വെർട്ടി​ഗോ മൂലം ഷൂട്ടിങ്ങിനിടെ വീഴുമോ എന്ന് ആശങ്കപ്പെട്ടിട്ടുണ്ട് -ആയുഷ്മാന്‍; രോ​ഗത്തെ അറിയാം


ആയുഷ്മാൻ ഖുറാന | Photo: instagram.com/ayushmannk/

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകകറക്കം അനുഭവപ്പെടാത്തവർ വിരളമായിരിക്കും. എന്തുകൊണ്ടാണ് തലകറക്കം വരുന്നതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ചിലരാകട്ടെ, വല്ലപ്പോഴുമല്ലേ എന്നു കരുതി അവ​ഗണിച്ചേക്കാം. ചുറ്റുപാടുകൾ കറങ്ങുന്നതു പോലെയോ അല്ലെങ്കിൽ സ്വയം കറങ്ങുന്നതു പോലെയോ ആണ് തലകറങ്ങുന്നതെങ്കിൽ അത് വെർട്ടി​ഗോയുടേതാണ് എന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടണം. വെർട്ടി​ഗോയിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് പങ്കുവെക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന.

വെർട്ടി​ഗോ ആണെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ചും ഷൂട്ടിങ്ങിനിടെ പലപ്പോഴും ഈ അവസ്ഥ മൂലം അമിതമായി ഉത്കണഠപ്പെടുന്നതിനെ കുറിച്ചുമൊക്കെയാണ് ആയുഷ്മാൻ പങ്കുവെക്കുന്നത്. ആറുവർഷം മുമ്പാണ് വെർട്ടി​ഗോ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഷൂട്ടിങ് സമയത്ത് വലിയ നിലകെട്ടിടത്തിൽ നിന്നും ചാടുമ്പോൾ തനിക്ക് ഭയം തോന്നാറുണ്ടെന്ന് പറയുകയാണ് ആയുഷ്മാൻ. സുരക്ഷയ്ക്കായുള്ള മാർ​ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടാവുമെങ്കിലും ചാടുന്നതിനിടെ വെർട്ടി​ഗോ മൂലം വല്ലതും സംഭവിക്കുമോ എന്ന ഭയം തോന്നാറുണ്ടെന്നും ആയുഷ്മാന്‍ പറയുന്നുഈ അവസ്ഥയെ മറികടക്കാൻ സ​ഹായിച്ച കാര്യത്തെക്കുറിച്ചും ആയുഷ്മാൻ പങ്കുവെക്കുന്നു. രോ​ഗനിർണയം നടത്തി ചികിത്സ തേടൽ പ്രധാനമാണ്. മറ്റൊന്ന് ശാന്തമായിരിക്കുക എന്നതാണ്. അകമേ ശാന്തമായിരിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഇത് ഭേദമാക്കാവുന്ന അവസ്ഥയാണ്. എന്നാൽ വന്നും പോയുമിരിക്കും- ആയുഷ്മാൻ പറയുന്നു.

വെർട്ടി​ഗോയെക്കുറിച്ച് കൂടുതൽ അറിയാം

പല കാരണങ്ങൾ കൊണ്ടും തലകറക്കം വരാം. അതിൽ ചിലത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം. പൊതുവെ രോഗികൾ പറയാറുള്ള രോഗലക്ഷണങ്ങൾ കണ്ണിൽ ഇരുട്ട് കയറുക, വീണു പോകുന്നത് പോലെ തോന്നുക തുടങ്ങിയവ യഥാർത്ഥ വെർട്ടിഗോ അല്ല.

ചുറ്റുപാടുകൾ കറങ്ങുന്നതു പോലെയോ അല്ലെങ്കിൽ സ്വയം കറങ്ങുന്നതു പോലെയോ തോന്നുന്നതാണ് യഥാർഥ വെർട്ടിഗോ അഥവാ തലകറക്കം. ചെവിയും തലകറക്കവുമായുള്ള ബന്ധം മനസ്സിലാക്കുന്നതിന് കുറച്ച് അനാട്ടമി അറിയുന്നത് നല്ലതാണ്.

ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നത് മൂന്ന് അവയവങ്ങളാണ്.
1) ചെവിയുടെ വെസ്റ്റിബ്യുലാർ അപ്പാരറ്റസ്
2) കണ്ണിന്റെ കാഴ്ച
3) നാഡീ ഞരമ്പുകൾ

ഇതിൽ രണ്ടിൽ ഒന്ന് നഷ്ടപ്പെട്ടാൽ നമുക്ക് ബാലൻസ് പോകും. ചെവിയുടെ ആന്തരിക കർണ്ണത്തോടു ബന്ധപ്പെട്ടുകിടക്കുന്ന മൂന്ന് ജോഡി സെമിസർക്കുലർ കനാലും അതിന്റെ അനുബന്ധ ഞരമ്പുകളുമാണ് മുഖ്യമായും ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നത്.

ഏകദേശം 80 ശതമാനം ട്രൂ വെർട്ടിഗോയും ചെവിയുടെ തകരാറുകൊണ്ട് ഉണ്ടാവുന്നതാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ബി.പി.പി.വി -ബിനൈൻ പാരോക്സിസ്മൽ പൊസിഷനൽ വെർട്ടിഗോ (Bening Paroxysmal Positional Vertigo-BPPV) ആണ്. ചെവിയുടെ സെമിസർക്കുലർ കനാലിൽ വരുന്ന ഒരു അസുഖമാണിത്. സെമിസർക്കുലർ കനാലിന്റെ ഉള്ളിലെ ദ്രാവകത്തിലെ കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലിനു വരുന്ന സ്ഥാനചലനവുമായി ബന്ധപ്പെട്ടു കിടക്കുന്ന അസുഖമാണിത്.

തല അനക്കുമ്പോഴോ, കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴോ, കിടക്കുന്ന സമയത്തോ കറക്കം അനുഭവപ്പെടാം. ബി.പി.പി.വി. ഏതു സെമിസർക്കുലർ കനാലിനാണ് ഉള്ളത് എന്ന് ചില പരിശോധനയിലൂടെ മനസ്സിലാക്കി ചെയ്യുന്ന വ്യായാമപ്രക്രിയകൾ കൊണ്ടു ചികിത്സിച്ചു സുഖപ്പെടുത്താം.

നേരത്തെ പറഞ്ഞ കാൽസ്യം ക്രിസ്റ്റലുകൾ പൂർവ്വസ്ഥിതിയിൽ എത്തിക്കുന്ന എപ്ലിസ്-Epley, സെമൊണ്ട്സ്-Semonts മുതലായ ചികിത്സാപ്രക്രിയകളിലൂടെ ഒരു ഡോക്ടറുടെ സഹായത്തോടെ ചെയ്യാവുന്നതാണ്. അപൂർവ്വം ചിലർക്ക്, ഒറ്റ തവണ കൊണ്ട് അസുഖം മാറിയില്ലെങ്കിൽ തുടർവ്യായാമങ്ങൾ വേണ്ടി വന്നേക്കാം. ബി.പി.പി.വി.ക്ക് വളരെ അപൂർവ്വമായേ മരുന്ന് ആവശ്യമായി വരികയുള്ളൂ.

സെൻട്രൽ വെർട്ടിഗോ സ്ട്രോക്ക് മുതൽ ബ്രെയ്ൻ ട്യൂമർ വരെയുള്ള കാരണങ്ങൾ കൊണ്ട് വരാവുന്ന അസുഖമാണ്. നേരത്തെ ബി.പി.പി.വി.യിൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും പരസഹായം ഇല്ലാതെ നിൽക്കാൻ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ കണ്ടു പരിശോധിക്കുന്നത് നല്ലതാണ്.

മറ്റൊരു രോഗാവസ്ഥയാണ് മിനീർസ് ഡിസീസ് (Meniere's Disease) അഥവാ ആന്തരിക കർണ്ണത്തിലുണ്ടാകുന്ന നീർക്കെട്ട്

ആന്തരിക കർണ്ണത്തിൽ രണ്ടു വിധത്തിലുള്ള ഫ്ളൂയിഡുകൾ ഉണ്ട്. എൻഡോലിംഫ്, പെരിലിംഫ്. ഇതിൽ എൻഡോലിംഫിൽ അമിത മർദ്ദമുണ്ടാകുമ്പോഴുണ്ടാകുന്ന അവസ്ഥാ വിശേഷമാണ് മിനീർസ് ഡിസീസ്. രോഗലക്ഷണം തലകറക്കമാണ്. ഈ തലകറക്കം 15 മിനിറ്റ് മുതൽ 12 മണിക്കൂർ വരെ നീണ്ടുനിന്നേക്കാം. അതോടൊപ്പം ഛർദ്ദിക്കാനുള്ള തോന്നൽ, കേൾവി കുറയൽ, ചെവി മൂളൽ, കൊട്ടിയടക്കൽ എന്നിവയും ഉണ്ടാകാം.

രോഗിക്ക് തലകറക്കം ഉള്ള അവസ്ഥയിൽ അതിനുള്ള മരുന്നുകൾ കൊടുക്കാം. കേൾവിയുടെ അവസ്ഥയനുസരിച്ച് പ്രധാനമായും മരുന്ന് ഉപയോഗിച്ചുകൊണ്ടു തന്നെയുള്ള ചികിത്സയാണ് ഇതിനു ചെയ്യാറുള്ളത്. ആധുനിക കാലത്ത് ചെവിയിൽ എടുക്കാവുന്ന ഇൻജക്ഷനും ഇപ്പോൾ ലഭ്യമാണ്.

കഫീൻ ഫ്രീ, ലോ സാൾട്ട് ഡയറ്റ് പോലുള്ള ഭക്ഷണക്രമത്തിൽ വരുത്തുന്നത് ഈ രോഗത്തിന് നല്ലതാണ്.

വെസ്റ്റിബ്യുലാർ നൂറോണൈറ്റിസ്

വെസ്റ്റിബ്യുലാർ നെർവ് എന്ന നാഡിയിലുണ്ടാകുന്ന വീക്കമാണിത്. ഇതുകൊണ്ടുണ്ടാകുന്ന ശക്തമായ തലകറക്കം 24 മണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നേക്കാം. അതോടൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടാവാം.
ഈ രോഗികളിൽ കേൾവിക്ക് കാര്യമായ പ്രശ്നമുണ്ടാകില്ലെങ്കിലും ചെവിയിൽ ശക്തമായ മൂളൽ ഉണ്ടാകും. രോഗനിർണ്ണയത്തിനു ശേഷം മരുന്നുകൾ, ഇൻജക്ഷൻ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സകളാണ് ഈ രോഗത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്.

ലാബിറിന്തൈറ്റിസ്

ആന്തരികകർണ്ണത്തിനുണ്ടാകുന്ന വീക്കം അഥവാ അണുബാധയാണിത്. ആന്തരിക കർണ്ണത്തിലെ അണുബാധ മൂലം ഉണ്ടാകുന്ന തലകറക്കം, കേൾവിക്കുറവ്, ചെവിയിലുണ്ടാകുന്ന മൂളൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇവിടെ തലകറക്കത്തിനു ചികിത്സിക്കുന്നതോടൊപ്പം അണുബാധയ്ക്കുള്ള ചികിത്സയും നൽകണം. കൃത്യമായ രോഗവിവരണം ഡോക്ടർക്ക് നൽകുക എന്നത് വെർട്ടിഗോ ചികിത്സയിൽ പ്രധാനമാണ്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. പി.എം. മനോജൻ
ഇ.എൻ.ടി വിഭാഗം സീനിയർ സർജൻ
തലശ്ശേരി മിഷൻ ഹോസ്പിറ്റൽ

Content Highlights: ayushmann khurrana opens up about suffering from vertigo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented