നെരിപ്പോടിന്റെ ചെറുചൂട്, ഇളംകാറ്റിന്റെ കുളിര്‍മ, വസ്ത്തുക്കളുടെ മൃദുലത ഇവയെല്ലാം ഓരോ സെന്‍സേഷനുകളാണ്. നമുക്ക് എങ്ങനെയാണ് ഇവ അനുഭവഭേദ്യമാകുന്നത്? അനുഭവങ്ങള്‍ ഇലക്ട്രിക് സിഗ്നലുകളായി ശരീരത്തിലെ നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി സംവദിക്കുമ്പോഴാണ് നാം അവ തിരിച്ചറിയുന്നത്.

ഇപ്രകാരം തലച്ചോറില്‍ നിന്ന് ഇന്ദ്രിയങ്ങളിലേക്കും തിരിച്ചുമുളള സംവേദനങ്ങള്‍ ഇടതടവില്ലാതെ ഒരായുഷ്‌കാലം മുഴുവന്‍ നടക്കുന്നു. എന്നിരുന്നാലും പ്രമേഹത്തിന് ഈ മാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ സിസ്‌ററത്തെ ഭേദിച്ച് അതിലെ സര്‍ക്യൂട്ടുകളെ നശിപ്പിക്കാനുളള പ്രഹരശേഷിയുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അമിതയളവ് ദീര്‍ഘകാലം നിലനിന്നാല്‍ അത് നാഡികളെ നശിപ്പിക്കുകയും ഈ അവസ്ഥയെ ഡയബെറ്റിക് ന്യൂറോപ്പതി എന്നും പറയുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് 50% രോഗികളും 25 വര്‍ഷകാലയളവില്‍ വേദനയോടു കൂടിയ ഡയബെറ്റിക് ന്യൂറോപ്പതിക്ക് അടിമപ്പെടുന്നുവെന്നാണ്. 

ശരീരത്തെ മുഴുവന്‍ ബാധിക്കുമെങ്കിലും ഡയബെറ്റിക് ന്യൂറോപ്പതി പാദങ്ങളിലെ ഞരമ്പുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നത്. ഇതിനെ പെരിഫെറല്‍ ഡയബെറ്റിക് ന്യൂറോപ്പതി എന്നുപറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘകാലം അനിയന്ത്രിതമായി തുടരുമ്പോള്‍ ഊ അവസ്ഥയുണ്ടാകുന്നു. അനിയന്ത്രിതമായ പ്രമേഹം ഇന്ത്യയില്‍ വ്യാപകമായിരിക്കുകയാണ്. ഇന്ത്യയിലെ 50-60% പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൈസിമിക് അളവ് 7%ത്തിലും താഴെയെന്ന ലക്ഷ്യം കൈവരിക്കുന്നില്ല. 6.2 കോടിയിലധികം പ്രമേഹബാധിതരുളള നമ്മുടെ രാജ്യത്തെ ഡയബെറ്റിക് ന്യൂറോപ്പതി ബാധിതരെക്കുറിച്ചുളള കണക്കുകള്‍ ആശങ്കാജനകമാണ്.

ചില ലക്ഷണങ്ങള്‍

 • കാലുകളില്‍ കഠിനമായ വേദന
 • പേശീ വലിവ്
 • മരവിപ്പ്
 • പേശികള്‍ക്ക് ബലഹീനതട
 • സ്പര്‍ശനത്തോട് അമിതമായ ബലഹീനത
 • ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക
 • താപനിലയിലെ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം

നമ്മുടെ ശരീരത്തില്‍ മോട്ടോര്‍, സെന്‍സറി, ഒട്ടോണമിക് എന്നിങ്ങനെ മൂന്ന് തരം പെരിഫെറല്‍ നാഡികളാണുളളത്.  പെരിഫെറല്‍ ന്യൂറോപ്പതി മൂലം ഏതുതരം നാഡികളാണ് നശിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ 3 തരം നാഡികളെയും രോഗം ബാധിക്കാറുണ്ട്്. കുറച്ച്  വര്‍ഷങ്ങള്‍ക്ക് മുമ്പ് 70 വയസ്സ് പ്രായമുളള ഒരു രോഗി എന്നോട് പറഞ്ഞത് അദ്ദേഹത്തിന് കാലുകളില്‍ തീ പൊളളുന്നതു പോലെ തോന്നുന്നു എന്നാണ്. 65 വയസ്സുളള മറ്റൊരു രോഗിയുടെ പരാതി അവര്‍ക്ക് തന്റെ കാലുകള്‍ എവിടൊണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ്. 

രാജ്യത്തെ 10% പ്രമേഹരോഗികള്‍ക്ക് കാലുകളില്‍ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നു. ഇത് ക്രോണിക് ഡയബെറ്റിക് ന്യൂറോപ്പതിയാണ്. രാത്രിയില്‍ വേദന ക്രമാതീതമായി കൂടുന്നു. ഇത് ചിലര്‍ക്ക് ഉറക്കം കെടുത്തുന്നതും ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന തരത്തില്‍ അസഹനീയവുമാണ്. ഡയബെറ്റിക് ന്യൂറോപ്പതി മൂലമുളള വേദന സംബന്ധിച്ചു നടത്തിയ പഠനങ്ങളില്‍ കാണുന്നത് ഏകദേളം 50% പ്രമേഹരോഗികളും ദൈനംദിന ജീവിതത്തില്‍ മിതമായതു മുതല്‍ കഠിനമായതുമായ വേദന അനുഭവിക്കുന്നുവെന്നതാണ്.

50-70 ശതമാനം രോഗികള്‍ അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വേദനയനുഭവിക്കുന്നു. ഇപ്പോള്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന പ്രമേഹ ബാധിതരില്‍ 72% ആളുകള്‍ പ്രവര്‍ത്തനക്ഷമതക്കുറവ് നേരിടുന്നു. ഡയബെറ്റിക്  ന്യൂറോപ്പതി   വേദന ജീവിതത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്നു. നാഡീ സംവേദനയില്ലായ്മ മൂലം രോഗിയ്ക്ക് കാലുകളിലുണ്ടാവുന്ന മുറിവുകളും മറ്റും തിരിച്ചറിയാനാവുന്നില്ല. ഇത് ഡയബെറ്റിക് ഫുട്ട് അള്‍സറിനും, കാല്‍ മുറിച്ചുമാറ്റുന്നതിനും വഴിയൊരുക്കുന്നു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • കാലുകളില്‍ മുറിവ് , വിളളല്‍, നിറംമാറ്റം, അണുബാധ എന്നിവയുണ്ടോയെന്ന് ദിവസവും പരിശോധിക്കുക.
 • കാല്‍നഖങ്ങള്‍ ശ്രദ്ധാപൂര്‍വം മുറിക്കുക
 • ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക
 • കൃത്യമായ അളവിലുളള പാദരക്ഷകള്‍ ധരിക്കുക
 • ചെരിപ്പ്-വ്രണം ഒഴിവാക്കാന്‍ പുതിയ പാദരക്ഷകള്‍ക്കൊപ്പം സോക്‌സ് ധരിക്കുക
 • മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പാദരക്ഷകള്‍ ഉപയോഗിക്കുക

നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഡയബെറ്റിക് ന്യൂറോപ്പതിയെക്കുറിച്ചുളള അവബോധം വളരെ കുറവാണ്.  മിക്കവാരും രോഗലക്ഷണങ്ങളെ പ്രായാധിക്യത്തിന്റെ  ലക്ഷണങ്ങളാണെന്ന് തെറ്റിദ്ധരിച്ച് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ഇത് അപകടകരമായ പ്രവണതയാണ്. ഡയബെറ്റിക് ന്യൂറോപ്പതി ജീവിതത്തിന്റെ നിലവാരം കുറയ്ക്കുക മാത്രമല്ല കാലുകള്‍ നഷ്ടപ്പെടാനും ഇടയാക്കും. 

ഡയബെറ്റിക് ന്യൂറോപ്പതി ചികിത്സയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, മിക്കരോഗികളും സ്വയം ചികിത്സകളും വീട്ടുമരുന്നും കുറേനാള്‍ പരീക്ഷിച്ച് ഫലപ്രദമല്ലാതെ വരുമ്പോള്‍ അവസാന പോംവഴി എന്ന നിലയ്ക്കാണ് ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ സന്ദര്‍ശിക്കുന്നത്. ഈ പ്രവണത ഗുണത്തേക്കാളും ദോഷങ്ങള്‍ വരുത്തിവെയ്ക്കുന്നു. സാധാരണ വേദനസംഹാരികള്‍ ഡയബെറ്റിക് ന്യൂറോപ്പതി മൂലമുളല വേദന തടയാന്‍ പ്രാപ്തമല്ല. സ്വയം ചികിത്സ ശരിയായ ചികിത്സ വൈകിപ്പിക്കുകയും കൂടാതെ ഉപയോഗിച്ച മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

ഡയബെറ്റിക് ന്യൂറോപ്പതി വേദനയ്‌ക്കെതിരെയുളള ചികിത്സാ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നത് ഇന്ത്യയിലിന്ന് പ്രത്യേക പരിഗണനയിലാണ്. പ്രമേഹത്തിന്റെ തുടക്കം മുതലുളള ചികിത്സ ഡയബെറ്റിക് ന്യൂറോപ്പചി വരുന്നതിനെ തടയുകയും വേദന നിയന്ത്രിക്കുകയും ചെയ്യും. 

നിലവില്‍ ഡയബെറ്റിക് ന്യൂറോപ്പതിക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. പകരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിച്ച് പോവുകയാണ് ചെയ്യുന്നത്. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട് ശരിയായ ചികിത്സ നേരത്തെ തന്നെ തുടങ്ങുന്നത് ഡയബെറ്റിക് ന്യൂറോപ്പത ബാധിതര്‍ക്ക് വേദനാരഹിതമായ ജീവിതം നയിക്കാന്‍ ഏറെ സഹായിക്കും.

ഡോ.പി.എ.മുഹമ്മദ് കുഞ്ഞ്, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം