കൊറോണക്കാലം പലതരത്തില്‍ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അനില്‍ വെട്ടിക്കാട്ടിരി എന്ന പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകന്‍ വേദി വിട്ടിറങ്ങി ആശുപത്രിയിലെ അറ്റന്‍ഡര്‍ ആയത്. അരങ്ങിലെ ആടയാഭരണങ്ങള്‍ക്ക് പകരം ഇന്നയാള്‍ അണിയുന്നത് പി.പി.ഇ. കിറ്റാണ്. സദസ്സിലെ കരഘോഷങ്ങള്‍ക്ക് പകരം അയാള്‍ കാണുന്നത് ആകുലതകളോടെയും ആശങ്കകളോടെയും ചുറ്റും നില്‍ക്കുന്ന ആളുകളെയാണ്. അത്രയേറെ ജീവിതത്തിന്റെ ചുവടുവെപ്പുകളെ മാറ്റിമറിച്ചിരിക്കുന്നു കൊറോണക്കാലം.

കുച്ചുപ്പുഡി പെണ്‍വേഷത്തില്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ അപൂര്‍വം നര്‍ത്തകന്‍മാരില്‍ ഒരാളാണ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശി അനില്‍. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നൃത്തം അവതരിപ്പിക്കുകയും നൃത്തനാടകങ്ങള്‍ സംവിധാനം ചെയ്യുകയുമുണ്ടായി. ഇതിനകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അനിലിനെ തേടിയെത്തുകയും ചെയ്തു. കലാരംഗത്തെ കൊറോണക്കാലം എങ്ങിനെയൊക്കെ ബാധിച്ചുവെന്നതിന് അനിലിന്റെ അനുഭവങ്ങള്‍ ഒരു ഉദാഹരണം മാത്രം. നൃത്തവേദി വിട്ട് ആശുപത്രി അറ്റന്‍ഡറായി മാറിയ കഥ അനില്‍ പറയുന്നു:

കൊറോണക്കാലം തുടങ്ങിയത് മുതല്‍ അരങ്ങില്‍ നിന്ന് ഇറങ്ങിയതാണ്. ആദ്യമൊക്കെ ശിഷ്യരില്‍ പലരും സഹായിക്കുമായിരുന്നു. അവരോട് ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും അവര്‍ ചില സഹായങ്ങളൊക്കെ നല്‍കിയിരുന്നു. പക്ഷേ അവര്‍ക്കും പരിധിയുണ്ടല്ലോ. ഉപജീവനം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു തൊഴില്‍ കണ്ടത്തേണ്ടത് അനിവാര്യമായി മാറി. കൊറോണക്കാലം നീണ്ടതോടെ നൃത്തവേദിയിലേക്ക് പെട്ടെന്ന് ഒന്നും തിരിച്ചുവരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പെരിന്തല്‍മണ്ണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി തരപ്പെടുത്തിയത്. ഒരു കലാകാരന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. ഉപജീവനത്തിന് ഒരു തൊഴില്‍ വേണം എന്ന് മനസ്സിലാക്കാന്‍ ഈ അവസരത്തില്‍ സാധിച്ചുവെന്ന് പറയാം.

Anil
അനില്‍
നൃത്തവേദിയില്‍

നൃത്തവും കലാകാരന്മാരെയും അത് ആസ്വദിക്കുന്ന സദസ്സിനെയും ഒക്കെയാണ് എനിക്ക് പരിചിതമായ ചുറ്റുപാട്. എന്നാല്‍ അറ്റന്‍ഡറായി ജോലി ചെയ്തു തുടങ്ങിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ജീവിത ചുറ്റുപാടുകളാണ് കാണാന്‍ കഴിഞ്ഞത്. പലപ്പോഴും വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ എത്തുന്നവര്‍, അപകടത്തില്‍ ചോരവാര്‍ന്ന് എത്തുന്നവര്‍ അങ്ങനെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍. അറ്റന്‍ഡര്‍ ആയപ്പോള്‍ ആദ്യം കൈകാര്യം ചെയ്യേണ്ടിവന്നതും ഒരു ആക്‌സിഡന്റ് കേസായിരുന്നു. ആദ്യ ദിവസങ്ങളില്‍ വലിയ പ്രയാസം തോന്നി. എന്നാല്‍ നേരത്തെ അറ്റന്‍ഡറായി ജോലി ചെയ്തുവന്നിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ധൈര്യം തന്നു. നമ്മുടെ വേണ്ടപ്പെട്ടവരാണ് ഓരോ രോഗിയെന്നും മനസ്സില്‍ വിചാരിച്ച് ആത്മാര്‍ഥതയോടെ ജോലി തുടരാന്‍ അവര്‍ ഉപദേശിച്ചു.

മേക്കപ്പിടുക, സ്റ്റേജില്‍ ഡാന്‍സ് കളിക്കുക എന്നതു മാത്രമായിരുന്നു നേരത്തെയുള്ള എന്റെ ജീവിതം. ആശുപത്രിയിലെ അനുഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍. ജീവിതത്തിന്റെ പല യാഥാര്‍ഥ്യങ്ങളും കണ്‍മുന്നില്‍, അതായിരുന്നു അവസ്ഥ. ഒരു ദിവസം ഒരു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍, അവര്‍ ഏറ്റുവാങ്ങുമ്പോള്‍ സത്യത്തില്‍ ഞാനും കരഞ്ഞുപോയി. ഇവിടെ നാട്യങ്ങളൊന്നുമില്ലല്ലോ. മറയില്ലാത്ത ജീവിതാനുഭവങ്ങള്‍ മാത്രം. ജീവിതം എന്താണെന്ന് പഠിക്കാന്‍ നല്‍കിയ അവസരമായി ഇതിനെ ഞാന്‍ കാണുന്നു. കലാരംഗത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതുപോലെ ആശുപത്രിയില്‍ രോഗികളെയും അവരുടെ കൂടെയുള്ളവരെയും കഴിയും വിധത്തില്‍ സഹായിക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു.
കൊറോണക്കാലത്ത് ഓണ്‍ലൈന്‍ നൃത്തപരിശീലന ക്ലാസ് തുടങ്ങിയിരുന്നു. എന്നാല്‍ അതും പിന്നീട് നിലച്ചുപോയി.

സ്ത്രീവേഷത്തില്‍ കുച്ചിപ്പുഡി അവതരിപ്പിക്കുന്ന അനില്‍

കുച്ചിപ്പുഡി എന്നത് ശാസ്ത്രീയ രീതിയില്‍ പുരുഷന്മാര്‍ സ്ത്രീവേഷത്തില്‍ നൃത്തം അവതരിപ്പിക്കുക എന്നതാണ്. എന്നാല്‍ കേരളത്തില്‍ ഈ ശൈലിയില്‍ നൃത്തം അവതരിപ്പിക്കുന്നത് അനില്‍ മാത്രമാണ്. 

സഹോദരി ഉഷാ ശ്രീനിവാസില്‍ നിന്ന് നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച അനില്‍ പിന്നീട് നിലമ്പൂര്‍ ഇന്ദ്രാണി വിശ്വനാഥ്, ഗീത സുകുമാരന്‍, നിലമ്പൂര്‍ മോഹനന്‍ മാസ്റ്റര്‍, ഗിരീഷ് നടുവത്ത്, കലാമണ്ഡലം ഹുസ്ന ബാനു, ഡോ. വസുന്ധര ദുരൈസാമി, വൈജയന്തി കാശി എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. നൃത്തം കൂടാതെ മധുരൈ ചെല്ലപ്പയ്യരുടെ ശിക്ഷണത്തില്‍ നട്ടുവാങ്കവും, ചെണ്ടയും അഭ്യസിച്ചു. ഇതിനുശേഷമാണ് പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി അനുപമ മോഹന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുഡിയില്‍ തുടര്‍പ്പഠനം ആരംഭിച്ചത്. 18 വര്‍ഷത്തോളമായി കൂച്ചിപ്പുഡിയില്‍ ഇത് തുടരുന്നു. കുച്ചിപ്പുഡി ഗ്രാമം, ചിദംബരം, തഞ്ചാവൂര്‍, കുംഭകോണം, തിരുവുയ്യാര്‍, തിരുപ്പതി എന്നിവിടങ്ങളിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെല്ലാം ഗുരുവിനോടൊപ്പം അനില്‍ വേദി പങ്കിട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150ാം വാര്‍ഷികത്തിലും നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചു. നൃത്തസംവിധാന രംഗത്തും നിറഞ്ഞ സാന്നിധ്യമായ അനിലിന് 2007 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിരവധി ശിഷ്യരുണ്ട്. 

ഭസ്മാസുര വധം, കണ്ണപ്പ ചരിതം, ഭരതായനം, നൃത്തയോല്പതി ധരിദ്രി, സിന്ററല്ല, വൈശാലി തുടങ്ങി ഏഴോളം നൃത്ത നാടകങ്ങള്‍ അനില്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചാനല്‍ പരിപാടികളിലും, സംഗീത ആല്‍ബങ്ങളിലും അനിലില്‍ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. കലാരംഗത്തെ നേട്ടങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങളും അനിലിനെ തേടിയെത്തിയിട്ടുണ്ട്. 

കൊറോണക്കാലം കഴിഞ്ഞ് കലയും സംഗീതവും അരങ്ങും ഉണരുന്ന നാളുകള്‍ക്കായി കാത്തിരിക്കുകയാണ് മലപ്പുറം പാണ്ടിക്കാടുള്ള ഭരതാഞ്ജലി നൃത്ത കലാക്ഷേത്ര ഉടമ കൂടിയായ അനില്‍ ഇപ്പോള്‍.

Content Highlights: Anil Vettikkattiri a Kuchipudi Dancer Choreographer now working as hospital attender due to Covid19, Health, Covid19