കുഞ്ചിയമ്മ/പായിമ്മ
അങ്ങനെയൊരു ആഗ്രഹംകൂടി എനിക്കുണ്ട്. മക്കളോട് പറഞ്ഞപ്പോൾ അവർക്കും സമ്മതം. സന്തോഷിക്കാൻ കിട്ടുന്ന അവസരമല്ലേ, ഇവരെല്ലാം എന്റെ കൂടെയുണ്ടാവും’’ -നിറഞ്ഞ ചിരിയോടെ പായിമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ചിയമ്മ പറഞ്ഞു. മേയ് 15-ന് ഗോവയ്ക്ക് പോകാനൊരുങ്ങുകയാണ് ഇവർ. മക്കളും പേരക്കുട്ടികളും അവരുടെ മക്കളും ആ യാത്രയ്ക്കായുള്ള ഒരുക്കത്തിലാണ്. അതിലെന്താണിത്ര അദ്‌ഭുതമെന്നല്ലേ... 101 വയസ്സ് പൂർത്തിയാക്കിയ വേളിലാണ് ഈ യാത്ര.
തൃശ്ശൂർ വെള്ളാനിക്കരയിൽ കല്ലടവീട്ടിൽ കുഞ്ചിയമ്മ അറുപത്തിയഞ്ചു വയസ്സുവരെ ജീവിതപ്രാരബ്ധങ്ങളുടെ യാത്രയിലായിരുന്നു. കർഷകനായിരുന്ന ഭർത്താവ് ഗോവിന്ദനെഴുത്തച്ഛനോടൊപ്പം പാടത്തും പറമ്പിലും അധ്വാനിച്ചു. അഞ്ചുമക്കളെ വളർത്തി. പിന്നീട് കുടുംബമൊന്നാകെ ചെടി നഴ്‌സറി കച്ചവടത്തിലേക്ക് മാറി. 1990-ലാണ് ഭർത്താവ് മരിച്ചത്.
65-വയസ്സിനുശേഷം ശബരിമലയിലേക്ക് പോയതായിരുന്നു ആദ്യയാത്ര. പിന്നീട് രണ്ടുതവണകൂടി മലകയറി. എന്നാൽ, 90 വയസ്സിനുശേഷമാണ് പായിമ്മയുടെ യാത്രകൾ സജീവമായത്. കേരളത്തിനകത്തും അയൽസംസ്ഥാനങ്ങളിലുമായി കുടുംബത്തോടൊപ്പം ചെറുയാത്രകൾ. ‘എന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും എന്നെ കൊണ്ടുപോകാൻ തയ്യാറാണ്. അതാണെന്റെ ഭാഗ്യം’-കുഞ്ചിയമ്മ തന്റെ സന്തോഷം പങ്കിട്ടു.
യാത്രകളാവാം, ഓർക്കണം ചില കാര്യങ്ങൾ
കോവിഡ് ഭീതിയകന്ന് യാത്രകൾ പുനരാരംഭിച്ച ഘട്ടമാണിത്. മുതിർന്നപൗരന്മാർ യാത്രയ്ക്ക് പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സ്ഥലവും കാലാവസ്ഥയും
ഒരിക്കലും വലിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള പ്രദേശങ്ങൾ, ഉയർന്ന മലനിരകൾ ഉള്ള സ്ഥലങ്ങൾ ഇവ തിരഞ്ഞെടുക്കരുത്. ഹൃദയസംബന്ധമായ രോഗങ്ങൾക്കുംമറ്റും മരുന്നുകഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മൺസൂൺകാലത്തെ യാത്രകൾ പരമാവധി ഒഴിവാക്കണം.
വെള്ളം കരുതണം
യാത്രകളിലെപ്പോഴും ധാരാളം വെള്ളം കുടിക്കണം. എപ്പോഴും കുടിവെള്ളം കൈയിൽ കരുതണം. കുടിക്കുന്നത് ശുദ്ധജലം തന്നെയാണെന്ന് ഉറപ്പുവരുത്തണം.
ശ്രവണസഹായിയും കണ്ണടയും മറക്കരുത്
കേൾവിക്ക് പ്രശ്നമുള്ളവർ ശ്രവണസഹായി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കഴിയുമെങ്കിൽ രണ്ട് കണ്ണട കൈയിൽ കരുതണം. ഒന്ന് നഷ്ടപ്പെടുകയോ പൊട്ടിപ്പോവുകയോ ചെയ്താൽ രണ്ടാമത്തേത് ഉപയോഗിക്കാം. ഇതിനായി തൊട്ടുമുൻപ് ഉപയോഗിച്ച കണ്ണട കൈയിൽവെച്ചാലും മതി.
മരുന്നുമാത്രമല്ല; പേരെഴുതിയ പട്ടികയും വേണം
മറക്കാതെ ട്രാവൽകിറ്റിൽ ഉറപ്പുവരുത്തേണ്ടത് മരുന്നുകളാണ്. കഴിക്കേണ്ട മരുന്നുകളുടെ സമയം ഓർക്കാൻ ഫോണിലോ മറ്റോ അലർട്ട് വെക്കാം. കഴിക്കുന്ന മരുന്നുകളുടെ പേരും സമയവും വലിയ അക്ഷരത്തിൽ എഴുതി ഒപ്പംവെക്കണം. പാരസെറ്റമോൾ തുടങ്ങിയ അവശ്യമരുന്നുകളും കിറ്റിലുൾപ്പെടുത്താം.
രേഖകളും പണവും പ്രധാനം
യാത്ര പുറപ്പെടുംമുൻപ് ആദ്യം എടുത്തുവെക്കേണ്ടത് യാത്രാരേഖകളാണ്. ഇതെല്ലാം പ്രത്യേകം കവറിൽ സുരക്ഷിതമായി ബാഗിൽ വെക്കണം. ചില രേഖകളുടെ കോപ്പികൾ ഒപ്പം വെക്കണം. അധികം പണം കൈയിൽവെക്കാതെ എ.ടി.എം. കാർഡുപയോഗിക്കുന്നതാണ് ഉചിതം.
ഭക്ഷണം ശ്രദ്ധിക്കണം
ചെറിയ അളവിൽ പെട്ടെന്നുദഹിക്കുന്ന ഭക്ഷണമാണ് യാത്രയിൽ തിരഞ്ഞെടുക്കേണ്ടത്. അതേസമയം ചട്ണി, സാലഡ്, തൈര് സാദം തുടങ്ങി നിരുപദ്രവകരമെന്ന് പൊതുവേ കരുതുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പുഴുങ്ങിയ മുട്ടയും ഒഴിവാക്കണം. ഇവയെല്ലാം നേരത്തേ തയ്യാറാക്കി സൂക്ഷിക്കുന്നവയായിരിക്കും.
ഒരു മൊബൈൽ ഫോൺ അധികമായി കൈയിൽ കരുതുന്നത് നല്ലതാണ്. ഒപ്പമുള്ള ഒന്നോ രണ്ടോ പേരുടെ നമ്പർ വീട്ടുകാർക്ക് നൽകാം. താമസിക്കുന്ന ഹോട്ടലിലെ ഫോൺനമ്പറും റൂംനമ്പറും ഇ-മെയിൽ. ഐ.ഡി.യും വീട്ടിലറിയിക്കാം. ഒപ്പം വീട്ടിലെയും അടുത്ത ബന്ധുക്കളുടെയും ഫോൺനമ്പറുകൾ കടലാസിലെഴുതി പ്രത്യേകം സൂക്ഷിക്കണം.
മുഖാവരണം മറക്കരുത്
മുഖാവരണം, സാനിറ്റൈസർ എന്നിവ മറക്കരുത്.
Content Highlights: 101 year old payimma, travels, goa and other places
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..