Representative Image| Photo: Canva.com
പലരും ബ്രഷിങ്ങിന് പകരക്കാരനാക്കാം എന്ന് കരുതുന്ന ഒരു ഉല്പന്നമാണ് മൗത്ത് വാഷുകള്‍. ദന്തരോഗ വിദഗ്ദ്ധനെ കാണുന്നതിന് മുന്‍പ് മൗത്ത് വാഷ് ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് വായിലെ മൃദുകോശങ്ങളും ശ്ലേഷ്മ സ്തരവും പൊള്ളിച്ചു കൊണ്ടു വരുന്നവരും വിരളമല്ല. ആദ്യം തന്നെ പറയട്ടെ ഒരിക്കലും ബ്രഷിങ്ങിന് പകരമല്ല മൗത്ത് വാഷ്,ചില അവസ്ഥകളില്‍ നേരിയൊരു സഹായി അത്ര മാത്രമാണ്. അറിയാം കൂടുതല്‍ ഈ ഉല്പന്നത്തെ കുറിച്ച്...
എന്താണ് മൗത്ത് വാഷ്?
വായ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനിയാണെന്ന് ലളിതമായി പറയാം. പ്രധാന ഘടകമായ അണുവിമുക്തി വരുത്തുന്നതും അഴുക്കിളക്കുന്നതുമായ രാസപദാര്ത്ഥത്തോടൊപ്പം രുചിക്കും നിറത്തിനുമുള്ള വസ്തുക്കളും ഇവയില്‍ ഉണ്ടാവും.
ഇവ എത്ര തരമുണ്ട് ?
വെറുതെ ഉപയോഗിക്കാവുന്ന തരത്തില്‍ കോസ്മറ്റിക് രീതിയിലും ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സയുടെ ഭാഗമായി തെറാപ്യൂട്ടിക് രീതിയിലും ഇവ ലഭ്യമാണ്. മറ്റൊരു തരത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയവയും ഇല്ലാത്തതും എന്നും തരം തിരിക്കാന്‍ കഴിയും
ഇവ ഏതൊക്കെ അവസ്ഥയില്‍ ഉപയോഗിക്കാറുണ്ട് ?
മോണവീക്കം, വായ്നാറ്റം, ദന്തക്ഷയം,വായ്പ്പുണ്ണ്, വായ വരണ്ടുണങ്ങുന്നവരില്‍, പല്ലില്‍ കമ്പിയിട്ടിരിക്കുന്നവരില്.ഓരോ അവസ്ഥയിലും ഉപയോഗിക്കുന്ന തരം വ്യത്യസ്ഥമായിരിക്കും. സ്ഥിരമായി കുറച്ച് നാള് ഉപയോഗിക്കേണ്ട കാര്യം പല്ലില്‍ കമ്പിയിട്ടിരിക്കുന്നവരിലാണ് വരിക.
എന്താണ് പ്രധാന ഘടകം?
അണുവിമുക്തി വരുത്തുന്നതില്‍ മുന്‍പന്തിയിലുള്ളത് ക്ലോര്‍ഹെക്സിഡിന്‍ എന്ന തന്മാത്ര അടങ്ങിയതാണ്. സിറ്റൈല് പിരിഡിനിയം ക്ലാറൈഡാണ് മറ്റൊരു ഘടകം. ദന്തക്ഷയം ചെറുക്കേണ്ടവയില്‍ ഫ്ളൂറൈഡും അടങ്ങിയിരിക്കും. വായ്നാറ്റം ചെറുക്കേണ്ടവയില്‍ കാരണമായ സള്‍ഫര്‍ വാതക തന്മാത്രകളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഫ്ളാവനോയിഡുകള്‍ അടങ്ങിയിട്ടുണ്ടാവും. വായ വരണ്ടുണങ്ങുന്നവരില്‍ മീഥൈല്‍ സെല്ലുലോസ് അടങ്ങിയ മൗത്ത് വാഷാണ് ഉപയോഗിക്കാറ്.
മൗത്ത് വാഷുകള്‍ക്ക് പാര്‍ശ്വഫലമുണ്ടോ?
സ്ഥിരമായി ഉപയോഗിച്ചാല്‍ ക്ലോര്‍ഹെക്സിഡിന്‍ പോലുള്ളവ പല്ലുകളില്‍ ബ്രൗണ്‍ നിറം, നാവിലെ രസമുകുളങ്ങള്‍ക്ക് കേടുപാട്, രുചി വ്യത്യാസം എന്നിവ ഉണ്ടാക്കാറുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയവ ചെറിയ പുകച്ചിലും ഉണ്ടാക്കാറുണ്ട്. ആല്‍ക്കഹോള്‍ വദനാര്‍ബുദത്തിനും കാരണമാവുന്നതിനാല്‍ കഴിവതും ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത് (ചില വൈരുദ്ധ്യ ഫലം കാണിക്കുന്ന പഠനങ്ങളും ഉണ്ട്)
മൗത്ത് വാഷ് എങ്ങനെ ഉപയോഗിക്കണം?
പ്രധാനമായും 0.12 % ,0.2% എന്നീ രണ്ട് അളവിലാണ് ക്ലോര്‍ ഹെക്സിഡിന്‍ അടങ്ങിയിട്ടുള്ളത്. അതില്‍ 0.12 % കൂടുതല്‍ അണുവിമുക്തി വരുത്തും എന്ന് പഠനങ്ങള്‍ സ്ഥിതീകരിക്കുന്നു. നേര്‍പ്പിക്കാതെയും നേര്‍പ്പിച്ചും ഉപയോഗിക്കാറുണ്ട്. അവയിലുള്ള ഘടകങ്ങളുടെ അവസ്ഥ അനുസരിച്ച് ഉപയോഗക്രമം പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. ഒരു കാല് ഭാഗം വലിയ ഗ്ലാസില്‍ അഞ്ച് മില്ലിലിറ്ററോളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം അര മണിക്കൂര്‍ ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല. അര മണിക്കൂര്‍ കഴിഞ്ഞ് വായ പച്ച വെളളത്തില്‍ നന്നായി കഴുകണം. രണ്ടാഴ്ച ഉപയോഗിച്ച് നിര്‍ത്തുന്നതാണ് നല്ലത്. അധികമായാല്‍ അമൃതും വിഷം എന്ന കാര്യം ഇവിടെയും ആപ്തവാക്യമാക്കാം.
Content Highlights: benefits and disadvantages of using mouthwash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..