വീടിന്റെ സ്വീകരണമുറിയിലെ ടീപ്പോയിയുടെ താഴെ അടുക്കിവച്ചിരുന്ന സ്കെച്ച് പെന്‍സിലുകളില്‍ വയലറ്റ് നിറം കൊണ്ട് തന്റെയും ഇത്തയുടെയും പെയിന്റിങ് പുസ്തകത്തില്‍ നിറങ്ങള്‍ നല്‍കുകയാണ് അമാന്‍. എം.ഇ.എസ്. ഈസ്റ്റേണ്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അമാനും പ്രിയം നിറങ്ങളും കവിതകളുമാണ്. ഓട്ടിസം ബാധിച്ച് സംസാരിക്കാനാകാതെ, ആശയവിനിമയം അസാധ്യമാകുമ്പോഴും അവന് സ്വന്തം കവിതകളിലൂടെ മനസ്സിനെ തുറന്നുവിട്ടിരിക്കുകയാണ്. പേനയോ പെന്‍സിലോ വഴങ്ങില്ലാത്ത അമാന്‍ തന്റെ ഉപ്പ വാങ്ങിനല്‍കിയ ടാബിലാണ് കവിതകള്‍ എഴുതുന്നത്.
2018 ഏപ്രിലിലാണ് 'അമാന്റെ കവിതകള്‍' പ്രസിദ്ധീകരിച്ചത്. എഴുതിത്തുടങ്ങുന്ന ഒരു കവിക്കും കിട്ടാത്ത അംഗീകാരം ഇതിനകംതന്നെ അമാന്‍ നേടിക്കഴിഞ്ഞു.
ഏലൂക്കര മുപ്പത്തടത്ത് പടുവത്തില്‍ ഷെമീറിന്റെയും നസീറയുടെയും മൂന്നാമത്തെ മകനാണ് മുഹമ്മദ് അമാന്‍. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ കളമശ്ശേരി പത്തടിപ്പാലത്തെ അല്ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ സെന്ററിലെ പഠിതാവാണ്. വീട്ടിലേക്കാള്‍ അധികം അമാന്റെ കവിതയെഴുത്ത് കൂടുതലായി നടക്കുന്നത് സ്കൂളിലാണെന്ന് അമാന്റെ ഉമ്മി നസീറ പറയുന്നു.
എപ്പോഴും ഉമ്മിയെ ചുറ്റിപ്പറ്റി നടന്ന കൊച്ചുമിടുക്കന് വളരെ പെട്ടെന്നാണ് സ്കൂളിലെ കുട്ടികളും ടീച്ചര്‍മാരുമായി അടുത്തത്. അവനിപ്പോള്‍ വീടും സ്കൂളും ഒരേപോലെ പ്രിയപ്പെട്ടതാണ്. ഒരിടത്ത് അടങ്ങിയിരിക്കുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധ്യമല്ലാത്ത വിധം തീക്ഷ്ണമായിരുന്ന അവന്റെ സ്വഭാവം വളരെ പെട്ടെന്നാണ് മാറിയതെന്ന് മാതാവ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ ബന്ധുവീടുകളിലും വിശേഷങ്ങളിലും ഉമ്മയ്ക്കൊപ്പം കുഞ്ഞ് അമാനും ഒപ്പമുണ്ടാകും.
മുതിര്‍ന്നയാള്‍ പത്രം വായിക്കുന്നതുപോലെ പത്രം പിടിച്ച് കുറേസമയം അതിലേക്ക് നോക്കിയിരിക്കും. ചിത്രകഥകളും മറ്റും നോക്കിയിരിക്കാനും അമാന്‍ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് വാചകങ്ങള്‍ പ്രിന്റുചെയ്ത കടലാസ് നോക്കിയിരിക്കുകയും ചെയ്യും. അര്‍ഥവത്തായ ആശയങ്ങള്‍ അമാന്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നു... അതും നല്ല ഇംഗ്ലീഷില്‍. മുമ്പ് കണ്ടതോ വായിച്ചതോ ആയ വാക്കുകള്‍ ഓര്‍ത്തുവച്ച് അതേ പാറ്റേണില്‍ ടൈപ്പ് ചെയ്യുകയാണെന്ന് ആദ്യം അധ്യാപകര്‍ കരുതി.
എന്നാല്‍, അമാനിലെ കുഞ്ഞുകവിയെ വളരെ വേഗത്തില്‍ത്തന്നെ അധ്യാപകര്‍ തിരിച്ചറിഞ്ഞു. പിന്നീട് അമാന്റെ ആറുവരി കവിതയും എട്ടുവരി കവിതയും ടാബില്‍ ടൈപ്പ് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.
ഇത് ഓരോന്നായി അധ്യാപിക ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീടാണ് അമാന്റെ കവിതകള്‍ കോര്‍ത്തിണക്കി ഒരു പുസ്തകം ഇറക്കിയത്. 'ഡ്രീംസ്', 'ഓട്ടിസം', 'അല്ഫ', 'മോം', 'റെയിന്‍ബോ', 'റിവര്‍', 'ഗേള്‍', 'ലൈഫ്', 'ഹിയര്‍ മിസ്സ്', 'സ്കൈ' എന്നിവയാണ് അമാന്റെ കവിതകള്‍.
Content Highlight: Autistic Child Aman shameer's love for colours and poems, autism care, autistic children, autistic child Aman shameer, World Autism Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..