കോവിഡിനെതിരേയുള്ള പോരാട്ടങ്ങള്‍ക്കിടയിലും കരുണയുടെ പുതിയഗാഥ തീര്‍ക്കുകയാണ് തൃശ്ശൂരിലെ 108 ആംബുലന്‍സ് ഡ്രൈവര്‍മാരും നഴ്‌സുമാരും. അര്‍ബുദം ബാധിച്ച തമിഴ്‌നാട് സ്വദേശിയായ രണ്ടു വയസ്സുകാരന്റെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് 108 ആംബുലന്‍സ് കൂട്ടായ്മ കവലകള്‍തോറും സംഗീതപരിപാടി അവതരിപ്പിച്ചത്. കുട്ടനെല്ലൂര്‍ ശാന്തി റോഡിലെ ഒരു കൂരയുടെ ചായ്പില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവണ്ണാമല സ്വദേശി സുധാകരന്റെയും കലൈവാണിയുടെയും ഇളയ മകന്‍ തിരുമലൈവാസന്റെ ജീവന്‍ നിലനിര്‍ത്താനാണ് 108-ലെ രക്ഷാദൂതര്‍ കൈകോര്‍ത്തത്. ഒരു വര്‍ഷം മുമ്പാണ് മകന് അരയ്ക്കുതാഴെ മുഴ രൂപപ്പെട്ടത്. പരിശോധനയില്‍ നാലുലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ തരം അര്‍ബുദമാണെന്ന് കണ്ടെത്തി.

തമിഴ്‌നാട്ടില്‍ ശസ്ത്രക്രിയ അടക്കം ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രോഗം വീണ്ടും മൂര്‍ച്ഛിച്ചു. തിരുവനന്തപുരം ആര്‍.സി.സി.യിലാണ് ഇപ്പോള്‍ ചികിത്സ. റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകളില്ലാത്തതിനാല്‍ സൗജന്യചികിത്സയും മുടങ്ങി. അടുത്തയാഴ്ചയാണ് ആര്‍.സി.സി.യില്‍ ശസ്ത്രക്രിയയ്ക്കായി എത്തേണ്ടത്. ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സായ ജിന്‍ഷയാണ് വീട്ടുകാരുടെ ദുരിതം ആംബുലന്‍സ് ജീവനക്കാരുമായി പങ്കുവെച്ചത്.

ഇതോടെ ചികിത്സയ്ക്കായി പണം സമാഹരിക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങുകയായിരുന്നു. 108 ആംബുലന്‍സ് ജീവനക്കാരായ അനീഷ്, പ്രകാശന്‍, സുമി, ജിജി, മണി, സുനീഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇവര്‍ സമാഹരിച്ച ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ ചീഫ് വിപ്പ് കെ. രാജന്‍ വീട്ടുകാര്‍ക്ക് കൈമാറി. അരുണ്‍ ചുവന്ന മണ്ണ്, ജിലു ജിയോ, സുനില്‍ അക്കര, കൗണ്‍സിലര്‍ നീതു ദിലീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഏഴും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍മക്കളുമുണ്ട് സുധാകരനും കലൈവാണിക്കും. ഇരുപത്തഞ്ചു വര്‍ഷമായി സുധാകരന്‍ കുട്ടനെല്ലൂരിലെത്തിയിട്ട്. കൂലിപ്പണിയാണ് ജോലി. ജോലിക്കുപോകാന്‍ കഴിയാത്തതിനാല്‍ സുധാകരന്റെ വീട്ടിലെ കാര്യങ്ങളും കഷ്ടത്തിലാണ്.

Content Highlights: 108 ambulance staff collected Rs 1.5 lakh for the treatment of a two year old boy, Health