യൂറോ കപ്പ് ഫുട്ബോളിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒന്നാണ് കൊക്കോ കോള.  ഒരു പത്രസമ്മേളനത്തില്‍ മേശയിലിരുന്ന കൊക്കകോളയുടെ കുപ്പികള്‍ എടുത്തുമാറ്റി പകരം കുടിവെള്ള കുപ്പി ഉയര്‍ത്തി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് വിപണിയില്‍ 520 കോടി ഡോളറിന്റെ ഇടിവാണ് കമ്പനിക്ക് ഉണ്ടായത്. മുമ്പും കോളപോലുള്ള പാനീയങ്ങളോടുള്ള എതിര്‍പ്പ് റൊണാള്‍ഡോ പ്രകടമായി പറഞ്ഞിട്ടുണ്ട്. എന്താണ് ഇത്രമാത്രം കോളയെ മാറ്റിനിര്‍ത്താന്‍. ലോകമെങ്ങുമുള്ള ആളുകള്‍ ശരീരത്തിനുള്ള വലിയൊരു ഊര്‍ജസ്രോതസ്സായാണ് കോളയെ കണക്കാക്കുന്നത്. എന്നാല്‍ ടൈപ്പ് ടു പ്രമേഹം, പൊണ്ണത്തടി, പല്ലുകള്‍ക്കും എല്ലുകള്‍ക്കും ക്ഷതം എന്നിങ്ങനെ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് കൊക്കോ കോളപോലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. 

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു വ്യക്തിക്ക് ഒരുദിവസം ആവശ്യമായ പഞ്ചസാരയുടെ അളവ് ആറ് ടീസ്പൂണാണ്. എന്നാല്‍ ഒരു കാന്‍ കോളയില്‍ മുപ്പത്തിയേഴ് ഗ്രാം അഥവാ പത്ത് ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍. 2015 ലെ ഒരു പഠനമനുസരിച്ച് ലോകമെങ്ങും ഒരോ വര്‍ഷവും ഒന്നേമുക്കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഇത്തരം പാനീയങ്ങളുണ്ടാക്കുന്ന രോഗങ്ങള്‍ മൂലം മരിക്കുന്നതായാണ് കണക്കുകള്‍.  

ആരോഗ്യ പ്രശ്‌നങ്ങള്‍

1. കൊക്കകോള പോലുള്ള പാനീയങ്ങളിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് ഏറെ ഹാനികരമാണ്. അത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ പൊണ്ണത്തടി, പ്രമേഹം, ഫാറ്റി ലിവര്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളാവും ഫലം

2. അബ്‌ഡോമിനല്‍ ഫാറ്റ് കൂടി കുടവയര്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് കോളപോലുള്ള പാനീയങ്ങള്‍ എത്തിക്കാം. ലിവറിലെ ഇന്‍സുലിന്‍ റസിസ്റ്റന്‍സിനെ തകരാറിലാക്കി മെറ്റാബോളിക് സിന്‍ഡ്രോമിലേക്ക് നയിക്കാം.  

3. പാനീയമായതിനാല്‍ വിശപ്പ് മാറില്ല, അതുകൊണ്ട് തന്നെ വീണ്ടും കുടിക്കാനുള്ള തോന്നലുണ്ടാവുകയും ചെയ്യും. അതിലൂടെ ആവശ്യത്തില്‍ കൂടുതല്‍ കാലറി ശരീരത്തിന് ലഭിക്കുകയും ചെയ്യും. ഇത് അമിതവണ്ണത്തിന് കാരണമാകും

4. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്ന ഡിസ്‌ലിപിഡീമിയ എന്ന അവസ്ഥയ്ക്കും കോള പോലുള്ള പാനീയങ്ങളുടെ അമിത ഉപയോഗം വഴിവയ്ക്കും. ഇത്തരം ജീവിതശൈലീ രോഗങ്ങളെല്ലാം ഒടുവിലെത്തിക്കുക കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസുകളിലേക്കും ഹൃദയാഘാതത്തിലേക്കും തന്നെയാണ്.  

5. സ്ഥിരമായി കോള പോലുള്ള പാനീയങ്ങള്‍ കുടിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് വന്ധ്യതയിലേക്ക് നയിക്കാം

6. കോളയിലെ ഉയര്‍ന്ന കാര്‍ബണ്‍ കണ്ടന്റ് ശരീരത്തിലെ കാത്സ്യത്തെ ആഗിരണം ചെയ്യും. ഇത് എല്ലുകളിലെ കാത്സ്യം കുറഞ്ഞ് ബലക്ഷയം ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും. 

7. കോളപോലുള്ള പാനീയങ്ങളില്‍ ആസിഡ് കണ്ടന്റ് ഉയര്‍ന്നതാണ്. ഇത് ദഹനവ്യവസ്ഥയെ ബാധിക്കാം. ഉദരത്തില്‍ അസ്വസ്ഥതകള്‍, അസഡിക് പ്രശ്‌നങ്ങള്‍ ഗ്യാസ്ട്രബിള്‍ എന്നിവയ്ക്ക് കാരണമാകും.

8. ഒരു പഠനനമനുസരിച്ച് കോളാപാനീയങ്ങള്‍ കുടിക്കുന്നവരില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യതകൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. അത്തരം പാനീയങ്ങള്‍ കുടിക്കാത്തവരേക്കാള്‍ 87 ശതമാനം സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ കാര്‍ബോ പാനീയങ്ങള്‍ കൂടുതലായി കുടിക്കുന്നവര്‍ക്ക് എന്‍ഡോമെട്രിയല്‍ കാന്‍സറിനുള്ള സാധ്യതയും ഏറെയാണ്.

9. ഇത്തരം പാനീയങ്ങളില്‍ ഫോസ്‌ഫെറിക് ആസിഡിന്റെയും കാര്‍ബോണിക് ആസിഡിന്റെയും അളവ് കൂടുതലാണ്. ഇവ വായിലെ ചര്‍മത്തിനും പല്ലുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കും

10. കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങള്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് സന്ധിവാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന് കാരണമാകും. ദീര്‍ഘകാലം കോളാപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ 75 ശതമാനവും പുരുഷന്മാരില്‍ 50 ശതമാനവും സന്ധിവതം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. 

11. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രായമായവരില്‍ ഓര്‍മക്കുറവിന് കാരണമാകാറുണ്ട്. കോള പോലുള്ള പാനീയങ്ങള്‍ ശീലമാക്കിയവരിലും ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസരായുടെ അളവ് കൂടുതലായിരിക്കും. ഡിമന്‍ഷ്യപോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയരാന്‍ ഇതൊരുകാരണമാണ്. 

കുട്ടികള്‍ക്ക് നല്‍കാമോ കോളാ പാനീയങ്ങള്‍

കുട്ടികള്‍ക്ക് ഒരിക്കലും കൊക്കകോള പോലുള്ള പാനീയങ്ങള്‍ നല്‍കുന്നത് നല്ലതല്ല. വളരുന്ന പ്രായമായതിനാല്‍ എല്ലുകളുടെയും മറ്റും വളര്‍ച്ചക്കും ആവശ്യമായ പോഷകങ്ങളും കാത്സ്യവും അടങ്ങിയ ഭക്ഷണശീലമാണ് അവരില്‍ വളര്‍ത്തേണ്ടത്. പാല്‍, പഴച്ചാറുകള്‍ തുടങ്ങിയവ നിശ്ചയമായും പാനീയങ്ങളായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

1. കോളപോലുള്ളവ ശീലമാക്കുന്ന കുട്ടികള്‍ പോഷകപാനീയങ്ങളോട് അത്ര താല്‍പര്യം പ്രകടിപ്പിക്കില്ല. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കാം. കുട്ടികളുടെ ശരീരത്തിലെ കാത്സ്യം കുറയുന്നതിനും ഈ ശീലം  കാരണമാകുകയും വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. കോളാ പാനീയങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളുടെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തെയാണ്. 

2. ഒട്ടും പോഷകാംശം ഇല്ലാത്തവയാണ് ഇത്തരം പാനീയങ്ങള്‍. മുതിര്‍ന്നവരിലെ പോലെ തന്നെ കുട്ടികളിലും പൊണ്ണത്തടിക്ക് കാരണമാകുന്ന ചൈല്‍ഡ്ഹുഡ് ഒബിസിറ്റി എന്ന് അവസ്ഥയുണ്ടാവാം. കോളാപാനീയങ്ങള്‍ വിശപ്പ് ഇല്ലാതാക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിലൂടെ ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരും. 

3. ആര്‍ത്തവം ആരംഭിച്ച പെണ്‍കുട്ടികള്‍ക്ക് കാത്സ്യം ധാരാളം ആവശ്യമാണ്. എന്നാല്‍ കൊക്കോ കോള പോലുള്ളവ ശീലമാക്കിയവരില്‍ കാത്സ്യം കുറയുകയും എല്ലുകള്‍ക്ക് വേഗം ബലക്ഷയം വരുകയും ചെയ്യും. 

4. കോളാപാനീയങ്ങളുടെ നിരന്തരമായ ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ന്യൂറോളജിക്കല്‍ ഇംബാലന്‍സിന് ഇത് കാരണമാകാം. ഇത് കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ പോലുള്ളവയ്ക്ക് വഴിവയ്ക്കും. തലച്ചോറിന്റെ ശരിയായ വളര്‍ച്ചക്കും ഹാനികരമാണ്.  

കോളാ ശീലം നിര്‍ത്താന്‍

സാധാരണ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ദുശ്ശീലം പോലെ തന്നെയാണ് കോളാ പാനീയങ്ങള്‍ ശീലമാക്കുന്നതും. കൊക്കോ കോളാ പോലുള്ള പാനീയങ്ങള്‍ ശീലമായവര്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ്. പതിയെ കുറച്ചുകൊണ്ട് വരുന്നതാണ് നല്ലത്. കോളക്ക് പകരമുള്ള പാനീയങ്ങള്‍ ശീലമാക്കാം. ഇടയ്ക്കിടെ ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ തോന്നുമ്പോള്‍ ധാരാളം ശുദ്ധജലം കുടിക്കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ മടിക്കേണ്ട. പഴച്ചാറുകള്‍, നാരങ്ങാവെള്ളം ഇളനീര്‍, ഗ്രീന്‍ ടീ, മധുരമില്ലാത്ത കാപ്പി, കൊമ്പൂച്ച എന്നിവ കോളാപാനീയങ്ങള്‍ക്ക് പകരം കുടിക്കാം. 

കടപ്പാട്: രഹന രാജന്‍
(സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി)

Content Highlights: Addicted to carbonated drinks health problems