Photo: AP
കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ഏറ്റവും ആവേശം കാണിച്ച രാജ്യമാണ് ഇസ്രയേല്‍. 2020 ഡിസംബര്‍ 20-ന് ആരംഭിച്ച വാക്സിനേഷന്‍ പരിപാടിയിലൂടെ മൂന്നുമാസംകൊണ്ടുതന്നെ ജനസംഖ്യയില്‍ പകുതിയിലധികം ആളുകളിലേക്കും രണ്ടു ഡോസ് വാക്സിനെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഏപ്രിലായപ്പോഴേക്കും ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തില്‍ ആശാവഹമായ കുറവുണ്ടായി. രോഗാതുരത ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇസ്രയേലി ആരോഗ്യമന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഹെസി ലെവി കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനമിറക്കി. ഏപ്രില്‍ 18 മുതല്‍ പൊതു ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമല്ലെന്നതായിരുന്നു പ്രധാനപ്പെട്ട പ്രഖ്യാപനം. ഇസ്രയേലില്‍ മാത്രം ബാധകമായ തീരുമാനമായിരുന്നു എങ്കിലും ലോകംമുഴുവനുള്ള ആളുകള്‍ക്കും അതുകേട്ടപ്പോള്‍ ആശ്വാസം തോന്നി. കാരണം നിത്യജീവിതത്തില്‍ മാസ്‌കിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് അപ്പോഴേക്കും ഒരുവര്‍ഷം പിന്നിട്ടിരുന്നു.
ഇസ്രയേലിന് പക്ഷേ, അധികനാളൊന്നും ആശ്വാസമുണ്ടായില്ല. ജൂലായ്യോടുകൂടി കോവിഡ് ഗ്രാഫില്‍ വീണ്ടും അപകടത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. സെപ്റ്റംബറായപ്പോഴേക്കും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അപ്പോഴും വാക്സിനേഷന്‍ നിരക്കില്‍ ഇസ്രയേല്‍ വളരെ മുന്നിലായിരുന്നു. എന്നിട്ടും കോവിഡ് കേസുകള്‍ കൂടിയതോടെ ആരോഗ്യമന്ത്രാലയം ബൂസ്റ്റര്‍ ഡോസിനെപ്പറ്റി ആലോചിച്ചുതുടങ്ങി. രണ്ടു ഡോസ് എടുത്തവരില്‍ പോലും വാക്സിന്‍ പ്രതിരോധം ആറുമാസമാകുമ്പോഴേക്കും കുറയുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ സംശയിച്ചു.
വാക്സിന്‍ പ്രതിരോധത്തെക്കുറിച്ച് തിടുക്കപ്പെട്ട് എന്തെങ്കിലും അഭിപ്രായം പറയുന്നതിനോട് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രവിദഗ്ധര്‍ വിയോജിച്ചു. വാക്സിന്‍ പ്രതിരോധം എത്രനാള്‍ ഉണ്ടാകുമെന്നറിയാന്‍ കൂടുതല്‍ കാലത്തെ നിരീക്ഷണവും പഠനവും ആവശ്യമാണെന്നായിരുന്നു അവരുടെ വാദം. മാത്രമല്ല, ലോകത്ത് പല രാജ്യങ്ങളിലും ഒന്നാം ഡോസ് വാക്സിന്‍ പോലും ആവശ്യത്തിനെത്താത്ത സമയത്ത് ഒരു രാജ്യം മൂന്നാം ഡോസ് വാക്സിനുവേണ്ടി വാദിക്കുന്നത് സ്വാര്‍ഥതയാണെന്നും അതില്‍ ധാര്‍മികപ്രശ്നമുണ്ടെന്നും ആരോപണമുണ്ടായി.
വാക്സിന്റെ പ്രശ്നമല്ലെങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് കേസുകള്‍ ഇങ്ങനെ കൂടിയത്? കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ ഇസ്രയേല്‍ ഭരണകൂടം കാണിച്ച അമിത ആത്മവിശ്വാസമാണ് കുഴപ്പമായതെന്ന് പൊതുജനാരോഗ്യവിദഗ്ധര്‍ പറയുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി. ആളുകള്‍ കോവിഡ് സാഹചര്യം മറന്ന് പെരുമാറാന്‍ തുടങ്ങിയതോടെ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ നിയന്ത്രണാതീതമായി. വാസ്തവത്തില്‍ വാക്സിനെടുത്തതുകൊണ്ടാണ് രോഗതീവ്രതയും മരണങ്ങളും കുറയ്ക്കാനായതെന്നുവേണം മനസ്സിലാക്കാന്‍.
ഈ അനുഭവങ്ങളില്‍നിന്ന് കുറെയുണ്ട് നമുക്കും പഠിക്കാന്‍. വാക്സിന്‍ രണ്ടു ഡോസ് എടുത്താലും കോവിഡിനെതിരായ ജാഗ്രത തുടര്‍ന്നേ പറ്റൂ. തെറ്റായ സുരക്ഷിതത്വബോധം വലിയ അപകടത്തിലേക്കു ചാടിക്കും. കേരളത്തില്‍ ഒന്നാം ഡോസ് വാക്സിനെടുത്തവരുടെ എണ്ണം 90 ശതമാനം പിന്നിട്ടുവെന്നത് നേട്ടംതന്നെയാണ്. എന്നാല്‍, അതിനര്‍ഥം കോവിഡ്കാലം കഴിയുന്നുവെന്നല്ല, പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് നാം കടക്കുന്നുവെന്നു മാത്രമാണ്.
കരുതിയിരിക്കണം ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍
കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലുള്ളത് വൈറസിന്റെ ഡെല്‍റ്റാ വകഭേദമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്സിനുകളാകട്ടെ, വൈറസിന്റെ ആദ്യ ജനിതകഘടനകളെ അടിസ്ഥാനമാക്കി നിര്‍മിച്ചതും. അതുകൊണ്ട് ഡെല്‍റ്റാ വൈറസിന് നിലവിലുള്ള വാക്സിനെ ഭാഗികമായെങ്കിലും അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നാണ് അനുമാനം. ഈ സാഹചര്യത്തില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ എന്ന അപകടത്തെ നാം വളരെയധികം കരുതിയിരിക്കണം. രണ്ടു ഡോസ് വാക്സിനും എടുത്തതിന് 14 ദിവസത്തിനുശേഷം രോഗം ബാധിക്കുന്നതിനെയാണ് ശാസ്ത്രീയമായി ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ എന്ന് നിര്‍വചിച്ചിട്ടുള്ളത്. കേരളത്തിലെ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്റെ കണക്കെടുക്കുകയാണെങ്കില്‍ അതില്‍ 80 ശതമാനത്തിനു മുകളില്‍ കാരണമായിട്ടുള്ളത് ഡെല്‍റ്റാ വൈറസാണ്.
സംസ്ഥാനത്ത് ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ കൂടുതലാണെന്ന ആശങ്ക വാക്സിനേഷന്റെ തുടക്കകാലത്തുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ആരോഗ്യവിദഗ്ധര്‍ ഇത് തള്ളുന്നു. ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ സ്വാഭാവികമാണെന്നും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ വിശദീകരണം. വാക്സിന്‍ സ്വീകരിച്ചതിനുശേഷവും രോഗമുണ്ടായവരില്‍ കൂടുതലും രോഗികളുമായി നിരന്തരസമ്പര്‍ക്കം വേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക ഇടപെടലുകള്‍ കൂടുതലുള്ള വിഭാഗക്കാരുമാണ്. എന്നാല്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ കൃത്യമായി കണ്ടെത്താനും റിപ്പോര്‍ട്ടുചെയ്യാനും കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. ബ്രേക് ത്രൂ ഇന്‍ഫെക്ഷനെ ചെറുക്കുന്നതില്‍ ഏറ്റവും പ്രധാനം പഴുതടച്ച നിരീക്ഷണംതന്നെയാണ്, അതോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതും.
ഇസ്രയേല്‍, യു.കെ., മാള്‍ട്ട, ഐസ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളനുസരിച്ച് ബ്രേക് ത്രൂ ഇന്‍ഫെക്ഷനുണ്ടാകുന്നവരില്‍ രോഗം മൂര്‍ച്ഛിക്കുന്നത് വളരെ അപൂര്‍വമാണെന്ന് കണ്ടെത്തി. ഇവിടെ രോഗികളുടെ എണ്ണം കൂടിയെങ്കിലും ആശുപത്രിച്ചികിത്സ വേണ്ടിവന്നവരുടെയും മരിച്ചവരുടെയും എണ്ണം ആനുപാതികമായി കൂടിയില്ലെന്നത് ആശ്വാസമാണ്. കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ.
മാസ്‌ക്, ശാരീരിക അകലം, സാനിറ്റൈസേഷന്‍ എന്നിവ സോഷ്യല്‍ വാക്സിന്‍ എന്നാണറിയപ്പെടുന്നത്. കോവിഡിനെതിരായി ഇവ മൂന്നിനെക്കാളും ശക്തമായ പ്രതിരോധം ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയായാലും കുറെ നാളത്തേക്കെങ്കിലും മാസ്‌ക് ധരിക്കലും ശാരീരിക അകലം പാലിക്കലും സാനിറ്റൈസേഷനും തുടരേണ്ടിവരുമെന്നതാണ് ഇസ്രയേലും യു.കെ.യുമൊക്കെ തരുന്ന സൂചന.
ഓര്‍ക്കുക, വാക്സിന്‍ രോഗത്തില്‍നിന്ന് പൂര്‍ണസുരക്ഷ നല്‍കുന്നില്ല. രോഗതീവ്രതയില്‍നിന്നും മരണത്തില്‍നിന്നും അത് രക്ഷിച്ചേക്കാം. അപ്പോഴും പ്രായാധിക്യമുള്ളവരും നേരത്തേതന്നെ ഏതെങ്കിലുംതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പ്രതിരോധശേഷി കുറഞ്ഞവരില്‍ ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ സങ്കീര്‍ണതകളുണ്ടാക്കിയേക്കാം.
വാക്സിന്‍ നിരസിക്കരുത്
കേരളത്തില്‍ 18 വയസ്സുകഴിഞ്ഞവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്സിന് അര്‍ഹരായ 60 വയസ്സുകഴിഞ്ഞവരില്‍ ചെറിയൊരു ശതമാനം ആളുകള്‍ ഇപ്പോഴും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 'ഇത്രയും പ്രായമായില്ലേ, ഇനിയെന്തിന് വാക്സിന്‍' എന്നാണ് പലരും ചിന്തിക്കുന്നത്. 'വാക്സിനെടുത്താല്‍ പനിയും മറ്റും ഉണ്ടാകും. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വേണ്ട' എന്ന് കരുതി മാറി നില്‍ക്കുന്നവരുമുണ്ട്. വാക്സിനോടുള്ള പേടി, തെറ്റിദ്ധാരണ, പരസഹായമില്ലാതെ വാക്സിന്‍ സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി പലകാരണങ്ങള്‍കൊണ്ടാണ് 60 വയസ്സ് കഴിഞ്ഞവരുടെ വാക്സിനേഷന്‍ ഇനിയും ബാക്കിയാകുന്നത്. ഈ അപാകം എത്രയും വേഗം പരിഹരിക്കേണ്ടതാണ്. കാരണം 99 ശതമാനം പേര്‍ വാക്സിന്‍ എടുത്തു എന്ന് പറഞ്ഞാലും ബാക്കിയുള്ള ഒരു ശതമാനം മതിയാകും സ്ഥിതി വീണ്ടും വഷളാക്കാന്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവന്‍ സുരക്ഷയുടെ കാര്യമാണിത്. വാക്സിന്‍ അവകാശവും ഉത്തരവാദിത്വവുമാണ്.
ബൂസ്റ്റര്‍ ഡോസ് വേണോ?
ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം. ബ്രേക് ത്രൂ ഇന്‍ഫെക്ഷന് ശേഷിയുള്ള ഒരു പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ രോഗം തീവ്രമാകാതെ എങ്ങനെ നോക്കാം എന്നതാണ് പ്രധാനപ്പെട്ടകാര്യം. അക്കാര്യത്തില്‍ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
'രണ്ടുതരത്തിലുള്ള രോഗപ്രതിരോധമാണുള്ളത്. ഒന്ന് ആന്റിബോഡി വഴിയുള്ള പ്രതിരോധം. രണ്ടാമത്തേത് കോശങ്ങള്‍ നല്‍കുന്ന രോഗപ്രതിരോധം. ആന്റിബോഡി പ്രതിരോധം മാത്രമേ നമുക്ക് അളക്കാന്‍ പറ്റൂ. വാക്സിനെടുത്ത് ആറുമാസം കഴിയുമ്പോള്‍ ആന്റിബോഡി കുറയുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതേ സമയം കോശങ്ങള്‍ നല്‍കുന്ന പ്രതിരോധം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. അതിനെ നമുക്ക് അളക്കാന്‍ പറ്റില്ല. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിമാത്രമേ ബൂസ്റ്റര്‍ ഡോസ് വേണോ എന്ന് പറയാനാകൂ.' - പൊതുജനാരോഗ്യ വിദഗ്ധയായ ഡോ. നവ്യ തൈക്കാട്ടില്‍ പറയുന്നു.
കേരള സര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ കൂടിയായ ആരോഗ്യ വിദഗ്ധന്‍ ഡോ. ബി. ഇക്ബാലിന്റെ അഭിപ്രായത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാവുകയാണെങ്കില്‍ അത് ഡെല്‍റ്റാ വൈറസിനെ പ്രതിരോധിക്കാന്‍ വേണ്ടിയായിരിക്കും. 'ഒരു തവണ വാക്സിന്‍ കണ്ടെത്തിയാല്‍ അത് വൈറസിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉദാഹരണത്തിന് ഫ്ളു വാക്സിന്‍. ഓരോ വര്‍ഷവും പുതിയ വാക്സിനാണ് ഫ്ളുവിനെതിരായി നല്‍കുന്നത്'- ഡോ. ഇക്ബാല്‍ അഭിപ്രായപ്പെടുന്നു.
നിരീക്ഷണത്തില്‍ വീഴ്ചയരുത്
കോവിഡ് ഒന്നാം തരംഗത്തെ വരിഞ്ഞുകെട്ടാനും ലോകത്തിന്റെ പ്രശംസ നേടാനും കേരളത്തിന് സാധ്യമായത് ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെ കാര്യക്ഷമതകൊണ്ടാണെന്നതില്‍ സംശയമില്ല. രോഗസാധ്യതയുള്ളവരെ നിരീക്ഷിക്കുന്നതിലും ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിലും രോഗം വന്നവരെ പരിപാലിക്കുന്നതിലും കൃത്യത പുലര്‍ത്തി. തീര്‍ച്ചയായും ഇതിന് നന്ദി പറയേണ്ടത് പലതട്ടിലായി അക്ഷീണം പരിശ്രമിച്ച ആരോഗ്യപ്രവര്‍ത്തകരോട് തന്നെ.
രോഗശുശ്രൂഷ ഉറപ്പാക്കുന്നതിലും മരണം നിയന്ത്രിക്കുന്നതിലും കേരളം ഒരുഘട്ടത്തിലും പിന്നോട്ട് പോയിട്ടില്ല. എന്നാല്‍ നിരീക്ഷണത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന ആവശ്യമാണ്. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, വ്യക്തിപരമായും.
കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തിലേറെയായി. ഈ ദുരിതം അവസാനിക്കുമെന്ന് കരുതിയ സമയപരിധികളൊക്കെ പിന്നിട്ടു. ഇത്തരം സാഹചര്യത്തില്‍ തളര്‍ച്ചയും നിസ്സംഗതയും സ്വാഭാവികമാണ്. കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. മാത്രമല്ല, അനുബന്ധ ജോലികളില്‍ അവരെ സഹായിച്ചിരുന്ന മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്വന്തം ജോലികളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനിടയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നേതൃമാറ്റമുണ്ടായതും നിരീക്ഷണസംവിധാനത്തിന്റെ തുടര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. വാക്സിനേഷന്‍ ആരംഭിച്ചതോടെ താഴേത്തട്ടില്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വന്നു. രണ്ടാം തരംഗത്തില്‍ ഹോം ക്വാറന്റൈനില്‍ വീഴ്ചകള്‍ സംഭവിച്ചതും വീടിനുള്ളില്‍ തന്നെ രോഗവ്യാപനം വര്‍ധിച്ചതും ഇതിന്റെ ഫലമാണെന്ന് വേണം കരുതാന്‍. എല്ലാത്തിനുമുപരിയായി തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് കൂടി വന്നതോടെ രണ്ടാം തരംഗത്തിലെ സ്ഥിതി ഒന്നാം തരംഗത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാക്കി.
സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ രൂക്ഷമായ ഈ സാഹചര്യത്തില്‍ എല്ലാം അടച്ചിട്ടുകൊണ്ടുള്ള നിരീക്ഷണവും പ്രതിരോധവും ഇനി സാധ്യമല്ല. രോഗവ്യാപനം തടയാനുള്ള ഉത്തരവാദിത്വം വ്യക്തികള്‍ സ്വയം ഏറ്റെടുക്കുകയാണ് വേണ്ടത്. അനാവശ്യമായി പുറത്തുപോകുന്നതും മറ്റും ഒഴിവാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. ഇതിന് മാതൃകയാകാന്‍ സര്‍ക്കാരിനും രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ക്കും സാധിക്കണം. പ്രായമായവരുടെയും രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരുടെയും കാര്യത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ സ്വയം നീരിക്ഷണത്തിന് വിധേയമാവുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധിക്കുകയും വേണം.
കുട്ടികളുടെ കാര്യത്തില്‍ ആശങ്ക വേണ്ട
സാധാരണ ഭൗതിക സാഹചര്യങ്ങളില്‍ പലതരം രോഗാണുക്കളുമായി സമ്പര്‍ക്കം വരുന്നതുകൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിരോധശേഷിയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി വീട്ടിലിരുന്ന കുട്ടികള്‍ക്ക് ഈ സ്വാഭാവിക പ്രതിരോധശേഷി കുറവായിരിക്കും. ഇതിനെ രോഗപ്രതിരോധ ബാധ്യത(Immunity Debt) എന്നു പറയും. അതുകൊണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുമ്പോള്‍ പലതരത്തിലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ജലദോഷം, ചുമ, പനി എന്നിങ്ങനെ. കൂട്ടത്തില്‍ കോവിഡും. എന്നാല്‍ ഇതില്‍ മാതാപിതാക്കള്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല. കുട്ടികളില്‍ കോവിഡ് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ് മാത്രമല്ല, മാസ്‌ക് ഉപയോഗത്തിലൂടെ തന്നെ ഇതിനെ പ്രതിരോധിക്കാനുമാവും. 12 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷനും ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
- ഡോ. ബി. ഇക്ബാല്‍
കേരള സര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍
ഹൈബ്രിഡ് ഇമ്മ്യൂണിറ്റി
വാക്‌സിന്‍ കൊണ്ടുള്ള പ്രതിരോധം കൂടാതെ രോഗം വന്നതുമൂലമുണ്ടായ സ്വാഭാവിക പ്രതിരോധം എത്രപേര്‍ക്ക് കിട്ടി എന്നതും പ്രധാനമാണ്. ഇവ രണ്ടും ചേരുന്നതാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി. വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് എത്തിയ സമയത്താണ് ഇസ്രയേലില്‍ മൂന്നാം തരംഗം ഉണ്ടായത്. യു.കെയില്‍ അതേസമയം രോഗവ്യാപനം അത്ര രൂക്ഷമായില്ല. ഡെല്‍റ്റ വൈറസ് തന്നെയായിരുന്നു രണ്ടിടത്തും പ്രശ്‌നം. എന്നിട്ടും യു.കെ. പിടിച്ചുനിന്നതിന് കാരണം അവിടെ ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയുള്ളവര്‍ കൂടുതലായിരുന്ന എന്നതാകണം. അതേസമയം, ഇസ്രയേലില്‍ കൂടുതലും വാക്‌സിന്‍ ഇമ്മ്യൂണിറ്റിയായിരുന്നു. രോഗപ്രതിരോധം വളരെ നന്നായി നടന്ന സംസ്ഥാനമാണ് കേരളം. രോഗം വരാത്തവരുടെ എണ്ണം ഇനിയും വലിയ കൂടുതലാണെന്നതിനാല്‍ ഇവിടെയും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി വലിയതോതില്‍ ഉണ്ടാകാനിടയില്ല. ഈ സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കൂ. വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ ഇനിയുമുണ്ട് എന്നത് പ്രധാന വെല്ലുവിളിയാണ്.
-ഡോ. അരവിന്ദ് രഘുകുമാര്‍
ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി
ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
പരിശോധന പ്രധാനം
ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാകണം. ഇപ്പോള്‍ സ്വയം പരിശോധിക്കാവുന്ന കിറ്റുകള്‍ ലഭ്യമാണ്. ഐ.സി.എം.ആര്‍. അംഗീകരിച്ചവയും അല്ലാത്തതുമുണ്ട്. അംഗീകാരമുള്ളവയാണോ എന്ന് ഉറപ്പിക്കാന്‍ നിലവില്‍ സംവിധാനമില്ല എന്നത് പോരായ്മയാണ്. മാത്രമല്ല, സ്വയം പരിശോധിക്കുമ്പോള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാനും സാധ്യതയുണ്ട്. പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തില്‍ കോവിഡ് ഇപ്പോഴും സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട അസുഖമാണ്(Notifiable Disease). ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകരുത്. വ്യക്തികള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കണം.
- ഡോ. നവ്യ തൈക്കാട്ടില്‍
പൊതുജനാരോഗ്യ വിദഗ്ധ
തയ്യാറാക്കിയത്: എസ്.രാംകുമാര്‍
Content Highlights: Are you safe if you take both doses of vaccine? What is breakthrough infection?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..