അറിയണം, തിരൂരിലെ കുട്ടികളുടെ ജീവനെടുത്ത സഡന്‍ ഇന്‍ഫന്റ്‌ ഡെത്ത് സിന്‍ഡ്രമിനെ


അനു സോളമന്‍

ഉറക്കത്തിനിടയിലുള്ള ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളാണ് ഈ രോഗത്തിന് കാരണമായി പറയുന്നത്. നമ്മുടെ നാട്ടില്‍ വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം കണ്ടുവരുന്നത്

Representative Image

ലപ്പുറം തിരൂരില്‍ ദമ്പതിമാരുടെ ആറു കുട്ടികള്‍ ഒമ്പതു വര്‍ഷത്തിനിടെ മരിച്ച കാര്യം നടുക്കത്തോടെയാണ് കേരളം കേട്ടത്. ചൊവ്വാഴ്ചയാണ് തിരൂര്‍ ചെമ്പ്ര റോഡില്‍ തറമ്മല്‍ റഫീഖിന്റെയും സബ്‌നയുടെയും 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് മരിച്ചത്. സഹോദരങ്ങളായ കുട്ടികള്‍ മരിക്കാനിടയായത് ജനിതകവൈകല്യം മൂലമാണെന്ന അനുമാനത്തിലാണ് ഡോക്ടര്‍മാര്‍. സഡന്‍ ഇന്‍ഫന്റ്‌ ഡെത്ത് സിന്‍ഡ്രം (സിഡ്‌സ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

എന്താണ് സിഡ്‌സ്

കൃത്യമായി വിശദീകരണം നല്‍കാന്‍ സാധിക്കാത്തതും ഒരു വയസ്സിന് താഴെ പ്രായമുള്ള ആരോഗ്യമുള്ള കുട്ടികളില്‍ ഉറക്കത്തില്‍ മരണം സംഭവിക്കുന്ന രോഗാവസ്ഥയാണ് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രം (സിഡ്‌സ്) എന്നറിയപ്പെടുന്നത്. ക്രിബ് ഡെത്ത് എന്നും ഈ രോഗം അറിയപ്പെടുന്നു. പലപ്പോഴും തൊട്ടിലില്‍ വെച്ചു തന്നെ മരണപ്പെടുന്നതിനാലാണ് ഇങ്ങനെയൊരു പേരിലും ഈ രോഗം അറിയപ്പെടുന്നത്. ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. എങ്കിലും ഉറക്കത്തിനിടയിലുള്ള ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളാണ് ഈ രോഗത്തിന് കാരണമായി പറയുന്നത്. നമ്മുടെ നാട്ടില്‍ വളരെ അപൂര്‍വമായി മാത്രമാണ് ഈ രോഗം കണ്ടുവരുന്നത്.

ശാരീരികവും ജനിതകവും ഉറക്കവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളും ഈ രോഗത്തിന്റെ സാധ്യത കൂട്ടുന്നു. അവ ഇവയാണ്.

മസ്തിഷ്‌കത്തിനുണ്ടാകുന്ന തകരാറുകള്‍: അപൂര്‍വമായി, നവജാതശിശുക്കളില്‍ ജനിക്കുമ്പോള്‍ തന്നെ ചില മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടാകാറുണ്ട്. ഉറക്കത്തിലെ ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങള്‍ വളര്‍ച്ചയെത്താതെ വരുന്നതാണ് ഇതിന് കാരണം.

തൂക്കക്കുറവോടെ ജനിക്കുന്നത്: മാസം പൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള ജനനം മറ്റൊരു പ്രശ്‌നമാണ്. ഇത് കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ച പൂര്‍ണമാവാത്ത അവസ്ഥയുണ്ടാക്കും. അതുമൂലം കുഞ്ഞിന് കൃത്യമായി ശ്വസിക്കാനും ഹൃദയസ്പന്ദന തോത് നിലനിര്‍ത്താനും സാധിക്കാതെ വരും. ഇത് മരണകാരണമായേക്കാം.

ശ്വാസകോശ അണുബാധ: സിഡ്‌സ് മൂലം മരണപ്പെടുന്ന നവജാത ശിശുക്കള്‍ക്ക് അടുത്ത കാലത്ത് ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായി കാണാറുണ്ട്. ഇത് ശ്വസന പ്രക്രിയയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നു.

ഉറക്കത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ഉറക്കത്തില്‍ കുഞ്ഞിനുണ്ടാകുന്ന സ്ഥാന വ്യതിയാനം സിഡ്‌സിന് വഴിയൊരുക്കുന്ന അപകടഘടകങ്ങളിലൊന്നാണ്. പ്രധാന പ്രശ്‌നങ്ങള്‍ ഇവയാണ്.

കുഞ്ഞ് കമിഴ്ന്ന് കിടന്നുറങ്ങുന്നത്: കുഞ്ഞ് ഉറക്കത്തില്‍ കമിഴ്ന്നു പോകുന്നതും മുഖം മറഞ്ഞ് ചെരിഞ്ഞു പോകുന്നതും അവരുടെ ശ്വാസവഴിയില്‍ തടസ്സങ്ങളുണ്ടാകാന്‍ ഇടയാക്കുന്നു. ശ്വാസോച്ഛ്വാസത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് ഇടയാക്കുന്നു.

മൃദുവായ കിടക്കയില്‍ കിടക്കുന്നത്: മൃദുവായ കിടക്കയില്‍ മുഖം മറഞ്ഞ് കിടക്കുന്നത് കുഞ്ഞിന്റെ ശ്വാസവഴിയില്‍ തടസ്സങ്ങളുണ്ടാകാന്‍ ഇടയാക്കുന്നു.

പുതപ്പ് മുഖത്ത് വീഴുന്നത്: കുഞ്ഞിനെ ഉറക്കുമ്പോള്‍ തണുപ്പ് ഏല്‍ക്കാതിരിക്കാന്‍ പുതപ്പിക്കാറുണ്ട്. ഇത് ഉറക്കത്തില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ക്കിടയില്‍ അറിയാതെ മുഖത്ത് വീഴുന്നത് ശ്വാസമെടുക്കുന്നത് തടസ്സപ്പെടാന്‍ കാരണമാകാറുണ്ട്. ഫാനിന്റെ കാറ്റ് കുഞ്ഞിന്റെ മുഖത്തേക്ക് നേരിട്ട് ശക്തിയോടെ അടിക്കുന്നതും ശ്വാസവഴിയില്‍ തടസ്സമുണ്ടാക്കും.

അപകടസാധ്യത കൂടുതല്‍

 • കാരണം വ്യക്തമല്ലെങ്കിലും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് മരണത്തിന് കീഴ്പ്പെടാന്‍ സാധ്യത കൂടുതല്‍.
 • ഒരു വയസ്സു വരെയുള്ള കുട്ടികളിലാണ് മരണ സാധ്യത കൂടുതല്‍.
 • പാരമ്പര്യ സാധ്യത കൂടുതലാണ്. ഈ രോഗം മൂലം സഹോദരങ്ങള്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അടുത്ത കുട്ടിക്കും ഇതേ സാധ്യതയുണ്ട്
 • മാസം തികയാതെയുള്ള പ്രസവം രോഗസാധ്യത വര്‍ധിപ്പിക്കും.
 • പുകവലിക്കാരുമായി കുഞ്ഞിന് സമ്പര്‍ക്കമുണ്ടാകുന്നതും രോഗസാധ്യത വര്‍ധിപ്പിക്കും.
 • 20 വയസ്സില്‍ താഴെയുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കും രോഗസാധ്യത കൂടുതലാണ്.
ചികിത്സയുണ്ടോ?

 • ഈ രോഗം പൂര്‍ണമായും മാറാനുള്ള ചികിത്സയില്ല. കുഞ്ഞിന് സുരക്ഷിതമായി ഉറങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്യുകയാണ് വഴി.
 • കുഞ്ഞ് മലര്‍ന്നു കിടന്ന് തന്നെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 • കമിഴ്ന്നു കിടന്നുറങ്ങാന്‍ ഇടയാക്കരുത്. ഒരു വശത്തേക്കും ചെരിച്ച് കിടത്തരുത്. കിടക്കയില്‍ മുഖമമര്‍ത്തി കിടക്കുമ്പോള്‍ ഓക്‌സിജന്‍ കുറയുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൂടാനും ഇടയാകും. അത് മരണത്തിന് ഇടയാക്കും.
 • കുഞ്ഞിനെ മൃദുവായ കിടക്കയില്‍ കിടത്തരുത്. കട്ടിയുള്ള കിടക്ക മതി.
 • ഉറങ്ങുമ്പോള്‍ കുഞ്ഞിന്റെ തലമൂടരുത്. പുതപ്പു കൊണ്ട് മൂടുമ്പോഴും മുഖം മറയാതെ വളരെയധികം ശ്രദ്ധിക്കണം. ഉറപ്പുവരുത്തണം.
 • തൊട്ടിലില്‍ കിടത്തുമ്പോള്‍ അതില്‍ തുണികള്‍ ധാരാളം ഉപയോഗിക്കരുത്. കളിപ്പാട്ടങ്ങളും ഒഴിവാക്കണം.
 • കുഞ്ഞിന് കൃത്യമായി മുലയൂട്ടുന്നതും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതും പ്രതിരോധശേഷി നല്‍കും.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ദീപ്തി ദാമോദരന്‍
(കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍, രാജഗിരി ഹോസ്പിറ്റല്‍, ആലുവ)

മരിച്ച കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്

ഇന്ത്യയില്‍ ലക്ഷത്തില്‍ ഒന്നോ രണ്ടോ കുട്ടികളില്‍ മാത്രമായി കാണപ്പെടുന്ന സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രം (സിഡ്‌സ്) ആണ് മരണകാരണമെന്ന് കരുതുന്നതെന്ന് തിരൂര്‍ നഴ്‌സിങ് ഹോമിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ. നൗഷാദ് പറഞ്ഞു.

ഒടുവില്‍ മരിച്ച കുട്ടിയെ ചൊവ്വാഴ്ച ബന്ധുക്കള്‍ തന്റെയടുത്ത് കൊണ്ടുവന്നപ്പോള്‍ ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് തിരൂര്‍ സിറ്റി ഹോസ്പിറ്റലിലെ ആര്‍.എം.ഒ. ഡോ. പി. അബ്ദുറഹിമാന്‍ പറഞ്ഞു.

കുട്ടിയുടെ തലച്ചോറിലെ രക്ത ഓട്ടം നിലച്ചുതുടങ്ങിയിരുന്നു. ശ്വാസമിടിപ്പ് കിട്ടുന്നില്ലായിരുന്നു. മുഖത്ത് വിളര്‍ച്ച ഉണ്ടായിരുന്നു. കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയുമായിരുന്നു- ഡോ. പി. അബ്ദുറഹിമാന്‍ പറഞ്ഞു.

സാധാരണ പനി, ജലദോഷം തുടങ്ങിയവ കാരണം ഈ കുട്ടികളെ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴെല്ലാം പൂര്‍ണ ആരോഗ്യമുള്ളവരായിട്ടാണ് കാണാറുള്ളത്. കുട്ടിയുടെ ജീനില്‍ വ്യതിയാനം വരുന്നതാവാം മരണകാരണം.

ഇതുവഴി ഹൃദയമിടിപ്പില്‍ വ്യതിയാനം വരുന്നതുകൊണ്ടോ രാത്രി കമിഴ്ന്ന് കിടന്നുറങ്ങി ശ്വാസതടസ്സമുണ്ടായോ മരണം സംഭവിക്കാം- ഡോ. നൗഷാദ് പറഞ്ഞു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താനാവൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളുടെ മരണം പള്‍മണറി ഡിസീസ് കാരണമാകാമെന്ന് ഡോ. ലീനാ പ്രമോദ് പറഞ്ഞു. മൂന്നു കുട്ടികളുടെ പ്രസവമെടുത്ത ഡോക്ടറാണ് ലീന. ഗര്‍ഭാവസ്ഥയിലെ പരിശോധനകളിലും ജനിക്കുമ്പോഴും കുട്ടികള്‍ ആരോഗ്യമുള്ളവരായിരുന്നു. ജനിതകരോഗം പരോക്ഷമായി ഉണ്ടായിരിക്കാമെന്ന് അവര്‍ പറഞ്ഞു.

Content Highlights: 6 children died in a family over 9 years children has genetic disorder SIDS

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented