ന്തിനും ഏതിനും യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്ന മനുഷ്യര്‍ക്ക് പ്രസവിക്കാനുള്ള യന്ത്രം കൂടി കണ്ടുപിടിച്ചാലെന്താ എന്നന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. ജൈവികമായ വരദാനമാണ് പ്രസവവും മാതൃത്വവുമെന്നൊക്കെ പറയുമ്പോഴും ലോകം മാറുമ്പോള്‍ ഇതിലൊക്കെയും മാറ്റങ്ങള്‍ വരേണ്ടതല്ലേ എന്ന മറുചിന്തയും ഉയര്‍ന്നുവരാറുണ്ട്. ആ ചോദ്യത്തിനുള്ള മറുപടിയാണ് കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയം.

എന്താണ് ഈ കൃത്രിമ ഗര്‍ഭപാത്രം എന്നറിയേണ്ടേ? സ്ത്രീശരീരത്തിന് പുറത്ത് സൂക്ഷിക്കാവുന്നതും ഭ്രൂണവളര്‍ച്ചയ്ക്ക് ഉപകരിക്കുന്നതുമായ ഉപകരണം എന്നാണ് ഇതിന് വിക്കിപീഡിയ നല്കുന്ന നിര്‍വചനം. കേള്‍ക്കുമ്പോള്‍ ശുദ്ധഅസംബന്ധം എന്നൊക്കെ തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് ശാസ്ത്രലോകത്തു നിന്ന് പുറത്തുവരുന്ന സൂചനകള്‍.

മാതാപിതാക്കളാകാന്‍ ആഗ്രഹമുണ്ടായിട്ടും ശാരീരീകാവസ്ഥ അതിനനുവദിക്കാത്ത എത്രയോ മനുഷ്യരുണ്ട്. അവര്‍ക്കൊക്കെ ഇത്തരമൊരു ഉപകരണം സഹായകമാവില്ലേ! അമ്മയാകാനുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുന്നതില്‍ മടിയുള്ളതുകൊണ്ട് മാതൃത്വം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന പുതിയ തലമുറ പെണ്‍കുട്ടികള്‍ക്കും ഈ ആശയം സ്വീകാര്യമാവുമെന്നുറപ്പ്. 

അങ്ങനെയുള്ളവര്‍ക്കൊക്കെ സന്തോഷം നല്കുന്നതാണ് 'പാര്‍ ടു റി എന്റ് 'എന്ന പുതിയ ഉപകരണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന തരത്തിലുള്ള കൃത്രിമ ഗര്‍ഭപാത്രം തന്നെയാണിതെന്ന് ഒരര്‍ഥത്തില്‍ പറയാം. ആര്‍ടെസ് പ്രൊഡക്ട് ഡിസൈന്‍ ഏണ്‍ഹെമിലെ വിദ്യാര്‍ഥികളാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഗര്‍ഭപാത്രത്തിനു സമാനമായ ആകൃതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ സുതാര്യമായ മേല്‍പ്പാളിയിലൂടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ ദൈനംദിന വളര്‍ച്ച നിരീക്ഷിക്കാനാകും.

ARTIFICIAL UTERUS

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് അമ്മയുടെ ശബ്ദം കേള്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇതിനും പരിഹാരമുണ്ട് ഈ ഉപകരണത്തില്‍. ഇതുമായി ഘടിപ്പിച്ചിട്ടുള്ള മൈക്രോഫോണിലൂടെ മാതാപിതാക്കള്‍ക്ക് കുഞ്ഞുമായി സംസാരിക്കാം! ആവശ്യമായ പോഷകങ്ങള്‍ കുഞ്ഞിലേക്കെത്തിക്കാനും ഇതില്‍ വഴിയുണ്ട്. കുഞ്ഞിന്റെ ചലനങ്ങള്‍ സ്പര്‍ശനത്തിലൂടെ അറിയാന്‍ കഴിയുന്ന ബട്ടണും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതില്‍ തൊടുമ്പോള്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും.

കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ ഉപകരണത്തിന്റെ മേല്‍പ്പാളി തുറക്കുക, കുഞ്ഞിനെ പുറത്തെടുക്കുക. വളരെ എളുപ്പമായില്ലേ കാര്യങ്ങള്‍!!

ഈ ഉപകരണത്തിന്റെ പ്രായോഗികത എത്രമാത്രമെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയേ കണ്ടെത്താനാകൂ. നിരവധി വിമര്‍ശനങ്ങള്‍ക്കും ഈ കണ്ടുപിടിത്തം വഴിവയ്ക്കുമെന്നുറപ്പ്. ബാക്കിയൊക്കെ കാത്തിരുന്ന് കാണാം!