കാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള ജീവിതം നല്‍കാന്‍ കഴിയുന്ന ഒട്ടേറെ ചികിത്സ-പുനരധിവാസ സങ്കേതങ്ങള്‍ ഇന്നുണ്ട്. പക്ഷേ രോഗത്തിനൊപ്പമോ അതിനെക്കാള്‍ ഏറെയോ ആളുകളെ വലയ്ക്കുന്ന പ്രശ്‌നമാണ് നീണ്ടുനില്ക്കുന്ന ചികിത്സയും ഭാരിച്ച ചെലവും. പത്തുവര്‍ഷം മുന്‍പുവരെ കാന്‍സര്‍ ചികിത്സയ്ക്കുള്ള ധനസഹായം പരിമിതമായിരുന്നു. അതുകൊണ്ട് ചികിത്സ ഇടയ്ക്കുവച്ച് നിര്‍ത്തുകയോ ചികിത്സയ്ക്കായി കിടപ്പാടം വില്ക്കുകയോ ചെയ്യുന്നവര്‍ ഏറെയുണ്ടായി. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാന്‍സര്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുകയും ചികിത്സാചെലവ് കുറയ്ക്കാനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നിര്‍ധനരോഗികള്‍ക്ക് സൗജന്യമായി കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇത് കാന്‍സര്‍ രോഗികള്‍ക്ക് അത്യന്തം ആശ്വാസകരമാണ്. പ്രധാനപ്പെട്ട ചില കാന്‍സര്‍ ചികിത്സാ പദ്ധതികള്‍ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇവയെല്ലാം വിവിധ ക്ഷേമപദ്ധതികളുടെ രൂപരേഖ മാത്രമാണ്. ചികിത്സിക്കുന്ന ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഇവയെക്കുറിച്ചന്വേഷിച്ചാല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
കാന്‍സര്‍ സുരക്ഷാപദ്ധതി
പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കാന്‍സര്‍ ചികിത്സ നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി. ചികിത്സ ആരംഭിച്ച ശേഷം, ചികിത്സ തുടരുന്നതിനിടയില്‍ 18 വയസ്സ് പൂര്‍ത്തിയാവുകയാണെങ്കില്‍ പദ്ധതിയുടെ സഹായം പരമാവധി 19 വയസ്സുവരെ ലഭിക്കും. രക്ഷിതാക്കള്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഉണ്ടെങ്കില്‍ ആ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം പ്രത്യേക അപേക്ഷാഫോറത്തില്‍ വില്ലേജ് ഓഫീസ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. സഹായധനം രോഗിക്ക് നേരിട്ട് നല്‍കും.
പട്ടികവര്‍ഗ വിഭാഗത്തിനുള്ള സൗജന്യചികിത്സ
പട്ടികവര്‍ഗത്തില്‍ പെട്ട (ഷെഡ്യൂള്‍ഡ് ട്രൈബ്) കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ഇതിനായി ഷെഡ്യൂള്‍ഡ് ട്രൈബ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ വാങ്ങി ഹാജരാക്കിയാല്‍ മതിയാകും.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കും. ചികിത്സിക്കുന്ന ആശുപത്രിയിലാണ് ഈ തുക എത്തുന്നത്. ചികിത്സ തേടുന്ന ആശുപത്രിയില്‍ നിന്നുള്ള ചികിത്സാചെലവ് സര്‍ട്ടിഫിക്കറ്റ്, തഹസില്‍ദാരില്‍ നിന്നുള്ള വരുമാനസര്‍ട്ടിഫിക്കറ്റ്, രോഗിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡിന്റെ കോപ്പി എന്നിവസഹിതം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് ലഭിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (PMJAY കാര്‍ഡ്) ഉള്ള കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. കാര്‍ഡില്‍ രോഗിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കണം. നിബന്ധനകള്‍ക്ക് വിധേയമായാണ് സഹായം ലഭിക്കുക. ചികിത്സിക്കുന്ന ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഹാജരാക്കുമ്പോള്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്.
കാന്‍സര്‍ പെന്‍ഷന്‍
നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതി ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാണ്. നേരത്തേ 1000 രൂപയായിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് എല്ലാവര്‍ഷവും പെന്‍ഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ വില്ലേജ് ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.
കാരുണ്യ ബനവലന്റ് ഫണ്ട്
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും മൂന്നുലക്ഷത്തില്‍ത്താഴെ വാര്‍ഷികവരുമാനം ഉള്ളവര്‍ക്കും പരമാവധി രണ്ടുലക്ഷം രൂപവരെയുള്ള ചികിത്സ, നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്നതാണ് ഈ പദ്ധതി. ചികിത്സ ലഭിക്കുന്ന ആശുപത്രി മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്.
മെഡിക്കല്‍ അസിസ്റ്റന്റ്സ് ടു പുവര്‍
പ്രത്യേക അപേക്ഷാഫോറത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിയുടെ ശുപാര്‍ശസഹിതം ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കംചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 50,000 രൂപവരെയുള്ള ധനസഹായം നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. രോഗിയുടെ കൈയില്‍ നിന്നും ചികിത്സയ്ക്ക് ചെലവാകുന്ന തുകയാണ് ഈ പദ്ധതിവഴി ലഭിക്കുക.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഡിസ്‌ക്രീഷണറി ഗ്രാന്റ് (HMDG)
1,25,000 രൂപവരെ വാര്‍ഷികവരുമാനമുള്ള കുടുംബത്തിന് ഈ സഹായപദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,25,000 രൂപവരെയുള്ള സഹായം നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മറ്റ് ചികിത്സാസഹായങ്ങള്‍ ലഭിക്കുന്നവരും PMJAY ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവരും അപേക്ഷിക്കാന്‍ പാടില്ല.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാന്‍സര്‍ പേഷ്യന്റ് ഫണ്ട് (HMCPF)
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാന്‍സര്‍ രോഗികള്‍, ചികിത്സിക്കുന്ന ആശുപത്രി മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിബന്ധനകളും ആശുപത്രിയി നിന്ന് ലഭിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്:
സുരേന്ദ്രന്‍ ചുനക്കര
പി.ആര്‍.ഒ.
റീജണല്‍ കാന്‍സര്‍ സെന്റര്‍
തിരുവനന്തപുരം
Content Highlights: 10 Government Schemes for Cancer Treatment, Health, Cancer Care
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്