
Photo: Pixabay
''നാസംവൃത മുഖ: കുര്യാത് ക്ഷുതിഹാസ്യവിജൃംഭണം''
വാ അടച്ചുകൊണ്ടല്ലാതെ തുമ്മുക, ചിരിക്കുക, കോട്ടുവാ ഇടുക ഇവ ചെയ്യരുത്
കൊറോണ വൈറസ് ബാധ ലോകം മുഴുവന്‍ വ്യാപിക്കുന്ന ഈ അടിയന്തിര ആരോഗ്യ സാഹചര്യത്തില്‍ വളരെ പ്രസക്തമായ ഒരു ഭാഗമാണ് ഇത്. ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്ന ഈ കാര്യം ഇപ്പോള്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എപ്പോഴും ശീലിക്കേണ്ടതാണ്.
അന്തരീക്ഷത്തില്‍ നിന്നോ മറ്റൊരാളില്‍ നിന്നോ രോഗാണു നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിരോധവുമായി ആദ്യം എത്തുക ശരീരം തന്നെയാണ്. ശരീരം ആരോഗ്യമുള്ളതാണെങ്കില്‍ രോഗാണുവിന് പ്രവേശനം നിഷേധിക്കപ്പെടുന്നു. ആയതിനാല്‍ കൈ കഴുകുക, വാ പൊത്തി ചുമയ്ക്കുക, മാസ്ക് ഉപയോഗിക്കുക മുതലായ പ്രതിരോധനടപടികളുടെ കൂടെ ശരീരത്തിന്റെ സ്ഥിതിക്കും പ്രാധാന്യം കൊടുക്കണം. ശരീരത്തിന് നല്ല പ്രതിരോധ ശേഷി ഉണ്ടാകണമെങ്കില്‍ നല്ല ആഹാരശീലങ്ങളും ആവശ്യമാണ്.
ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള ഊര്‍ജം ലഭ്യമാകുന്നത് നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ്. ആഹാരം ശരിയായി ദഹിച്ചാല്‍ മാത്രമേ ഈ ഊര്‍ജം ലഭിക്കുകയുള്ളൂ. ദഹനപ്രക്രിയക്കും ഊര്‍ജം ആവശ്യമാണ്. എന്നാല്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കുറച്ച് ഊര്‍ജം മാത്രമേ ചിലവഴിക്കേണ്ടതുള്ളു. ഇങ്ങനെയായാല്‍ പ്രതിരോധത്തിനായി കൂടുതല്‍ ഊര്‍ജം കരുതി വെക്കാന്‍ ശരീരത്തിന് സാധിക്കും.
ഭക്ഷണം ഇങ്ങനെയാവട്ടെ
- എളുപ്പം ദഹിക്കുന്ന കഞ്ഞി പോലുള്ള ഭക്ഷണം ചൂടോടെ കഴിക്കുക.
- മസാലകൂട്ടുകളും അച്ചാറുകളും ഒഴിവാക്കുക. എരിവു രസത്തിനായി ഇഞ്ചി, കുരുമുളക് എന്നിവ ഉപയോഗിക്കാം.
- റെഡി ടു കുക്ക് വിഭവങ്ങള്‍, തൈര്, വറുത്തത്, തണുത്തവ, വീണ്ടും ചൂടാക്കിയവ - ഇവ ഒഴിവാക്കുക.
- പുതിയതും പരിചിതമല്ലാത്ത രുചിക്കൂട്ടുകള്‍ പരീക്ഷിക്കാന്‍ ഇത് ഉചിതമായ സമയമല്ല.
- ചുക്ക്, കുരുമുളക്, തുളസിയില, കൊത്തമല്ലി- ഇവ ലഭ്യത പോലെ വെള്ളം തിളപ്പിച്ച് കുടിക്കാന്‍ ഉപയോഗിക്കാം.
- രാത്രി ഭക്ഷണം കഞ്ഞിയാക്കുന്നതാണ് ഏറെ അഭികാമ്യം.
- ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക.
- സസ്യേതര ഭക്ഷണങ്ങള്‍ തത്ക്കാലം ഒഴിവാക്കുന്നതാണ് ദഹനപ്രക്രിയയുടെയും അതു വഴി ശരീരത്തിന്റെയും ആരോഗ്യത്തിനു സഹായകരം.
- വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
- മദ്യത്തിന്റെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുക.
ഡോ. ശ്രീപാര്‍വതി ആര്.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..