മൂത്രം പിടിച്ചുവെക്കുന്ന ശീലമരുത്, ലൈംഗിക ശുചിത്വം പ്രധാനം;  മൂത്രത്തിലെ അണുബാധ തടയാന്‍


2 min read
Read later
Print
Share

Representative Image| Photo: Canva.com

പ്രായഭേദമന്യേ സ്ത്രീകളെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. സ്ത്രീകളിലെ മൂത്രനാളം ചെറുതാണ്. അതുകൊണ്ടു തന്നെ, പുരുഷന്‍മാരേക്കാളും പലപ്പോഴും സ്ത്രീകളിലാണ് മൂത്രത്തിലെ അണുബാധ കൂടുതലായും കണ്ടുവരുന്നത്. ഇടയ്ക്കിടയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരും ഒട്ടും വിരളമല്ല. വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റുപല പ്രശ്‌നങ്ങളിലേക്കും ഇവ വഴിയൊരുക്കാം.

അണുബാധയ്ക്ക് അനുകൂലമാകുന്ന സാഹചര്യങ്ങള്‍
മൂത്രമൊഴിക്കാതെ അത് പിടിച്ചുവയ്ക്കുന്ന ശീലം ചില സ്ത്രീകളിലുണ്ട്. ദീര്‍ഘദൂരയാത്രകളില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ട്. വൃത്തിയുള്ള സാഹചര്യങ്ങളുടെ കുറവോ അവനവന്റെ ആരോഗ്യത്തിലെ അശ്രദ്ധയോ ആകാം ഒരുപക്ഷേ ഇതിന് കാരണമാകുന്നത്. അതുപോലെ തന്നെ, സ്‌ക്കൂള്‍തലത്തിലും കോളേജ് തലത്തിലും യഥാസമയം മൂത്രമൊഴിക്കാതെ തടഞ്ഞുവയ്ക്കുന്നത് മിക്കപ്പോഴും സമയക്കുറവും മൂത്രപ്പുരകളുടെ അസഹ്യമായ ദുര്‍ഗന്ധവും കൊണ്ടാണ്.

ശരീരത്തിന് ആവശ്യമായ രീതിയില്‍ വെള്ളം കുടിക്കാതിരിക്കുമ്പോഴും മൂത്രസഞ്ചിയില്‍ നിന്നും മൂത്രം മുഴുവനായും പുറത്തു പോകാതെ അവിടെ കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളിലും പ്രമേഹമുള്ളവരിലും മൂത്രക്കല്ല് ഉള്ളവരിലും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയ ശേഷമുള്ള മാസത്തിലും ഒരിടവേളയ്ക്കുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും വൃത്തിക്കുറവു കൊണ്ടും മൂത്രത്തില്‍ അണുബാധ സാധാരണയായി ഉണ്ടാകുന്നുണ്ട്.

ഗര്‍ഭകാലത്ത് അണുബാധയുണ്ടാകുന്നത് വളരെ ശ്രദ്ധിക്കേണ്ട വിഷയമാണ്. ചികിത്സയെടുക്കാതിരുന്നാല്‍ അത് ഒരുപക്ഷേ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം.

ആര്‍ത്തവവിരാമത്തിനുശേഷം മൂത്രത്തില്‍ അണുബാധ വരുന്നവരുടെ കണക്ക് വലുതാണ്. ഗര്‍ഭാശയ യോനിഭാഗം താഴേക്കിറങ്ങി വരുന്ന രോഗാവസ്ഥകളില്‍ പേശിബലക്കുറവ് കാരണം മൂത്രം മുഴുവന്‍ ഒഴിഞ്ഞുപോകാത്ത സാഹചര്യമുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളിലും അണുബാധ ഉണ്ടാകുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദനയോ പുകച്ചിലോ അനുഭവപ്പെടുക, അടിവയര്‍വേദന, പതിവില്ലാത്ത രീതിയില്‍ അടിയ്ക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, നടുവേദന, പനി, വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച് കുളിര് വരിക, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിനുണ്ടാകുന്ന നിറംമാറ്റം തുടങ്ങിയവയാണ് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍.

എന്തെല്ലാം ശ്രദ്ധിക്കാം ?

  • തിളപ്പിച്ചാറ്റിയ വെള്ളമോ മല്ലിയിട്ട് തിളപ്പിച്ച വെള്ളമോ ശരീരത്തിനാവശ്യമായ അളവില്‍ തന്നെ കുടിക്കുക. ചൂടുകാലത്ത് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • എരിവടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ നന്നേ കുറയ്ക്കുക.
  • ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മറ്റും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.
  • പൊതുവിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • ലൈംഗിക ശുചിത്വകാര്യത്തിലും ശ്രദ്ധ ചെലുത്തുക.
  • മൂത്രം പിടിച്ചുവയ്ക്കാതിരിക്കുക.
  • അടിയ്ക്കടി മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുവേണ്ടി വൈദ്യനിര്‍ദേശം തേടേണ്ടതാണ്.
  • രോഗാവസ്ഥയ്ക്കനുസരിച്ച് ഞെരിഞ്ഞില്‍, ചെറൂള, ശതാവരി തുടങ്ങിയവ ഉപയോഗിക്കുന്നത് അത്യന്തം പ്രയോജനപ്രദമാണ്.
  • യഥാസമയം മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്‌ക്കൂള്‍-കോളേജ് തലങ്ങളില്‍ കേവലം ബോധവത്ക്കരണം മാത്രമാക്കാതെ വിദ്യാര്‍ഥികളുടെയിടയില്‍ ആരോഗ്യകരമായ ശീലം പിന്‍തുടരാന്‍ വേണ്ടിയുള്ള സൗകര്യങ്ങള്‍ ഉണ്ടോയെന്ന് മേലധികാരികളും മാതാപിതാക്കളും വിദ്യാര്‍ഥി സമൂഹവും ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം തന്നെ, ശുചിത്വം കാത്തുസൂക്ഷിക്കുക എന്നത് മൂത്രപ്പുര ഉപയോഗിക്കുന്ന ഓരോരുത്തരുടേയും ഉത്തരവാദിത്തം കൂടിയാണ്.ആ ശീലവും കുട്ടിക്കാലം മുതലേ വളര്‍ത്തിയെടുക്കേണ്ടതാണ്. മൂത്രപ്പുരകള്‍ അങ്ങനെ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമാക്കി തീര്‍ക്കുക. ഇടവേള സമയം അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ജീന അരവിന്ദ് യു.
അസോസിയേറ്റ് പ്രൊഫസര്‍
പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, കൂറ്റനാട്

Content Highlights: ayurvedic remedies to cure urine infections

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
urinary

2 min

ഇടവിട്ടുണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ; കാരണങ്ങളും പരിഹാരമാർ​ഗങ്ങളും

Jun 2, 2023


morning tiredness

1 min

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Jun 2, 2023


food

2 min

സ്കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ പ്രാതൽ മുടക്കരുത്, കുട്ടികളുടെ ആരോ​ഗ്യപരിപാലനത്തിന് ചില കാര്യങ്ങൾ

Jun 2, 2023

Most Commented