ബുദ്ധിവികാസപ്രക്രിയ സ്വാഭാവികമായി എല്ലാ കുട്ടികളിലും നടക്കും. ചിലരിലെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടാകാം. ചെറിയ വ്യതിയാനങ്ങള്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ല. എന്നാലും അവ നിസ്സാരമെന്ന് വിലയിരുത്തുന്നതിനുമുമ്പേ ഒരു ഡോക്ടറെ സമീപിക്കുന്നതു നല്ലതാണ്. മാതാപിതാക്കള്‍ എപ്പോഴാണ് ആശങ്കപ്പെടേണ്ടതെന്നറിയാന്‍ അവര്‍ക്ക് സാധാരണ നടക്കുന്ന ബുദ്ധിവികാസ നാഴികക്കല്ലുകളെക്കുറിച്ച് ഒരു ധാരണ അത്യാവശ്യമാണ്.

ബുദ്ധിവികാസ നാഴികക്കല്ലുകള്‍: രണ്ടുമാസം പ്രായമാകുമ്പോള്‍ കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കി ചിരിക്കണം. നാലുമാസമാകുമ്പോള്‍ കഴുത്തുറയ്ക്കണം. എട്ടുമാസമാകുമ്പോള്‍ തന്നെത്താന്‍ എഴുന്നേറ്റിരിക്കാന്‍ സാധിക്കണം. ഒരു വയസ്സാകുമ്പോള്‍ തന്നെത്താന്‍ എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കണം.

കാണാന്‍ സാധിക്കുന്നുണ്ടോ: കണ്ണില്‍ പെട്ടെന്നു പ്രകാശം തട്ടുമ്പോള്‍ നവജാതശിശു കണ്ണടയ്ക്കുന്നു. രണ്ടുമൂന്നു മാസമാകുമ്പോള്‍ പ്രകാശമുള്ള ദിശയിലേക്കുനോക്കി തിരിഞ്ഞുകിടക്കാന്‍ താത്പര്യം കാണിക്കുന്നു. അമ്മ അല്ലെങ്കില്‍ ആരെങ്കിലും കുഞ്ഞിന് കാണുന്ന ദൂരത്തില്‍ നടക്കുകയാണെങ്കില്‍ കണ്ണുകള്‍കൊണ്ട് കുഞ്ഞ് അവരെ പിന്തുടരുന്നു. വര്‍ണപ്പകിട്ടുള്ള കളിപ്പാട്ടങ്ങള്‍ കുഞ്ഞ് നോക്കുകയും പിന്തുടരുകയും ചെയ്യുന്നു. മൂന്നുമാസമാകുമ്പോള്‍ കിലുക്ക് കൈനീട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു.

കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ: നവജാതശിശു ശബ്ദംകേള്‍ക്കുമ്പോള്‍ ഞെട്ടുന്നു. നാലുമാസമാകുമ്പോള്‍ കുഞ്ഞ് ശബ്ദം കേള്‍ക്കുന്ന ദിശയിലേക്ക് നോക്കുന്നു. ആറുമാസമാകുമ്പോള്‍ കുഞ്ഞ് ശബ്ദംകേള്‍ക്കുന്ന ദിശയിലേക്ക് തലതിരിച്ചു നോക്കുന്നു.

സംസാരത്തിന്റെ നാഴികക്കല്ലുകള്‍: രണ്ടുമാസമാകുമ്പോള്‍ കുഞ്ഞ് അ, ആ, ഇ, ഈ, ഉ എന്നീ സ്വരങ്ങളുണ്ടാക്കുന്നു. ആറുമാസമാകുമ്പോള്‍ ദാദാ, ബാബാ എന്നീ ശബ്ദങ്ങള്‍. ഏകദേശം ഒമ്പത് മാസമാകുമ്പോള്‍ ടാറ്റ പറയുന്നു. ഏകദേശം ഇതേസമയംതന്നെ ചൂണ്ടുവിരല്‍ച്ചൂണ്ടി കാര്യങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു.

ചൂണ്ടിക്കാണിക്കുന്നതിന്റെ പ്രാധാന്യം: കുഞ്ഞ് ആശയവിനിമയം നടത്തുന്നതിന്റെ ഒരു നാഴികക്കല്ലാണ് ചൂണ്ടുവിരല്‍ ഉപയോഗിച്ച് ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം പത്തുമാസമാകുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം വെള്ളം, കളിപ്പാട്ടം തുടങ്ങിയവ. ഏകദേശം പതിനഞ്ചുമാസമാകുമ്പോള്‍ കുഞ്ഞ് എന്തെങ്കിലും ആകര്‍ഷകമായ കാര്യം ചൂണ്ടിക്കാണിക്കാന്‍ തുടങ്ങും. ഉദാഹരണം മരത്തിലെ കിളി, ചിത്രശലഭം, പൂവ് തുടങ്ങിയവ.

നമ്മള്‍ എന്തെങ്കിലും ചൂണ്ടിക്കാണിച്ചാലും കുഞ്ഞ് ആ വസ്തുവിലേക്കു നോക്കുന്നു. അതെല്ലാം ആശയവിനിമയത്തിന് അത്യന്തം ആവശ്യമായ കാര്യങ്ങളാണ്. ഏകദേശം ഒന്നൊന്നര വയസ്സാകുമ്പോള്‍ കണ്ണ്, മൂക്ക്, തല തുടങ്ങി ശരീരഭാഗങ്ങള്‍ ചോദിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങും. രണ്ടുവയസ്സാകുമ്പോള്‍ രണ്ടു വാക്കുകള്‍ ചേര്‍ത്ത് വര്‍ത്തമാനം പറയാന്‍ തുടങ്ങുന്നു.

ആശങ്കപ്പെടേണ്ടത് എപ്പോള്‍: ആറുമാസമായിട്ടും കുഞ്ഞ് ചിരിക്കുന്നില്ല, സന്തോഷം പ്രകടിപ്പിക്കുന്നില്ല, ഒമ്പതു മാസമായിട്ടും നമ്മള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളും മുഖഭാവങ്ങളും അനുകരിക്കുന്നില്ല, ഒരുവയസ്സായിട്ടും ശബ്ദും ഉണ്ടാക്കി അലയ്ക്കുന്നില്ല, ഒരുവയസ്സായിട്ടും ചൂണ്ടുവിരല്‍ ഉപയോഗിച്ച് ചൂണ്ടുന്നില്ല, കൈകള്‍ വീശി ടാറ്റ പറയുന്നില്ല. ഒന്നേകാല്‍ വയസ്സായിട്ടും വാക്കുകള്‍ പറയുന്നില്ല. രണ്ടുവയസ്സായിട്ടും രണ്ടുവാക്കുകള്‍ ചേര്‍ത്ത് പറയുന്നില്ല. നേരത്തേ പറഞ്ഞിരുന്ന വാക്കുകള്‍ പറയാതിരിക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ കുഞ്ഞില്‍ ഉണ്ടെങ്കില്‍ ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കണം.

കാല്‍മുട്ടിന് താഴെയുള്ള വളവ്: നവജാതശിശുക്കള്‍ക്ക് കാല്‍മുട്ടിന് താഴെ ഒരു ചെറിയവളവു സാധാരണയായി കാണാറുണ്ട്. ഇത് ഏകദേശം ഒരുവയസ്സായി കുഞ്ഞ് നടന്നുതുടങ്ങുമ്പോഴും നമ്മള്‍ കണ്ടുവരാറുണ്ട്. ഏകദേശം രണ്ടുവയസ്സാകുമ്പോള്‍ ഈ വളവ് ഏകദേശം പൂര്‍ണമായും മാറും. രണ്ടുവയസ്സിനുശേഷവും ഈ വളവു കാണുകയാണെങ്കിലോ രണ്ടുവയസ്സിനുമുമ്പുതന്നെ അമിതമായ വളവു തോന്നിക്കുകയോ ഒരു വശത്തു കൂടുതലായ വളവുകാണുകയോ ചെയ്താല്‍ ശിശുരോഗവിദഗ്ധനെ സമീപിക്കണം.

പല്ലുകളുടെ പാലനം: പല്ലുകള്‍ വരുന്നതിന് മുമ്പുതന്നെ നേര്‍മയുള്ള തുണികൊണ്ട് മോണകള്‍ വൃത്തിയാക്കാം. ഏകദേശം ആറുമാസമാകുമ്പോള്‍ പാല്‍പ്പല്ലുകള്‍ വന്നുതുടങ്ങും. ഏകദേശം രണ്ടുവയസ്സാകുമ്പോള്‍ 20 പാല്‍പ്പല്ലുകള്‍ വന്നിട്ടുണ്ടാകും. പല്ലുകള്‍ പുറത്തുമുളയ്ക്കുമ്പോള്‍ത്തന്നെ അവയെ പരിപാലിച്ചുതുടങ്ങാം. ഫ്‌ലൂറൈഡ് കുറവുള്ള പേസ്റ്റ് ഉപയോഗിച്ച് നമ്മളുടെ വിരലുകളോ ചെറിയ ടൂത്ത് ബ്രഷോ ഉപയോഗിച്ച് വൃത്തിയാക്കാം.

കുഞ്ഞിന്റെ തൂക്കം: ജനിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ശരാശരി രണ്ടരക്കിലോ തൂക്കം വേണം. ഏകദേശം അഞ്ചുമാസമാകുമ്പോള്‍ അതിന്റെ ഇരട്ടിയാകണം. ഒരുവയസ്സാകുമ്പോള്‍ മൂന്നിരട്ടിയും രണ്ടുവയസ്സാകുമ്പോള്‍ നാലിരട്ടിയും ആകേണ്ടതാണ്.

ആഹാരം കൊടുക്കുമ്പോള്‍: ആറുമാസംവരെയും കുഞ്ഞിന് മുലപ്പാല്‍ മാത്രം. ആറുമാസം കഴിഞ്ഞാല്‍ കുഞ്ഞിന് കുറുക്ക് കൊടുത്തുതുടങ്ങാം. കുറുക്ക് ഇഡ്ഡലിമാവിന്റെ കട്ടിയില്‍ പശുവിന്‍പാല്‍ ചേര്‍ക്കാതെ പനങ്കല്‍ക്കണ്ടം ചേര്‍ത്ത് കുറുക്കിക്കൊടുക്കാം. കുറുക്ക് സ്പൂണോ ഗോകര്‍ണമോ ഉപയോഗിച്ച് കൊടുക്കണം. ഒരിക്കലും പാല്‍ കുപ്പിയില്‍ കൊടുക്കരുത്.

ആറുമാസമായാല്‍ കുഞ്ഞിന്റെ കൈയില്‍ ബിസ്‌കറ്റ് തനിയെ പിടിച്ചുകഴിക്കാന്‍ കൊടുക്കാം. പക്ഷേ, ചിപ്സ്, വറ്റല്‍, കപ്പലണ്ടി എന്നീ സാധനങ്ങള്‍ ഒരിക്കലും മുഴുവനെ കൊടുക്കരുത്. കുഞ്ഞിന് അത് ചവച്ച് കഴിക്കാന്‍ സാധിക്കില്ല. ശ്വാസനാളത്തില്‍ കുരുങ്ങാനും സാധ്യതയുണ്ട്. ആറുമാസം കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞക്കരു നന്നായി വേവിച്ചുകൊടുക്കാം. വെള്ളക്കരു, പശുവിന്‍പാല്‍ മുതലായവ ഒരുവയസ്സിനു ശേഷമേ കൊടുക്കാന്‍ പാടുള്ളൂ.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഡെവലപ്മെന്റല്‍ പീഡിയാട്രിക്‌സില്‍ അസി. പ്രൊഫസറാണ് ലേഖിക)

Content Highlights: Kids Care, Parenting, When Do Toddlers Start Talking? personality development in child,