വൈറസ് വകഭേദങ്ങൾ നിയന്ത്രണാതീതമോ?


ഡോ. മോഹനൻ വലിയവീട്ടിൽ

3 min read
Read later
Print
Share

ഇന്ത്യയിൽ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായി B.1.1.7, B.1.351, P.1 എന്നീ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Representative Image| Photo: GettyImages

കോവിഡ് വൈറസിന് കോശത്തിനുള്ളിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത് അവയുടെ പുറത്തെ ആവരണത്തിലുള്ള സ്പൈക് പ്രോട്ടീനുകൾ കോശത്തിലെ ACE2 റിസെപ്റ്റർ പ്രോട്ടീനുകളുമായി ബന്ധപ്പെടുന്നതുവഴിയാണ്. അതിനാൽത്തന്നെ സ്പൈക് പ്രോട്ടീനുകളിൽ ദ്രുതഗതിയിൽ നടക്കുന്ന വ്യതിയാനങ്ങൾ വൈറസ് വ്യാപനവും പകർച്ചനിരക്കും പ്രതിരോധശേഷിയെ അതിജീവിക്കാനുള്ള കഴിവും നിർണയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിവിധ രാജ്യങ്ങളിൽ ജനിതകമാറ്റം സ്ഥിരീകരിച്ച കോവിഡ് വൈറസ് വകഭേദങ്ങളെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത് സ്പൈക് പ്രോട്ടീനുകളിൽ നടന്ന നിർണായകമായ മ്യൂട്ടേഷനുകൾ അല്ലെങ്കിൽ വ്യതിയാനങ്ങളാണ് ഇന്നുകാണുന്ന എല്ലാ വകഭേദങ്ങളുടെയും അടിസ്ഥാനകാരണം എന്നതാണ്.

യു.കെ. വകഭേദം ബി.1.1.7
501Y.V1 വേരിയന്റ് 1

ഇംഗ്ലണ്ടിൽ 2020 സെപ്റ്റംബറിൽ അതിവേഗത്തിൽ പടർന്നുകൊണ്ടിരുന്ന കോവിഡ് -19 വൈറസിലാണ് ആദ്യമായി വൈറസ് ദ്രുതഗതിയിൽ വ്യതിയാനം നടത്തുന്നുണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽനിന്നും പിന്നീട് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത ഈ വകഭേദത്തെ യു.കെ. വകഭേദം ബി.1.1.7 (501Y.V1) എന്ന് നാമകരണം ചെയ്തു. ഈ വകഭേദത്തിൽ 23 മ്യൂട്ടേഷനുകൾ നടന്നു എന്നും അവയിൽത്തന്നെ സ്പൈക് പ്രോട്ടീനുകളിൽ ഉണ്ടായ മ്യൂട്ടേഷൻ വൈറസിന്റെ കോശങ്ങളിലേക്കുള്ള പ്രവേശനത്തെ സുഗമമാക്കുകയും കോശങ്ങളെയും അവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് പിന്നീട് തെളിയിച്ചു.

ദക്ഷിണാഫ്രിക്കൻവകഭേദം B.1.351
501Y.V2 വേരിയന്റ് 2

യു.കെ. വൈറസിന് സമാനമാണെങ്കിലും, അവയിൽ കാണുന്ന മ്യൂട്ടേഷനുപുറേമ, ഈ വകഭേദത്തിന് ഒട്ടേറെ മ്യൂട്ടേഷനുകൾ ഉണ്ടായിരുന്നു. മിക്ക മ്യൂട്ടേഷനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീനുകളിൽതന്നെയായതിനാൽ അത് കോശങ്ങളിലേക്കുള്ള ഉയർന്ന വൈറസ് പ്രവേശനത്തിനും പകർച്ചനിരക്കിനും കാരണമായിത്തീർന്നു.

മ്യൂട്ടേഷനുകളിലധികവും സ്പൈക്ക് പ്രോട്ടീനുകളിലെ ആന്റിബോഡിയുമായി പ്രതിപ്രവർത്തിക്കുന്ന ഭാഗത്തു സംഭവിച്ചിരിക്കുന്നതിനാൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾ ഇത്തരം വൈറസുകളിൽ കാര്യക്ഷമമായ ഫലം കാണിച്ചില്ല.

ബ്രസീലിയൻ വകഭേദം P.1
501Y.V3 വേരിയന്റ് 3

യു.കെ., ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കൊപ്പം തന്നെ ബ്രസീലിൽ 2020 ഡിസംബറിലാണ് ബ്രസീലിയൻ വകഭേദമായ P.1 (501Y.V3) തിരിച്ചറിയുന്നത്. അന്ന് ബ്രസീലിൽ രോഗബാധിതരായിരുന്ന ഏകദേശം 52 ശതമാനം പേരിൽ പുതിയ വകഭേദമായ P.1 ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീടത് 85 ശതമാനം പേരിലേക്ക് വ്യാപിക്കുകയും ദക്ഷിണാഫ്രിക്കൻ വൈറസിനെയും യു.കെ. വൈറസിനെയും അപേക്ഷിച്ചു വ്യാപനശേഷിയും പ്രതിരോധശേഷി മറികടക്കാനുള്ള പ്രാപ്തിയും കൂടുതലുള്ള വൈറസ് ആണെന്നു മനസ്സിലാക്കുകയും ചെയ്തു.

ഇന്ത്യൻ വകഭേദം B.1.617
Variant Under Investigation

ഇന്ത്യയിൽ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായി B.1.1.7, B.1.351, P.1 എന്നീ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും 2020 ഒക്ടോബറിൽ കണ്ടുപിടിച്ച ഇരട്ടവ്യതിയാനം സംഭവിച്ച B.1.617 എന്ന ഒരു പുതിയ ഇന്ത്യൻ വകഭേദമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് നിഗമനം. E484Q, L452R എന്നീ രണ്ടു മ്യൂട്ടേഷനുകൾ ഒത്തുചേർന്ന വർധിതവീര്യത്തോടുകൂടിയ ഈ വൈറസുകൾക്ക് ഉയർന്ന പകർച്ചനിരക്കും അതുപോലെ സ്വാഭാവികപ്രതിരോധശേഷിയെ അതിജീവിക്കാൻ കഴിവുമുള്ളവയുമായതിനാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതും പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ വകഭേദം (Variant under investigation) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഈ ഇരട്ടവ്യതിയാനം വന്ന വൈറസുകൾ തന്നെയാണോ ഇന്ത്യയിലെ കോവിഡ് രോഗികളുടെ കുത്തനെയുള്ള വർധനയ്ക്കും മരണത്തിനും ഇടയാക്കുന്നതെന്നുള്ളത് ആധികാരികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതേ വൈറസ് തന്നെയാണോ കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും അല്ലെങ്കിൽ കൂടുതൽ വകഭേദങ്ങളുണ്ടോ എന്നും അറിയുന്നതിനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, പ്രാദേശികമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഏതെങ്കിലും പുതിയ വകഭേദം ഇന്ത്യയിലെ ഇപ്പോഴത്തെ അതിതീവ്രവ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്നുള്ളതിന്റെയും വിശദാംശങ്ങൾ അറിയാനിരിക്കുന്നതേയുള്ളു.

നിസ്സാരവത്കരിക്കരുത്

വ്യതിയാനം സംഭവിക്കാത്ത കോവിഡ് വൈറസിനെ അപേക്ഷിച്ച്‌ വ്യതിയാനം വന്ന വകഭേദങ്ങളിലധികവും പതിന്മടങ്ങ്‌ പകർച്ചാനിരക്കുള്ളവയും പ്രതിരോധസംവിധാനത്തെ കബളിപ്പിച്ച്‌ ആരോഗ്യത്തെ കീഴ്‌പ്പെടുത്താൻ പോന്നവയുമാണ്. അതിനാൽത്തന്നെ കുറഞ്ഞ തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽപ്പോലും അവയൊന്നും നിസ്സാരവത്‌രിക്കുകയോ കോവിഡ് ടെസ്റ്റിന് വിധേയരാകാതിരിക്കുകയോ ചെയ്യരുത്. അസാധാരണമായവിധത്തിലുള്ള ക്ഷീണംപോലും ഒരുപക്ഷേ, രോഗിയുടെ ശരീരം കോവിഡ് ബാധമൂലം അപകടകരമായ അവസ്ഥയിലേക്കെത്തിയെന്നതിന്റെ സൂചനയാകാം നൽകുന്നത്. പ്രതിരോധശേഷി മറികടക്കാനുള്ള ശേഷിയുള്ളവയാണെങ്കിലും വാക്സിനേഷൻമൂലം വൈറസ് ബാധയുടെ തീവ്രത ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കും. വാക്സിൻ സ്വീകരിക്കുകയും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുകയും വഴി സ്വയംസുരക്ഷിതരാകുവാനും ഒപ്പം മറ്റുള്ളവരെ സംരക്ഷിക്കുവാനും അതോടൊപ്പം ഈ മഹാമാരിയുടെ അതിവേഗത്തിലുള്ള വ്യാപനത്തെ തടയാനും നിയന്ത്രണത്തിലാക്കാനും കഴിയുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.

വായുവിലൂടെ പടരുമോ?

വൈറസ് ബാധിതരായ രോഗികളുമായി അടുത്തിടപഴകുന്നതുമൂലവും, വൈറസുമായി സമ്പർക്കംവന്ന പ്രതലങ്ങളിൽ സ്പർശിക്കുമ്പോഴും, വായുവിലുള്ള വൈറസ് അടങ്ങിയ ദ്രാവകകണങ്ങളിലൂടെയും വൈറസ് ബാധയേൽക്കാമെന്നാണ് ഇതുവരെയുള്ള തെളിവുകൾ കാണിക്കുന്നത്. കോവിഡ് വൈറസിന്റെ ഈ വ്യാപനരീതിക്കനുസരിച്ച്‌ അവയിൽനിന്ന് രക്ഷനേടുന്നതരത്തിലാണ് കോവിഡ് പ്രോട്ടോകോൾ ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്കുവേണ്ടിമാത്രം പുറത്തുപോവുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ എപ്പോഴും കൈയിൽ കരുതുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് ഈ പ്രോട്ടോകോൾ പ്രകാരം ഇതുവരെ അനുവർത്തിച്ചുവരുന്നത്. പുതിയ പഠനങ്ങൾ കാണിക്കുന്നത് വായുവിൽ വൈറസ് കണങ്ങൾക്ക്‌ മൂന്നുമണിക്കൂർവരെ തങ്ങിനിൽക്കാനാകുമെന്നും അത്രയും സമയത്തിനുള്ളിൽ വൈറസുമായി സമ്പർക്കത്തിൽ വരുന്നവരെ ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നുമാണ്. ഇത്തരം ഒരു സാധ്യത നിലനിൽക്കുന്നതിനാൽ കോവിഡ് രോഗികൾ അധിവസിക്കുന്ന വീടുകളിലോ സ്ഥലങ്ങളിലോ ഉള്ളവരെ സ്ഥിരമായി മാസ്ക് ധരിക്കുവാൻ പ്രേരിപ്പിക്കുന്നത് ഉചിതമായിരിക്കും. എന്നാൽ, വൈറസിന് ബഹുദൂരം സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നുള്ളതിന് വ്യക്തമായ തെളിവുകളില്ല.

(ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ലേഖകൻ)

Content Highlights: Are Covid19 virus variants out of control mutation variants, Health, Covid19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


dementia

3 min

ഓരോ മൂന്നുസെക്കൻഡിലും ഒരാൾവീതം മറവിരോ​ഗിയാകുന്നു; അൾഷിമേഴ്സിനോടു പടപൊരുതുമ്പോൾ

Sep 21, 2023


salt

2 min

ഉപ്പിന്റെ അളവുകൂടിയാൽ രുചിയെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും; ഉപ്പിന്റെ ​ഗുണങ്ങളും ദോഷങ്ങളും

Sep 22, 2023


Most Commented