ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍; ആരോഗ്യമേഖലയില്‍ നാം നേടിയത്


ഡോ. ബി. ഇക്ബാല്‍

കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു ചുമതലയാണ് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം കോവിഡനന്തര രോഗങ്ങളുടെ വലിയൊരു വെല്ലുവിളിയും ഏറ്റെടുക്കാനുണ്ട്

Photo: PTI

1996-ലെ ഇടത് ജനാധിപത്യ മുന്നണി ഭരണകാലത്താരംഭിച്ച ജനകീയാസൂത്രണ പരിപാടിയുടെ രജതജൂബിലി ആഘോഷിക്കപ്പെടുന്നതിന്റെ ഭാഗമായി വിവിധമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചുവരുന്ന പങ്ക് വിലയിരുത്തപ്പെട്ടുവരികയാണ്. മറ്റ് ഒട്ടേറെ മേഖലകളോടൊപ്പം ആരോഗ്യമേഖലയ്ക്കും പഞ്ചായത്തീരാജ് സംവിധാനത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന മികവിന് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തോടൊപ്പം ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണെന്നത് ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്.

കേരള ആരോഗ്യമാതൃക പ്രതിസന്ധിയിലേക്ക്

കേരളത്തിലെ വിജയകരമായ ആരോഗ്യമാതൃകയെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടുവരുന്നുണ്ട്. പക്ഷേ, 1980-കളുടെ അവസാനത്തില്‍ കേരള ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടുതുടങ്ങിയിരുന്നു. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങള്‍ (പകര്‍ച്ചേതര രോഗങ്ങള്‍) ഉള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രതീക്ഷിച്ചതിലേറെ വര്‍ധിച്ചു. അതോടൊപ്പം നിയന്ത്രിച്ചുകഴിഞ്ഞു എന്നുകരുതിയിരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ, വര്‍ധിച്ചുവരുന്ന ഈ രോഗാതുരതയെ നേരിടാന്‍ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്കാണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെത്തുടര്‍ന്ന് ആരോഗ്യച്ചെലവ് വലിയതോതില്‍ കുതിച്ചുയര്‍ന്നു. സ്വാഭാവികമായും സാമൂഹ്യനീതിയിലും തുല്യതയും അധിഷ്ഠിതമായ കേരള ആരോഗ്യമാതൃക വലിയൊരു പ്രതിസന്ധി നേരിടാന്‍ തുടങ്ങി. ഈ സന്ദിഗ്ധഘട്ടത്തിലാണ് 1996-ലെ ജനകീയാസൂത്രണം ആരോഗ്യമേഖലയില്‍ വമ്പിച്ച പരിവര്‍ത്തനം സൃഷ്ടിക്കാന്‍ തുടക്കംകുറിച്ചത്.

ആരോഗ്യമേഖലയിലെ അധികാരവികേന്ദ്രീകരണം

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭരണപരമായ അധികാര വികേന്ദ്രീകരണത്തോടൊപ്പം ധനപരമായ വികേന്ദ്രീകരണവും നടത്തി. വികസ്വരരാജ്യങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍, ഒരു മുന്നുപാധി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണെന്ന് 1991-ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച രേഖയില്‍ പറയുന്നുണ്ട്. സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തണമെങ്കില്‍ ആരോഗ്യമേഖലയില്‍ ധനപരവും ഭരണപരവും ആസൂത്രണപരവുമായ വികേന്ദ്രീകരണം ഉറപ്പാക്കണമെന്നും രേഖയില്‍ പറഞ്ഞിട്ടുണ്ട്. കേരളം നടപ്പാക്കിയതും ഇതേ നിര്‍ദേശങ്ങളാണ്.

ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശം കേരളമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള ആരോഗ്യകേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലേക്ക് കൈമാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നല്‍കിയതോടെ ഉയര്‍ന്നതലത്തിലുള്ള മെഡിക്കല്‍ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു.

ഒരേസമയം ആരോഗ്യവകുപ്പിന്റെ കീഴില്‍ മുകള്‍ത്തട്ടിലുള്ള ആശുപത്രികളും അനുബന്ധസ്ഥാപനങ്ങളും പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളും മെച്ചപ്പെടാന്‍ തുടങ്ങി. 2016-ല്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉറപ്പാക്കി മെച്ചപ്പെടുത്തി വിസ്മയകരം എന്നു വിശേഷിപ്പിക്കാവുന്ന പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിഞ്ഞത് പഞ്ചായത്തുകളുടെ പങ്കാളിത്തംകൊണ്ടുകൂടിയാണ്. 1996-ല്‍ കേവലം 28 ശതമാനം ജനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കുപോയിരുന്നത്. ഇത് 48 ശതമാനമായി വര്‍ധിച്ചിട്ടുള്ളതില്‍ പഞ്ചായത്തുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Content Highlights: 25th birthday for kerala janakeeya asoothranam impact of health sector, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented