
-
ദമ്പതിമാരുടെയെല്ലാം സ്വപ്നമാണ് ഒരു കുഞ്ഞ്. വിവാഹിതരാകുന്നതോടെ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയായി. കുഞ്ഞിന് വേണ്ടിയുള്ള അതിയായ ആഗ്രഹവും നല്ല സെക്സും ഇതിലേക്കുള്ള വഴി തെളിക്കുന്നു.
യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കണക്കുകള്‍ പറയുന്നത് ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്ന 100 ദമ്പതികളില്‍ 80-90 പേരാണ് ഒരു വര്‍ഷത്തിനകം വിജയിക്കുന്നത് എന്നാണ്. അണ്ഡവിസര്‍ജനം എന്നാണെന്ന് കൃത്യമായി അറിയുന്നതാണ് വിജയനിരക്ക് കൂട്ടുന്ന പ്രധാന ഘടകം.
സാധാരണയായി അവസാന ആര്‍ത്തവം കഴിഞ്ഞ് 14 ദിവസം കഴിഞ്ഞാണ് അണ്ഡവിസര്‍ജനം നടക്കുന്നത്. ഈ സമയത്തെ സെക്സ് ആണ് ഗര്‍ഭസാധ്യത ഏറ്റവും കൂട്ടുക.
ഗര്‍ഭസാധ്യത കൂട്ടാനും ആരോഗ്യകരമായ ഗര്‍ഭകാലത്തിനും പാലിക്കേണ്ട ചില ടിപ്സുകളുണ്ട്.
സമീകൃതമായ ഡയറ്റ്
കൂടുതല്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണം. ഇത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് മാത്രമല്ല പ്രത്യുത്പാദന സംവിധാനത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പുകവലി ഉപേക്ഷിക്കുക
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് അഭിപ്രായപ്പെടുന്നത് പുകവലിക്കുന്ന അമ്മമാര്‍ക്ക് ഗര്‍ഭിണിയാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം കുറവാണ് എന്നാണ്. പുകവലിക്കുന്ന പുരുഷന്മാരില് ബീജത്തിന്റെ അളവും(സ്പേം കൗണ്ട്) ഗുണവും കുറയുകയും ചെയ്യും. ഇതെല്ലാം വന്ധ്യതയ്ക്ക് കാരണമാകും.
മദ്യപാനം നിര്‍ത്തണം
മദ്യപാനം ഗര്‍ഭസാധ്യത കുറയ്ക്കുന്ന ഘടകമാണ്. കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവര്‍ മദ്യപാനം ഉപേക്ഷിക്കുന്നതാണ് നല്ലത്.
കഫീന്‍ അടങ്ങിയവ കുറയ്ക്കണം
കാപ്പി ഉള്‍പ്പടെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുറയ്ക്കണം. കാരണം കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഗര്ഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാന്‍ ഇടയാക്കും.
വ്യായാമം ചെയ്യണം
മൊത്തം ശരീരാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് കൃത്യമായ വ്യായാമം. എന്നാല്‍ അതുമാത്രമല്ല, നന്നായി വ്യായാമം ചെയ്യുന്നത് ഗര്‍ഭധാരണത്തെയും സഹായിക്കും. അതിനാല്‍ ദിവസവും 30 മിനിറ്റെങ്കിലും ലളിതമായ വ്യായാമം ചെയ്യണം.
ഡോക്ടറുടെ ഉപദേശം തേടുക
ഗര്‍ഭധാരണത്തെക്കുറിച്ചും അതിന് സ്വീകരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഒരു ഡോക്ടറുടെ ഉപദേശം തേടണം. ഒരു നല്ല ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാം.
സപ്ലിമെന്റുകള്‍ കഴിക്കാം
കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുന്ന സ്ത്രീയ്ക്കും പുരുഷനും എന്തെങ്കിലും പോഷകങ്ങളും ആവശ്യമുണ്ടെങ്കില്‍ അത് സപ്ലിമെന്റുകള്‍ ആയി നല്‍കേണ്ടതുണ്ട്. അക്കാര്യം ഡോക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ഫോളിക് ആസിഡ് ഗുളികകള്‍, അയേണ്‍ സപ്ലിമെന്റുകള്‍, കാത്സ്യം എന്നിവ ആവശ്യമുണ്ടോയെന്ന് കണ്ടെത്തി അവ കഴിക്കണം. എന്തെങ്കിലും വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടോയെന്ന് അവയും എടുക്കണം.
സ്ട്രെസ്സ് കുറയ്ക്കണം
സ്ട്രെസ്സും ഉത്കണ്ഠയും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ മാനസിക ആരോഗ്യത്തെ ബാധിക്കാതെ നോക്കണം. സമ്മര്‍ദങ്ങളെയും ഉത്കണ്ഠയെയും ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ ശീലിക്കണം. അത് ഗര്‍ഭസാധ്യത കൂട്ടും.
ആരോഗ്യപരിശോധന നടത്താം
കുഞ്ഞിന് വേണ്ടി പ്ലാന്‍ ചെയ്യുന്നതിന് മുന്‍പായി ഒരു ഫുള്‍ബോഡി മെഡിക്കല്‍ പരിശോധന നടത്തുന്നത് നല്ലതാണ്. ലൈംഗികരോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് നേരത്തെ പരിശോധിച്ചറിയുന്നത് നല്ലതാണ്.
വിദഗ്ധ സഹായം തേടാം
പരിശോധനകളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും എന്തെങ്കിലും അത്യാവശ്യ സഹായങ്ങള്‍ ആവശ്യമായി വന്നാല്‍ വിദഗ്ധ സഹായം തേടാന്‍ മറക്കരുത്. വന്ധ്യത പരിഹരിക്കാന്‍ ആ രംഗത്തെ വിദഗ്ധരുടെ സഹായം ഇല്ലാതെ സാധിക്കില്ല. അതുകൊണ്ട് പ്രശ്നങ്ങള്‍ എന്തെങ്കിലും വന്നാല്‍ കാത്തിരിക്കാതെ ഉടന്‍ തന്നെ വിദഗ്ധ സഹായം തേടണം.
Content Highlights: 10 Tips for Couples Who are Trying to Conceive, Health, Sexual Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..