ചൈനയിലും പ്രാചീന ഭാരതത്തിലുമൊക്കെ പല രീതിയിലുള്ള പ്രാചീന ബ്രഷുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ മോഡലിന്റെ കണ്ടുപിടിത്തം വില്യം ആഡിസിന് അവകാശപ്പെട്ടതാണ്. ബ്രഷ് ഉപയോഗത്തെ കുറിച്ച് അറിയാന്‍ ചില കാര്യങ്ങളിതാ..
1.ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും ?
ബ്രിസിലുകളുടെ വ്യാസം അനുസരിച്ച് മൃദുവായതും (soft) ഇടത്തരം (medium) കട്ടി കൂടിയതും (Hard) ലഭ്യമാണ്. നിത്യേനയുള്ള ഉപയോഗത്തിന് ഇത്തരണമാണ് നല്ലത്. പല്ലിന് പുളിപ്പുള്ളവര്‍, മോണരോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞവര്‍, മോണ പിന്‍വാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞു കാണുന്നവര്‍ ഒക്കെ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാന്‍. കൃത്രിമദന്തങ്ങള്‍ വൃത്തിയാക്കാന്‍ ഹാര്‍ഡ് ബ്രഷ് ഉപയോഗിക്കാം.
2.വളയുന്നതും വളയാത്തതും ആയ ബ്രഷ് തമ്മിലേതാണ് നല്ലത് ?
ബ്രഷിന്റെ കഴുത്തു ഭാഗം മുതല്‍ വളയുന്ന ഫ്‌ളെക്‌സിബിള്‍ തരമാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് കടന്ന് അഴുക്ക് പരമാവധി നീക്കം ചെയ്യുന്നത്
3.പവേര്‍ഡ് അഥവാ ബാറ്ററി ഓപ്പറേറ്റഡ് ബ്രഷ് ആര്‍ക്കാണ് വേണ്ടത് ?
കിടപ്പിലായ രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും കൂട്ടിരിപ്പുകാര്‍ ബ്രഷ് ചെയ്യുമ്പോള്‍, കൈക്ക് സ്വാധീനക്കുറവുള്ളവരില്‍, നാഡീ സംബന്ധമായ തകരാറു കാരണം കൈകാല്‍ ചലനങ്ങള്‍ അപാകതയുള്ളവരില്‍ (ഉദാ: പാര്‍ക്കിസണ്‍സ് രോഗികളില്‍)
4.കുട്ടികള്‍ക്ക് ഏത് ബ്രഷാണ് ഉപയോഗിക്കേണ്ടത്?
കുട്ടികള്‍ക്കായി പ്രത്യേകം ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. അതുതന്നെ വേണം ഉപയോഗിക്കാന്‍. രണ്ടു വയസു വരെ അമ്മയുടെ കൈയില്‍ ഘടിപ്പിക്കാവുന്ന വിരല്‍ ബ്രഷുകള്‍ ഉപയോഗിക്കാം. ചവച്ചിട്ടു തുപ്പാവുന്ന തരം ച്യൂയബിള്‍ ബ്രഷുകളും നൂതന രീതികളിലൊന്നാണ്
5. ബ്രഷ് എപ്പോള്‍ മാറ്റണം?
ബ്രിസിലുകളിലെ നാരുകള്‍ പൊങ്ങിത്തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ ആറു മുതല്‍ എട്ടാഴ്ച ഏതാണോ ആദ്യം അപ്പോള്‍ മാറ്റി പുതിയത് വാങ്ങാം
6. എങ്ങനെ ബ്രഷ് ചെയ്യണം?
മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേല്‍ത്താടിയിലെ പല്ലുകള്‍ മുകളില്‍ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകള്‍ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം. കടിക്കുന്ന പ്രതലം വൃത്താകൃതിയില്‍ ബ്രഷ് ചെയ്യണം. മുന്‍നിരപ്പല്ലുകളുടെ ഉള്‍ഭാഗം ബ്രഷ് നെടുകെ വെച്ച് മേല്‍പ്പോട്ടും താഴേയ്ക്കും ബ്രഷ് ചെയ്യണം
7. എത്ര സമയം ബ്രഷ് ചെയ്യണം ?
രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം ബ്രഷ് ചെയ്യണം
8.ബ്രഷില്‍ നിറയെ പേസ്റ്റ് എടുക്കണോ ?
ബ്രഷിന്റെ ബ്രിസിലുകള്‍ക്കുള്ളില്‍ വേണം പേസ്റ്റ് വയ്ക്കാന്‍. അല്ലാതെ മുകള്‍ഭാഗത്തല്ല. ഇത് പ്രതലഘര്‍ഷണം കൂട്ടി കൂടുതല്‍ നന്നായി അഴുക്ക് കളയാന്‍ സഹായിക്കും
9.ബ്രഷ് എങ്ങനെ സൂക്ഷിക്കണം?
ഉപയോഗം കഴിഞ്ഞ് കഴുകി വെള്ളം കുടഞ്ഞ് കഴിഞ്ഞ് ഒരു ഹോള്‍ഡറിലോ കപ്പിലോ നിവര്‍ത്തി നിര്‍ത്തി വയ്ക്കുക.പരന്ന പ്രതലത്തില്‍ വയ്ക്കരുത്, വെള്ളം ഉളളിലിറങ്ങി ആ ഈര്‍പ്പത്തില്‍ അണുക്കള്‍ വളരും. മൂടി വച്ച് അടയ്ക്കരുത് ഇതു ഈര്‍പ്പം കൂടി അണുബാധയുണ്ടാവും. ടോയ്‌ലറ്റില്‍ നിന്നും കഴിവതും ആറടിയെങ്കിലും മാറ്റി വയ്ക്കുക. പല്ലിയും പാറ്റയും ചെറു പ്രാണികളും നക്കാത്ത തരത്തില്‍ ഉയര്‍ന്ന അടച്ചുറപ്പുള്ള ഭാഗത്ത് ഹോള്‍ഡര്‍/ കപ്പ് വച്ച് നെടുകേ നിര്‍ത്തുന്നതാണ് നല്ലത്. എല്ലാ ദിവസവും ഉപയോഗിക്കും മുന്‍പ് ചെറുചൂടുവെള്ളത്തില്‍ ബ്രഷ് കഴുകുന്നതും നല്ലതാണ്. മറ്റൊരാളുടെ ബ്രഷും ഒരിക്കലും ഉപയോഗിക്കരുത്
10.ബ്രഷിംഗ് എപ്പോഴെങ്കിലും വൈകിപ്പിക്കേണ്ട കാര്യമുണ്ടോ ?
പഴച്ചാറുകളോ അമ്ല സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍, സോഡ, നാരങ്ങാവെള്ളം, അച്ചാര്‍ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ബ്രഷ് ചെയ്യരുത്. ഇത് പല്ലില്‍ നിന്നും ധാതുക്ഷയം സംഭവിച്ച് പല്ല് വേഗം ദ്രവിക്കുന്നത്തിന് കാരണമാവും.
Content Highlights: brushing ,Tooth Brush, Dental Care