കോളറ ബാധിച്ച് അവശയായ തന്റെ കുഞ്ഞുപെങ്ങളെയും തോളിലേറ്റി 14 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ നടക്കേണ്ടിവന്നിട്ടുണ്ട് മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ ആ കുട്ടിക്ക്. ആരോഗ്യ മേഖലയില്‍ അന്നുണ്ടായിരുന്ന അവസ്ഥ കണ്ട് ആ ബാലന്‍ മനസ്സില്‍ ഉറപ്പിച്ചു; ഒരു ജോലി നേടുകയാണെങ്കില്‍ അത് ആരോഗ്യമേഖലയില്‍ തന്നെയാവണം, പാവപ്പെട്ടവര്‍ക്ക് താങ്ങായിരിക്കണം തന്റെ ജീവിതമെന്ന്.

വയനാട് തൃശ്ശിലേരിയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടറിലേക്ക് എം.കെ. അപ്പുണ്ണി വളര്‍ന്നത് ആ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തിലാണ്. ഇത് മൂന്ന് പതിറ്റാണ്ടിന് മുമ്പുള്ള കഥ.

പക്ഷേ, ചികിത്സ തേടിയെത്തുന്നവരോട് ഒരു രൂപ പോലും പ്രതിഫലം ചോദിച്ചുവാങ്ങാത്ത ഡോക്ടറാണ് ഇന്ന് അപ്പുണ്ണി. കൊടുത്താല്‍ വാങ്ങും. ഇല്ലെങ്കിലും വിരോധമില്ല. ഫീസ് കൊടുത്തില്ലെന്നു കരുതി പരിശോധനയ്‌ക്കൊന്നും ഒരു കുറവും വരുത്തില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷവും അപ്പുണ്ണി ഡോക്ടര്‍ തുടരുന്ന സപര്യയാണിത്.

നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടര്‍

പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് പൂവ്വാട്ടുപറമ്പില്‍ സ്ഥിരതാമസമാക്കിയ നാള്‍മുതല്‍ അപ്പുണ്ണി നാട്ടുകാരുടെ പ്രിയങ്കരനാണ്. രണ്ട് രൂപ ഫീസായി നല്‍കിയിരുന്ന കാലം തൊട്ട് ഡോക്ടറെത്തന്നെ ആശ്രയിക്കുന്നവരുണ്ട്. അസുഖമേതായാലും രോഗികള്‍ക്ക് പ്രിയം അപ്പുണ്ണി ഡോക്ടറുടെ ചികിത്സയാണ്. കൈപ്പുണ്യമുള്ള ഡോക്ടറെന്നാണ് നാട്ടുകാര്‍ ഇദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. കീശയിലെ പണത്തിന്റെ കനം നോക്കാതെ രോഗികളുടെ പ്രയാസം മാത്രം നോക്കി ചികിത്സിച്ച് ഭേദമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അപ്പുണ്ണി പറയുന്നു.

എത്ര പഴകിയ മുറിവായാലും പരിശോധിച്ച് തുടച്ചു വൃത്തിയാക്കുന്നതും മരുന്ന് വെച്ചുകെട്ടുന്നതുമെല്ലാം അപ്പുണ്ണി ഡോക്ടര്‍ തന്നെയാണ്. ഇതൊന്നും നഴ്‌സിനെക്കൊണ്ടോ മറ്റാരെക്കൊണ്ടെങ്കിലുമോ ചെയ്യിക്കില്ല. ഡോക്ടര്‍മാര്‍ തന്നെ കണ്ട് മനസ്സിലാക്കി വേണം രോഗികളെ ചികിത്സിച്ച് ഭേദമാക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുറിവുകള്‍ ഉണക്കുന്നതില്‍ അഗ്രഗണ്യനാണ് ഡോക്ടര്‍ എന്ന് രോഗികളും നാട്ടുകാരും ഒരുപോലെ പറയുന്നു.

ഡോക്ടറുടെ പേരില്‍ റോഡ്

ഡോക്ടറുടെ സേവനത്തിന് നാട്ടുകാര്‍ ചേര്‍ന്ന് വലിയൊരു സ്‌നേഹസമ്മാനം നല്‍കി, ഡോക്ടറുടെ പരിശോധനാ കേന്ദ്രത്തിനു സമീപത്തുകൂടി പോകുന്ന റോഡിന് അപ്പുണ്ണി ഡോക്ടര്‍ റോഡ് എന്നു പേരിട്ടു. അന്വേഷിച്ചു വരുന്ന ഏതൊരാള്‍ക്കും വഴിതെറ്റാതെ പരിശോധനാ കേന്ദ്രത്തിലെത്താം.

സാധിക്കുന്നിടത്തോളം കാലം സേവനം തുടരാനാണ് അപ്പുണ്ണി ഡോക്ടര്‍ക്ക് താത്പര്യം. ഒഴിവുസമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ സംബന്ധമായ ക്ലാസുകളെടുക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഹെഡ് നഴ്‌സായി പിരിഞ്ഞ എന്‍. രാധാമണിയാണ് ഭാര്യ. 2010ല്‍ അവര്‍ക്ക് മികച്ച നഴ്‌സിനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അപ്പുണ്ണി ഡോക്ടറുടെ പാത പിന്തുടര്‍ന്ന് മക്കളായ ഡോക്ടര്‍ എം.എ. അനൂപും ഡോക്ടര്‍ എം.എ. അശ്വതിയും ആതുരസേവന രംഗത്തുണ്ട്.

സ്വപ്ന സാക്ഷാത്കാരം

പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്നതുപോലും പ്രയാസമായിരുന്നു. കഠിനമേറിയ ജോലികള്‍ ചെയ്തും ഭൂവുടമയുടെ കീഴില്‍ ജോലിചെയ്തിരുന്ന മാതാപിതാക്കളെ സഹായിച്ചും രാപകലില്ലാതെ അധ്വാനിച്ച് വരുമാനം കണ്ടെത്തിയുമാണ് അപ്പുണ്ണി എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയത്. മികച്ചമാര്‍ക്ക് നേടി തുടര്‍പഠനത്തിനായി കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നു. പ്രീഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ എം.ബി.ബി.എസ്സിന് പ്രവേശനം ലഭിച്ചതോടെ തന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കാനുള്ള എല്ലാവഴിയും അപ്പുണ്ണിക്ക് തുറന്നുകിട്ടി.

1987ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 23ാം ബാച്ചുകാരനായി എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. ആഗ്രഹംപോലെ സ്വന്തം നാടായ വയനാട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ഹോസ്പിറ്റല്‍, കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2015ല്‍ കോഴിക്കോട് അഡീഷണല്‍ ഡി.എം.ഒ. ആയാണ് വിരമിച്ചത്.

Content Highlights: Appunni Doctor Charity