Representative Image| Photo: Canva.com
അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗത്തിന് കടിഞ്ഞാൺ ഇടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐ.സി.എം.ആർ. പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങൾ വന്നാൽപ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നവർ ഏറെയാണ്. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗിക്ക് ഗുണം ചെയ്യില്ലെന്നും മറിച്ച് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നുമാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക് ഉപയോഗത്തിലെ മാർഗനിർദേശങ്ങളും ഐ.സി.എം.ആർ. പുതുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നും അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നും പരിശോധിക്കാം.
ഇരുപതാം നൂറ്റാണ്ടിലെ, ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്ന്, ആന്റിബയോട്ടിക്കുകളാണെന്നത് നിസ്സംശയം പറയാം. മനുഷ്യ നിലനിൽപിന് നിരന്തര ഭീഷണിയായിരുന്ന പ്ളേഗ്, ക്ഷയം, ഡിഫ്ത്തീരിയ, കൊളറ, ന്യുമോണിയ തുടങ്ങിയ അനേകം സൂക്ഷ്മാണുബാധകളെ വരുതിയിൽ കൊണ്ട് വന്നതിൽ ആൻറിബയോട്ടിക്കുകൾ വഹിച്ച പങ്ക് ചെറുതല്ല.
1920കളിൽ ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയെങ്കിലും, അവ വ്യാപകമായി ഉപയോഗത്തിൽ വന്ന് തുടങ്ങുന്നത്, അല്ലെങ്കിൽ 'ആന്റിബയോട്ടിക് വിപ്ലവം' ആരംഭിക്കുന്നത് 1945ലെ ലോകമഹായുദ്ധകാലത്താണ്. യുദ്ധത്തിൽ മുറിവേറ്റ അനേകായിരം സൈനികരെ, മാരകഅണുബാധകളിൽ നിന്ന് കരകയറ്റിയതോടെ, 'അത്ഭുതമരുന്നാ'യി ആന്റിബയോട്ടിക്കുകൾ അംഗീകരിക്കപ്പെട്ടു. തുടർന്നുവന്ന രണ്ട് പതിറ്റാണ്ടുകളാണ്, ആന്റിബയോട്ടിക്കുകളുടെ 'സുവർണകാലം' എന്നു വിളിക്കപ്പെടുന്നത്. 1950-1970 കാലഘട്ടത്തിലാണ് എല്ലാ വിഭാഗം (ക്ളാസ്) ആന്റിബയോറ്റിക്കുകളും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തത്. ഇതിന് ശേഷം, പ്രത്യേകിച്ചും, കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ, മുൻപ് വികസിപ്പിച്ച ആന്റിബയോട്ടിക് 'ക്ളാസ്സുകളിൽ' ഉൾപെട്ടവയുടെ പരിഷ്കരണം എന്നല്ലാതെ, പുതിയ ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ ശാസ്ത്ര ലോകത്തിന് കണ്ടെത്താനായിട്ടില്ല. ഇതിനാലാണ് 'ആന്റിബയോട്ടിക് റെസിസ്റ്റൻസ്' എന്ന പ്രതിഭാസത്തെ ലോകം ഭയ്ക്കുന്നതും, ആവനാഴിയിലെ അവസാന ശരങ്ങൾ സൂക്ഷ്മതയോടെ മനുഷ്യരാശി ഉപയോഗിക്കണമെന്ന അവബോധം നാം ഓരോരുത്തർക്കും ഉണ്ടാകേണ്ടതും.
എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്?
Also Read
ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ, മാറ്റം വരുത്തുകയോ, അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ, അവയെ ഫലശൂന്യമാക്കുന്ന, ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ്, ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.
ആന്റിബയോട്ടിക് റെസിസ്റ്റൻസിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
ഏകദേശം അരക്കോടിയോളം മരണങ്ങളാണ്, 2019 വർഷത്തിൽ, ലോകമാകെ, ആന്റിബയോട്ടിക് റെസിസ്റ്റൻസിനോടാനുബന്ധിച്ചു ഉണ്ടായതായി കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ മരണ നിരക്ക് സബ് സഹാറൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 'ഈ- കൊളൈ' ബാക്ടീരിയ, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലെബിസിയല്ല ന്യുമോണിയെ, സ്ട്രേപ്റ്റോകോക്സ് ന്യുമോണിയെ, അസിനോബാക്റ്റർ ബോമാന്നി, സ്യുഡോമോണസ് ഏറുജിനോസ എന്നീ ആറ് ബാക്ടീരിയകളാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആർജ്ജിച്ചിട്ടുള്ളതു മൂലം, ലോകമെമ്പാടും പ്രധാനമായും മരണങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ലോകാരോഗ്യ സംഘടന, 2015ൽ തന്നെ ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ നേരിടാൻ ആഹ്വാനം ചെയ്യുകയും, ഇതിനായി ആഗോള തല കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പരിണാമത്തിന്റെ സമയരേഖയിൽ, ഏതാനും പതിറ്റാണ്ടുകൾ മാത്രം നീണ്ടു നിൽക്കുന്ന ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തവും, ഉപയോഗവും, തീരെ ചെറിയൊരു കാലഘട്ടമാണ്. എന്നാൽ കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ ഭൂമുഖത്ത് നിലനിന്നു പോരുന്ന വൈവിധ്യമാർന്ന ബാക്ടീരിയകകളുടെ മേൽ, ഏതാനും പതിറ്റാണ്ടുകൾ കൊണ്ട് മനുഷ്യർ ഏൽപ്പിച്ച വലിയ തോതിലുള്ള ആൻറിബയോട്ടിക് പ്രയോഗം, ആ സൂക്ഷ്മാണുക്കളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. ഏതാനും വർഷങ്ങളിൽ, ലക്ഷകണക്കിന് മെട്രിക് ടൺ ആന്റിബയോട്ടിക്കുകളാണ് ലോകത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്. ഈ കനത്ത ആന്റിബയോട്ടിക് പ്രയോഗത്തിലും അതിനെ അതിജീവിക്കാനായി, സ്വയം പരിഷ്കരിക്കാനുള്ള അസാമാന്യകഴിവാണ് ബാക്ടീരിയകൾ പ്രകടിപ്പിച്ചു കാണുന്നത്.
ബാക്ടീരിയകളുടെ ആവരണത്തെയോ, മറ്റു കോശഘടകങ്ങളെയോ, ഇരട്ടിപ്പിനെയോ പ്രതികൂലമായി ബാധിച്ചു കൊണ്ടാണ് ഭൂരിഭാഗം ആൻറിബയോട്ടിക്കുകളും അവയെ നശിപ്പിക്കുന്നത്. ഇതിൽ പല മരുന്നുകളെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ജനിതകഘടകങ്ങളുള്ള ബാക്ടീരിയകളുടെ സഞ്ചയം, പുരാതനകാലം മുതലെ പ്രകൃതിയിൽ തന്നെ ഉണ്ടായിരുന്നിരിക്കണം. അമിതമായി ഉപയോഗിക്കുമ്പോൾ, ആൻറിബയോട്ടിക്കുകൾക്കെതിരെ പ്രകൃത്യാ പ്രതിരോധം ഇല്ലാത്ത ബാക്ടീരിയകൾ നശിച്ചു പോകുകയും പ്രതിരോധജീൻ ഉള്ളവ കൂടുതൽ പെറ്റു പെരുകുകയും (selective pressure) ചെയ്യുന്ന പ്രതിഭാസമാണ് റെസിസ്റ്റൻസിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇതിനുപുറമേ, പുതുതായി വരുന്ന റാൻഡം മ്യൂട്ടേഷൻ (ജനിതകമാറ്റം) ചില ബാക്ടീരിയകൾക്ക് ആർജ്ജിത പ്രതിരോധവും നൽകുന്നു. അമിത ആന്റിബയോട്ടിക് പ്രയോഗത്തിൽ, ഇവയും കൂടുതലായി ഇരട്ടിച്ചു പെരുകുന്നു.
എന്താണ് സൂപ്പർ ബഗുകൾ ?
പലവിധ ജനിതക മാറ്റങ്ങൾ കൊണ്ട് നിലവിലുള്ള ആൻറിബയോട്ടിക് ചികിത്സാരീതികൾ ഫലപ്രദമല്ലാത്തതും, തീവ്ര അണുബാധകൾക്കും ഉയർന്ന മരണനിരക്കിനും കാരണമായേക്കാവുന്ന സൂക്ഷ്മജീവികളെ ആണ് സൂപ്പർബഗുകൾ എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം സൂക്ഷ്മാണുക്കളെ ചികിത്സിക്കാനായി, ലഭ്യമായ ആൻറിബയോട്ടിക്കുകൾക്ക് സാധിക്കാതെ വരുന്നതോടെ, ആന്റിബയോട്ടിക്ക് യുഗത്തിന് മുൻപുള്ള ഒരു രോഗാതുര കാലഘട്ടത്തിലേക്ക് മനുഷ്യരാശി തിരിച്ചു പോകുമോ എന്ന ആശങ്ക ശാസ്ത്ര ലോകത്തിനുണ്ട്.
ആൻറിബയോട്ടിക് റസിസ്റ്റൻസ് ഉരുത്തിരിയുന്നത് എങ്ങനെ തടയാം?
ഒരു സമൂഹത്തിൽ, ആൻറിബയോട്ടിക്ക് ഉപയോഗത്തിന്റെ തോത് കൂടുന്നതിനനുസൃതമായി, റെസിസ്റ്റൻസ് ആവിർഭവിക്കാനുള്ള സാധ്യതയും കൂടും. അതിനാൽതന്നെ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും, പ്രിസ്ക്രൈബ് ചെയ്യുന്നതും പൂർണമായും ഒഴിവാക്കേണ്ടതാണ്. ചികിത്സാകേന്ദ്രങ്ങൾ എല്ലാം തന്നെ ശാസ്ത്രീയവും ഏകീകൃതവുമായ ആൻറിബയോട്ടിക് പോളിസികൾ ഉണ്ടാക്കുകയും, അത് പ്രകാരം മാത്രം, ഡോക്ടർമാർ ചികിത്സ നൽകുകയും ചെയ്യണം. അനാവശ്യമായി ആന്റിബയോട്ടിക് ആവശ്യപ്പെടുകയോ, മരുന്നു കടകളിൽ നിന്ന് വാങ്ങി സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത് എന്ന അവബോധം പൊതുജനങ്ങൾക്കിടയിലും സൃഷ്ടിക്കണം. വൈറൽപനി പോലെയുള്ള വൈറൽ രോഗാണു ബാധകൾക്ക് അനാവശ്യമായി ആന്റിബയോട്ടിക് നിര്‍ദേശിക്കുകയോ, ഉപയോഗിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്യരുതെന്നതും പ്രധാനമാണ്.
ആന്റിബയോട്ടിക്കുകൾ ആവശ്യമായി വരുന്നവർ, ഡോക്ടറുടെ നിർദേശ പ്രകാരമുള്ള, കാലയളവിലേക്ക് കൃത്യമായ അളവിൽ തന്നെ ഇവ കഴിച്ചിരിക്കണം. ഡോസുകൾ മുടക്കുകയോ, കൃത്യമായ കാലയളവിലേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ആൻറിബയോട്ടിക്കിനെതിരെ ശക്തി പ്രാപിക്കാൻ ശേഷിയുള്ള ബാക്ടീരിയകളുടെ വർദ്ധനവിന് കാരണമാകും. ഒരു വ്യക്തിയെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെ ഗ്രസിക്കുന്ന പ്രശ്നമായിത്തീർന്നേക്കാം ഇത്.
ക്ഷയരോഗ ചികിത്സ പോലെ, നീണ്ടു നിൽക്കുന്ന ആന്റിബയോട്ടിക് ചികിത്സ എടുക്കുന്നവർ, ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധ ശേഷി ആർജ്ജിച്ച ക്ഷയ രോഗാണു (drug resistant TB) ആധുനിക വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ആശുപത്രികളിലും, തീവ്ര പരിചരണ വിഭാഗത്തിലുമെല്ലാം അണുബാധാ-പ്രതിരോധത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കാക്കുന്നതിൽ വരുന്ന വീഴ്ച, കാർഷിക വിളകളിലും വളർത്തു മൃഗങ്ങളിലുമുള്ള അശാസ്ത്രീയമായ ആൻറിബയോട്ടിക് ഉപയോഗം എന്നിവ റെസിസ്റ്റൻസ് ആവിർഭവിക്കാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. വിളകളിലും, മൃഗങ്ങളിലും രോഗങ്ങൾ വരാതിരിക്കാനും , വളർച്ച കൂട്ടാനുമായുമുള്ള, അനിയന്ത്രിത ആന്റിബയോട്ടിക് പ്രയോഗം തീർത്തും അപകടകരമാണ് .
ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് ലളിതമായ ഒന്നല്ല. ഇതിന് പലതലത്തിലുള്ള കൂട്ടായ ശ്രമങ്ങളും ഇടപെടലുകളും അത്യാവശ്യമാണ് സൂക്ഷ്മാണു ശാസ്ത്രജ്ഞർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, ആരോഗ്യവിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, നയരൂപകർ, നിയമനിർമ്മാണകർ എന്നിവരുടെയും, കൃഷി, മൃഗ ചികിത്സാ, ഫാർമസ്യുട്ടിക്കൽ, എന്നീ രംഗത്തുള്ളവരുടെയും, പൊതുജനങ്ങളുടെയും ബോധപൂർവമായ ശ്രമങ്ങൾ ഇതിന് ആവശ്യമാണ്. ഇതിനൊക്കെ പുറമേ ഉറച്ച രാഷ്ട്രീയേച്ഛയും അനിവാര്യമാണ്.
ഇത് വരെ കണ്ടെത്തിയിട്ടുള്ള ആന്റിബയോട്ടിക് വിഭാഗങ്ങൾ പലതും പരിമിതമായ പാരിസ്ഥിതികസ്രോതസുകളിൽ നിന്നും വേർതിരിച്ചെടുത്തവയാണ്, പ്രധാനമായും മണ്ണിൽ ഉള്ള ആക്ടിനോമൈസിസ് എന്ന ബാക്ടീരിയയിൽ നിന്നും. സമുദ്ര വൈവിധ്യങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ നിന്നുള്ള പെപ്റ്റയിഡുകൾ, തുടങ്ങിയ വിവിധ പാരിസ്ഥിതിക സ്രോതസ്സുകളിൽ നിന്നും നൂതന ആന്റിബയോട്ടിക്കുകൾക്കായുള്ള അന്വേഷണം ശാസ്ത്ര ലോകം തുടർന്ന് കൊണ്ടിരിക്കുന്നു.
ഏതൊരു പുതിയ ആൻറിബയോട്ടിക്ക് വ്യാപകമായി ഉപയോഗത്തിൽ വന്നാലും, ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അതിനെതിരെ പ്രതിരോധം ആർജിക്കുന്ന ബാക്ടീരിയകൾ വർദ്ധിച്ചു വരുന്നതാണ് കണ്ടുവരുന്നത്. ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നത് ഈ നൂറ്റാണ്ടിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ നിലവിലുള്ള ആന്റിബയോട്ടിക് ശേഖരത്തെ, പാഴാക്കാതെ, നിധി പോലെ കാത്തു സൂക്ഷിക്കാൻ ഓരോ വ്യക്തിയും ബോധപൂർവ്വം ശ്രമിച്ചാൽ മാത്രമേ, ബാക്ടീരിയകളും മനുഷ്യരും തമ്മിലുള്ള ഈ പന്തയത്തിൽ, എന്നും ഒരു കാതം മുൻപിൽ നിൽക്കാൻ നമ്മുക്ക് സാധിക്കുകയുള്ളൂ.
ലേഖനം തയ്യാറാക്കിയത്: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറായ ഡോ.നവ്യ തൈക്കാട്ടിൽ
Content Highlights: antibiotic resistance what is it and complications
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..