ഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ച് അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലരുടെയും വീട്ടില്‍ മഞ്ഞപ്പിത്തം വന്ന് മാറിയവരും കാണും. സര്‍വസാധാരണമാണ് ഈ രോഗം. എങ്കിലും ഈ രോഗത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ''മഞ്ഞപ്പിത്തം വന്നവര്‍ നോക്കിയാല്‍ എല്ലാം മഞ്ഞയായി കാണും'' എന്ന പഴഞ്ചൊല്ല് പോലും ഇതിന് ഉദാഹരണമാണ്.

ലോകമാകെ ഏകദേശം 325 ദശലക്ഷം പേര്‍ അവര്‍ക്ക് ഹെപ്പറ്റൈറ്റിസ് രോഗം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം ഒമ്പത് ലക്ഷം ആളുകള്‍ക്ക് ഈ രോഗംമൂലം ജീവന്‍ നഷ്ടമാകുന്നു. നാം ഇപ്പോള്‍ കാണുന്ന കോവിഡ് രോഗബാധയുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ഒരുകാര്യം വളരെ വ്യക്തമാകും, കോവിഡ്-19 എന്ന വൈറസിനെക്കാളും ഒട്ടും പ്രഹരശേഷി കുറവല്ല ഈ വൈറസിന് എന്ന്. ഈ പറയുന്നത് ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസിനെക്കുറിച്ചാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന അഞ്ച് വൈറസ്സുക കളില്‍ ഒന്നുമാത്രമാണ് ഹെപ്പറ്റൈറ്റിസ്- ബി. മറ്റുള്ളവ ഹെപ്പറ്റൈറ്റിസ് എ, സി, ഡി, ഇ എന്നിങ്ങനെ അറിയപ്പെടുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് എന്റെ അടുത്ത് ഒരു രോഗിയെത്തി. 30 വയസ്സുണ്ട്. കര്‍ണാടകയില്‍ ജോലിചെയ്തിരുന്ന ആളാണ്. 10 ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് പനി വന്നു. പനിയോടുകൂടി ശരീരവേദന, തലവേദന, വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഈ അവസരത്തില്‍ അദ്ദേഹം അവിടെ ചികിത്സ തേടിയെങ്കിലും വൈറസ് പനിയാണെന്ന് പറഞ്ഞ് ചില മരുന്നുകള്‍ കൊടുത്ത് അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മൂത്രത്തിലും കണ്ണിലും മഞ്ഞനിറം പടര്‍ന്നു. ക്ഷീണവും കൂടി. അപ്പോഴേക്കും പനി മാറിയിരുന്നു. അതിനിടയില്‍ രോഗിക്ക് ഓക്കാനവും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഒരു സുഹൃത്തിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണെന്നും അത് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം ഉണ്ടായതാണെന്നും സ്ഥിരീകരിച്ചു. ഏകദേശം ഒരാഴ്ച ചികിത്സയ്ക്കുശേഷം രോഗി അസുഖം കുറഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ ആ രോഗി എന്നോട് ചോദിച്ച ചില ചോദ്യങ്ങളും അതിനുള്ള മറുപടിയുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മഞ്ഞപ്പിത്തം എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണോ?

മഞ്ഞപ്പിത്തം എന്നാല്‍ രക്തത്തില്‍ ബിലിറൂബിന്‍ (Bilirubin) എന്ന വര്‍ണവസ്തു കൂടിയ അവസ്ഥയാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആയതിനാല്‍ മഞ്ഞപ്പിത്തം എന്ന വാക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ പര്യായമായി മാറിയിട്ടുണ്ട്. എന്നാല്‍ മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് മറ്റുപല കാരണങ്ങളും ഉണ്ട്. അതിനാല്‍ ശാസ്ത്രീയമായി മഞ്ഞപ്പിത്തം എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തിന്റെ മലയാള പരിഭാഷയാണെന്ന് പറയാന്‍ കഴിയില്ല. തത്കാലം നമുക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസിനെ വൈറസ്സുമൂലമുള്ള മഞ്ഞപ്പിത്തം എന്നുപറയാം.

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?

ചില വൈറസിന്റെ ബാധമൂലം കരളിന് വരുന്ന തകരാറുകളും അതേ തുടര്‍ന്ന് രോഗിക്ക് വരുന്ന ലക്ഷണങ്ങളെയുമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നുവിളിക്കുന്നത്.

മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള മറ്റ് കാരണങ്ങള്‍ എന്തെല്ലാമാണ്?

വൈറല്‍ ഹെപ്പറ്റൈറ്റിസിനെ കൂടാതെ മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ട്. രക്തസംബന്ധമായ പല രോഗങ്ങളും, കരള്‍ വീക്കം, അമിത മദ്യപാനം, പിത്തക്കുഴലിലെ കല്ല്, പിത്തക്കുഴലിലെ ചുരുക്കങ്ങള്‍ എന്നിവയും കരള്‍, പിത്തക്കുഴല്‍, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തുടങ്ങിയവയും  മഞ്ഞപ്പിത്തത്തിന് കാരണമാണ്. എന്നാല്‍ ഏറ്റവും സര്‍വസാധാരണമായ കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആയതിനാല്‍ മഞ്ഞപ്പിത്തം എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിന് പര്യായമായാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

എന്തെല്ലാമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍?

വൈറല്‍ ഹെപ്പറ്റൈറ്റിസ് ചിലപ്പോള്‍ ഒരു ലക്ഷണവും കാണിക്കാറില്ല. ഇതുമൂലം ചിലപ്പോള്‍ രോഗം വന്നുപോയത് രോഗി അറിയില്ല. എന്നാല്‍ സധാരണ പനി, ശരീരവേദന, തലവേദന, വിശപ്പുകുറവ്, ഓക്കാനം, ഛര്‍ദി എന്നീ ലക്ഷണങ്ങളോടുകൂടിയാണ് രോഗി വൈദ്യസഹായം തേടി എത്തുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ മൂത്രം മഞ്ഞനിറം ആവുകയും കണ്ണില്‍ മഞ്ഞനിറം പടരുകയും ചെയ്യും. ശരീരത്തില്‍ മഞ്ഞനിറം വ്യാപിച്ച് തുടങ്ങിയാല്‍ പിന്നെ പനി സാവധാനം വിട്ടുമാറും.

ഏതെല്ലാം വൈറസ് ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്?

ഹെപ്പറ്റൈറ്റിസ് വൈറസ് എ, ബി,സി,ഡി, ഇ എന്നിങ്ങനെ അഞ്ച് വൈറസുകളാണ് ആണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും അപകടകാരിയായി കണക്കാക്കാവുന്ന ബി വൈറസ് ഒരു ഡി.എന്‍.എ വൈറസ് ആണ്. കേരളത്തില്‍ എ, ബി വൈറസുകള്‍ സാധാരണമാണ്. സി വൈറസ് അത്ര സാധാരണമല്ല. ഡി, ഇ വൈറസുകള്‍ വളരെ വിരളമാണ്.

ആധുനിക വൈദ്യശാസ്ത്രമല്ലാതെ മറ്റ് ഏതെങ്കിലും ചികിത്സ ഇതിന് കൂടുതല്‍ ഫലവത്താകുമോ?

ഈ ചോദ്യം കേട്ടപ്പോള്‍, മഞ്ഞപ്പിത്തത്തിന് ആധുനികവൈദ്യശാസ്ത്രത്തില്‍ കാര്യമായ ചികിത്സ ഇല്ല എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞു എന്ന് ഊഹിച്ചു. മറ്റു പല വൈറസുകളെയുംപോലെ വൈറല്‍ ഹെപ്പറ്റൈറ്റിസിനും കാര്യമായ മറുമരുന്ന് ഇന്ന് ലഭ്യമല്ല.

വൈറസിന്റെ ആക്രമണസ്വഭാവവും ഇതിനെ ചെറുക്കുന്നതിനായി ശരീരത്തിന്റെ പ്രതിരോധശേഷിയും തമ്മിലുള്ള പോരാട്ടത്തില്‍ സാധാരണ വൈറസുകള്‍ തോല്‍ക്കുകയും രോഗം ഭേദമാവുകയും ആണ് ചെയ്യാറുള്ളത്. എന്നാല്‍, ഈ സമയങ്ങളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങള്‍ രോഗിയില്‍ ഉണ്ടോ എന്ന് സസൂക്ഷ്മം പരിശോധിക്കണം. എല്ലാ ചികിത്സാ രീതിയിലും ഈ വഴി തന്നെയാണ് പിന്‍തുടരുന്നത്. ഏതാണ്ട് 99 ശതമാനം വൈറല്‍ ഹെപ്പറ്റൈറ്റിസും സ്വമേധയാ രോഗിയില്‍നിന്ന് വിട്ടുപോകും. ഇതിന് പ്രത്യേകിച്ച് ഒരു ചികിത്സയും ആവശ്യം ഇല്ല. എന്നാല്‍, ഒരു ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് വളരെ അപകടകരമായ ലിവര്‍ ഫെയ്ലിയര്‍ ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടാതെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണ്.

എന്തെല്ലാമാണ് അസുഖം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങള്‍?

വിട്ടുമാറാത്ത പനി, ഛര്‍ദി, കാലില്‍ നീരുവയ്ക്കുക, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം, ബോധാവസ്ഥയിലുള്ള മാറ്റങ്ങള്‍, രാത്രി ഉറക്കക്കുറവ് പകല്‍ ഉറക്കം കൂടുക തുടങ്ങിയവ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആണ്.

രോഗം പൂര്‍ണമായും മാറുമോ?

തീര്‍ച്ചയായും. അക്യൂട് വൈറല്‍ ഹെപ്പറ്റൈറ്റിസ് വന്നാല്‍ ഏകദേശം മൂന്ന് മാസത്തിനുള്ളില്‍വിട്ടുമാറും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വൈറസ് ബാധയെ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നുവിളിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി,ഡി തുടങ്ങിയ വൈറസുകള്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസിനെ തുടര്‍ന്ന് കരള്‍വീക്കം (Cirrhosis), കരള്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ഈ വൈറസുകളെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്.

നേരത്തെ പറഞ്ഞ രോഗിയുടെ രക്തം മൂന്ന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും പരിശോധിച്ചു. അതില്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ രോഗാണുക്കള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പോകുന്നതിനുമുന്‍പ് ഒരു ചോദ്യംകൂടി രോഗി ചോദിച്ചു.

രോഗം വരാതെ തടയാന്‍ സാധിക്കുമായിരുന്നോ?

വൈറല്‍ ഹെപ്പറ്റൈറ്റിസ് വരാതെ സ്വയം പ്രതിരോധിക്കാന്‍ സാധിക്കും. ഈ രോഗം രണ്ടുതരത്തില്‍ ആണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് എയും ഹെപ്പറ്റൈറ്റിസ് ഇയും ഭക്ഷണത്തില്‍കൂടി പകരുന്നതാണ്. അതിനാല്‍ നല്ല ഭക്ഷണരീതി സ്വീകരിക്കുക, തിളപ്പിച്ച വെള്ളം കുടിക്കുക, വഴിവക്കിലുള്ള ഭക്ഷണം, വെള്ളം ഒഴിവാക്കുക. ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് പകരുന്നത്. അതിനാല്‍ സുരക്ഷിതമായ ജീവിതം നയിക്കുക.   

(തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: World Hepatitis Day 2021, What is Viral hepatitis, Manjapitham, Health, Liver Diseases

ആരോ​ഗ്യമാസിക വാങ്ങാം