നാം ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ശരീരവും പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തെ പല തരത്തില്‍ ബാധിക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ സമയക്കുറവും അശ്രദ്ധയും മൂലം നാം ഇത് അറിയാതെ പോകുന്നു.
തണുപ്പുകാലത്ത് ശൈത്യവും രൂക്ഷതയും പ്രകൃതിയില്‍ കൂടുന്നതിനാലാണ് ശരീരത്തിലും അവയുടെ ആധിക്യം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് ചുണ്ട്, കാല്‍പാദങ്ങള്‍ ഇവയില്‍ വിണ്ടുകീറല്‍ സംഭവിക്കുന്നതും ചര്‍മം രൂക്ഷമായി മാറുന്നതും. ഇത് പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളാണ്. ആന്തരീകമായും ഇതുപ്രകാരമുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ നമ്മെ ബുദ്ധിമുട്ടിക്കാതിരിക്കണമെങ്കില്‍ ഓരോ ഋതുമാറുമ്പോഴും നമ്മുടെ ആഹാര രീതിയിലും ശീലങ്ങളിലും ഋതുവിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

തണുപ്പുകാലത്ത് പ്രകൃതിയില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ഇക്കാലത്ത് ഊഷ്മാവ് വളരെ താഴുന്നു. കാറ്റ് വീശുന്നു. രാത്രി ദൈര്‍ഘ്യമേറുകയും പകല്‍ കുറയുകയും ചെയ്യുന്നു.ഈ മാറ്റങ്ങള്‍ ശരീരത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. തണുപ്പ് കൂടുന്നതിനാല്‍ ശീതം എന്ന ഗുണം ശരീരത്തില്‍ വര്‍ധിക്കുന്നു. ഇത് കഫം കൂടാന്‍ ഇടയാക്കുന്നു. ഈയിടെയായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ തണുപ്പ് കാലത്ത് രൂക്ഷഗുണവും കൂടാന്‍ ഇടയാക്കുന്നു. ഇത് വാതത്തിനും വൈഷമ്യം ഉണ്ടാക്കുന്നു. ഈ വാത വൈഷമ്യം ദഹനശക്തിക്കും വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ തന്റെ വിശപ്പിനെ(അഗ്നിയെ) മനസ്സിലാക്കി വേണം ആഹാരം കഴിക്കാന്‍. രൂക്ഷതയെ മറികടക്കാന്‍ കൊഴുപ്പിന്റെ അംശം ആവശ്യമുണ്ടെങ്കിലും തന്റെ വിശപ്പിനെ മനസ്സിലാക്കി വേണം കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിക്കാന്‍. അല്ലെങ്കില്‍ ആ കൊഴുപ്പ് കഫം കൂടുതലാക്കി അസുഖങ്ങള്‍ക്ക് കാരണമാകാം. 
അന്തരീക്ഷം തണുപ്പേറിയതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനും ശരീരോഷ്മാവ് നിലനിര്‍ത്തുവാനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നു. അധികമായ ഊര്‍ജോപയോഗം ആഹാരത്തിന്റെ അളവിന്റെയും ഗുണത്തിന്റെയും  കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓര്‍മപ്പെടുത്തുന്നു. പാകമായ അളവില്‍ ആഹാരം നല്‍കിയിട്ടില്ലെങ്കില്‍ വര്‍ധിച്ച പചനശക്തി ശരീരത്തിന്റെ ധാതുക്കളുടെ ക്ഷയത്തിന് കാരണമാകും.

 • രാത്രികള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതിനാല്‍ രാവിലെ നേരത്തെ തന്നെ ഭക്ഷണം കഴിക്കേണ്ടതാണ്. ഇനി അതിന് സാധിക്കുന്നില്ലെങ്കില്‍ പ്രഭാത ഭക്ഷണം ഒരിക്കല്‍ പോലും മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 • മധുരം, പുളി, ഉപ്പ് എന്നീ രസങ്ങള്‍ കൂടുതലായുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.
 • ഭക്ഷണം ചൂടോടു കൂടി തന്നെ കഴിക്കണം. ഉഷ്ണഗുണത്തോടു കൂടിയ ആഹാര പദാര്‍ഥങ്ങള്‍ (ഉദാ: മുതിര) ഉപയോഗിക്കണം. ഇത്തരത്തിലൊരു അറിവ് നമ്മുടെ പൂര്‍വികര്‍ക്ക് മുന്‍പേ ഉണ്ടായിരുന്നു. നല്ല തണുപ്പുള്ള തിരുവാതിര കാലത്താണ് മുതിര പുഴുക്ക് ഒരു പ്രധാന വിഭവമാകുന്നത്.
 • തണുപ്പുകാലത്ത് ഭക്ഷണം സമയത്ത് കഴിക്കണം. വിശന്നിരിക്കരുത്. വിശപ്പു തോന്നുമ്പോള്‍ ഭക്ഷണം കഴിക്കണം.
 • പഴയതും തണുത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇക്കാലത്ത് ഒഴിവാക്കണം. സമയാസമയങ്ങളില്‍ തയ്യാറാക്കിയ ചൂടുള്ള ഭക്ഷണം തന്നെ കഴിക്കണം.
 • തലയിലും ശരീരത്തിലും ദിവസവും എണ്ണ തേച്ച് കുളിക്കണം. രൂക്ഷതയെ പ്രതിരോധിക്കാനും വര്‍ധിച്ച വാതത്തെ കുറയ്ക്കാനും ഇത് സഹായിക്കും. കാലാവസ്ഥയില്‍ വര്‍ധിച്ച ശീത, രൂക്ഷ ഗുണങ്ങളെ എണ്ണയുടെ ഉഷ്ണ, സ്നിഗ്ധ ഗുണങ്ങളെക്കൊണ്ട് പരിഹരിക്കാം.
 • തണുപ്പുകാലത്ത് വ്യായാമം ഒഴിവാക്കരുത്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ രക്തപ്രവാഹം മെച്ചപ്പെടും. ഇത് തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും.  
 • തണുപ്പിന്റെ തീവ്രതയ്ക്ക് അനുസരിച്ചുള്ള കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇതുവഴി ശരീരോഷ്മാവ് അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടാതിരിക്കാനാവും.
 • രാത്രി ശരീരം പുതച്ചുറങ്ങുക. ഉറങ്ങുമ്പോള്‍ ചെവി മൂടിയിരിക്കണം. ചുമ, ജലദോഷം, തുമ്മല്‍ എന്നിവ തടയാന്‍ ഇത് വളരെ പ്രയോജനപ്രദമായിരിക്കും.
 • കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.
 • ടൈല്‍സ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയൊക്കെ പതിച്ച നിലത്ത് പാദരക്ഷകള്‍ ഉപയോഗിക്കണം.
 • വെയില്‍ ഉള്ള സമയത്ത് ചെറിയ തോതില്‍ വെയില്‍ കൊള്ളുന്നതും നല്ലതാണ്.  
 • കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കണം. അത് തണുപ്പില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും.

 (വാവന്നൂര്‍ അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ പ്രൊഫസറാണ് ലേഖിക)