ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറാന്‍ ആയുര്‍വേദ ടിപ്‌സ്


ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി

3 min read
Read later
Print
Share

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്

Representative Image| Photo: GettyImages

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുകയും ആവശ്യാനുസരണം വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തും. അതില്‍ പ്രധാനമാണ് നടുവേദന. ഇത് കൂടാതെ മലബന്ധത്തിന്റെ പ്രശ്നങ്ങളും പലരെയും അലട്ടാറുണ്ട്.

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്നം നടുവേദനതന്നെ. ഇത് പല തരത്തില്‍ അനുഭവപ്പെടാം. ചിലര്‍ക്ക് കഴുത്തിനോടനുബന്ധമായും വേദന ഉണ്ടാകാറുണ്ട്. ആയുര്‍വേദത്തില്‍ ഗ്രീവാഗ്രഹം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. നടുഭാഗത്തായി വരുന്ന വേദന കടീഗ്രഹം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനോടൊപ്പം നടുവില്‍നിന്ന് കാലിലേക്ക് സഞ്ചരിക്കുന്ന നാഡികള്‍ക്ക് ഞെരുക്കം അനുഭവപ്പെടുന്നത് വഴി കാലിലേക്ക് വേദന, മരവിപ്പ് തുടങ്ങിയവ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ ഗൃദ്ധ്രസി എന്നും ആയുര്‍വേദം പറയുന്നു.

സ്ഥിരമായി വാഹനം ഓടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. സ്ഥിരമായ യാത്രകൊണ്ട് നട്ടെല്ലിനും അനുബന്ധപേശികളിലും അധികം സമ്മര്‍ദവും ആയാസവും അനുഭവപ്പെടുന്നത് നടുവേദനയുണ്ടാക്കും. സ്ഥാനചലനമില്ലാതെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ നട്ടെല്ലിനും അനുബന്ധപേശികളിലേക്കുമുള്ള രക്തപ്രവാഹത്തിന്റെ സുഗമമായ സഞ്ചാരം കുറയും. അതുമൂലം നട്ടെല്ലിന് ആയാസമുണ്ടാവുകയും കാലക്രമത്തില്‍ നടുവേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

  • കഴുത്തിന്റെ വശങ്ങളിലോ പുറംഭാഗത്തോ വേദന, കഴുത്തില്‍നിന്ന് കൈകളിലേക്ക് പോകുന്ന നാഡികള്‍ക്ക് ഞെരുക്കം ഉണ്ടായി കൈകള്‍ക്ക് വേദനയും മരവിപ്പും തുടങ്ങിയ ലക്ഷണങ്ങള്‍ ഗ്രീവാഗ്രഹത്തിനോടനുബന്ധമായി വരുന്നവയാണ്. ചിലരില്‍ കഴുത്തിന്റെ ഭാഗത്തുള്ള പ്രശ്നംകൊണ്ടുതന്നെ തലവേദനയും ഉണ്ടാകാറുണ്ട്.
  • പുറംവേദന, ഇടുപ്പ് വേദന, എന്നിവയാണ് നടുഭാഗത്ത് അനുഭവപ്പെടുന്ന കടീഗ്ര ത്തിന്റെ സൂചനകള്‍. ഇതിന്റെ ഫലമായി അരക്കെട്ടിന് പിടിത്തം, അനുബന്ധപേശികള്‍ക്ക് സങ്കോചം, നിവര്‍ന്ന് നില്‍ക്കാന്‍ പ്രയാസം, വശങ്ങളിലേക്ക് തിരിയുമ്പോള്‍ വേദന, നില്‍ക്കാനും നടക്കാനും ഇരിക്കാനും പ്രയാസം തുടങ്ങിയവ അനുഭവപ്പെടാം.
  • കാലുകളിലേക്ക് നീളുന്ന നാഡിക്ക് ഉണ്ടാകുന്ന ഞെരുക്കം കാരണം, നടുവേദന പൃഷ്ഠഭാഗത്ത് കൂടി കാലില്‍ ഉടനീളം വ്യാപിക്കുകയും കാലിന് തരിപ്പും വലിച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു.
പരിഹാരം, ചികിത്സാരീതികള്‍

ശരീരത്തിലൂടെയുള്ള വായുവിന്റെ ചലനത്തെ ക്രമപ്പെടുത്തുകയും അതിനോടൊപ്പം വേദനകുറയ്ക്കാനുള്ള ഉപായങ്ങള്‍ ചെയ്യുകയുമാണ് അടിസ്ഥാന ചികിത്സാസമീപനം. ആദ്യമായി ഉള്ളിലേക്ക് ഔഷധങ്ങള്‍ നല്‍കുകയാണ് ചെയ്യുക. രാസ്‌നാശുണ്ഠ്യാദി കഷായം, ദ്വിഗുണരാസ്‌നാദി കഷായം തുടങ്ങിയവ അവസ്ഥാനുസരണം നല്‍കുന്നു.

നല്ലപോലെ മലശോധന ഉണ്ടാവേണ്ടത് ആവശ്യമാണ് എന്നതിനാല്‍ അതിനുള്ള ഔഷധങ്ങളും നല്‍കുന്നു. ഇതിനോടൊപ്പം വിവിധ ചികിത്സാവിധികളിലേക്ക് കടക്കുന്നു.

ലേപനം: സന്ധികളിലെ വേദന, ചുവപ്പുനിറം ചുട്ടുനീറ്റല്‍, നീര് തുടങ്ങിയവ കുറയ്ക്കുന്നതിനായി ഔഷധയുക്തമായ ചൂര്‍ണങ്ങള്‍ (പൊടികള്‍) പുളിയില നീര്, അരികഴുകിയ വെള്ളം തുടങ്ങിയവ യുക്തമായവയില്‍ ചാലിച്ച് ചൂടാക്കി തേയ്ക്കുന്നു.

ഉപനാഹം: വേദനയും നീരുമുള്ള ഭാഗത്ത് ലേപനം പോലെതന്നെ ഔഷധ ചൂര്‍ണങ്ങള്‍ തേര്‍ത്ത് പ്രത്യേക രീതിയില്‍ കെട്ടിവയ്ക്കുന്നതാണ് ഉപനാഹം.

ധാര: സന്ധികളിലെ നീരും വേദനയും കുറയ്ക്കുന്നതിന് ഫലപ്രദമാണ് ധാര. ഔഷധദ്രവം ശരീരത്തിന്റെ നിര്‍ദിഷ്ട ഭാഗത്ത് നിശ്ചിത ഉയരത്തില്‍നിന്ന് ആവശ്യമായ സമയം ഇടമുറിയാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ചികിത്സാരീതിയാണിത്. ശരീരം മുഴുവനായോ(സര്‍വാംഗധാര) ഏതെങ്കിലും ശരീരഭാഗങ്ങളില്‍ മാത്രമായോ(ഏകാംഗധാര) ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക. അരമണിക്കൂര്‍ കൂടുമ്പോള്‍ അല്പനേരം നടക്കണം. കയ്യും കാലും ഇളക്കുന്നത് നടുവിന്റെ സമ്മര്‍ദം കുറയ്ക്കും.
കുനിയേണ്ടിവരുമ്പോള്‍ മുട്ടുമടക്കി ചെയ്യുക. മുട്ടുമടക്കാതെ കുനിഞ്ഞാല്‍ അത് നടുവിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കും.

മലബന്ധം

ഒരേ ഇരുപ്പില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ സാഹചര്യംകൊണ്ടും അസൗകര്യംകൊണ്ടും മലമൂത്രവിസര്‍ജനം തുടങ്ങിയ പ്രകൃതിദത്തമായ ആവശ്യങ്ങളെ (വേഗങ്ങള്‍) ബലമായി തടഞ്ഞുനിര്‍ത്തേണ്ടായി വരാറുണ്ട്. ഇതുമൂലം ശരീരത്തിലെ വായുസഞ്ചാരം ക്രമരഹിതമാവുകയും തത്ഫലമായി ഒട്ടനവധി അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. വേഗങ്ങളെ തടഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് സംശയം തോന്നാം. ഉദാഹരണമായി മലവിസര്‍ജനം സ്ഥിരമായി തടഞ്ഞാല്‍ അടിവയറ്റില്‍ വേദന, ഗ്യാസ്ട്രബിള്‍, നെഞ്ചിന്റെ ഭാഗത്തായി കനംപോലെ തോന്നുക തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാവും.
സുഗമമായ മലശോധന ആരോഗ്യത്തിന്റെ ലക്ഷണവും ദഹനം കൃത്യമായി നടക്കുന്നു എന്നതിന്റെ തെളിവുമാണ്. വ്യായാമക്കുറവ്, ഉറക്കക്കുറവ്, മലവിസര്‍ജനം തടയുന്നത്, വെള്ളംതീരെ കുടിക്കാതിരിക്കുന്നത്, മാനസിക പിരിമുറുക്കം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം.
പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

  • ചേന, ഇലക്കറികള്‍, മോര് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • ചൂട് കഞ്ഞി കുടിക്കുന്നത്ശോധനയ്ക്ക് സഹായിക്കും.
  • ചുവന്നുള്ളി, ജീരകം, കറിവേപ്പില തുടങ്ങിയവ ഭക്ഷണം പാകംചെയ്യുമ്പോള്‍ ചേര്‍ക്കുക.
  • മാംസാഹാരത്തിനൊപ്പം നിര്‍ബന്ധമായും പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തുക.
  • കണിക്കൊന്ന ഇല തോരന്‍ ഉണ്ടാക്കി രാത്രി ഭക്ഷണത്തോടൊപ്പം ഉപയോഗിക്കാം.
  • വാഴപ്പിണ്ടി തോരന്‍, വാഴക്കൂമ്പ് കറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
  • ഉദരപേശികള്‍ക്ക് ബലം നല്‍കുന്ന യോഗാസനങ്ങള്‍ (ത്രികോണാസനം, പവനമുക്താസനം തുടങ്ങിയവ) മലശോധനയെ സുഗമമാക്കാന്‍ സഹായിക്കും.
(കോട്ടയം അയ്മനം ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുഷ് മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍)

Content Highlights: Health, Ayurveda Tips, Sitting Diseases, Work From Home Health Problems

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dementia

6 min

ഓര്‍മകള്‍ മാഞ്ഞുപോകുമ്പോള്‍; അല്‍ഷിമേഴ്ഷിനെ കരുതലോടെ ചെറുക്കാം, ഒട്ടുംവൈകാതെ ചികിത്സിക്കാം

Sep 21, 2023


dementia

4 min

യുവാക്കളെ ഡിമെന്‍ഷ്യ ബാധിക്കാൻ സാധ്യതയുണ്ടോ? രോ​ഗം തടയാന്‍ ഈ കാര്യങ്ങള്‍ ശീലിക്കാം

Sep 21, 2023


manju pathrose

2 min

ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവ​ഗണിക്കരുത്; സർജറിക്കു പിന്നാലെ അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

Sep 18, 2023


Most Commented