വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോ​ഗങ്ങളിൽ ഒന്നാണ് ട്രെെജെമിനൽ ന്യൂറാൾജിയ. മുഖത്ത് സംവേദനങ്ങൾ സാധ്യമാക്കുന്ന നാഡിയെയാണ് ഈ രോ​ഗം ബാധിക്കുക. 

വർഷത്തിൽ 8000 പേരിൽ ഒരാൾക്ക് എന്ന കണക്കിൽ ട്രെെജെമിനൽ ന്യൂറാൾജിയ കണ്ടുവരുന്നു. ഏതുപ്രായത്തിലുള്ളവരെയും രോ​ഗം ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോ​ഗസാധ്യത കൂടുതൽ. 

കാരണങ്ങൾ

നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാ​ഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. 

ലക്ഷണങ്ങൾ

മുഖത്തിന്റെ ഒരുവശത്ത് പെട്ടെന്ന് തുളച്ചുകയറും പോലെയുള്ള വേദന. ഏതാനും സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ മാത്രമേ വേദന അനുഭവപ്പെടൂ. ഇത് ഒരു ദിവസം പലതവണ ആവർത്തിക്കാൻ സാധ്യതയുണ്ട്. വളരെക്കുറച്ച് പേരിൽ അത്ര തീവ്രമല്ലാത്ത വേദനയായും അനുഭവപ്പെടാറുണ്ട്. 

ചവയ്ക്കുമ്പോൾ, പല്ലുതേയ്ക്കുമ്പോൾ, ഷേവ് ചെയ്യുമ്പോൾ, വർത്തമാനം പറയുമ്പോൾ, മുഖത്ത് എവിടെയെങ്കിലും തൊടുമ്പോൾ, ശക്തമായ കാറ്റടിച്ചാലൊക്കെയും വേദന ഉണ്ടാവാൻ സാധ്യതയുണ്ട്. 

പരിശോധന

എം.ആർ.െഎ. സ്കാനിങ് ആണ് നാഡി-ഞരമ്പ് ഉരസൽ ഉണ്ടോയെന്ന് കണ്ടെത്താൻ അടിസ്ഥാനമായി ചെയ്യുന്ന പരിശോധന. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ വേദനയെന്ന് കണ്ടെത്താനും ഇത് സഹായിക്കും. ഉദാഹരണത്തിന് താടിയെല്ലിന്റെ വീക്കം മൂലവും മുഖത്ത് വേദന അനുഭവപ്പെടാം. 

മുഖത്ത് അസാധാരണമായ വേദന തോന്നിയാൽ ഉടൻ തന്നെ വെെദ്യപരിശോധന നടത്തുക. ട്രെെജമിനൽ ന്യൂറാൾജിയ കണ്ടെത്താൻ വെെകുന്തോറും നാഡിക്ക് സംഭവിക്കുന്ന ക്ഷതം കൂടിക്കൊണ്ടിരിക്കും. 

ചികിത്സ

90 ശതമാനം ആളുകളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോ​ഗം നിയന്ത്രിക്കാൻ സാധിക്കും; കുറഞ്ഞപക്ഷൺ കുറച്ചുനാളത്തേക്കെങ്കിലും. 

മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും. ഞരമ്പിനും നാഡിക്കും ഇടയിൽ ടെഫ്ളോൻ വെച്ച് ഉരസൽ ഒഴിവാക്കുന്നതാണ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ക്രമേണ നാഡി അതിന്റെ പരിക്കിൽ നിന്ന് മോചനം നേടും. മിക്ക രോ​ഗികളിലും ശസ്ത്രക്രിയ പെട്ടെന്നു തന്നെ ഫലം ചെയ്യും.

ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്തവരിലും ശസ്ത്രക്രിയ ചെയ്ത് പരാജയപ്പെടുന്നവരിലും റേഡിയോ ഫ്രീക്വൻസി/ ​ഗ്ലെെസറോൾ ഇഞ്ചക്ഷൻ/ ബലൂൺ അബ്ലേഷൻ ഉപയോ​ഗിച്ച് കേടുസംഭവിച്ച നാഡിയെ നശിപ്പിക്കുന്ന രീതിയുണ്ട്. 

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഫോർ ന്യൂറോ സയൻസസിലെ ന്യൂറോ സർജറി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ)

Content Highlights: What is Trigeminal neuralgia causes and treatments, Health, Rare Diseases

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം