എം.ബി.ബി.എസ്. പാസായി മെഡിക്കല്‍കോളജില്‍ ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് ഇരിക്കുമ്പോഴാണ് വീടിനു തൊട്ടടുത്തുള്ള ഹോസ്പിറ്റലില്‍നിന്ന് ഒരു വിളി വരുന്നത്. ഡോക്ടര്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ ഇവിടെ വന്ന് പ്രാക്ടീസ് ചെയ്യാമല്ലോ എന്ന്. ഓ, നമുക്കെന്ത് ബുദ്ധിമുട്ട്? അധികം വൈകാതെതന്നെ ജോയിന്‍ ചെയ്തു.

ചെറിയ ആശുപത്രിയാണ്. അധികം രോഗികളൊന്നുമുണ്ടാവില്ല. ഉള്ളവരാണെങ്കില്‍ പരിചയക്കാരോ ബന്ധുക്കളോ അയല്‍ക്കാരോ ഒക്കെ ആയിരിക്കും. ആവശ്യത്തിനു മരുന്നും ഒപ്പം ശകലം ഹെല്‍ത്ത് എജുക്കേഷനും- ആരോഗ്യബോധവത്കരണം-ഒക്കെയായി അങ്ങനെ പോകുമ്പോള്‍ ഒരുദിവസം ഒരാള്‍ വന്നു. മരുന്ന് കുറിച്ചുകഴിഞ്ഞ് പാലിക്കേണ്ട ചിട്ടവട്ടങ്ങളെപ്പറ്റി ഒരല്പം പറഞ്ഞുതുടങ്ങിയപ്പോള്‍ ഒരു പഞ്ച് ഡയലോഗ്.

''ഉപദേശം കേള്‍ക്കാനാണെങ്കില്‍ വീട്ടിലിരുന്നാപ്പോരേ?'' എന്ന്..

അതൊക്കെക്കേട്ട് വീട്ടില്‍ വന്നപ്പോഴാണ് അടുത്ത പഞ്ച് ഡയലോഗ്... ''ഓ, നിങ്ങള്‍ക്ക് ചുമ്മാ ഇരുന്ന് മരുന്നെഴുതിയാല്‍ മതിയല്ലോ...'' അപ്പോഴാണ് ആലോചിച്ചുതുടങ്ങിയത്, കുറച്ച് മരുന്നെഴുതുക മാത്രമാണ് മോഡേണ്‍ മെഡിസിനിലെ ഡോക്ടര്‍മാരുടെ പണീന്ന് ആള്‍ക്കാര്‍ക്കൊരു തെറ്റിദ്ധാരണയുണ്ടോ എന്ന്. ഉണ്ടോ എന്നല്ല, ഉണ്ട്.. ആധുനിക വൈദ്യശാസ്ത്രമെന്നാല്‍ മരുന്ന് മാത്രമാണെന്നൊരു തെറ്റിദ്ധാരണ ആളുകള്‍ക്കുണ്ട്.

സ്ഥിരം വേട്ടമൃഗമായതുകൊണ്ട് നമുക്ക് പ്രമേഹത്തെത്തന്നെ പിടികൂടാം. ഇക്കഴിഞ്ഞ ദിവസം ഒരു ചേട്ടനെ കണ്ടിരുന്നു. ഒരു മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് രക്തപരിശോധന നടത്തിയ കൂട്ടത്തിലാണ് ചേട്ടന്‍ തന്റെ രക്തത്തിലുള്ള ഗ്ലൂക്കോസ് കണ്ണുവെട്ടിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കിയത്. അത്യാവശ്യത്തിലധികം തൂക്കവും അല്പസ്വല്പം 'സേവയും' ഒക്കെ ഉണ്ടായിരുന്ന ചേട്ടനോട് ഡോക്ടര്‍ ഭക്ഷണ നിയന്ത്രണത്തെക്കുറിച്ചും ഭാരം കുറയ്‌ക്കേണ്ടതിനെക്കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. ഒപ്പം മരുന്ന് തുടങ്ങുന്നതിനെക്കുറിച്ചും.

അവിടെനിന്ന് ചേട്ടന്‍ നേരേ വിട്ടത് ഒരു പ്രമുഖ സിംഹത്തിന്റെ മടയിലേക്കാണ്. സിംഹം വിവരം കേട്ടപാടേ കേള്‍ക്കാത്ത പാടേ ഡോക്ടറെ പുച്ഛിച്ച് തള്ളുന്നു. ചേട്ടന് കഴിക്കാവുന്ന പച്ചക്കറികളുടെ ഒരു ലിസ്റ്റ് നല്‍കുന്നു. ഒപ്പം ദിവസേന ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ലിസ്റ്റും. രണ്ടുമൂന്ന് മാസത്തിനു ശേഷം ഗ്ലൂക്കോസിനെ പിടിച്ചുനിര്‍ത്തിയ ചാരിതാര്‍ഥ്യവുമായി ചേട്ടന്‍ വന്നതാണ്.

യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ചതെന്താണ്? ''പ്രമേഹത്തിനു മരുന്ന് കഴിച്ചാല്‍ കിഡ്‌നി പോകും'' എന്നും മരുന്നിന് മുഴുവന്‍ ''സൈഡ് എഫക്റ്റ്'' ആണെന്നുമൊക്കെയുള്ള പേടിപ്പിക്കലുകള്‍ കേട്ട് ചേട്ടന്‍ രക്ഷപ്പെടാന്‍ പോയിടത്തുനിന്ന് തിരികെ വരുമ്പോള്‍ ആവശ്യത്തിനു പോഷകമുള്ള ഭക്ഷണം കഴിക്കാതെയും ഒപ്പം നല്ലോണം മേലനങ്ങിയും ഒരു അഞ്ചാറ് കിലോ അങ്ങ് പോയി. പ്രമേഹം ആരംഭിച്ചുകഴിഞ്ഞുള്ള ആദ്യ നാളുകളില്‍ ചിലര്‍ക്ക് ഭക്ഷണം നിയന്ത്രിച്ചും ഭാരം കുറച്ചും പ്രമേഹത്തെ കുറച്ച് നാള്‍ നിയന്ത്രിക്കാന്‍ കഴിയും. ഇവിടെ സംഭവിച്ചതും അതുതന്നെ.

എന്നാപ്പിന്നെ മരുന്ന് കഴിക്കണോ? അതുതന്നെ എല്ലാവരും ചെയ്താല്‍പ്പോരേ എന്ന ചോദ്യമായിരിക്കും നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ അല്ലേ? വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനറിയാം എന്നുള്ളതുകൊണ്ട് ഒരാളുടെ അരികില്‍ വാഹനം റിപ്പയര്‍ ചെയ്യാന്‍ കൊടുത്താല്‍ എങ്ങനെയിരിക്കും? പൊളിച്ചടുക്കി കൈയില്‍ തരും അല്ലേ? അതുതന്നെ സംഭവിക്കും.

ഇവിടെത്തന്നെ നോക്കിയാല്‍ ആദ്യം ഏത് സ്ഥിതിയിലാണ് പ്രമേഹമുള്ളതെന്ന് നോക്കണം. പ്രമേഹം മാത്രമേയുള്ളോ, അതോ അതിന്റെ സങ്കീര്‍ണതകളിലേക്ക് വളര്‍ന്നുവോ എന്നറിയണം. സങ്കീര്‍ണതകള്‍ ആരംഭിച്ചയാളിന് ഒരുപക്ഷേ വ്യായാമം മാത്രം മതിയായെന്ന് വരില്ല. പ്രമേഹം കൃത്യമായി നിയന്ത്രിക്കേണ്ടതായി വരും. പ്രമേഹം ഒന്നിലധികം തരത്തിലുണ്ടെന്ന് അറിയാമല്ലോ. ടൈപ് വണ്‍ പ്രമേഹമുള്ളവര്‍ ഏതാണ്ട് പൂര്‍ണമായി ഇന്‍സുലിനെ ആശ്രയിച്ചാണിരിക്കുക. അവര്‍ക്ക് ഇന്‍സുലിന്‍ നിര്‍ത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായേക്കാം. മേല്‍പ്പറഞ്ഞ 'സിംഹം' അത്തരത്തിലാണ് ചെയ്തിരുന്നതെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായേനെ... ഹൃദയത്തിനു ഗുരുതരപ്രശ്‌നമുള്ളയാളെ വ്യാജന്‍ വ്യായാമം ചെയ്യിച്ച് യമലോകത്തേക്കയച്ചതും നമ്മുടെ കേരളത്തില്‍ത്തന്നെ.

മരുന്ന് മാത്രമാണ് ആധുനിക വൈദ്യശാസ്ത്രത്തിലുള്ളതെന്നും അതുകൊണ്ട് അത്യാഹിതങ്ങള്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമ്പൊ അങ്ങോട്ടേക്ക് പോയാല്‍ മതിയെന്നും അല്ലാത്തപ്പൊ പൊടിക്കൈകളും പ്രകൃതിയുമൊക്കെ വെച്ച് പിടിച്ചുനിര്‍ത്താമെന്നും കരുതുന്നത് വെറുമൊരു തെറ്റിദ്ധാരണയാണെന്ന് തെളിയിക്കാന്‍ ഇനിയും നൂറുകണക്കിന് ഉദാഹരണങ്ങള്‍ പറയാന്‍ സാധിക്കും. ചികിത്സയ്‌ക്കൊപ്പം പ്രതിരോധവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചുമതലകളിലൊന്നാണ്.

പ്രതിരോധം നാലുതരമായി തിരിച്ചിട്ടുണ്ട്. അതിലെ ഓരോ വിഭാഗവും ചെയ്യുന്നത് രോഗത്തിന്റെ ഓരോ അവസ്ഥകളെ തടയുകയാണ്. ഓരോ രോഗവും എങ്ങനെയാണുണ്ടാവുന്നതെന്നും അതിന്റെ കാരണം എന്തൊക്കെയാണെന്നും അറിഞ്ഞില്ലെങ്കില്‍ അവയെ എങ്ങനെയാണ് തടയാനാവുക? എങ്ങനെയാണ് നിയന്ത്രിക്കാനാവുക? ചുമയുണ്ടാകുന്നത് ടി.ബി.യാണോ അതോ പുകവലിയുടെ ദൂഷ്യവശമാണോ അതല്ല അലര്‍ജിയാണോ എന്നറിഞ്ഞാലല്ലേ, പഠിച്ചാലല്ലേ അതിനു കൃത്യമായ പ്രതിവിധി കണ്ടെത്താന്‍ കഴിയൂ?

നാലാംവര്‍ഷം ഞങ്ങള്‍ പഠിക്കുന്ന ഒരു വിഭാഗമുണ്ട്. കമ്യൂണിറ്റി മെഡിസിനെന്നാണ് പേര്. കൊതുക്, ഈച്ച, ചെള്ള് എന്നുവേണ്ട സകലമാന പ്രാണികളും പിന്നെ വിവിധ തരത്തിലുള്ള ശൗചാലയങ്ങളും വെള്ളം ശുദ്ധീകരിക്കുന്നതുമടക്കം സൂര്യനു കീഴിലുള്ള നാനാജാതി സംവിധാനങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന വിഷയം.

കൊതുക് എപ്പോഴാണ് ഉറങ്ങുന്നതെന്നും... ഛെ, കടിക്കാനിറങ്ങുന്നതെന്നും എവിടെയാണ് മുട്ടയിടുന്നതെന്നും ഒക്കെ എന്തിനാ പഠിക്കുന്നതെന്ന് അന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷേ, ഒന്ന് ആലോചിച്ച് നോക്കൂ. ഡെങ്കി തടയാനായി കൊതുകുനിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇതെല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമായി വരുന്നില്ലേ?

നമ്മുടെ നാട്ടില്‍ അപരിചിതമായ രോഗമായിട്ടുകൂടി നമ്മള്‍ നിപ വൈറസിനെ വട്ടംപിടിച്ച് പൂട്ടിയതെങ്ങനെയാണ്? അതിനെക്കുറിച്ചുള്ള ശരിയായ അറിവ് നമുക്കുണ്ടായതുകൊണ്ട്. വൈറസ് പകരുന്നതെങ്ങനെയാണെന്നും അതെങ്ങനെയാണ് തടയേണ്ടതെന്നുമുള്ള അറിവ് നമുക്കുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രവും അത്തരം അറിവുകളുടെ ഒരു കൂട്ടമാണ്. അല്ലാതെ മരുന്ന് മാത്രമല്ല എന്ന് ചുരുക്കം. അറിവ് തെറ്റാവുമ്പോള്‍ രോഗം മാറുകയില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ വഷളാവുകയും ചെയ്യുന്നു

അവസാനമായി ഒരു കാര്യം കൂടി. മരുന്നിനെ പേടിക്കണ്ട. ആധുനികവൈദ്യത്തില്‍ മരുന്നുകള്‍ ഉണ്ടാകുമ്പോള്‍ അവയുടെ ഫലത്തോടൊപ്പം തന്നെ പാര്‍ശ്വഫലങ്ങളും പഠനവിധേയമാക്കുന്നുണ്ട്. ആധുനികവൈദ്യശാസ്ത്രം തന്നെ കണ്ടുപിടിച്ച് വെച്ചിരിക്കുന്നതെടുത്തിട്ടാണ് അതിനെതിരെതന്നെ പ്രയോഗിക്കുന്നതെന്ന് ചുരുക്കം. ഇതൊരു ഞെട്ടിക്കുന്ന രഹസ്യമൊന്നുമല്ല. ഒളിപ്പിച്ചു വെച്ചിട്ടുമില്ല. രോഗംകൊണ്ടുള്ള ബുദ്ധിമുട്ടാണോ പാര്‍ശ്വഫലം കൊണ്ടുള്ള ബുദ്ധിമുട്ടാണോ കൂടുതലെന്ന് നോക്കിയും കണക്കാക്കിയുമാണ് കൃത്യമായ ഡോസില്‍ അവ നല്‍കുന്നതുതന്നെ. കീമോതെറാപ്പിയെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുന്നവര്‍ കൃത്യമായി ചികിത്സ ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന പ്രശ്‌നത്തെക്കുറിച്ച് മിണ്ടുകയേയില്ല.

പാര്‍ശ്വഫലത്തെക്കുറിച്ച് പഠിക്കുന്നില്ലെന്നു വെച്ച് മറ്റൊന്നിനും പാര്‍ശ്വഫലമില്ല എന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.

നമുക്ക് ഇന്നുവരെ ലഭ്യമായ അറിവുകള്‍ മനുഷ്യന്റെ രോഗങ്ങള്‍ മാറ്റാനായി ഉപയോഗിക്കുന്നുവെന്ന് മാത്രം. അത് ചിലപ്പോള്‍ മരുന്നിന്റെ രൂപത്തിലാവാം, ചിലപ്പോള്‍ ജീവിത ശൈലീ ക്രമീകരണങ്ങളാവാം, ചിലപ്പോള്‍ ശസ്ത്രക്രിയകളാവാം... അറിവുകളും അവയ്ക്കുള്ള തെളിവുകളും അതിന്റെ കൃത്യമായ ഉപയോഗവും..

അല്ലാതെ ചുമ്മാ മരുന്നെഴുത്തല്ലെന്ന് സാരം..

Content Highlight:  Doctor's Advice and treatment, Dr.Nelson Joseph