തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യസര്‍വേയുടെ കണ്ടെത്തലില്‍ കേരളത്തിന് ആശ്വാസത്തിനൊപ്പം ആശങ്കയും. ശൈശവ മരണനിരക്ക് കുറഞ്ഞെങ്കിലും കുഞ്ഞുങ്ങളില്‍ ഉള്‍പ്പെടെ വിളര്‍ച്ചയും പോഷകാഹാരം കുറയുന്നതിനാലുള്ള വളര്‍ച്ചാമുരടിപ്പും കൂടുന്നുവെന്നാണ് കണ്ടെത്തല്‍.

15-19 പ്രായത്തിലുള്ള പെണ്‍കുട്ടികളിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും 2015-'16-ലെ സര്‍വേയില്‍ കണ്ടെത്തിയതിനെക്കാള്‍ കൂടുതല്‍പേര്‍ക്ക് വിളര്‍ച്ചയുണ്ട്. ആറുമാസംമുതല്‍ 59 മാസംവരെ പ്രായമുള്ള കുട്ടികളില്‍ വിളര്‍ച്ചയുള്ളവര്‍ 35.7 ശതമാനത്തില്‍നിന്ന് 39.4 ശതമാനമായി കൂടി. 15-49 പ്രായമുള്ള ഗര്‍ഭിണികളല്ലാത്തവരില്‍ 34.7-ല്‍നിന്ന് 36.5 ശതമാനമായും ഇതേ പ്രായത്തിലെ ഗര്‍ഭിണികളില്‍ 22.6-ല്‍നിന്ന് 31.4 ശതമാനത്തിലേക്കും വിളര്‍ച്ചയുള്ളവരുടെ എണ്ണംകൂടി. 15-49 പ്രായമുള്ള സ്ത്രീകളില്‍ ഇത് 34.3-ല്‍നിന്ന് 36.3 ശതമാനമായി. പുരുഷന്‍മാരില്‍ 11.8-ല്‍നിന്ന് 17.8 ശതമാനവും.

15-19 പ്രായമുള്ള കൗമാരക്കാരായ പെണ്‍കുട്ടികളില്‍ മാത്രമാണ് വിളര്‍ച്ചയുള്ളവരുടെ എണ്ണം 37.8-ല്‍ നിന്ന് 32.5-ലേക്ക് കുറഞ്ഞത്. എന്നാല്‍, ഈ വിഭാഗത്തിലെ ആണ്‍കുട്ടികളില്‍ വിളര്‍ച്ചയുള്ളവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു -14.3-ല്‍നിന്ന് 27.4 ആയി.

പോഷകാഹാരക്കുറവ് കുട്ടികളുടെ ശാരീരികവളര്‍ച്ചയെ ബാധിക്കുന്നതിന്റെ സൂചകങ്ങളും ഗൗരവകരമാണ്. അഞ്ചുവയസ്സിനുതാഴെയുള്ള പ്രായത്തിനൊത്ത് ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം 19.7-ല്‍ നിന്ന് 23.4 ശതമാനമായി. ഉയരത്തിനൊത്ത് ഭാരമില്ലാത്ത കുട്ടികള്‍ 15.7-ല്‍നിന്ന് 15.8 ആയി. പ്രായത്തിനൊത്ത് ഭാരമില്ലാത്ത കുട്ടികള്‍ 16.1-ല്‍നിന്ന് 19.7 ആയി. അമിതഭാരമുള്ള കുട്ടികള്‍ 3.4-ല്‍നിന്ന് നാലുശതമാനവുമായി.

കേരളംപോലൊരു സംസ്ഥാനത്ത് പോഷകാഹാരക്കുറവുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് പൊതുജനാരോഗ്യവിദഗ്ധനും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമിരറ്റസ് പ്രൊഫസറുമായ ഡോ. വി. രാമന്‍കുട്ടി പറഞ്ഞു.

ദേശീയ കുടുംബാരോഗ്യസര്‍വേയുടെ ആദ്യഘട്ടമായി 2019 ജൂലായ് 20മുതല്‍ ഡിസംബര്‍ രണ്ടുവരെയാണ് കേരളത്തില്‍ സര്‍വേ നടന്നത്.

മുതിര്‍ന്നവരില്‍ പൊണ്ണത്തടിയും കൂടി

15-49 വിഭാഗത്തില്‍ പൊണ്ണത്തടിയുള്ള ആണുങ്ങള്‍ 28.5-ല്‍നിന്ന് 36.4 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. പെണ്ണുങ്ങള്‍ 32.4-ല്‍നിന്ന് 38.1 ശതമാനമായി.

ശിശുമരണനിരക്ക് കുറഞ്ഞത് ഇങ്ങനെ

(2019-2020, 2015-2016 താരതമ്യം)

• നവജാത ശിശുമരണനിരക്ക് -3.4 (4.4)

• ഒരുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് -4.4(5.6)

• അഞ്ചുവയസ്സില്‍താഴെയുള്ള കുട്ടികളുടെ മരണനിരക്ക് -5.2(7.1)

(ആയിരം കുട്ടികളില്‍ എത്രപേര്‍ മരിക്കുന്നുവെന്നതാണ് ശിശുമരണനിരക്ക്)

മദ്യപിക്കുന്ന ആണുങ്ങള്‍ 19.9 ശതമാനം, പെണ്ണുങ്ങള്‍ 0.2 ശതമാനം

കേരളത്തില്‍ 15 വയസ്സിനുമുകളിലുള്ള ആണുങ്ങളില്‍ 19.9 ശതമാനം പേര്‍ മദ്യപിക്കുന്നവരാണെന്ന് സര്‍വേ. മദ്യപിക്കുന്ന പെണ്ണുങ്ങള്‍ വെറും 0.2 ശതമാനമേയുള്ളൂ. രാജ്യമാകെയെടുത്താല്‍ മദ്യപിക്കുന്ന ആണുങ്ങള്‍ 18.8-ഉം പെണ്ണുങ്ങള്‍ 1.3 ശതമാനവുമാണ്.

16.9 ശതമാനം ആണുങ്ങള്‍ പുകവലിക്കുകയോ പുകയിലെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ഈ വിഭാഗത്തില്‍ സ്ത്രീകള്‍ 2.2 ശതമാനം മാത്രം.

Content Highlights: Anemia rises in Kerala-Growth retardation in children