
-
ഇന്നലെ രാത്രി 11.30 ആയപ്പോഴാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്ന് ഫോണ്‍ വിളി വരുന്നത്. നേരത്തെ ചികിത്സിച്ച് പോയ രോഗികളിലൊരാളുടെ ബന്ധുവാണ്. വല്ലാത്തൊരു ഭയം അദ്ദേഹത്തിന്റെ ശബ്ദത്തിനുണ്ടായിരുന്നു. പറയുന്നതൊന്നും വ്യക്തമാകുന്നുമില്ല, ഒടിവിലെങ്ങിനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...
'ഒരു കത്തിക്കുത്ത് നടന്നിട്ടുണ്ട്, കഴുത്തിലാണ്, കത്തി തുളച്ച് മറുവശത്തെത്തിയിട്ടുണ്ട് '
ഇത്തരം ഫോണ്‍ വിളികള്‍ എനിക്ക് ആദ്യത്തെ അനുഭവമൊന്നുമല്ല, കണ്ണൂരില്‍ നിന്നും മറ്റും രാഷ്ട്രീയ അക്രമണങ്ങള്‍ നടക്കുമ്പോള്‍ വിളിവരുന്നത് പലപ്പോഴും ഗാഢനിദ്രയിലായിരിക്കുമ്പോഴായിരിക്കും. മരണത്തിനും ജീവിതത്തിനുമിടയില്‍ കാവല്‍ നില്ക്കുന്ന ജോലിയാണ്, ഞെട്ടലും അസ്വസ്ഥതകളും പാടില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്.
പക്ഷെ ഇത്തവണ വല്ലാത്ത ഒരു അസ്വസ്ഥത മനസ്സിലേക്ക് കയറി വരുന്നു. കോവിഡ് 19 കാലമാണ്, ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്, എന്നിട്ടും എന്തേ ചില മനുഷ്യരിങ്ങനെ? എന്തായിരിക്കും കാരണം? രാഷ്ട്രീയമോ, കുടുംബ വഴക്കോ, കുടിപ്പകയോ എന്തെങ്കിലുമായിരിക്കും പക്ഷെ ചോദിക്കാന്‍ തോന്നിയില്ല...അല്ലെങ്കിലും അറിഞ്ഞിട്ടെന്ത് കാര്യം.എത്രയും പെട്ടന്ന് ആശുപത്രിയിലെത്താന്‍ പറഞ്ഞു, ഞാനവിടെയെത്താം. കഴുത്തിനാണ് കുത്ത് ഇ. എന്‍. ടി ഡോക്ടറുടെ സേവനം നിര്‍ബന്ധമാണ്. ഡോക്ടര്‍ മുനീറിനെ വിളച്ചു. ഒരു ഒഴിവുകഴിവും പറഞ്ഞില്ല, അദ്ദേഹവുമെത്തി.
ഞാന്‍ ആശുപത്രിയിലെത്തി ആധികസമയം കഴിയും മുന്‍പേ രോഗിയുമായി ആംബുലന്‍സെത്തി. ട്രോളി നിറയെ രക്തമാണ്, ട്രോളിയില്‍ നിന്നും പുറത്തേക്കൊഴുകുന്നു. ആകെ ഭയാനകമായ അവസ്ഥ. അതിന് പുറമെ മറ്റ് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. ഒന്നാമതായി കൊറോണ കാലമാണ്. രോഗിയുടെ ഹിസ്റ്ററി സംബന്ധിച്ച് യാതൊരു ധാരണയുമില്ല. പനിയുണ്ടോ, വിദേശത്ത് നിന്ന് വന്ന ആളാണോ, ഒന്നുമറിയില്ല. പള്‍സില്ല, ഹാര്‍ട്ടിന്റെ സ്പന്ദനം മോശമാണ്. ബി പി കൂടുതലാണ്, രക്തം അധികമായി നഷ്ടപ്പെട്ടിരിക്കുന്നു. കാത്തിരിക്കാന്‍ സമയമില്ല. സെക്കന്റുകള്‍ പോലും നിര്‍ണായകമാണ്. പിന്നെയല്ലേ മണിക്കൂറുകളെടുത്ത് റിസല്‍ട്ട് വരുന്ന കോവിഡ് പരിശോധന
റിസ്കെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മാറി നില്ക്കാന് മനസ്സാക്ഷി അനുവദിക്കില്ല. ആലോചിച്ച് നില്‍ക്കാനും സമയമില്ല. റിസ്കെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഞാനും ഡോക്ടര്‍ മുനീറും ഉള്‍പ്പെടെയുള്ളവര്‍ പി പി ഇ (പേഴ്സണ്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്സ്) ധരിച്ചു. രോഗിയെ വിശദമായി പരിശോധിച്ചു. കഷ്ടമാണ് അവസ്ഥ കഴുത്തിന്റെ ഒരു വശം തകര്‍ത്ത് മറുവശത്തെത്തിയിരിക്കുന്നു കത്തി. ട്രക്രിയ, ഇന്റേര്‍ണല്‍ ജുഗുലര്‍ വെയിന്‍, കാര്ട്ടിഡ് ആര്‍ട്ടറിയുടെ ബ്രാഞ്ചുകള്‍, തൈറോയിഡ് ഗ്രന്ഥി, സ്റ്റെര്നോക്ലേയ്ഡോമസ്റ്റോയിഡ്, സ്കലെനസ്, പാര വെര്ട്രിബ്രല് പേശികള്‍ മുതലായവയെല്ലാം തകര്‍ന്ന് പോയിരിക്കുന്നു. ഛേദിക്കപ്പെട്ട ട്രക്കിയയിലൂടെ രക്തം ശ്വാസകോശത്തിലേക്കെത്തിയിരിക്കുന്നു.
ശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ എഴുതുന്നില്ല, മെഡിക്കല്‍ ആയതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നിരുന്നാലും ഓരോ ധമനികളും സൂക്ഷ്മമായി തുന്നിപ്പിടിപ്പിച്ച് ചേര്‍ത്തു, ഉള്‍ഭാഗങ്ങളിലെ രക്തം മുഴുവന്‍ നീക്കം ചെയ്തു 6 മണിക്കൂറെടുത്തു ശസ്ത്രക്രിയ പൂര്‍ത്തിയാകുവാന്‍. രോഗി മരണത്തെ അതിജീവിച്ചു.
എല്ലാം കഴിഞ്ഞ് രാവിലെ തിരിച്ച് വീട്ടിലെത്തി അല്‍പ്പ സമയം ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു. ലോകം മുഴുവന്‍ ഒരു മുറിക്കുള്ളിലേക്കൊതുങ്ങുമ്പോഴും, എല്ലാ ദുരിതത്തിനും മേലെ മനുഷ്യസ്നേഹം ലോകമെങ്ങും അലയടിക്കുമ്പോഴും, മതങ്ങളും ആരാധനാലയങ്ങളും പോലും മനുഷ്യനന്മയ്ക്ക് വേണ്ടി സ്വയം കൊട്ടിയടയ്ക്കുമ്പോഴും, സമ്പന്നനും ദരിദ്രനുമെല്ലാം ദുരിതത്തില്‍ സമന്മാരായി മാറുമ്പോഴും, അയല്‍വാസിയുടെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാനുള്ള മനസ്സ്, അതിനെ കുറിച്ച് ചിന്തിക്കാനുള്ള ശേഷി ഇവര്‍ക്കെവിടെ നിന്ന് കിട്ടുന്നു?
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്, വാസ്കുലാര്‍ ആന്‍ഡ് ഹാന്റ് സര്‍ജറി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: a doctor experience with a stabbed patient during coronavirus Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..