.
ദന്ത സംരക്ഷണത്തിന് മാവില ഉപയോഗിച്ച് പല്‍പ്പൊടി ഉത്പാദിപ്പിക്കാന്‍ ഒരു കമ്പനി രംഗത്തുവന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ രാവിലെ പല്ലുതേപ്പിന് മാവില ഉപയോഗിച്ചിരുന്നു. വിവിധ തരം ടൂത്ത് പേസ്റ്റുകള്‍ വിപണിയിലെത്തിയതോടെ ആളുകള്‍ എല്ലാവരും മാവിലയെ ഉപേക്ഷിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മാവിലയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം.
മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് എന്നും തണലായി നിലകൊള്ളുന്ന ഫലവൃക്ഷങ്ങളില്‍ പ്രധാനിയാണ് മാവ്. ഫല വൃക്ഷവും ഔഷധ വൃക്ഷവും എന്ന നിലയില്‍ പൂര്‍വികര്‍ ഏറെ പ്രമുഖ സ്ഥാനമാണ് മാവിന് നല്‍കിയിരുന്നത്. പറമ്പ് നിറയെ പലതരം മാവുകള്‍ തലമുറകള്‍ക്കായി അവര്‍ നട്ടുവളര്‍ത്തി. കാലമെത്ര കഴിഞ്ഞാലും 'മുറ്റവും പടര്‍ന്നു പന്തലിച്ച മാവും' മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളിലെ നിത്യ ഹരിതക്കാഴ്ചകളിലൊന്നാണ്. മാമ്പഴക്കാഴ്ച്ചകള്‍ക്കുമപ്പുറം മാവ് മനുഷ്യനുമായി അത്രമേല്‍ ഇണങ്ങി നില്‍ക്കുന്നു.
മാവിലയും പല്ല് തേപ്പും
മാവില മാത്രം ഉപയോഗിച്ചുള്ള 'ദന്തധാവനം' അഥവാ പല്ല് തേപ്പ് ദിനചര്യയുടെ ഭാഗമായി കേരളത്തില്‍ മുമ്പ് നിലനിന്നിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ഇന്നും പല്ല് വെടിപ്പാക്കാന്‍ മാവില ഉപയോഗിക്കുന്നവരുണ്ട്. 'പഴുത്ത മാവില കൊണ്ട് പല്ല് തേച്ചാല്‍ പുഴുത്ത പല്ലും നവരത്‌നമാകും' എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ പല്ലിന് ശോഭ പകരുന്ന പല ചൂര്‍ണ്ണങ്ങളിലും മാവില ഘടകമാണ്. പല്ലിന് മാത്രമല്ല മോണരോഗങ്ങള്‍, അരുചി, പ്രമേഹം, രക്തസമ്മര്‍ദം, ഛര്‍ദി, ചര്‍മരോഗങ്ങള്‍, അതിസാരം, പൊള്ളല്‍, അ ള്‍സര്‍, ചെവി വേദന ഇവയിലെല്ലാം മുറ്റത്തെ മാവില നല്ല ഫലം തരുന്നു.
ശരീരത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ മാവിലയില്‍ അടങ്ങിയിട്ടുണ്ട്. Mangiferin എന്ന ഘടകം മാവിലയില്‍ സമൃദ്ധമാണ്. പോളിഫി നോള്‍സ്, ടെര്‍പെനോയ്ഡ്സ്, ഇരുമ്പ്, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, ജീവകങ്ങളായ A, B,E, C ഇവയാണ് മറ്റ് ഘടകങ്ങള്‍.
മാവിന്റെ തളിര്, മൂപ്പെത്തിയ ഇലകള്‍, പഴുത്ത ഇലകള്‍, ഇലഞെട്ട്, ഇവയെല്ലാം ആയുര്‍വേദം വിവിധ രോഗങ്ങളില്‍ ഔഷധമാക്കാറുണ്ട്. 'ആമ്ര പല്ലാവാദി കഷായം', 'ജംബാമ്രപല്ലവാദി കഷായം' ഇവയില്‍ മാവില ഘടകമാണ്.
തളിരില
- 10 ഗ്രാം മാവിന്റെ തളിരില രണ്ട് കുരുമുളക് മണിയും ചേര്‍ത്ത് ചതച്ചു കഴിക്കുന്നത് ദഹനക്കേട് മൂലമുള്ള ഛര്‍ദി, വയറുവേദന, അതിസാരം ഇവയ്ക്ക് ഗുണം ചെയ്യും.
- മാവിന്റെ തളിരില പിഴിഞ്ഞ നീര് 10 മില്ലിലിറ്റര്‍ സമം തേനും ചേര്‍ത്ത് കഴിക്കുന്നത് ഛര്‍ദ്ദി അകറ്റും.
- മൂപ്പെത്തിയ വൃത്തിയാക്കിയ രണ്ട് മാവിലകള്‍ രണ്ട് ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ രാത്രിയില്‍ ഇട്ട് വെച്ച് രാവിലെ അരിച്ചു കുടിക്കുന്നത് പ്രമേഹരോഗിക്ക് ഗുണകരമാണ്. ആഴ്ചയില്‍ രണ്ട് തവണ ഈ പാനീയം കഴിക്കാം.
- മൂപ്പെത്തിയ മാവിലകളും സമം ഞാവലിന്റെ ഇലകളും, മഞ്ഞളും അല്പം ശര്‍ക്കരയും തൈരിന്‍ വെള്ളത്തില്‍ അരച്ച് പുരട്ടുന്നത് കരപ്പനും തൊലിയിലെ പാടുകളും നീക്കും.
- ചുമയും ശ്വാസം മുട്ടലും ഉള്ളപ്പോള്‍ ഔഷധങ്ങള്‍ക്കൊപ്പം മൂപ്പെത്തിയ മാവില രണ്ടെണ്ണം ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചാറിയ ശേഷം തേനും ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസം പകരും. കുട്ടികള്‍ക്കും നല്‍കാം. ചുമയുള്ളപ്പോള്‍ രണ്ട് നേരം മാത്രമാണിത് ഉപയോഗിക്കേണ്ടത്.
- 10 ഗ്രാം മാവിന്റെ പഴുത്തിലകള്‍ വൃത്തിയാക്കി അര ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ഏലക്കയും ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നത് അതിവേഗം ക്ഷീണമകറ്റും. ഒപ്പം ഒരു ഗ്ലാസ് പാല്‍ ചേര്‍ത്ത് തിളപ്പിച്ചും കഴിക്കാം.
- മാവിന്റെ പഴുത്തില 2-3 എണ്ണം കീറിയിട്ട് അര ലിറ്റര്‍ വെള്ളം തിളപ്പിച്ച് കവിള്‍ക്കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റും. മോണ രോഗത്തിന് ശമനമേകും.
- മാവിന്റെ പഴുത്തിലചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനയകറ്റും.
- നിഴലില്‍ ഉണക്കിയ മാവിലകള്‍ പൊടിച്ചു വയ്ക്കുക. ഈ പൊടി ഒരു ചെറിയ സ്പൂണ്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതിസാര രോഗിക്ക് ഫലപ്രദമാണ്. ദിവസം മൂന്ന് തവണ കഴിക്കാം.
- ഉണങ്ങിയ മാവില കത്തിച്ചെടുത്ത ഭസ്മം നേര്‍മ്മയായി പുരട്ടുന്നത് പൊള്ളലിന് ഫലപ്രദമാണ്.
ആമ്ര, രസാള, പിക വല്ലഭ, മാകന്ദ തുടങ്ങി നിരവധി പേരുകള്‍ മാവിനുണ്ട്. Mangifera indica എന്നാണ് മാവിന്റെ ശാസ്ത്രനാമം. Anacardiaceae ആണ് കുടുംബം.
(കേരള ഔഷധ സസ്യ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗമാണ് ലേഖിക)
Content Highlights: Ayurveda, Mango Tree, Mango Leaves, Health, Tooth Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..