ആ സ്ഫോടനത്തിൽ ചിതറിപ്പോയി... ജോസഫിന്റെ കൈകൾക്കൊപ്പം അബ്ദുൾ റഹീമും


അഞ്ജലി എൻ. കുമാർ

2015 മേയ് 10-ന് ബൈക്കപകടത്തിൽ മരിച്ച ജോസഫിന്റെ കൈകൾ മാറ്റിവെച്ച് ജീവിതം നയിച്ച മേജർ അബ്ദുൾ റഹീമാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്

അബ്ദുൾ റഹീമും ജോസഫിന്റെ കുടുംബവും പത്രസമ്മേളനത്തിൽ കണ്ടുമുട്ടിയപ്പോൾ. (ഫയൽ ചിത്രം)

കൊച്ചി: അങ്ങകലെ അഫ്ഗാനിസ്ഥാനിലെ ഒരു സൈനിക മേജർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോൾ ഏലൂരിലെ വീട്ടിലും വേദന ഉയരുകയാണ്. ഏലൂർ ഫെറി തൈപ്പറമ്പിൽ ടി.ജി. ജോസഫിന്റെ കൈകളാണ് ആ മേജറോടൊപ്പം എന്നേക്കുമായി നിശ്ചലമായത്. 2015 മേയ് 10-ന് ബൈക്കപകടത്തിൽ മരിച്ച ജോസഫിന്റെ കൈകൾ മാറ്റിവെച്ച് ജീവിതം നയിച്ച മേജർ അബ്ദുൾ റഹീമാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്.

കുഴിബോംബുകൾ നിർവീര്യമാക്കുന്ന സൈനിക സംഘാംഗമായിരുന്നു അബ്ദുൾ റഹീം. 2011-ൽ 31-ാം തവണ ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനത്തിൽ ഇരു കൈകളും ചിതറിപ്പോയി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം കൊച്ചി അമൃതയിലെത്തി അവയവദാനം സ്വീകരിച്ച് ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേർക്കുകയായിരുന്നു. 2015 മേയ് 10-നാണ് ഏലൂർ ഫെറി തൈപ്പറമ്പിൽ വീട്ടിൽ ടി.ജി. ജോസഫിന് ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചത്. ജോസഫിന്റെ രണ്ടു കൈകളും അബ്ദുൾ റഹീമിന്റെ കൈത്തണ്ടയിൽ പിടിപ്പിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.

മാറ്റിവെച്ച കൈകളുമായി വീണ്ടും അബ്ദുൾ റഹീം കുഴിബോംബ് നിർവീര്യമാക്കാൻ യുദ്ധമുഖത്തേക്കു തന്നെ ഇറങ്ങി. അതിനിടെ ഇക്കഴിഞ്ഞ 19-നാണ് കാബൂളിൽ വെച്ച് താലിബാൻ സംഘം കാറിന്റെ താഴെ ഘടിപ്പിച്ച ബോംബ് പൊട്ടി അബ്ദുൾ റഹീം മരിച്ചത്. തുടർച്ചയായി താലിബാന്റെ ബോംബ് നിർവീര്യമാക്കുന്നതിനെ തുടർന്ന് സംഘത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു റഹീം. രണ്ടായിരത്തോളം ബോംബുകളാണ് റഹീം ഇതിനോടകം നിർവീര്യമാക്കിയിരുന്നത്. റഹീമിനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മകനും മരുമകനും പരിക്കേറ്റിരുന്നു.

’ആ കൈകൾ ജീവിച്ചിരിക്കുന്നു എന്നതൊരു ആശ്വാസവും സന്തോഷവുമായിരുന്നു... അദ്ദേഹം പോയ സങ്കടത്തിൽനിന്ന് കരകയറും മുമ്പേയുള്ള ഈ വാർത്ത ഏറെ സങ്കടകരമാണ്, ആശുപത്രിയിൽ വരുമ്പോഴെങ്കിലും കാണാം എന്ന വിശ്വാസമുണ്ടായിരുന്നു. ഇനിയിപ്പോ അതുമില്ലല്ലോ’ - കൈപ്പത്തി നൽകിയ ടി.ജി. ജോസഫിന്റെ ഭാര്യ ഫ്രാൻസിസ്ക പറഞ്ഞു.

അഫ്ഗാൻ സൈനികനായ അബ്ദുൾ റഹീം കുഴിബോംബുകൾ കണ്ടെത്തുന്നതിലും അവ നിർവീര്യമാക്കുന്നതിലും വിദഗ്ദ്ധൻ ആയിരുന്നു.

ചികിത്സയ്ക്കു ശേഷം ഇന്ത്യ വിട്ടപ്പോഴും ഓരോ വർഷവും റഹീം തിരിച്ചുവരുമായിരുന്നു കൈനിറയെ പലഹാരങ്ങളുമായി തന്റെ പ്രിയപ്പെട്ടവരെ കാണാൻ. അമൃതയിലെ കൈമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം അമൃത ആശുപത്രി നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്ത അബ്ദുൾ റഹീമിന്റെയും കുടുംബത്തിന്റെയും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളീകൃഷ്ണൻ എടുത്ത ചിത്രം ’മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിന് മുംബൈ പ്രസ്‌ ക്ലബ്ബിന്റെ റെഡ് ഇങ്ക് പുരസ്കാരവും ലഭിച്ചു.

ബിസിനസ് ചെയ്യാൻ ആഗ്രഹിച്ചു; ജോസഫിന്റെ കുടുംബത്തെ കാണാനാവാതെ മടക്കം

ടി.ആർ. മനുവും അബ്ദുൾ റഹീമും
ടി.ആര്‍. മനുവും അബ്ദുള്‍ റഹീമും

കൊച്ചി: അമൃതയിൽ ചികിത്സയ്ക്കെത്തിയതു മുതൽ അബ്ദുൾ റഹീമിന്റെ സുഹൃത്തായിരുന്നു ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടി.ആർ. മനു. റഹീമിന്റെ ചികിത്സാ സംശയങ്ങളും തീർത്തുകൊടുത്തിരുന്നത് മനുവാണ്. അന്നുമുതൽ മരിക്കുന്നതിന്റെ മൂന്നുദിവസം മുമ്പുവരെ മനുവുമായി റഹീം സംസാരിച്ചിരുന്നു. ആശുപത്രിയിലെത്തി ആദ്യ നാളുകളിൽ റഹീമുമായുള്ള സംഭാഷണങ്ങൾ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് മനു ഓർക്കുന്നു. ’ഇംഗ്ലീഷോ ഹിന്ദിയോ അവന് അറിയില്ലായിരുന്നു, പാഷ്‌തോ ഭാഷയാണ് സംസാരിച്ചിരുന്നത്. പിന്നീട് ഗൂഗിൾ ട്രാൻസിലേറ്ററിന്റെ സഹായത്തോടെ ഞങ്ങൾ അടുത്തു’ - മനു ഓർക്കുന്നു. ജീവിതം ഏറെ അപകടത്തിലാണെന്ന് റഹീം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കുറച്ച് വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെത്തി ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വർഷം നാട്ടിലെത്തിയപ്പോൾ ജോസഫിന്റെ കുടുംബത്തെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കടുത്ത ഡയേറിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അത് സാധിച്ചില്ല - മനു ഓർമിച്ചു.

Content Highlights: Abdul Raheem with Joseph's hands-afghanstan army Major

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented