പ്രായമാകുമ്പോൾ മനുഷ്യരുടെ ചെറുകുടലിലുള്ള ബാക്ടീരിയകളില്‍ നിര്‍ണായക മാറ്റമുണ്ടാകുമെന്ന് പഠനം. ഈ മാറ്റം ചികിത്സയ്ക്കുശേഷമോ അല്ലെങ്കില്‍ രോഗം മൂലമോ ഉണ്ടാകുന്ന മാറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് പഠനം വ്യക്തമാക്കുന്നു. യു.എസിലെ സെഡാഴ്‌സ് സിനയ്‌ മെഡിക്കല്‍ സെന്ററാണ് പഠനം നടത്തിയത്. സെല്‍ റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

മനുഷ്യനെ ആരോഗ്യവാനായി നിലനിര്‍ത്തുന്നതില്‍ സുപ്രധാനപങ്കുവഹിക്കുന്നവയാണ് വന്‍കുടലിലെയും ചെറുകുടലിലെയും സൂക്ഷ്മജീവികള്‍. അക്കാരണത്താല്‍ ഈ പഠനം വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഈ സൂക്ഷമജീവികളുള്‍ക്കുണ്ടാകുന്ന മാറ്റം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പൊണ്ണത്തടി, പ്രമേഹം, ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ഈ മാറ്റം വഴിവെക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രായം കൂടുന്നതിനനുസരിച്ചും വിവിധ ചികിത്സകളുടെ ഭാഗമായും രോഗങ്ങള്‍ മൂലവും ചെറുകുടലിലെ ബാക്ടീരിയകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ചെറുകുടലില്‍ നിന്ന് ശേഖരിച്ച ആഹാരാവശിഷ്ടങ്ങള്‍ വിശകലനം ചെയ്താണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 18 വയസ്സുമുതല്‍ 80 വയസ്സുവരെ പ്രായമുള്ളരെയാണ് പഠനവിധേയമാക്കിയത്. 

Content highlights: ageing can influence gut bacteria composition says study