നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തിയ വിദേശിയാണെങ്കിലും ഇപ്പോള്‍ നാട്ടുകാരിയായി മാറിയിരിക്കുകയാണ് ലിച്ചിപ്പഴം. പുറത്ത് ചുവന്ന നിറത്തില്‍ പരുക്കനായി കാണുന്ന തൊലിക്കുള്ളില്‍ ബട്ടര്‍ നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഭക്ഷ്യയോഗ്യമായ ഈ കാമ്പിന് നല്ല മധുരമാണ്. മാംസളമായ കാമ്പിനാല്‍ പൊതിഞ്ഞ നിലയിലാണ് ഇതിന്റെ വിത്ത് കാണപ്പെടുക. റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കടുംബക്കാരിയാണ് ലിച്ചി. 

കേരളത്തിലെ വിരുന്നുകാരിയായ ലിച്ചിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനപ്രക്രിയയെ സുഖപ്പെടുത്താനും ലിച്ചിപ്പഴത്തിന് സാധിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലിച്ചി

വിറ്റാമിന്‍ സിയുടെ കലവറയാണ് ലിച്ചി. നിത്യവും ലിച്ചിപ്പഴം കഴിക്കുന്നതിലൂടെ ശരീത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും. 

lichieദഹനത്തിന് ലിച്ചി

ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചിപ്പഴത്തിന് ദഹനപ്രക്രികയയെ സുഗമമാക്കാന്‍ സാധിക്കും. ഭക്ഷണശീലങ്ങളില്‍ ഒന്നായി ലിച്ചിയെ ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കാം. 

അണുബാധയെ തടയാം ലിച്ചിയിലൂടെ..

വൈറസ് മൂലമുള്ള അണുബാധയെ തടയാന്‍ ലിച്ചിപ്പഴത്തിന് സാധിക്കും. ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. 

രക്തയോട്ടം വര്‍ധിപ്പിക്കും ലിച്ചി

ലിച്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന്  ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കും.  രക്തകോശങ്ങളിലും അവയവങ്ങളിലുമുള്ള ഓക്‌സിജിനേഷന്‍ വര്‍ധിപ്പിക്കാനും ലിച്ചിക്ക് സാധിക്കും. 

രക്തസമ്മര്‍ദ്ദവും ലിച്ചിയും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന ഘടകമായി മാറാന്‍ ലിച്ചിപ്പഴത്തിലെ ഘടകങ്ങള്‍ക്ക് സാധിക്കും. ലിച്ചിയിലെ പൊട്ടാസ്യം, ചെറിയ തോതിലുള്ള സോഡിയം എന്നീ ഘടകങ്ങളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പങ്കുവഹിക്കുന്നത്. രക്തധമനികളിലെ തടസ്സങ്ങളേയും സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കാനും ലിച്ചിയിലെ പൊട്ടാസ്യത്തിന് കഴിയും.

എല്ലുകളുടെ ബലത്തിനും ചര്‍മ്മത്തിനും ലിച്ചി

പ്രായം മുഖത്തും ശരീരത്തിലും വീഴ്ത്തുന്ന ചുളിവുകളേയും പാടുകളേയും മാറ്റാന്‍ ലിച്ചിപ്പഴത്തിന്റെ ഗുണങ്ങള്‍ക്ക് കഴിയും. പ്രായാധിക്യത്തില്‍ ഉണ്ടാവുന്ന മെറ്റാബോളിസത്തെ നിയന്ത്രിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ലിച്ചിക്ക് കഴിയും. 

ലിച്ചിയിലെ മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ഘടകങ്ങള്‍lii എല്ലിനുണ്ടാവുന്ന ബലക്ഷയത്തെ തടയാനാവും. കാല്‍സ്യം എല്ലുകളിലേക്കെത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. 

ലിച്ചി കഴിച്ച് ഭാരം കുറയ്ക്കാം

അമിതഭാരമാണ് മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നം. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ ലിച്ചിക്ക് കഴിയും. ഫൈബര്‍ ധാരാളമുള്ള ലിച്ചി ദഹനത്തെ സുഗമമാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ലിച്ചിയിലെ ജലാംശവും ശരീരഭാരം കുറയ്ക്കുന്നതിന് വഴിയൊരുക്കും.

നെഞ്ചെരിച്ചല്‍ ഒഴിവാക്കാം ലിച്ചിയിലൂടെ

ലിച്ചിയിലെ ധാധുസമ്പത്തിനും ഫൈബറിനും ജലാംശത്തിനും നെഞ്ചെരിച്ചല്‍ വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. സുഗമമായ ദഹനത്തിലൂടെ വയറിനും ശരീരത്തിനും ഉണ്ടാവുന്ന അസ്വസ്ഥകള്‍ ഒഴിവാക്കാനും ലിച്ചിക്ക് സാധിക്കും. 

ഇത്തരം ഗുണങ്ങള്‍ക്കൊപ്പവും ലിച്ചിയില്‍ ധാരാളം പഞ്ചാസാര അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ ലിച്ചിപ്പഴം ഒഴിവാക്കുന്നതാവും ഗുണം ചെയ്യുക. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം മിതമായ അളവില്‍ ലിച്ചി കഴിക്കാം.