ഡിസംബര്‍ മൂന്നിന് ലോകഭിന്നശേഷിദിനമാചരിക്കുമ്പോള്‍ കേരള സര്‍ക്കാരില്‍നിന്ന് അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഓരോ ഭിന്നശേഷിക്കാരനും അവരുടെ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. 1995-ലെ ഭിന്നശേഷി നിയമം പുതുക്കി 2016-ല്‍ റൈറ്റ് ടു പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റി ആക്ട് നിലവില്‍വന്നപ്പോള്‍ ഏഴില്‍നിന്ന് 22 തരം ആളുകള്‍ ഭിന്നശേഷി വിഭാഗത്തിപ്പെട്ടവരായി ഉയര്‍ന്നു. 2015-ലെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്.

അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖന ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന പുനരധിവാസ പദ്ധതികളുടെ വിവരങ്ങള്‍ ഏതാനും ചുവടെക്കൊടുക്കുന്നു.

വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഒന്നാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ പി.ജി. കോഴ്സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി. കുടുംബവാര്‍ഷികവരുമാനം 36,000 രൂപയില്‍ അധികമാകരുത്. സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന്റെ മുന്‍വര്‍ഷം കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അധ്യയനവര്‍ഷം ആരംഭിച്ച് മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. അര്‍ഹരായ അപേക്ഷകര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍മുഖേന സ്‌കോളര്‍ഷിപ്പ് വിതരണംചെയ്യുന്നു.

വിദ്യാകിരണം പദ്ധതി

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാംക്ലാസ് മുതല്‍ പി.ജി./പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതിനായി സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അഗീകൃത കോഴ്സുകള്‍ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി. ഒരു ലക്ഷം രൂപ വരുമാനപരിധി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

വിദ്യാജ്യോതി പദ്ധതി

ഗവ. എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് മുതല്‍ പി.ജി. കോഴ്സ് വരെ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സഹായധനം നല്‍കുന്ന പദ്ധതി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

മാതൃജ്യോതി പദ്ധതി

ഭിന്നശേഷിക്കാരിയായ മാതാവിന് പ്രസവാനന്തരം തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രതിമാസം 2000 രൂപ നിരക്കില്‍ കുട്ടിക്ക് രണ്ടുവയസ്സാകുന്നതുവരെ സഹായധനം നല്‍കുന്ന പദ്ധതി. വേണ്ടകാര്യങ്ങള്‍.

1.വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്

2.ആശുപത്രിയില്‍നിന്നുള്ള ഡിസ്ച്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്

3.വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍. ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്)

4.ബാങ്ക് പാസ്ബുക്കിന്റെ ബന്ധപ്പെട്ട പേജ്

5.വരുമാനപരിധി ഒരു ലക്ഷം രൂപ

പരിണയം പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഭിന്നശേഷിക്കാരായ വനിതകളെയും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കളെയും നിയമാനുസൃതം വിവാഹം ചെയ്തയക്കുന്നതിനുള്ള ചെലവിലേക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ സഹായധനമായി 30,000 രൂപ വിതരണംചെയ്യുന്നു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാകരുത്

സ്വാശ്രയ പദ്ധതി

തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എല്‍. കുടുംബത്തില്‍പ്പെട്ട മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ സഹായധനം നല്‍കുന്ന പദ്ധതി. ഒറ്റത്തവണ സഹായധനമായി 35,000 രൂപ അനുവദിക്കുന്നു. ശാരീരിക, മാനസിക വെല്ലുവിളി 70 ശതമാനമോ അതില്‍ക്കൂടുതലോയുള്ള വ്യക്തികളുടെ മാതാവാകണം വിധവകള്‍; ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍നിന്നു സഹായം ലഭ്യമാകാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍ സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.

വിജയാമൃതം പദ്ധതി

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍പ്പോയി/വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി, പി.ജി./പ്രൊഫഷണല്‍ കോഴ്‌സ് എന്നീ തലത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം എന്നതരത്തില്‍ കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതി. ഡിഗ്രി തലത്തില്‍ ആര്‍ട്‌സ് വിഷയത്തില്‍ 60 ശതമാനവും സയന്‍സ് വിഷയത്തില്‍ 80 ശതമാനവും/അതില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയവരുമായ വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. പി.ജി. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനവും/അതില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമായിരിക്കണം. അപേക്ഷകര്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/കോളേജുകള്‍, മറ്റ് അംഗീകൃതസ്ഥാപനങ്ങള്‍ (പാരലല്‍ കോളേജ്, വിദൂരവിദ്യാഭ്യാസം) എന്നിവിടങ്ങളില്‍നിന്ന് ആദ്യ അവസരത്തില്‍ത്തന്നെ പാസായിരിക്കണം.

സഹചാരി പദ്ധതി

പരസഹായം ആവശ്യമായ 40 ശതമാനത്തിനുമുകളില്‍ വൈകല്യമുള്ള കുട്ടികളെ പഠനത്തിലും മറ്റു കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന എന്‍.എസ്.എസ്./എന്‍.എസ്.സി./എസ്.പി.സി. യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. സര്‍ക്കാര്‍/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന യൂണിറ്റിനെയാണ് ആദരിക്കുന്നത്. ജില്ലയില്‍നിന്ന് മികച്ച മൂന്നു യൂണിറ്റിനാണ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാഭ്യാസസ്ഥാപനം ഭിന്നശേഷി സഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂണിറ്റിനെയും അവാര്‍ഡിന് പരിഗണിക്കും.

നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധികവെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്കായുള്ള സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണെങ്കിലും ഇതില്‍ അംഗങ്ങളാകുന്നതിന് ഗുണഭോക്താവ് അടയ്‌ക്കേണ്ട പ്രീമിയം തുക കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി അടച്ച് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുനല്‍കുന്നു. ഇന്‍ഷുറന്‍സ് എല്ലാ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കേണ്ടതുണ്ട്. ഇതും സര്‍ക്കാര്‍ തന്നെയാണ് അടയ്ക്കുന്നത്. പദ്ധതിയില്‍ ചേരുന്നതിന് എ.പി.എല്‍. വിഭാഗം 500 രൂപയും ബി.പി.എല്‍. വിഭാഗം 250 രൂപയും പദ്ധതിപുതുക്കുന്നതിന് യഥാക്രമം 250, 50 എന്നിങ്ങനെയുമാണ് പ്രീമിയം തുക അടയ്‌ക്കേണ്ടത്.

റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍

ഭിന്നശേഷികള്‍ എത്രയും നേരത്തേ കണ്ടെത്തുന്നതിനും തെറാപ്പികള്‍, പരിശീലനങ്ങള്‍, ചികിത്സകള്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്) റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. അംഗപരിമിത സ്‌ക്രീനിങ്, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍, തെറാപ്പി, പരിശീലനങ്ങള്‍ തുടങ്ങിയവ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നു. മെഡിക്കല്‍ കോളേജിലെ ശിശുചികിത്സാ വിഭാഗത്തിലെ ഡോക്ടറാണ് ഈ കേന്ദ്രത്തിന്റെ നോഡല്‍ ഓഫീസര്‍, കൂടാതെ ഓഡിയോളജിസ്റ്റ് കം തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ വിദഗ്ധരുടെ സേവനം ഈ സെന്ററുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

കാതോരം

കുട്ടികളിലെ കേള്‍വിവൈകല്യം നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിനായി കാതോരം എന്ന പദ്ധതി നടപ്പാക്കിവരുന്നു. കുഞ്ഞ് ജനിച്ചയുടന്‍ കേള്‍വിപരിശോധന നടത്തുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ 62 സര്‍ക്കാര്‍ ഡെലിവറി പോയന്റുകളില്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധപരിശോധനയിലൂടെ കേള്‍വിവൈകല്യം സ്ഥിരീകരിക്കുന്നതിനുള്ള ബി.ഇ.ആര്‍.എ. സംവിധാനം എല്ലാ ജില്ലാകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലകളിലെ എന്‍.പി.പി.സി.ഡി. (National Programme for Prevention and Control of Deafness-N.P.P.C.D.) കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. പ്രതിവര്‍ഷം 1000-1500 കുട്ടികള്‍ ബി.ണ്ടഇ.ആര്‍.എ.യിലൂടെ ഈ പരിശോധനയ്ക്ക് വിധേയരാകുന്നു.

സഹായോപകരണങ്ങള്‍

ഈ പദ്ധതിയനുസരിച്ച് 1,00,000 രൂപയില്‍ത്താഴെ പ്രതിവര്‍ഷവരുമാനമുള്ള ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ സൗജന്യമായി അനുവദിക്കുന്നു. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവ നല്‍കുന്നത്. ഹൈടെക് ലിംപ്, ഇലക്ട്രോണിക് വീല്‍ച്ചെയര്‍, വോയ്‌സ് എന്‍ഹാന്‍സ്ഡ് സോഫ്റ്റ്വേറോടുകൂടിയ ലാപ്‌ടോപ്, വീല്‍ച്ചെയര്‍, മൂന്നുവീല്‍ സൈക്കിള്‍, ആര്‍ട്ടിഫിഷ്യല്‍ ലിംപുകള്‍. കാലിപ്പര്‍, ശ്രവണസഹായി ഡി.വി.ഡി.പ്‌ളെയറുകള്‍, കുടലില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്കുള്ള കൊളോസ്റ്റമി ബാഗുകള്‍, വൈറ്റ് കെയിന്‍, കുട്ടികള്‍ക്കുള്ള സി.പി. ചെയറുകള്‍, വാക്കര്‍ തുടങ്ങി നൂറോളം ഉപകരണങ്ങള്‍ കോര്‍പ്പറേഷനില്‍നിന്ന് നല്‍കുന്നു. സര്‍ക്കാര്‍ ഡോക്ടറുടെ ശുപാര്‍ശയോടുകൂടിയ നിശ്ചിത അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും റേഷന്‍ കാര്‍ഡ്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിക്കിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.

ഹെല്‍പ്പ് ഡെസ്‌ക്

അംഗപരിമിതര്‍ക്കുള്ള സേവനങ്ങള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള സാമൂഹിക സുരക്ഷാമിഷന്റെ ഹെല്‍പ്പ് ഡെസ്‌കില്‍ വിളിക്കാം. നമ്പര്‍: 1800 120 1001

''ഭിന്നശേഷിക്കാരുടെ തുല്യതയും വേര്‍തിരിവില്ലായ്മയും പ്രാപ്യതയിലും സമ്പൂര്‍ണമായ ഉള്‍ക്കൊള്ളലും എന്ന അടിസ്ഥാന അവകാശ പ്രഖ്യാപനം ആദ്യമായി അംഗീകരിച്ച് നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത്തരം മഹത്തായ ലക്ഷ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് പ്രവര്‍ത്തിക്കുന്നത്.''
- എസ്.എച്ച്. പഞ്ചാപകേശന്‍
സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍

(നാഷണല്‍ ട്രസ്റ്റ് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗവും കോഴിക്കോട് ജില്ലാസമിതി കണ്‍വീനറുമാണ് ലേഖകന്‍)

Content Highlights: Benefits and rights of persons with specially abled