Representative Image| Photo: Gettyimages
ഒന്നു പനിച്ചുവിറച്ച് കടന്നുപോകുമെന്ന് കരുതിയ കോവിഡ് നമ്മുടെ ആരോഗ്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ പലരെയും അലട്ടുന്നുണ്ട്. വൈറസ് ബാക്കിവെച്ച ആരോഗ്യപ്രതിസന്ധികളെ ആശങ്കയോടെയാണ് വൈദ്യശാസ്ത്രം നോക്കിക്കാണുന്നത്.
രോഗപ്രതിരോധത്തെ മുന്‍നിര്‍ത്തിയുള്ള ആയുര്‍വേദ സമീപനത്തിന് കോവിഡനന്തര ആരോഗ്യപരിപാലനത്തിലും പ്രസക്തിയുണ്ട്. ജലദോഷപ്പനി പോലെ വന്നുപോയതാണെങ്കിലും പൂര്‍ണാരോഗ്യമുള്ള വ്യക്തിയില്‍ പോലും കോവിഡ് തുടര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
പ്രതിരോധശേഷി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയ ചികിത്സാമാര്‍ഗങ്ങളാണ് ആയുര്‍വേദം തുടക്കംമുതല്‍ സ്വീകരിച്ചിട്ടുള്ളത്. രോഗം വരാതെ നോക്കുന്നതിനും രോഗം വന്നാല്‍ ഫലപ്രദമായി നേരിട്ട് ശരീരത്തെ പെട്ടെന്നുതന്നെ പൂര്‍വസ്ഥിതിയിലേക്കെത്തിക്കുന്നതിനുമാണ് പ്രാധാന്യം. ഇവിടെയാണ് ജീവിതശൈലി ക്രമീകരണങ്ങളിലൂന്നിയ ആയുര്‍വേദ ചികിത്സാരീതികള്‍ പ്രയോജനപ്പെടുത്താവുന്നത്. ഇതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ഔഷധസേവ വഴി പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോഗതീവ്രത കുറച്ച് അപകടകരമായ അവസ്ഥയിലേക്ക് പോകാതിരിക്കാനും കഴിയും. ഒപ്പം കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രതയും ഇല്ലാതാക്കാന്‍ സാധിക്കും.
കോവിഡ് ചികിത്സയ്ക്ക് മൂന്നു തലങ്ങളാണുള്ളത്; പ്രതിരോധം, കോവിഡ് ശമനചികിത്സ, കോവിഡനന്തര ചികിത്സ. രോഗം മാറിയാലും ശരീരത്തില്‍ ബാക്കിയാവുന്ന പ്രശ്‌നങ്ങള്‍ ഭേദമാക്കുന്നതിനുള്ള ദോഷശേഷ ചികിത്സയ്ക്ക് ആയുര്‍വേദം വലിയ പ്രാധാന്യം നല്‍കുന്നു. കോവിഡ് മാറിയ ശേഷവും പലരിലും അമിതമായ ക്ഷീണം, കിതപ്പ്, ശക്തിയായ ഹൃദയമിടിപ്പ്, നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചുവേദന, വിട്ടുമാറാത്ത തലവേദന, സന്ധിവേദന, ഗന്ധവും രുചിയും അറിയാനുള്ള ശേഷി നഷ്ടപ്പെടല്‍, ഓര്‍മക്കുറവ്, വിഷാദം, ഉത്കണ്ഠ, പനി, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നു. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാത്ത വിധം കടുത്ത ക്ഷീണമാണ് കോവിഡ് പലരിലും അവശേഷിപ്പിക്കുന്നത്.
പ്രതിരോധത്തെ ത്വരപ്പെടുത്തുന്ന മരുന്നുകള്‍ക്കൊപ്പം വൈറസ് അസന്തുലിതാവസ്ഥയിലാക്കിയ ശരീരത്തിന്റെ സാമാന്യമായ പ്രതിരോധ പ്രക്രിയയെ സാധാരണാവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള ചികിത്സയും വേണം. അവിടെ ഇമ്മ്യൂണിറ്റിയെ ക്രമീകരിക്കുന്ന മരുന്നുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു.
കോവിഡില്‍ നിന്ന് മുക്തി നേടിയാലും തിടുക്കപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കരുത്. ലക്ഷണങ്ങളില്ലാത്ത രോഗികളായിരുന്നാലും അനന്തര ബുദ്ധിമുട്ടുകള്‍ ശല്യപ്പെടുത്തിയേക്കാം. ശരീരത്തിനു താങ്ങാന്‍ കഴിയാത്ത പ്രവൃത്തികളില്‍ അധികമായി ഏര്‍പ്പെടാതെ ഘട്ടം ഘട്ടമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാവുന്നതാണ്.
ആഹാരത്തില്‍ ശ്രദ്ധിക്കേണ്ടത്
ദഹനശക്തി സാധാരണാവസ്ഥയിലേക്കെത്തുംവരെ ലഘുവായ ഭക്ഷണങ്ങള്‍ ശീലിക്കണം. ദഹനശക്തിയെ ഉദ്ദീപിപ്പിക്കുന്ന ഇഞ്ചിയും മറ്റ് സുഗന്ധദ്രവ്യങ്ഹളും ആഹാരത്തിലുള്‍പ്പെടുത്താം. പച്ചമോരായി ഉപയോഗിക്കാതെ മോര് കാച്ചി കറിയായി ഉപയോഗിക്കുന്നത് നല്ലതാണ്. തുടക്കത്തില്‍ കഞ്ഞി ശീലിച്ച് പിന്നീട് പതിയെ ചോറിലേക്ക് മാറാം. ആഹാരം സമീകൃതമായിരിക്കണം. പ്രോട്ടീന്‍ അധികമടങ്ങിയ പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്താം. ധാരാളം വെള്ളം കുടിക്കണം. ശരീരത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരുന്ന രസായനങ്ങള്‍, നെയ്യുകള്‍ തുടങ്ങിയവ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്.
രുചിയും മണവും
കോവിഡ് വന്നശേഷം മിക്കവര്‍ക്കും രുചിയും മണവും തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതിന് മൂക്കിലൊഴിക്കാവുന്ന മരുന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. ആവി പിടിക്കുന്നതും ഉചിതമായ ഔഷധദ്രവ്യം കവിള്‍ക്കൊള്ളുന്നതും ഗുണം ചെയ്യും. സാധാരണ രുചിയില്ലായ്മയും മണമില്ലായ്മയും കുറച്ചുനാള്‍ക്കുശേഷം മാറാറുണ്ട്. ഇത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആയുര്‍വേദ വിധി പ്രകാരമുള്ള പരിഹാരം തേടാം.
ചുമ മാറാന്‍
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നീണ്ടുനില്‍ക്കുന്ന ചുമയും ശ്വാസതടസ്സവും ഉണ്ടാകാം. ചുമ വരണ്ടതോ കഫത്തോടുകൂടിയതോ ആകാം. ചെറുചൂടുവെള്ളം ഈ സമയത്ത് ധാരാളമായി കുടിക്കുന്നത് നല്ലതാണ്. അതുപോലെ ആവിപിടിക്കുകയും ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുകയുമാകാം. തണുത്ത ഭക്ഷണം പരമാവധി ഒഴിവാക്കുക. ചുക്ക്, കുരുമുളക്, കരിഞ്ചീരകം, കൊത്തമല്ലി തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്താം. ഉദാഹരണത്തിന് കുരുമുളക്, ഇഞ്ചി, കായം, വെളുത്തുള്ളി മുതലായവ ചേര്‍ത്തുണ്ടാക്കിയ രസം, ചുമയുടെയും ശ്വാസതടസ്സത്തിന്റെയും അവസ്ഥ നോക്കിയാണ് ഔഷധം നിര്‍ദേശിക്കുന്നത്.
ഉന്‍മേഷം വീണ്ടെടുക്കാന്‍
കോവിഡ് വന്നുപോയവര്‍ക്ക് ഒരു ജോലിയും ചെയ്യാതിരുന്നാലും കടുത്ത ക്ഷീണമനുഭവപ്പെട്ടേക്കാം. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉറക്കവും ഇതില്‍ നിന്ന് ഒരുപരിധി വരെ ആശ്വാസം നല്‍കും. ശ്വസനവ്യായാമങ്ങളും യോഗയും മറ്റ് ലഘുവ്യായാമങ്ങളും യുക്തിപൂര്‍വം തിരഞ്ഞെടുക്കാവുന്നതാണ്. പ്രാണായാമം ചെയ്യുന്നത് ഫലപ്രദമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ 15-30 മിനിറ്റിന്റെ നടത്തവുമാകാം. പുഷ്അപ്പുകളും പേശികള്‍ ദൃഢമാക്കുന്നതിനുള്ള കഠിന വര്‍ക്ക് ഔട്ടുകളും രോഗമുക്തരായി കുറഞ്ഞത് ഒരു മാസത്തേക്ക് വേണ്ടെന്നുവെയ്ക്കുന്നതാണ് നല്ലത്. എട്ടുമണിക്കൂര്‍ ഉറങ്ങണം. അതേസമയം പകലുറക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം.
കോവിഡനന്തര പ്രശ്‌നങ്ങള്‍ രോഗികള്‍തോറും വ്യത്യസ്തമാണെന്നുള്ളതുകൊണ്ടുതന്നെ ഓരോ രോഗിയുടെയും പ്രശ്‌നങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് അവരുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെയും ദഹനശക്തിയെയും കൂടി പരിഗണിച്ചു മാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാനാവുകയുള്ളൂ. ഇതിനായി ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. രോഗമുക്തി നേടിയാലും കുറച്ചുനാളത്തേക്കു കൂടി ആരോഗ്യത്തില്‍ പരിപൂര്‍ണമായ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാവുകയാണ്. ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സയെ വൈദ്യനിര്‍ദേശപ്രകാരം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക. പതിയെപ്പതിയെ ആരോഗ്യകരമായ ശരീരത്തിലേക്ക് തിരിച്ചെത്തുകയെന്നത് രോഗമുക്തിപോലെ തന്നെ പ്രധാനമാണെന്നു മറക്കരുത്.
ആയുര്‍രക്ഷാ ക്ലിനിക്കുകള്‍
കോവിഡ് പ്രതിരോധ ചികിത്സ, കോവിഡനന്തര ആരോഗ്യപുനസ്ഥാപനം എന്നിവയ്ക്കായി സംസ്ഥാനത്തുടനീളം ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അമൃതം, ഭേഷജം, പുനര്‍ജനി എന്നീ മൂന്ന് പദ്ധതികളിലൂടെയാണ് കോവിഡ് ചികിത്സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. 'അമൃതം' ക്വാറന്റീനില്‍ കഴിയുന്ന രോഗികള്‍ക്കായുള്ള ചികിത്സാപദ്ധതിയാണ്. കാറ്റഗറി എ കോവിഡ് രോഗികള്‍ക്കായി 'ഭേഷജം' പദ്ധതിയും രോഗമുക്തി നേടിയവര്‍ക്കായി 'പുനര്‍ജനി' പദ്ധതിയും നടപ്പിലാക്കി വരുന്നു.
(തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജ് സൂപ്രണ്ടാണ് ലേഖകന്‍)
Content Highlights: Ayurveda tips to recover from long covid, Ayurveda tips to recover from post covid health problems
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..