Photo: Instagram
വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടാവുമെങ്കിലും അതിനായി മിനക്കെടാന്‍ മടിയുള്ളവരാണ് ഭൂരിഭാഗം പേരും. കൃത്യമായ ഡയറ്റിങ്ങും വര്‍ക്കൗട്ടും ആത്മസമര്‍പ്പണവും ഉണ്ടെങ്കില്‍ വണ്ണം കുറയ്ക്കല്‍ ബാലികേറാമലയല്ലെന്ന് തെളിയിക്കുകയാണ് ആര്യ പെര്‍മാന എന്ന പതിനാലുകാരന്‍. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വണ്ണമുള്ള കുട്ടി എന്നറിയപ്പെട്ടിരുന്ന ആര്യ വെറും നാലുവര്‍ഷം കൊണ്ട് കുറച്ചത് 108 കിലോയാണ്.
ഇന്തോനേഷ്യയില്‍ നിന്നുള്ള ആര്യയുടെ വണ്ണം കുറച്ച കഥയെക്കുറിച്ച് പേഴ്‌സണല്‍ ട്രെയിനറും ബോഡി ബില്‍ഡറുമായ അഡെ റായ് പങ്കുവച്ചതോടെയാണ് ആര്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. 2016ല്‍ ആദ്യമായി ആര്യയെ കണ്ട ദിവസത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് അഡെ റായ് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പങ്കുവെക്കുന്നത്.
2016ല്‍ പത്തുവയസ്സായിരുന്ന ആര്യയുടെ ഭാരം 190 കിലോ ആയിരുന്നു, ഇപ്പോഴാകട്ടെ അത് 82ഉം. ആദ്യമായി കാണുന്ന സമയത്ത് ആര്യക്ക് തനിച്ചു നില്‍ക്കാനോ ഇരിക്കാനോ പോലും ബുദ്ധിമുട്ടായിരുന്നുവെന്ന് പരിശീലകന്‍ ഓര്‍ക്കുന്നു. കായിക മേഖലയോടുള്ള ആര്യയുടെ ഇഷ്ടവും പരിശീലകന്റെ പണി എളുപ്പമാക്കി.
A post shared by Ade Rai (@ade_rai) on
ജനിച്ചു വീഴുമ്പോള്‍ സാധാരണ കുട്ടികളെപ്പോലെ മൂന്നരകിലോ ഭാരമായിരുന്ന ആര്യക്കുണ്ടായിരുന്നത്. കുട്ടിക്കാലത്തൊന്നും പ്രശ്‌നങ്ങളില്ലാതിരുന്നെങ്കിലും എട്ടാംക്ലാസ്സില്‍ എത്തിയതോടെ ആര്യയുടെ ഭക്ഷണശീലങ്ങള്‍ മാറാന്‍ തുടങ്ങി. രണ്ടുവര്‍ഷത്തിനുള്ളില്‍ 69 കിലോയാണ് കൂടിയത്. വൈകാതെ ലോകത്തിലെ ഏറ്റവും വണ്ണം കൂടിയ കുട്ടിയായി ആര്യ മാറി. ഇതോടെ വിഷയത്തിന് രാജ്യാന്തര ശ്രദ്ധ ലഭിച്ചു, ആര്യക്ക് സഹായവുമായി പലരും രംഗത്തെത്തി.
വ്യായാമവും കൃത്യമായ ഡയറ്റിങ്ങും ഉണ്ടെങ്കിലും ആര്യയുടെ വയറിന്റെ വണ്ണം കുറയ്ക്കാന്‍ ദഹനപ്രക്രിയയില്‍ മാറ്റം വരുത്തി വിശപ്പിന്റെ തോത് കുറയ്ക്കുന്ന ബാരിയാട്രിക് സര്‍ജറിയും ചെയ്തിരുന്നു. ആര്യയുടെ കൈകളിലേയും നെഞ്ചിലേയും വയറിലേയുമൊക്കെ തൂങ്ങിക്കിടക്കുന്ന ചര്‍മം നീക്കിയാല്‍ ഇനിയും വണ്ണം കുറയാനിടയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആര്യ ഇന്ന് പ്രതീക്ഷയുടെ പ്രതീകമാണ്, ആര്യക്ക് വണ്ണം കുറയ്ക്കാമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ എന്നുപറഞ്ഞ് നിരവധി പേരാണ് വരുന്നതെന്ന് അഡെ റായ് പറയുന്നു.
Content Highlights: Arya Permana Weight Loss Journey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..