കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ രാജ്യങ്ങളുടെ പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് പേരുനല്‍കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് പേരുകള്‍ നല്‍കിയത്. 

ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്. യു.കെ. വകഭേദം എന്ന് അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന് ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്നറിയപ്പെട്ടിരുന്നതിന് ബീറ്റ എന്നും ബ്രസീലിയന്‍ വകഭേദത്തിന് ഗാമ എന്നും ഇന്ത്യന്‍ വകഭേദത്തിന് ഡെല്‍റ്റ എന്നും പേര് നല്‍കി. ഇത്തരം പേരുകള്‍ക്കൊപ്പം ആവശ്യമെങ്കില്‍ ശാസ്ത്രീയനാമങ്ങളും ഉപയോഗിക്കാം. 

വൈറസ് വകഭേദങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാം എന്നതാണ് ഈ പേരിടല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മാത്രമല്ല, ആദ്യം കണ്ടെത്തിയെന്ന കാരണം മൂലം ആ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് ഒഴിവാക്കാനുമാകും. 

ആല്‍ഫ വകഭേദം

ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യസംഘടന ആദ്യമായി പ്രഖ്യാപിച്ചതാണ് യു.കെ. വകഭേദം, കെന്റ് വകഭേദം എന്നെല്ലാം മുന്‍പ് അറിയപ്പെട്ടിരുന്ന ആല്‍ഫ. ഇത് ആദ്യമായി തിരിച്ചറിഞ്ഞത് 2020 സെപ്റ്റംബറില്‍ യു.കെയിലാണ്. ആശങ്കയുണ്ടാക്കുന്ന വകഭേദമായി ആല്‍ഫ എന്ന പേരില്‍ ഡിസംബര്‍ 18 നാണ് ഈ വകഭേദത്തെ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡ് 19 ന്റെ ആദ്യ സ്‌ട്രെയിനുകളേക്കാള്‍ അമ്പത് ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ് ഇവയെന്നാണ് കണക്കാക്കിയിരുന്നത്. ജനുവരിയില്‍ യു.കെയില്‍ ലോക്ഡൗണിന് വഴിയൊരുക്കിയത് ഈ വൈറസ് വകഭേദമാണ്. ബി.1.1.7 എന്നതാണ് ശാസ്ത്രീയനാമം. 

ബീറ്റ വകഭേദം

ബി.1.351 എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദമാണ് ബീറ്റ. ആശങ്കയുയര്‍ത്തുന്നതായി കണ്ടെത്തിയ കോവിഡ് 19ന്റെ ഏറ്റവും പഴയ വകഭേദങ്ങളിലൊന്നാണിത്. 2020 മേയിലാണ് ദക്ഷിണാഫ്രിക്കയില്‍ ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. 2020 ഡിസംബര്‍ 18 ന് ഈ വകഭേദത്തിന് ബീറ്റ എന്ന് പേര് നല്‍കി. യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഭിപ്രായപ്പെടുന്നത് ആല്‍ഫ സ്‌ട്രെയിനിന് വന്ന ചില ജനിതകവ്യതിയാനങ്ങള്‍ ഈ വകഭേദത്തിനും ഉണ്ടായിട്ടുണ്ടെന്നാണ്. 

ഗാമ വകഭേദം

ബ്രസീലിയന്‍ വകഭേദം എന്നും ഇത് അറിയപ്പെടുന്നു. പി.1 എന്നാണ് ശാസ്ത്രീയ നാമം. ആശങ്കപ്പെടേണ്ട വകഭേദങ്ങളില്‍ നാലാമതാണ് ഗാമയുടെ സ്ഥാനം. 2020 നവംബറില്‍ ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂട്ടിയത് ഈ വകഭേദമാണ്. 2021 ജനുവരി 11 നാണ് ഗാമ എന്ന പേര് നല്‍കിയത്. 

ഡെല്‍റ്റ വകഭേദം

ഇപ്പോള്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യ സംഘടന തരംതിരിച്ചിരിക്കുന്നതാണ് ഡെല്‍റ്റ. ലോകത്തെമ്പാടുമുള്ള നാല് വകഭേദങ്ങളില്‍ ഏറ്റവും ശ്രദ്ധപുലര്‍ത്തേണ്ട വകഭേദമാണിത് എന്നാണ് ഇതിനര്‍ഥം. ബി.1.617.2 എന്നതാണ് ഈ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.  2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഈ വകഭേദം കണ്ടെത്തിയത്. തീവ്രവ്യാപനത്തിനും ജനിതകമാറ്റം വരാനും സാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നതാണിത്. പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിയന്ത്രണമാര്‍ഗങ്ങളെയും ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ടാകും. ബ്രിട്ടനില്‍ നേരത്തെ കണ്ടെത്തിയ വകഭേദത്തേക്കാള്‍ 40 ശതമാനത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഇതെന്ന് യു.കെ. അധികൃതര്‍ കണക്കാക്കിയിരിക്കുന്നു. 

എപ്‌സിലോണ്‍ വകഭേദം(Epsilon Variant): ബി.1.427/ബി.1.429 എന്ന് അറിയപ്പെടുന്ന ഈ വകഭേദം 2020 മാര്‍ച്ചില്‍ യു.എസ്.എയിലാണ് കണ്ടെത്തിയത്. 2021 മാര്‍ച്ച് അഞ്ചിനാണ് എപ്‌സിലോണ്‍ എന്ന് പേര് നല്‍കിയത്. 

സെറ്റ വകഭേദം(Zeta Variant): 2020 ഏപ്രിലില്‍ ബ്രസീലിലാണ് ഈ വകഭേദം കണ്ടെത്തിയത്. പി.2 വകഭേദം എന്നതാണ് ശാസ്തീയനാമം. 2021 മാര്‍ച്ച് 17 നാണ് സെറ്റ എന്ന് പേര് നല്‍കിയത്. 

ഈറ്റ വകഭേദം(ETA Variant): ബി.1.525 എന്നാണ് ഇത് അറിയപ്പെടുന്നത്. 2020 ഡിസംബറില്‍ വിവിധ രാജ്യങ്ങളില്‍ ഇത് തിരിച്ചറിഞ്ഞു. 2021 മാര്‍ച്ച് 17 നാണ് ഈറ്റ എന്ന് പേര് നല്‍കിയത്. 

തേറ്റ വകഭേദം(Theta Variant): 2021 ജനുവരിയില്‍ ഫിലിപ്പീന്‍സില്‍ തിരിച്ചറിഞ്ഞ വകഭേദമാണ് തേറ്റ വകഭേദം എന്നറിയപ്പെടുന്ന പി.3 വകഭേദം. 2021 മാര്‍ച്ച് 24 നാണ് തേറ്റ എന്ന് പേര് നല്‍കിയത്. 

അയോട്ട വകഭേദം(IOTA Variant): 2020 നവംബറില്‍ യു.എസ്.എയില്‍ തിരിച്ചറിഞ്ഞ വകഭേദമാണ് ബി.1.526 വകഭേദം. 2021 മാര്‍ച്ച് 24 നാണ് അയോട്ട എന്ന പേര് നല്‍കിയത്. 

കാപ്പ(Kappa Variant): ബി.1.617.1 എന്നാണ് കാപ്പയുടെ ശാസ്ത്രനാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് കണ്ടെത്തിയത്. കാപ്പ എന്ന് നാമകരണം ചെയ്തത് 2021 ഏപ്രില്‍ നാലിനാണ്. 

ലംബ്ഡ(Lambda Variant): സി.37 എന്ന് ശാസ്ത്രീയനാമമുള്ള ലംബ്ഡ 2020 ഓഗസ്റ്റില്‍ പെറുവിലാണ് തിരിച്ചറിഞ്ഞത്. 2021 ജൂണ്‍ 14 ന് ആണ് ലംബ്ഡ എന്ന് നാമകരണം ചെയ്തത്.

Content Highlights:  Alpha, beta, gamma, delta, kappa how to name the corona virus variants, Health, Covid19, Corona Virus