കോട്ടയം:''എനിക്ക് ജീവിക്കാമെങ്കില്‍ നിങ്ങളും സുഖപ്പെടും. ഇതുതന്നെയാണ്, കോവിഡും കറുത്ത ഫംഗസുമൊക്കെ പിടിപെട്ട് ആകെ നിരാശരായവരോട് എനിക്ക് പറയാനുള്ളത്''-മരണമുഖത്തുനിന്ന് മടങ്ങിവന്ന പ്രകാശ് ചിരിയോടെ പറഞ്ഞു. മ്യൂക്കോര്‍ മൈക്കോസിസ് എന്ന ഫംഗസ് തകര്‍ക്കാന്‍ ശ്രമിച്ച ജീവിതത്തെ അസാധാരണമായ മനഃസാന്നിധ്യംകൊണ്ട് തിരിച്ചുപിടിക്കുകയാണ് പത്തനംതിട്ട റാന്നി ചേത്തക്കല്‍ കണ്ണന്താനത്ത് പ്രകാശ് (49) .

ആറുമാസംപോലും ഇരിക്കില്ലെന്ന് കരുതിയിടത്തുനിന്ന് ആറാംവര്‍ഷത്തേക്ക് ജീവിതം നീട്ടിയെടുത്ത് വീട്ടിലിരുന്നുള്ള സാമൂഹ്യപ്രവര്‍ത്തനത്തിലാണ് ഇദ്ദേഹം. വലതുകണ്ണും ചെവിയും കഴുത്തിലെ അസ്ഥിയും ഫംഗസ് കാര്‍ന്നുതിന്നെങ്കിലും വേദന മറക്കാന്‍ അക്ഷരങ്ങളെ ആശ്രയിച്ച പ്രകാശ് ഒറ്റക്കണ്ണുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു.

2015 നവംബറിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു പ്രകാശ്. ചെവിയില്‍ കയറിയ വണ്ടിലൂടെയാണ് ഫംഗസ് ബാധിച്ചത്. പിറ്റേന്ന് അതിനെ നീക്കി. പിന്നീടാണ് മ്യൂക്കോര്‍ മൈക്കോസിസാണ് പിടിപെട്ടതെന്ന് തിരിച്ചറിഞ്ഞത്. വലതുകണ്ണ് പുറത്തേക്ക് തള്ളി അബോധാവസ്ഥയിലായി. രക്ഷപ്പെടാനുള്ള സാധ്യത അഞ്ചുശതമാനം പോലുമില്ലെന്ന് വിലയിരുത്തി. വലതുകണ്ണും ചെവിയുടെ ഉള്‍ഭാഗവും കഴുത്തിലെ കേടായ അസ്ഥികളും നീക്കേണ്ടിവന്നു. തലയോട്ടിയിലെ അണുബാധ തുരന്ന് മാറ്റി.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഡോ. വിനീത് വിശ്വമാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്. കഴുത്തിലെ അസ്ഥികള്‍ നീക്കിയതിനാല്‍ തല നേരെ നില്‍ക്കാന്‍ ഹാലോ സ്പിളിറ്റ് എന്ന ചട്ടക്കൂട് വേണ്ടിവന്നു. അണുബാധയുടെ ഫലമായി പല്ലുകള്‍ ഒടിഞ്ഞു. മൂന്നുവര്‍ഷത്തിനിടെ മിക്കപ്പോഴും അബോധാവസ്ഥയിലായിരുന്നു.

നില പിന്നീട് മെച്ചമായി. വായ മെല്ലെ തുറക്കാമെന്നായി. ഓരോ അവയവങ്ങള്‍ ചലിപ്പിച്ചു. ലോഹക്കൂടിന് ബദല്‍ കണ്ടെത്തി സ്ഥാപിച്ചതോടെ ആത്മവിശ്വാസം കൂടി. അവശേഷിച്ച കണ്ണിന്റെ പോള തുറക്കാന്‍പറ്റാത്ത നില മെല്ലെ മാറ്റിയെടുത്തതോടെ പുസ്തകം കൈയിലെടുത്തു. ദുര്‍ബലമായ വലതുചുണ്ട് കൈകൊണ്ട് താങ്ങി സംസാരിക്കാന്‍ ശ്രമിച്ചു. ദുര്‍ബലരെ സഹായിക്കാന്‍ കൂട്ടുകാരുടെ കൂട്ടായ്മയുണ്ടാക്കി.

ഇപ്പോള്‍ രോഗത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്ന് പ്രകാശ് പറയുന്നു. ശസ്ത്രക്രിയാമുറിവിലൊരുഭാഗം സുഖപ്പെട്ടുവരുന്നതേയുള്ളൂ. അതും മാറുമെന്ന് പ്രകാശ്. ഒപ്പം കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കും പ്രകാശ് നന്ദിപറയുന്നു.

വാര്‍ഡില്‍ വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ അംഗത്വം റദ്ദായി. എങ്കിലും വായിച്ചും ലോകത്തെ പ്രചോദിപ്പിച്ചും പ്രകാശ് മുന്നോട്ടുതന്നെ.

Content Highlights: about black fungus survivour prakash