
Representative Image | Photo: Gettyimages.in
ആയുർവേദ ഡോക്ടർമാർക്ക് അറുപതോളംതരം ശസ്ത്രക്രിയകൾ ചെയ്യുന്നതിന് അനുമതി നൽകുന്നതിനായി കേന്ദ്ര ഭാരതീയ ചികിത്സാ കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവ് വിവാദമായിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ വൈദ്യശാസ്ത്ര ചരിത്രമെടുത്താൽ പല രാജ്യങ്ങളിലും വിവിധ രീതിയിലുള്ള ശസ്ത്രക്രിയകളും അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടായിരുന്നതായി കാണാം. ഈ കാലഘട്ടങ്ങളിലെല്ലാം തന്നെ ശസ്ത്രക്രിയകളുടെ സങ്കീർണതകളും മരണനിരക്കും വളരെ വലിയ തോതിലായിരുന്നു. ഗ്രീക്ക്, റോം, ഈജിപ്ത് എന്നീ രാജ്യങ്ങളിലും പ്രാദേശികമായ ശസ്ത്രക്രിയാരീതികൾ നിലനിന്നിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ശസ്ത്രക്രിയയുടെ ചരിത്രം
ഇന്ത്യയിലാകട്ടെ ബി.സി. 600ൽത്തന്നെ ശസ്ത്രക്രിയ നടന്നിരുന്നതായും ശുശ്രുതനെ ശസ്ത്രക്രിയയുടെ പിതാവായും രേഖപ്പെടുത്തിയിട്ടുണ്ട്. സൂക്ഷ്മവും കൃത്യവുമായ ശസ്ത്രക്രിയാരീതികളുടെ അഭാവം, അണുവിമുക്തമായി സർജറി ചെയ്യാനുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെ ഇല്ലായ്മ, അണുബാധ നിയന്ത്രിക്കുന്നതിനുവേണ്ട ആന്റിബയോട്ടിക്കുകൾ ലഭ്യമല്ലാത്ത അവസ്ഥ, ആധുനിക ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ദൗർലഭ്യം എന്നിവയാണ് അക്കാലത്തെ ശസ്ത്രക്രിയ തികച്ചും സുരക്ഷിതമല്ലാതാക്കിത്തീർത്തത്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിൽ സ്ഥിതി തികച്ചും വ്യത്യസ്തമായി. ആധുനിക അണുവിമുക്ത ഓപ്പറേഷൻ തിയേറ്ററുകൾ, ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം, സൂക്ഷ്മമായ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യത, എല്ലാറ്റിനുമുപരി വേണ്ടത്ര പരിശീലനം ലഭിച്ച ഡോക്ടർമാർ എന്നിവയെല്ലാം തന്നെ ശസ്ത്രക്രിയയുടെ സങ്കീർണതകളും മരണനിരക്കും കുറയ്ക്കുക മാത്രമല്ല, ശസ്ത്രക്രിയ തികച്ചും ഏവർക്കും പ്രാപ്യവും സ്വീകാര്യവുമായ ഒന്നാക്കി മാറ്റുകയും ചെയ്തു.
ശരീരഘടനയെപ്പറ്റിയുള്ള അറിവ് (അനാട്ടമി), അനസ്തീഷ്യയുടെ കണ്ടുപിടിത്തം, ശസ്ത്രക്രിയ മൂലമുണ്ടാകുന്ന രക്തവാർച്ച ഇല്ലാതാക്കൽ, അണുബാധനിയന്ത്രണം എന്നിവയാണ് ആധുനികശസ്ത്രക്രിയയുടെ നാല് പ്രധാന അടിസ്ഥാനതത്ത്വങ്ങൾ.
ആധുനിക വൈദ്യശാസ്ത്രത്തിന്റെയും സർജറിയുടെയും വികാസം വിവിധ രാജ്യങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ലോകത്താകമാനം സ്വീകാര്യമാകുകയും ചെയ്തു. രോഗം സുഖപ്പെടുന്നതിലെ തോതിലെ വർധന വിവിധ രാജ്യങ്ങളിലെ പ്രാദേശികതദ്ദേശീയ ശസ്ത്രക്രിയാരീതികളെ നിരാകരിക്കപ്പെടുന്നതിന് കാരണമായി.
ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയുമോ?
ഇന്ത്യയിൽ സംഭവിച്ചതും ഇതിൽനിന്നും ഒട്ടും വിഭിന്നമല്ല. ത്രിദോഷങ്ങളാണ് (വാതം, പിത്തം, കഫം) ആയുർവേദ ചികിത്സാരീതിയുടെ അടിസ്ഥാനതത്ത്വം. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടുകൂടി ആധുനിക വൈദ്യശാസ്ത്ര ചികിത്സയ്ക്ക് കിട്ടിയ പ്രാധാന്യവും സ്വീകാര്യതയും രാജ്യത്തെ പ്രധാനചികിത്സാ രീതിയായി ആധുനിക വൈദ്യശാസ്ത്രത്തെ മാറ്റിയെടുത്തു. കഴിഞ്ഞനൂറ്റാണ്ടിൽ ആയുർവേദ ചികിത്സ പ്രധാനമായും മരുന്നുകളിൽ മാത്രമൊതുങ്ങി നിൽക്കുന്ന ഒന്നായി മാറി.
ഇന്ത്യയിലെ ചികിത്സാരീതികൾക്കു വേണ്ട മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് വിവിധ കൗൺസിലുകളാണ്. ആധുനികവൈദ്യ ശാസ്ത്രം (മോഡേൺ മെഡിസിൻ) പഠനസിലബസ്, രജിസ്ട്രേഷൻ എന്നിവയുടെ മേൽനോട്ടം മുൻപ് ഇന്ത്യൻ മെഡിക്കൽ കൗൺസിലും നിലവിൽ നാഷണൽ മെഡിക്കൽ കമ്മിഷനുമാണ് വഹിക്കുന്നത്. അതുപോലെ ആയുർവേദ ചികിത്സാരീതിയുടെ മേൽ നിരീക്ഷണം സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (CTIM) ആണ്.
നവംബർ 2020ൽ നിലനിന്നിരുന്ന സിലബസിൽ മാറ്റം വരുത്തി അറുപതോളം ശസ്ത്രക്രിയകൾ ആയുർവേദ ഡോക്ടർമാർക്ക് ചെയ്യാവുന്നതാണെന്ന് ഭാരതീയ ചികിത്സാ കൗൺസിലിന് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയുമോ? ശസ്ത്രക്രിയകൾ ചെയ്യുന്നതിനുവേണ്ട പരിശീലനം ആര് നൽകും എവിടെ നൽകും ഇതിന് വേണ്ട അനസ്തീഷ്യ സൗകര്യങ്ങളും മരുന്നുകളും ആയുർവേദത്തിലുണ്ടോ എന്നീ ചോദ്യങ്ങളും പ്രസക്തമായി നിൽക്കുന്നു.
ചില ചോദ്യങ്ങൾ
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകാനിടയുള്ള അണുബാധ എങ്ങനെ തടയും, ചികിത്സിക്കും എന്നതും ശ്രദ്ധേയമായ ചോദ്യമാണ്. ഇവയെല്ലാം ആധുനിക വൈദ്യശാസ്ത്ര ശാഖയിലാണ് നിലവിലുള്ളത്. അതിനാൽ തന്നെ ഭാരതീയ ചികിത്സാക്രേന്ദ്ര കൗൺസിലിന്റെ ഉത്തരവ് സങ്കരചികിത്സയ്ക്കുള്ള പ്രകടമായ ലൈസൻസ് ആയി മാത്രമേ കാണാൻ കഴിയൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ എണ്ണം കുറവാണെന്ന വാദമുന്നയിച്ച് ഇത്തരം അശാസ്ത്രീയ ചികിത്സാരീതികൾ ഒരു ജനതയുടെ മേൽ, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ മേൽ, അടിച്ചേൽപ്പിക്കാനുള്ള നീക്കം തികച്ചും തെറ്റാണെന്ന് മാത്രമല്ല, നഗ്നമായ മനുഷ്യാവകാശലംഘനവുമാണ്.
ഇന്ത്യയിൽ നിലവിലുള്ള ചികിത്സാനിയമങ്ങൾ പ്രകാരം വിവിധ തരം ഫാർമക്കോപ്പിയ അടിസ്ഥാനമാക്കിയാണ് ആയുർവേദം, ഹോമിയോ, മോഡേൺ മെഡിസിൻ എന്നീ ചികിത്സാരീതികൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് കടകവിരുദ്ധമായ ഒരു ചികിത്സാ രീതിയുടെ അടിസ്ഥാനതത്ത്വങ്ങളുമായി പൊരുത്തപ്പെടാത്തതോ, ഒരു തരത്തിലും യോജിക്കാത്തതോ, പഠിക്കാത്തതോ ആയ മരുന്നുകളുപയോഗിക്കുന്നതും ശസ്ത്രക്രിയകൾ ചെയ്യുന്നതും രോഗികൾക്ക് ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നുള്ള ആശങ്ക തികച്ചും ശരിയാണ്. ഓരോ ചികിത്സാരീതികളെയും തനതുരീതിയിൽ പരിപോഷിപ്പിക്കുകയും പഠനഗവേഷണങ്ങളിലൂടെ വികസിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനുപകരം വിവിധ ചികിത്സാ രീതികളെ അശാസ്ത്രീയമായി കൂട്ടിക്കലർത്തി അടിസ്ഥാനതത്ത്വങ്ങളിൽപ്പോലും വെള്ളംചേർത്തു ചികിത്സാ സമന്വയത്തിന്റെ പേരിൽ ഒരു ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.
ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കു വിധേയമാകുന്നതിന് പകരം ആധുനിക വൈദ്യശാസ്ത്രത്തിലെ ചില ഏടുകൾ ചേർത്തുകൊണ്ടുള്ള സങ്കരവൈദ്യ ശ്രമം മറ്റു ചികിത്സാ രീതിയിലെ ചികിത്സകരുടെ ആത്മവിശ്വാസം തകർക്കാനേ ഉതകൂ. ആധുനിക വൈദ്യശാസ്ത്രക്കാരുടെ ദുരഭിമാനത്തിന്റെ പ്രശ്നമായിമാത്രം സങ്കര ചികിത്സയെ പരാമർശിക്കുന്നവർ ഓർക്കേണ്ടത് ആധുനിക ലോകം ആർജിച്ച ആരോഗ്യനിലവാരങ്ങളുടെ അടിത്തറയിളക്കുന്ന ശ്രമമാണിതെന്നതാണ്. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യയിൽ ഇത്തരം അശാസ്ത്രീയ നടപടികൾ തുല്യചികിത്സ ജനങ്ങൾക്ക് നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കും.
(ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
Content Highlights:Ayurvedic physicians allowed to conduct surgeries Indian Medical Association is opposing, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..