Representative Image | Photo: Gettyimages.in
പ്രസവത്തില്‍ വേദനയുടെ പങ്കെന്താണ്? ഒരു സ്ത്രീ വേദന അനുഭവിച്ചു പ്രസവിക്കുന്നതു കൊണ്ട് അമ്മയ്‌ക്കോ കുഞ്ഞിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ?
ഒരു സുഖപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. പക്ഷേ വേദന അനുഭവിച്ചു പ്രസവിച്ചാല്‍ എന്തെങ്കിലും പ്രത്യേക പ്രയോജനങ്ങള്‍ ഉണ്ടോ - തീര്‍ച്ചയായും ഇല്ല. പില്‍ക്കാലത്ത് പത്തുമാസം ചുമന്ന കണക്കിന്റെ കൂടെ നൊന്തു പ്രസവിച്ചതിന്റെ അവകാശവാദവും കൂടി കൂട്ടാം എന്നു മാത്രം.
പറഞ്ഞു വരുന്നത് ഈ പ്രസവ വേദനയ്ക്ക് ശാരീരികമായി ശാസ്ത്രീയമായി ഒരു പങ്കും പ്രസവ പ്രക്രിയയിലില്ല എന്നാണ്. പിന്നെ എന്തിന് സ്ത്രീകള്‍ അത് അനുഭവിക്കണം? അതും ചെറിയ വേദനയൊന്നുമല്ല അനുഭവിക്കേണ്ടി വരുന്നത്. വേദനയുടെ അളവുകോലില്‍ അതീവ തീവ്രത 10 എന്ന് വെച്ചാല്‍ പ്രസവവേദനയ്ക്ക് 8/10 ഉം കൊടുക്കാം. അതികഠിനമായ വേദനയാണ് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നത് എന്ന് ചുരുക്കം. കാലാകാലങ്ങളായി സ്ത്രീകള്‍ അത് നിസ്സഹായരായി അനുഭവിക്കുന്നതു കൊണ്ട് ആരും പ്രസവവേദനയ്ക്ക് ഒരു 'status' കൊടുത്തില്ല എന്നു മാത്രം. പണ്ട് പ്രസവവേദന ഒരു വാദ വിഷയം ആകാത്തത് പല കാരണങ്ങള്‍ കൊണ്ടാകാം.
Also Read
- അന്ന് സ്ത്രീകളുടെ ജീവിതശൈലി തന്നെ വ്യത്യാസമായിരുന്നു. ശാരീരികമായി കുറച്ചധികം അധ്വാനിച്ചിരുന്നവരാണ് അവര്‍. കാലുകളിലെയും ഇടുപ്പിലേയും ഒക്കെ പേശികള്‍ക്ക് നല്ല അയവ് കിട്ടുന്ന ദൈനംദിന ജോലികള്‍ അവര്‍ ചെയ്തിരുന്നു. അതിനാല്‍ തന്നെ പ്രസവം വേഗത്തില്‍ നടന്നിരുന്നു.
- ഇന്ന് സ്ത്രീകളുടെ ജീവിത രീതിയില്‍ വന്ന മാറ്റം കൊണ്ട് വ്യായാമമില്ലാതാകുന്നു. തല്‍ഫലമായി പേശികള്‍ക്കൊന്നും തന്നെ അയവും കിട്ടുന്നില്ല. പേശികളൊക്കെ ഒരു 'മുറുക്ക'ത്തിലാവും ഇരിക്കുക.
- ഇന്നത്തെ കുട്ടികള്‍ക്ക് പൊതുവേ വേദനിപ്പിക്കുന്ന ഒരു വാക്കോ പ്രവര്‍ത്തിയോ നേരിടാനുള്ള കെല്‍പ്പില്ല. സ്‌കൂളില്‍ അധ്യാപകരുടെ അടുത്ത് നിന്ന് ചുട്ട അടിയും വാങ്ങി 'കമാ'ന്നൊരക്ഷരം മിണ്ടാതെ വീട്ടിലെത്തുന്ന തലമുറ ഇന്നില്ല. സ്‌കൂളില്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു അടി കിട്ടിയാലത്തെ പുകില്‍ ഒന്നാലോചിച്ചു നോക്കാവുന്നതേയുള്ളു.
- പ്രസവവേദന ഒരു കഠിനമായ പ്രതിഭാസമാണെന്നുള്ള ഭയത്തോടു കൂടിയാണ് പ്രസവത്തിന് തയ്യാറെടുക്കുന്നതു തന്നെ. പ്രസവവേദന അനുഭവിച്ചതു കൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളൊന്നുമില്ല എന്നതുകൊണ്ട് ഇതിനൊരു പരിഹാരത്തെപ്പറ്റി ചിന്തിക്കുക തന്നെ വേണം.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയില്‍ നിന്ന് വ്യത്യസ്തരാണ് എന്ന് പറയുന്നതുപോലെയാണ് പ്രസവ വേദനയും. ഒരോ സ്ത്രീകള്‍ക്കും പ്രസവവേദനയുടെ കാഠിന്യം വ്യത്യസ്തമായിരിക്കും. വേദന എന്നൊരു ഘടകത്തിന് പുറമേ ആ വേദനയെക്കുറിച്ചോര്‍ത്തുള്ള ഭയാശങ്കകളും വേദനയുടെ കാഠിന്യം കൂട്ടുന്നു.
പ്രസവം എത്തുന്നതിനു മുമ്പ് തന്നെ പ്രസവവേദനയെപ്പറ്റിയും അത് കുറയ്ക്കാനുള്ള സംവിധാനങ്ങളെപ്പറ്റിയും ഗര്‍ഭിണിയെ പറഞ്ഞു മനസ്സിലാക്കുക തന്നെ വേണം. പല ആശുപത്രികളിലും ഇതിനുവേണ്ടി ക്ലാസുകള്‍ നടത്താറുണ്ട്. അങ്ങനെയുള്ള ക്ലാസുകള്‍ എല്ലാ ആശുപത്രികളിലും നടപ്പിലായാല്‍ ഈ ഭയാശങ്കകള്‍ ദൂരീകരിച്ചിരുന്നതിനുള്ള ഒരു ഫലപ്രദമായ കാല്‍വയ്പ്പായിരിക്കും.
പ്രസവമുറിയില്‍ ബന്ധുക്കളുടെ പരിചരണം ഇല്ലാതെ, ഒറ്റപ്പെട്ടു പോകുമല്ലോ എന്ന ഭീതി പൊതുവേ എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ട്. പരിചയമില്ലാത്ത അന്തരീക്ഷം, പരിചയമില്ലാത്ത മുഖങ്ങള്‍ അതിന്റെ കൂടെ പ്രസവവേദനയും, ഇതൊരു പേടി സ്വപ്നം തന്നെയാണ്. സ്‌നേഹമസൃണമായ പരിചരണം ഇതിനൊരു പരിഹാരമാണ്. ഇന്നത്തെക്കാലത്ത് പൊതുവേ വളരെ തിരക്കുള്ള സര്‍ക്കാരാശുപത്രികളില്‍ പോലും സ്‌നേഹത്തോടെയും കാരുണ്യത്തോടെയും കൂടിയാണ് നഴ്‌സുമാരും ഇതര ജോലിക്കാരും ഗര്‍ഭിണികളെ പരിചരിക്കുന്നത്.
എന്നാല്‍ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായാല്‍ ഗര്‍ഭിണിയ്ക്ക് കുറച്ചധികം ആശ്വാസം കിട്ടും. ഇവിടെ നിന്നാണ് Birth Companion എന്ന ആശയം ഉടലെടുത്തത്. സ്ഥലപരിമിതിയുള്ള പ്രസവമുറികളില്‍ ബന്ധുക്കളില്‍ ഒരാളെ കൂടെ നിര്‍ത്തുന്നതിന് ബുദ്ധിമുട്ടു വരും. എന്നാല്‍പ്പോലും Birth Companion എന്ന ആശയം നടപ്പിലാക്കാന്‍ ആശുപത്രികള്‍ ശ്രമിക്കുന്നുണ്ട്. പ്രസവ വേദനയുടെ കാഠിന്യത്തെ ലഘൂകരിക്കാന്‍ ഇത് വളരെയേറെ സഹായിക്കും. ഈ Birth Companion അമ്മയാകാം, സഹോദരിയാകാം, ഓരോ ഗര്‍ഭിണിയെയും പ്രത്യേക പ്രസവമുറിയോ Isolate ചെയ്യാനുള്ള സൗകര്യമോ ഉണ്ടെങ്കില്‍ ഭര്‍ത്താവിനെയും കൂടെ നിര്‍ത്താം.
വേദന ലഘൂകരിക്കാന്‍ മരുന്നുകള്‍
പ്രസവവേദന പാടെ മാറ്റാന്‍ പറ്റിയില്ലെങ്കിലും ഒരളവു വരെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന Morphine pethidine വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകള്‍ പണ്ടു മുതലേ ലഭ്യമാണ്. ഇഞ്ചക്ഷന്‍ ആയിട്ടോ ഡ്രിപ്പായിട്ടോ ഇവ നല്‍കാവുന്നതാണ്. പക്ഷേ ഈ മരുന്നിന്റെ അളവിന് ഒരു പരിമിതിയുണ്ട്. ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ഈ മരുന്നുകള്‍ കൊടുത്താല്‍ അത് കുഞ്ഞിനെ ബാധിക്കും. ഈ മരുന്നുകള്‍ വേദന കുറയ്ക്കും പക്ഷേ പ്രസവം തീര്‍ത്തും വേദനാരഹിതമാക്കുകയില്ല.
ശ്വാസം വലിക്കുന്നതിന്റെ കൂടെ അകത്തേക്ക് വലിച്ചെടുക്കുന്ന മരുന്നുകളും നിലവിലുണ്ട്. വേദന വരുന്ന ഓരോ പ്രാവശ്യവും ഗര്‍ഭിണി ഇതുപയോഗിച്ചാല്‍ വേദനയുടെ കാഠിന്യത്തിന് കുറവ് കിട്ടും.
വേദനാരഹിതമായ പ്രസവം സാധ്യമാണോ?
അതെ. Epidural Analgesia എന്ന നൂതനമായ മാര്‍ഗ്ഗം വഴി പ്രസവം തികച്ചും വേദനാരഹിതമാക്കാം. സുഷുമ്നാ നാഡിയുടെ (Spinal Cord) ആവരണത്തിനു വെളിയില്‍ മരവിപ്പിയ്ക്കാന്‍ ഉപയോഗിക്കുന്ന Bupivacaine-നോ തത്തുല്യമായ മരുന്നുകളോ കുത്തിവയ്ക്കുന്നു. ഗര്‍ഭിണിയുടെ ആവശ്യമനുസരിച്ച് Epidural spaceല്‍ വച്ചിരിക്കുന്ന സൂക്ഷ്മമായ Catheter വഴി ഈ മരുന്ന് ഇടയ്ക്കിടയ്ക്ക് നല്‍കാന്‍ കഴിയും. നാം വലിയ ഓപ്പറേഷനുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അനസ്‌തേഷ്യയുടെ ഒരു വകഭേദമാണിത്. വേദന, സ്പര്‍ശനം മുതലായ Nerves-നെ മാത്രമേ ഈ മരുന്ന് block ചെയ്യുകയുള്ളു. പേശികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നില്ല എന്നതുകൊണ്ട് ഗര്‍ഭിണിക്ക് മറ്റു പരിമിതികളോ ബുദ്ധിമുട്ടുകളോ ഇതില്‍ നിന്ന് ഉണ്ടാകുന്നില്ല. പരിചയ സമ്പന്നതയുള്ള ഒരു അനസ്‌തേഷ്യോളജിസ്റ്റിന് മാത്രമേ Epidural Analgesia നല്‍കാനാകൂ എന്നതാണ് ഈ മാര്‍ഗ്ഗത്തിന്റെ ഒരു പരിമിതി. കുഞ്ഞിനോ അമ്മയ്‌ക്കോ ഇത് കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല. സാധാരണ Epidural Analgesia-യെപ്പറ്റി പറയുമ്പോള്‍ ബന്ധുക്കള്‍ക്ക് സംശയങ്ങള്‍ പലതാണ്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയില്‍ ഗര്‍ഭിണിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നം വരുമോ എന്ന ഭയമാണ് പ്രധാനമായും അവര്‍ക്കുള്ളത്. വിട്ടുമാറാത്ത നടുവേദന വരുമോ എന്ന സംശയം പൊതുവേയുണ്ട്.
Epidural Analgesia അമ്മക്കും കുഞ്ഞിനും തികച്ചും സുരക്ഷിതമാണ്. വേദന താങ്ങാന്‍ വയ്യാതെ പലപ്പോഴും ഗര്‍ഭിണികള്‍ സിസ്സേറിയന്‍ പ്രസവം ആവശ്യപ്പെടാറുണ്ട്. ഓരോ വേദന വരുമ്പോഴും അലറിക്കരയുന്ന ഗര്‍ഭിണി, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ഗര്‍ഭാശയത്തിന്റെ മുഖം അധവാ Cervix വികസിച്ചു വേണം കുഞ്ഞ് സുഖമായി പുറത്തുവരാന്‍. വേദനയും പേടിയും വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇതിനുള്ള സാദ്ധ്യത കുറയുന്നു. Tense woman, Tense Cervix എന്നാണ് പ്രമാണം.
വേദനയില്ലാത്ത പ്രസവം നമുക്ക് ഉറപ്പാക്കാന്‍ പറ്റിയാല്‍, സുഖപ്രസവത്തിനുള്ള സാധ്യത കൂടും. ഗര്‍ഭകാലത്തെ പരിശോധനകള്‍ക്ക് പോകുമ്പോള്‍ തന്നെ ഡോക്ടറോട് വേദനാരഹിത പ്രസവത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കൂ. ചിരിച്ചുകൊണ്ട് പ്രസവിക്കാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കൂ.
(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് ആണ് ലേഖിക)
Content Highlights: advantages of painless delivery, epidural for painless delivery, delivery care


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..