ഈ കോവിഡ് കാലത്ത് ജലദോഷത്തെയും ചുമയെയും നിസ്സാരമായി കാണരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം


ഡോ. ഷര്‍മദ് ഖാന്‍

3 min read
Read later
Print
Share

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സവിശേഷ ശ്രദ്ധ വേണ്ട സമയമാണിത്. ജലദോഷം, ചുമ പോലെയുള്ള അസുഖങ്ങള്‍ വരാതെ നോക്കാന്‍ ആയുര്‍വേദം ചില ജീവിതരീതികള്‍ നിര്‍ദേശിക്കുന്നുണ്ട്

Representative Image| Photo: Gettyimages

കോവിഡ് കാലമായതിനാല്‍തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ചുമയും ശ്വാസതടസ്സവും മാത്രമല്ല, ജലദോഷമോ അനുബന്ധപ്രശ്നങ്ങളോ ആണെങ്കില്‍പോലും ജാഗ്രതയോടെ കാണേണ്ട കാലം. കോവിഡ് നെഗറ്റീവായാലും അനുബന്ധബുദ്ധിമുട്ടെന്ന രീതിയില്‍ ശ്വാസകോശരോഗങ്ങള്‍ പലരേയും വലയ്ക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ കോവിഡിനെ തുടര്‍ന്നുണ്ടായതാണോ അതോ നേരത്തെ ഉണ്ടായിരുന്നത് ഇപ്പോള്‍ കൂടിയതാണോ എന്നറിയേണ്ടത് പ്രധാനമാണ്.

ഏതു രോഗമായാലും തുടക്കത്തില്‍തന്നെ മനസ്സിലാക്കുവാന്‍ സാധിച്ചാല്‍ ചികിത്സ എളുപ്പമാകും. ചികിത്സിക്കാതെതന്നെ ഈ ചുമയും ശ്വാസംമുട്ടും മാറിക്കോളുമെന്ന് കരുതിയാല്‍ അപകടമുണ്ടാകാം. പ്രത്യേകിച്ചും തണുപ്പുള്ള മാസങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യാമെന്നിരിക്കെ.

ജലദോഷവും ചുമയും ശ്വാസംമുട്ടും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയുടെ കാരണം മനസ്സിലാക്കിയുള്ള ചികിത്സ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.

ജലദോഷം

മൂക്കിലും തൊണ്ടയിലും വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണ് ജലദോഷത്തിന് കാരണം. അധികമൊന്നും അപകടകാരിയല്ലാത്തതുകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനോടനുബന്ധിച്ചുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്വയം ശമിക്കാറുണ്ട്.
അശ്രദ്ധമായി തുമ്മുകയും ചീറ്റുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ വായുവിലേക്കെത്തുന്ന അണുക്കളാണ് രോഗം പരത്തുന്നത്. രോഗിയില്‍നിന്നും അണുക്കള്‍ വ്യാപിച്ച പ്രതലങ്ങളിലോ വസ്തുക്കളിലോ തൊടുന്നവര്‍ക്കും രോഗിയുമായി അടുത്തിട പഴകുന്നവര്‍ക്കുമൊക്കെ ജലദോഷം പകരാന്‍ സാധ്യതയുണ്ട്.

മൂക്കിലൊഴിക്കുന്നതും വായിലിട്ട് അലിയിക്കുന്നതുമൊക്കെയായി ജലദോഷത്തിനെതിരേ പലതരം മരുന്നുകള്‍ ലഭ്യമാണ്. അലര്‍ജി, പനി മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം.

ജലദോഷമുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ടത്

  • ജലദോഷമുള്ളവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം.
  • ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് തേന്‍ചേര്‍ത്ത് കുടിക്കുന്നതും ഇഞ്ചിനീരില്‍ തേന്‍ചേര്‍ത്ത് കഴിക്കുന്നതും ചെറിയചൂടോടെ സൂപ്പ്, ജ്യൂസ് തുടങ്ങിയവ കഴിക്കുന്നതും ചൂടാറ്റിയ വെള്ളം കുടിക്കുന്നതുമൊക്കെ നല്ലതാണ്.
  • നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കോഫി, സോഡ, കോള എന്നിവ ഒഴിവാക്കണം.
  • ആവശ്യത്തിന് വിശ്രമിക്കുക.
  • മൂക്കടപ്പ് ഉള്ളപ്പോള്‍ ചിക്കന്‍ സൂപ്പ്, ചായ, ഇളം ചൂട് വെള്ളത്തില്‍ തയ്യാറാക്കിയ ആപ്പിള്‍ ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കാം.
  • തൊണ്ടയ്ക്ക് ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഉപ്പുവെള്ളം കവിള്‍കൊള്ളുക.
  • ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപ്പുവെള്ളമോ മരുന്നോ കവിള്‍ കൊള്ളാന്‍ പാടുള്ളൂ.
  • കവിള്‍കൊണ്ട മരുന്ന് കുടിച്ചിറക്കുന്നത് നല്ലതല്ലാത്തതിനാല്‍ തുപ്പിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മൂക്കൊലിപ്പ്

ജലദോഷത്തോടൊപ്പം മൂക്കൊലിപ്പ് ഉണ്ടാകുന്നത് ഒരര്‍ഥത്തില്‍ നല്ലതാണ്. കാരണം അണുക്കളെ ശരീരത്തിന്റെ പുറത്തേക്ക് കളയുവാന്‍ അത് സഹായിക്കും. അതുപോലെ ജലദോഷമുള്ളവര്‍ തുമ്മുമ്പോഴും രോഗാണുക്കള്‍ പുറത്തേക്ക് പോകുന്നുണ്ട്. രോഗിയെ സംബന്ധിച്ച് രോഗാണു പുറത്തുപോകുന്നത് നല്ലതാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടവരും എന്നതാണ് മറുവശം. അതുകൊണ്ട് ജലദോഷമുള്ളവര്‍ തുമ്മുമ്പോഴും ചീറ്റുമ്പോഴുമെല്ലാം വായയും മൂക്കും പൊത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കണം. ഹാന്‍ഡ്കര്‍ച്ചീഫ്, ഫെയ്സ് മാസ്‌ക് എന്നിവ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാം.

തുമ്മുമ്പോള്‍ തെറിക്കുന്ന അണുക്കള്‍ സാധാരണയായി 24 മണിക്കൂര്‍വരെ സജീവമായിരിക്കും. പല പ്രതലങ്ങളിലും സ്പര്‍ശിക്കുന്നവരായതുകൊണ്ട് എല്ലാവരും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.
ജലദോഷം അത്ര പ്രശ്നമുള്ള രോഗമല്ലെങ്കിലും പകര്‍ച്ചപ്പനി പോലെ മറ്റെന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. രോഗം ഒരുപാട് കാലം നീണ്ടുനിന്നാല്‍ പലതരം ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും ഉണ്ടാകാം.

ചുമ

ജലദോഷംപോലെതന്നെ സാധാരണമാണ് ചുമയും. തുടര്‍ച്ചയായി കാണുന്ന ചുമയും സൈനസൈറ്റിസും നിസാരമായി കാണരുത്. എത്രയും വേഗം ചികിത്സിച്ച് മാറ്റണം.

ചുമ മാറ്റാന്‍ ആയുര്‍വേദ സിറപ്പുകള്‍ ലഭ്യമാണ്. ഇവ തൊണ്ടയില്‍ നിര്‍ത്തുന്നതും തുള്ളികളായി കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യേണ്ടത്. മരുന്നുകള്‍ കുടിക്കുന്നതിന് മുമ്പായി വായ വൃത്തിയാക്കുകയും ചെറുചൂടുള്ളവെള്ളം കവിള്‍കൊണ്ട് തുപ്പുകയും ചെയ്യേണ്ടതാണ്.

മൂക്കടപ്പ്, ഗ്യാസ് എന്നിവയുള്ളവര്‍ക്ക് ഉറക്കത്തിലും ചുമ വര്‍ധിക്കാം. അങ്ങനെയുള്ളവര്‍ തലയണ ഉയര്‍ത്തിവച്ച്, കഴുത്തും തലയും സൗകര്യത്തിനു വെച്ച് ചാഞ്ഞിരുന്ന് ഉറങ്ങുന്നതാണ് നല്ലത്.

ആസ്ത്മ

ശ്വാസകോശത്തിലേക്കും അവിടെനിന്ന് പുറത്തേക്കും വായുവിനെ എത്തിക്കുന്ന ശ്വസനപഥത്തിനുണ്ടാകുന്ന നീര്‍വീക്കമാണ് ആസ്ത്മയ്ക്ക് കാരണം. ഓരോ വ്യക്തിക്കും അനുഭവപ്പെടുന്ന രോഗതീവ്രത പലവിധത്തിലായിരിക്കും.
എല്ലാത്തരം ആസ്ത്മാരോഗങ്ങളും ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ചിലത് ഭേദപ്പെടുത്താന്‍ സാധിക്കുന്നവയുമാണ്. ശരിയായ ചികിത്സ ചെയ്തുകൊണ്ടിരുന്നാല്‍, ഭേദമാകാത്തതരത്തിലുള്ളവയില്‍പോലും രോഗതീവ്രത കുറയ്ക്കാന്‍സാധിക്കും.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകള്‍, അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍, രാസവസ്തുക്കള്‍, ചിലതരം മണങ്ങള്‍, കായികാധ്വാനം ഇവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ശരിയായി മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിന് ആസ്ത്മാരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നീന്തല്‍, നടത്തം, കളികള്‍, യോഗ പോലുള്ള വ്യായാമങ്ങളിലൂടെ ആസ്തമ നിയന്ത്രിക്കാന്‍ സാധിക്കും.
വീട്ടിനുള്ളിലെ പൊടിപടലങ്ങള്‍, ജീവികളുടെ അവശിഷ്ടങ്ങള്‍,പാറ്റകള്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, മാലിന്യങ്ങളും മറ്റും കത്തിക്കുമ്പോഴുള്ള പുക, പുകവലി, ബോഡി സ്പ്രേ ശക്തമായ മണങ്ങള്‍ എന്നിവ ശ്വാസംമുട്ടുള്ളവര്‍ക്ക് അലര്‍ജിയുണ്ടാക്കി രോഗത്തെ വീണ്ടും വര്‍ധിപ്പിക്കാറുണ്ട്. ടെന്‍ഷന്‍ കാരണവും ആസ്ത്മ വര്‍ധിക്കാറുണ്ട്. കാരണങ്ങളെ ഒഴിവാക്കുന്നതിനൊപ്പം ചികിത്സയും അനിവാര്യമാണ്. തുടക്കത്തില്‍തന്നെയുള്ള ചികിത്സ രോഗവര്‍ധന തടയും.

(നേമം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍)

Content Highlights: Ayurveda tips to prevent cold, cough and asthma during Covid19 pandemic

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

2 min

ഉത്കണ്ഠാരോ​ഗത്തെ മറച്ചുവെക്കേണ്ട, മറികടക്കാൻ സഹായിച്ചത് ഈ ടെക്നിക്- ആലിയ ഭട്ട്

Aug 17, 2023


kidney

3 min

വൃക്കരോഗലക്ഷണങ്ങൾ പലപ്പോഴും നേരത്തേ പ്രകടമാകില്ല, അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കപ്പെടുക

Mar 9, 2023


Representative image

2 min

വാർധക്യകാല രോഗീപരിചരണത്തിന് പ്രിയമേറും ഹോംനഴ്സിങ്

Dec 5, 2022


Most Commented