രാത്രി 10.40 ആയിട്ടേയുള്ളൂ. കോവൂരില്‍നിന്ന് ഒരു ആംബുലന്‍സിന്റെ മുഴക്കം കാതുകളിലേക്ക് ഇരച്ചെത്തുന്നുണ്ട്. ആ മുഴക്കത്തിന്റെ അലയൊലികള്‍ മാഞ്ഞുതീരും മുമ്പേ അത് മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടം കടന്ന് അത്യാഹിത വിഭാഗത്തിലേക്കെത്തി. കേരളസര്‍ക്കാര്‍ എന്നെഴുതിയ ആംബുലന്‍സിന്റെ വാതില്‍ തുറന്ന് കൈയില്‍ ഡ്രിപ്പിട്ടതിന്റെ അടയാളങ്ങളുമായി ഒരു വയോധികനെ സ്ട്രെച്ചറില്‍ അതിവേഗം അകത്തേക്ക് തള്ളിക്കൊണ്ടുപോയി. ഒരു മിനിറ്റുപോലും കഴിഞ്ഞില്ല ഫറോക്കില്‍നിന്ന് ഒരു യുവതിയെയുമായി അടുത്ത ആംബുലന്‍സ് കുതിച്ചെത്തി. അതിനു പിന്നാലെ എളേറ്റിലില്‍നിന്ന് മറ്റൊന്നും കൂടെ. അതില്‍ കൊണ്ടുവന്ന ആളുടെ ദേഹത്താകെ ചോര പുരണ്ടിട്ടുണ്ട്. കൂടെ വന്ന ചെറുപ്പക്കാര്‍ അല്പം വെപ്രാളത്തിലാണ്. എന്തോ അപകടത്തില്‍പ്പെട്ടതാണ്. അവരുടെ പ്രയാസം കണ്ടിട്ടാണെന്ന് തോന്നുന്നു ഇറക്കാന്‍ അവിടെ കൂടിനിന്നവരാരൊക്കെയോ സഹായിക്കുന്നുണ്ട്. അല്പം കഴിഞ്ഞ് അത്യാഹിതവിഭാഗത്തിനു പുറത്തുള്ള മൈക്കിലൂടെ ഒരു അനൗണ്‍സ്മെന്റ് പുറത്തേക്കുവന്നു. ഗംഗാധരന്‍ 45 ഫറോക്ക്. അതു കേട്ടതിനു പിന്നാലെ ഒരു ചെറുപ്പക്കാരന്‍ എന്തൊക്കെയോ പേപ്പറുകളുമായി ഓടുന്നുണ്ട്...

medical college
അത്യാഹിത വിഭാഗത്തിലേക്ക് ഒന്നിനുപിറകെ ഒന്നായി രോഗികളുമായി ആംബുലന്‍സുകളെത്തുന്നു. സമയം രാത്രി 10.11

ഈ ബഹളങ്ങള്‍ക്കിടയിലാണ് ഒരു ആദിവാസി സ്ത്രീ ഒരു വയസ്സുപോലും പ്രായമാവാത്ത കുട്ടിയെയും മടിയില്‍ കിടത്തി അത്യാഹിതവിഭാഗത്തിന്റെ വാതിലിന് പുറത്തിരിക്കുന്നു. കണ്ണുകളാകെ നിറഞ്ഞൊഴുകുന്നുണ്ട്. എന്താണ് പ്രശ്‌നമെന്നു ചോദിപ്പോള്‍ നിലമ്പൂരില്‍നിന്ന് വരുകയാണ്. ഭര്‍ത്താവിന്റെ കാലുകള്‍ കുഴഞ്ഞുപോയി. അവിടന്ന് ആരൊക്കെയോ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുവന്നതാണ്. സഹായിക്കാന്‍ ആരുമില്ല. കരച്ചിലിനിടെ അവര്‍ പറഞ്ഞു തീര്‍ത്തു. പിന്നീടുള്ള ചോദ്യങ്ങള്‍ക്കൊക്കെ ആരുമില്ല എന്ന മറുപടി മാത്രമല്ലാതെ ഒന്നും പറഞ്ഞില്ല.

ഉള്ളിലേക്ക് കയറിയപ്പോള്‍ പലതരത്തില്‍ പരിക്കേറ്റ് കിടക്കുന്നവരുടെ നിര കാണാം. അത്യാഹിത വിഭാഗത്തിന്റെ ഉള്ളിലാകെ ഇടുങ്ങിയ അവസ്ഥയായതിനാല്‍ അപ്പുറത്തുള്ള സെക്യൂരിറ്റിക്കാരന്‍ വഴിമുടക്കരുതെന്ന് പറഞ്ഞ് ആരെയൊക്കെയോ ശാസിക്കുന്നുണ്ട്. രോഗികളെ പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായി നില്‍ക്കുന്നവരെയൊക്കെ പുറത്താക്കുന്നുണ്ട്. ആംബുലന്‍സുകള്‍ കടന്നുവരുന്ന വഴിയില്‍ അത്യാഹിത വിഭാഗത്തിന് ഇപ്പുറത്തായി ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കുറെ മനുഷ്യര്‍ കിടന്നുറങ്ങുന്നുണ്ട്. ചിലരൊക്കെ ഉടുമുണ്ടുകൊണ്ടാണ് പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍നിന്ന് രക്ഷതേടുന്നത്. അതില്‍ ഒരാള്‍ പ്ലാസ്റ്റിക് പുല്ലുപായില്‍ ചുരുട്ടിവെച്ചതുപോലെയാണ് ഉറങ്ങുന്നത്. അരികിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക് പാറിയെത്തുന്നുണ്ടെങ്കിലും അവരുടെ ഉറക്കം മുറിച്ചില്ല.

ഇരുണ്ടവഴികള്‍ പിന്നിട്ട്  മോര്‍ച്ചറിയിലേക്ക്

പേടിപ്പെടുത്തുന്ന ഇരുട്ടായിരുന്നു അത്യാഹിതവിഭാഗത്തില്‍നിന്ന് മോര്‍ച്ചറിയിലേക്കുള്ള വഴിനീളെ. വിളക്കുകാലുകളിലെ ബള്‍ബുകളൊക്കെ എന്നോ മൃതിയടഞ്ഞതാണെന്ന് തോന്നുന്നു. ചില്ലകളില്‍നിന്ന് ഏതോ കറുത്ത പക്ഷികള്‍ കരയുന്നുണ്ട്. നിര നിരയായി നിര്‍ത്തിയിട്ട കാറുകളില്‍ കുറെപ്പേര്‍ എ.സി.യുടെ തണുപ്പില്‍ കിടന്നുറങ്ങുന്നു. പക്ഷേ, മോര്‍ച്ചറിയെത്തിയപ്പോള്‍ അവിടമാകെ കത്തിജ്ജ്വലിക്കുന്ന പ്രകാശത്തില്‍ മുങ്ങിനില്‍ക്കുന്നു. പുറത്ത് വിജനമാണ്. എങ്കിലും അകത്ത് പാതിരാവിലും മൃതദേഹങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു മനുഷ്യനെക്കണ്ടു. വെള്ളവസ്ത്രം ധരിച്ച് മിന്നായം പോലെ അദ്ദേഹം ഒരു മുറിയില്‍നിന്ന് മറ്റൊരിടത്തേക്ക് നടന്നു മറഞ്ഞു. കുറെ കാത്തുനിന്നെങ്കിലും പുറത്തേക്ക് വന്നതേയില്ല. മോര്‍ച്ചറിയില്‍ രണ്ടടിവെച്ചാല്‍ എത്താവുന്ന ദൂരത്തിലായി രാത്രി 12 കഴിഞ്ഞും ആളുകളുടെ കൂട്ടം കണ്ടു. എത്തിനോക്കിയപ്പോള്‍ പനി വാര്‍ഡാണ്. പലരും പനിച്ചുവിറച്ചവരെയുമായി വാഹനത്തില്‍ വന്നിറങ്ങുന്നുണ്ട്. തൊട്ടപ്പുറത്ത് പനിവാര്‍ഡ് ഒ.പി. കൗണ്ടര്‍ എന്ന ബോര്‍ഡിനു കീഴെ ഈ പാതിരാവിലും ഒരു ജീവനക്കാരന്‍ കര്‍മനിരതനായിരിക്കുന്നു. അതിന് അഭിമുഖമായിത്തന്നെ നിപകാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് എൈസാലേറ്റഡ് വാര്‍ഡ് എന്ന ബോര്‍ഡും കണ്ടു.

fever ward
രാത്രിവൈകിയും പനി വാർഡിൽ അനുഭവപ്പെട്ട തിരക്ക്‌.സമയം 12.21 AM

കുറെ പുതപ്പുകളും മനുഷ്യരുടെ തലകളും

കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായ മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെ പുറത്തുനിന്നു നോക്കിയാല്‍ കുറെ പുതപ്പുകള്‍ മാത്രം കാണാം. അതിനുള്ളില്‍നിന്ന് ആളുകളുടെ തലകള്‍ മാത്രം പുറത്തുകാണുന്നുണ്ട്. ഐ.എം.സി.എച്ചിലെ അത്യാഹിത വിഭാഗത്തിനും പഴയ പ്രധാന കവാടത്തിനും താഴെ നിലത്ത് കുറേയാളുകള്‍ പുതപ്പും മൂടി കിടന്നും ഇരുന്നുമെല്ലാമുറങ്ങുന്നുണ്ട്. തൊട്ടുതൊട്ടു കിടക്കുന്നവര്‍ക്കിടയില്‍ നിന്ന് കൂര്‍ക്കം വലികള്‍ പല താളങ്ങളില്‍ താഴ്ന്നും ഉയര്‍ന്നുമൊക്കെ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും മറ്റുള്ളവരുടെ നിദ്രയെ അലോസരപ്പെടുത്തുന്നേയില്ല.

ആശുപത്രി മുറ്റത്ത് പെയ്യുന്ന മഴത്തുള്ളികള്‍ തെറിച്ച് പുതപ്പില്‍നിന്ന് പുറത്തായിക്കിടക്കുന്ന കാല്‍പാദങ്ങളില്‍ വന്ന് വീഴുന്നുണ്ട്. തൊട്ടപ്പുറത്ത് എലികള്‍ ഓടിക്കളിക്കുന്നു. കിട്ടിയസ്ഥലത്ത് അല്‍പമൊന്ന് തലചായ്ക്കാമല്ലോ എന്ന ആശ്വാസത്തിലാണ് അവിടെ എത്തിയവരെല്ലാം. ഐ.എം.സി.എച്ചില്‍ തന്നെ വിശ്രമിക്കാന്‍ തണല്‍ കേന്ദ്രമുണ്ടെങ്കിലും അതൊന്നും മതിയാവില്ലെന്ന് കാണിക്കുന്ന കാഴ്ചകളായിരുന്നു എങ്ങും കണ്ടത്. കുറേപ്പേര്‍ ഉറങ്ങുമ്പോള്‍ അതിനിടയില്‍ തന്നെ ലേബര്‍ റൂമില്‍ നിന്ന് പേര് വിളിക്കുന്നതും കാത്ത് കണ്ണും കാതും തുറന്നിരിക്കുന്നവരുമുണ്ട്. ഇടയ്ക്കിടെ മുന്നിലുള്ള തട്ടുകടയില്‍ പോയി കട്ടന്‍ചായ കുടിച്ചാണ് അവര്‍ ഉറക്കത്തെ പടിക്കു പുറത്താക്കുന്നത്. നാട്ടുകഥകള്‍ പറഞ്ഞ് ദിവസങ്ങളായി ഉറക്കത്തെ തോല്‍പ്പിക്കുന്നവരുമുണ്ട്.

അതിനിടയില്‍ കുറ്റ്യാടിയില്‍നിന്ന് വന്ന പാചകത്തൊഴിലാളിക്ക് ഒരു സംശയം, ലേബര്‍ റൂമില്‍ കയറ്റിയാല്‍ എത്രനേരം കൊണ്ട് പ്രസവിക്കും. തൊട്ടടുത്തിരിക്കുന്ന അത്തോളിക്കാരന്റെ ആധികാരികമായ മറുപടി ഉടന്‍ വന്നു: ''മൂന്നു മണിക്കൂറെങ്കിലുമെടുക്കും. ചിലപ്പോള്‍ വേദനകിട്ടി വീട്ടില്‍നിന്ന് വന്നാലും മൂന്നുദിവസം കഴിഞ്ഞും പ്രസവിക്കാത്തവരുണ്ട്.'' ആ മറുപടിയില്‍ ചോദിച്ചയാള്‍ പൂര്‍ണ തൃപ്തനായെന്ന് തോന്നുന്നു. പിന്നെ തീരാത്ത കഥകളായിരുന്നു.

പണ്ടൊക്കെ മൂന്നു പ്രസവിക്കുക എന്നു പറഞ്ഞാല്‍ വലിയ പ്രശ്‌നമല്ലായിരുന്നു. ഇന്നൊക്കെ ഒന്നു പ്രസവിക്കാന്‍ തന്നെ മൂന്നു പ്രസവിക്കുന്ന പാടാ. കേട്ടാല്‍ പുള്ളി രണ്ടെണ്ണം പ്രസവിച്ചതാണെന്നും തോന്നും. തന്റെ നാട്ടില്‍ പതിനഞ്ച് പ്രസവിച്ച കഥകളും കുറ്റ്യാടിക്കാരന്‍ വിളമ്പി. അതിനിടെ നമുക്കൊരു ചായകുടിച്ചാലോ എന്നായി കൂട്ടത്തിലൊരാള്‍. ''വിശപ്പും ദാഹവുമൊന്നുമില്ല. കട്ടന്‍ചായയും ഒരു ചപ്പാത്തിയും കഴിച്ചു; ഒരു കഷണം ഓംലറ്റും.'' -അത്തോളിയില്‍നിന്നുള്ള നിര്‍മാണത്തൊഴിലാളി പറഞ്ഞു. ഇതോടെ ചായയ്ക്കു ക്ഷണിച്ചയാളും എഴുന്നേറ്റ് പോവാതെ കഥയ്‌ക്കൊപ്പം ചേര്‍ന്നു.

medical college
കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാർ സമയം 1.21 AM

ഉറങ്ങാതെ കച്ചവടം

മൂന്നു മണി പിന്നിട്ടപ്പോള്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്തെ കൂടുതല്‍ തട്ടുകളില്‍ വെളിച്ചം കണ്ടുതുടങ്ങി. രാവിലെ ആവുമ്പോഴേക്കും ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെല്ലാമുള്ള ദോശയും ഇഡ്ഡലിയും വെള്ളയപ്പവുമൊക്കെ തയ്യാറാക്കുകയാണവര്‍. അതോടൊപ്പം ആവിപറക്കുന്ന സമോവറില്‍നിന്ന് വരുന്നവര്‍ക്കൊക്കെ ചൂടുള്ള ചായ പകര്‍ന്നുകൊടുക്കുന്നുമുണ്ട്. നാലുമണിയാവുമ്പോഴേക്കും എല്ലാം സജ്ജമാവുമെന്ന് മായനാട് നിന്നെത്തിയ ഒരു തട്ടുകടക്കാരന്‍ പറഞ്ഞു. പിന്നെ തിരക്കോടു തിരക്കായിരിക്കും. അതിന് നേരത്തേ ഒരുങ്ങിയാലേ ശരിയാവൂ എന്നും അദ്ദേഹം പറഞ്ഞു.

medical college
രോഗിക്കായുള്ള ഭക്ഷണം വാങ്ങാനായി തട്ടുകടയിലേക്ക്‌ വരുന്ന സ്ത്രീ ,സമയം 3.19 AM 

റോഡിലെ കാഴ്ചകളില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ നാലുമണിയോടടുത്തു. അത്യാഹിത വിഭാഗം ശാന്തമാണ്. അവിടെ കിടക്കുന്ന ഓരോ രോഗിയെയും പലഭാഗത്തേക്കാക്കി തൊഴിലാളികള്‍ മുഴുവന്‍ കഴുകി വൃത്തിയാക്കുകയാണ്. മരുന്നും ചോരയും പുരണ്ട പഞ്ഞിയും മറ്റുമെല്ലാം നീക്കംചെയ്യുന്നുണ്ട്. പുറത്തുനില്‍ക്കുന്നവര്‍ അത്യാഹിതവിഭാഗത്തില്‍ നിന്നൊഴുകിയെത്തുന്ന വെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ പരമാവധി പാടുപെടുന്നുണ്ട്.

Content Highlights: Kozhikode Medical College