിക്കുന്നു. രണ്ട് വൃക്കകളും പൂര്‍ണ്ണമായും പണിമുടക്കിയിരിക്കുന്നു. താല്‍ക്കാലികമായി ഡയാലിസിസ് ചെയ്ത് ജീവന് രക്ഷിക്കാന്‍ സാധിച്ചു. ഭാഗ്യവശാല്‍ വൃക്കകളുടെ പ്രവര്‍ത്തനശേഷി പതിയെ വീണ്ടെടുത്തു.
ഇതുപോലുള്ള പത്തു രോഗികള്‍ ഇലുമ്പന്‍ പുളി ജ്യൂസ് കുടിച്ച് കിഡ്നി ഫെയിലിയര്‍ ഉണ്ടായതായി ഇന്ത്യന്‍ കിഡ്നി ജേര്‍ണലില്‍ റിപ്പോര്‍ട്ടുണ്ട് (2013). പത്തുപേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തിലെ പല ആശുപത്രികളില്‍ നിന്നും ഈയിടെയായി ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ ശരിക്കും ഇലുമ്പന്‍ പുളിക്ക് കൊളസ്ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ടോ? അതു ശരിക്കും അറിയില്ല. എന്നാല്‍ എലികളില്‍ ഇലുമ്പന്‍പുളി ജ്യൂസ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതായി ഒരു പഠനം ഉണ്ടുതാനും.
ഇലുമ്പന്‍ പുളി എങ്ങനെ കിഡ്നി തകര്‍ക്കും എന്നു അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ പ്രകൃതിയില്‍ നിന്നു ലഭിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു വസ്തുവും ആരോഗ്യം പ്രദാനം ചെയ്യില്ല. ഇലുമ്പന്‍ പുളിയില്‍ മറ്റു പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള oxalate ആണ് വില്ലന്‍. ജ്യൂസില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായ oxalate ശരീരം പുറം തള്ളുന്നത് കിഡ്നി വഴിയാണ്. കിഡ്നി വഴി പുറംതള്ളപ്പെടുന്ന oxalate കിഡ്നി നാളികളില്‍ അടിഞ്ഞു കൂടുന്നതാണ് കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. വലിയ അളവില്‍ ഒന്നിച്ചു കഴിക്കുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവില്‍ സ്ഥിരമായി കഴിച്ചാല്‍ കിഡ്നിയില്‍ oxalate കല്ലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കിഡ്നി ബയോപ്സി ചെയ്തു oxalate അടിഞ്ഞു കൂടിയതാണ് പ്രശ്നമായതെന്ന് സംശയലേശമന്യേ തെളിയിക്കുകയും ചെയ്തതാണ്. നേരത്തെ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ആളുകളാണ് ഇവരെന്നും ഓര്‍ക്കണം.
പ്രമേഹത്തിന്റെ പേരില്‍ ഇലുമ്പന്‍ പുളി ജ്യൂസ് കഴിക്കുന്നവര്‍ പെട്ടന്ന് അപകടത്തില്‍ ചാടാന്‍ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്നി പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകള്‍ ഉള്ളവര്‍ ജ്യൂസ് കുടിച്ചാല്‍ കിഡ്നിയുടെ കാര്യം കഷ്ടമാവുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജമാല്‍ ടിഎം, ഡോ. ജിമ്മി മാത്യു- ഇന്‍ഫോക്ലിനിക്ക്
Content Highlight: bilimbi fruit side effects, Ilumban Puli, Star Fruit, Ilumban Puli and Cholesterol